Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിക്കെതിരെ കേരളാ പൊലീസിന്റെ എഫ്‌ഐആർ; ചാനൽ പരിപാടിയിലൂടെ വർഗീയത പ്രചരിപ്പിച്ചുവെന്ന് കാട്ടി പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ്; മാർച്ച് 11 ന് ചൗധരി അവതരിപ്പിച്ച ഡിഎൻഎ പരിപാടി മതസ്പർദ്ദ വളർത്തുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമെന്ന് പരാതിയിൽ; സത്യം റിപ്പോർട്ടു ചെയ്തതിന് തനിക്ക് ലഭിച്ച പുലിറ്റ്‌സർ പുരസ്‌കാരമാണ് എഫ്‌ഐആറെന്ന് ചൗധരിയുടെ പ്രതികരണം

സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിക്കെതിരെ കേരളാ പൊലീസിന്റെ എഫ്‌ഐആർ; ചാനൽ പരിപാടിയിലൂടെ വർഗീയത പ്രചരിപ്പിച്ചുവെന്ന് കാട്ടി പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ്; മാർച്ച് 11 ന് ചൗധരി അവതരിപ്പിച്ച ഡിഎൻഎ പരിപാടി മതസ്പർദ്ദ വളർത്തുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമെന്ന് പരാതിയിൽ; സത്യം റിപ്പോർട്ടു ചെയ്തതിന് തനിക്ക് ലഭിച്ച പുലിറ്റ്‌സർ പുരസ്‌കാരമാണ് എഫ്‌ഐആറെന്ന് ചൗധരിയുടെ പ്രതികരണം

കെ വി നിരഞ്ജൻ

കോഴിക്കോട്: ജിഹാദിനെക്കുറിച്ചായിരുന്നു മാർച്ച് 11 ന് സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി ചാനലിൽ അവതരിപ്പിച്ച ഡിഎൻഎ എന്ന പരിപാടി. വ്യത്യസ്തമായ ജിഹാദുകൾ എന്ന വിഷയമായിരുന്നു അന്നത്തെ പരിപാടിയുടെ ഉള്ളടക്കം. ജിഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കയ്യിലെ ആയുധമാണെന്ന് പറയുന്ന ചൗധരി ജിഹാദിനെ കഠിനമായ ജിഹാദെന്നും സൗമ്യമായ ജിഹാദെന്നും വേർതിരിക്കുകയും ചെയ്യുന്നു. ഈ പരിപാടിക്കെതിരെയാണ് ഗവാസ് ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും മാർച്ച് 18 ന് പരാതി നൽകിയത്. ഈ പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് ചൗധരി ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

ചൗധരിയുടെ പരിപാടി മതപരമായസ്പർദ്ദ വളർത്തുന്നതോടൊപ്പം ഒരു മതവിഭാഗത്തിന് നേരെ കൃത്യമായി പക ഉണർത്തുകയും പരോക്ഷമായി കലാപാഹ്വാനം നടത്തുകയുമാണ് ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 19(2) ന്റെ നഗ്‌നമായ ലംഘനമാണ്. കൂടാതെ ഐ ടി ആക്ട് സെക്ഷൻ 66 (A), കേബിൾ ടി വി റെഗുലേഷൻ ആക്ട് 2018 എന്നിവ പ്രകാരം ശിക്ഷാർഹവുമാണെന്നും പരാതിയിൽ പറയുന്നു.

ചൗധരി പരിപാടിയിൽ ജിഹാദിനെ മാധ്യമ ജിഹാദ്, സാംസ്‌കാരിക ജിഹാദ്, മതേതരത്വ ജിഹാദ്, ഭൂമി ജിഹാദ്, ജനസംഖ്യാ ജിഹാദ്, വിദ്യാഭ്യാസ ജിഹാദ്, ഇരകളുടെ ജിഹാദ് എന്നിങ്ങനെ തരം തിരിക്കുന്നു. പെയ്ഡ് ജേർണലിസ്റ്റുകളെ വശത്താക്കി ഇസ്ലാമിനെ മഹത്വവത്ക്കരിക്കുന്നതാണ് മാധ്യമ ജിഹാദ്. സിനിമ, സംഗീതം എന്നിവയിലൂടെ ഇസ്ലാമിനെയും മുഗൾ കാലഘട്ടത്തെയും ആകർഷകമായി അവതരിപ്പിക്കുന്നതാണ് സാംസ്‌കാരിക ജിഹാദ്. ഇടത്, കമ്മ്യൂണിസ്റ്റ് , ലിബറൽ നേതാക്കളെ കൂടെ നിർത്തി നടത്തുന്നതാണ് മതേതരത്വ ജിഹാദ്.

കൂടുതൽ വിവാഹങ്ങൾ കഴിച്ച് കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നതാണ് ജനസംഖ്യാ ജിഹാദ്. കൂടുതൽ ഭൂമി കൈവശപ്പെടുത്തി പള്ളികളും മറ്റും പണിത് സ്വാധീനം ഉറപ്പിക്കുന്നതാണ് ഭൂമി ജിഹാദ്. മദ്രസകൾ വർദ്ധിപ്പിക്കുകയും അറബിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് വിദ്യാഭ്യാസ ജിഹാദ്. തങ്ങൾ ഇരകളാണെന്ന് പ്രചരിപ്പിച്ച് സഹതാപം നേടിയെടുക്കുന്നതാണ് ഇരകളുടെ ജിഹാദ്. ഇതിനെല്ലാം പുറമെയാണ് നേരിട്ടുള്ള ജിഹാദ്. ഇത് മുസ്ലിം അല്ലാത്തവർക്ക് നേരെയുള്ള കായിക ആക്രമണമാണെന്നും സുധീർ ചൗധരി പരിപാടിയിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരെ മറ്റു വിഭാഗങ്ങളുടെ വിദ്വേഷം വളർത്താനാണ് പരിപാടിയിലൂടെ ചൗധരി ലക്ഷ്യമിട്ടതെന്ന് ഗവാസ് വ്യക്തമാക്കി. വാർത്താ വിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചാണ് ഇത്തരമൊരു പരിപാടി നടത്തിയതെന്നും ഗവാസ് പറഞ്ഞു. ഇതേ സമയം തനിക്കെതിരെ കേരളത്തിൽ എഫ് എ ഐ ആർ രജിസ്റ്റർ ചെയ്തതിനെ അഭിമാന പൂർവ്വമാണ് ട്വിറ്ററിലൂടെ ചൗധരി അറിയിച്ചത്. സത്യം റിപ്പോർട്ട് ചെയ്തതിന് തനിക്ക് ലഭിച്ച പുലിറ്റ്‌സർ പുരസ്‌കാരം എന്നാണ് അദ്ദേഹം എഫ് ഐ ആറിനെ വിശേഷിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP