Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202122Friday

ഐഎസിൽ ചേർന്ന് കൊല്ലപ്പെട്ട ഒരാളുടെ സഹോദരിയുടെ കഥ പറഞ്ഞ 'ബിരിയാണി'; സാഹചര്യങ്ങൾ കൊണ്ട് ലൈംഗികത്തൊഴിലാളിയാവുന്ന വാസന്തി; മതവും വിശ്വാസവും പുരുഷാധിപത്യവുമെല്ലാം തങ്ങളോട് കാട്ടിയ വിവേചനങ്ങൾ തുറന്നു പറയുന്ന രണ്ടുചലച്ചിത്രങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡ് വഴി പേരെടുത്ത രണ്ട് സിനിമകളിലും നിറയുന്നത് സ്ത്രീപക്ഷ വീക്ഷണം

ഐഎസിൽ ചേർന്ന് കൊല്ലപ്പെട്ട ഒരാളുടെ സഹോദരിയുടെ കഥ പറഞ്ഞ 'ബിരിയാണി'; സാഹചര്യങ്ങൾ കൊണ്ട് ലൈംഗികത്തൊഴിലാളിയാവുന്ന വാസന്തി; മതവും വിശ്വാസവും പുരുഷാധിപത്യവുമെല്ലാം തങ്ങളോട് കാട്ടിയ വിവേചനങ്ങൾ തുറന്നു പറയുന്ന രണ്ടുചലച്ചിത്രങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡ് വഴി പേരെടുത്ത രണ്ട് സിനിമകളിലും നിറയുന്നത് സ്ത്രീപക്ഷ വീക്ഷണം

എം മാധവദാസ്

കോഴിക്കോട്: ഐഎസിൽ ചേർന്ന് കൊല്ലപ്പെട്ട ഒരാളുടെ സഹോദരിയുടെ കഥ പറഞ്ഞ 'ബിരിയാണി'യാണ് കനി കുസൃതിയെന്ന നടിക്ക് മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടിത്തന്നത്. സാഹചര്യങ്ങൾ കൊണ്ട് ലൈംഗികത്തൊഴിലാളിയാവുന്ന വാസന്തിയുടെ കഥ പറഞ്ഞ അതേപേരിലുള്ള ചിത്രമാണ് ഈ വർഷത്തെ മികച്ച ചിത്രവും. മതവും വിശ്വാസവും പുരുഷാധിപത്യവുമെല്ലാം തങ്ങളോട് കാട്ടിയ വിവേചനങ്ങൾ തുറന്നു പറയുന്ന രണ്ടുചലച്ചിത്രങ്ങളാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിറഞ്ഞു നിന്നത്. സമൂഹം തങ്ങൾക്കു മേൽ അടിച്ചേൽപ്പിച്ച ക്രൂരതകൾ മറയില്ലാതെ തുറന്നു പറയുകയാണ് വാസന്തിയും ഖദീജയും. കേരളത്തിൽ അധികം ചർച്ച ചെയ്യപ്പെട്ടില്ലാത്ത ചിത്രമാണ് വാസന്തി. വാസന്തിയുടെ നോവുകൾ പൊള്ളുന്ന അനുഭവമാക്കിയ സ്വാസിക മികച്ച സ്വഭാവനടിയായപ്പോൾ കഥ പറച്ചിലിന്റെ വ്യത്യസ്തത കൊണ്ട് വാസന്തിയുടെ തിരക്കഥ രചിച്ച ഷിനോസ് റഹ്മാനും സജാസ് റഹ്മാനും മികച്ച തിരക്കഥാകൃത്തുക്കളുമായി.

പ്രവചനങ്ങൾ തെറ്റിച്ച് കടന്നുവന്ന വാസന്തി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ പ്രവചനങ്ങൾ തെറ്റിച്ച് കടന്നു വന്ന സിനിമയാണ് വാസന്തി. കേരളത്തിൽ അധികം ആളുകൾ ഇത്തരമൊരു സിനിമയെ പറ്റി കേട്ടിരുന്നില്ല. പക്ഷേ ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്. നാടകത്തിലെ ജീവിതവും ജീവിതത്തിലെ നാടകവുമാണ് ഈ സിനിമ. ഒരു സായാഹ്നത്തിൽ നാടകം കാണാനെത്തുന്ന പ്രേക്ഷകർക്ക് മുമ്പിലേക്ക് വാസന്തി കടന്നുവന്ന് അവളുടെ കഥ പറയുന്നു. പിന്നെ പ്രേക്ഷകർ കാണുന്നത് വാസന്തിയുടെ ജീവിത യാത്രയാണ്... നിസ്സഹായയായി വീട് വിട്ടിറങ്ങേണ്ടി വരുന്ന , സാഹചര്യങ്ങൾ കൊണ്ട് ലൈംഗിക വ്യാപാര തൊഴിലിലെത്തപ്പെടുന്ന വാസന്തി പരിചയപ്പെടുത്തുന്ന മനുഷ്യരെയാണ്. സ്നേഹിക്കുന്നവരും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നവരും സ്ത്രീകളെ വെറുമൊരു കച്ചവട വസ്തുവായി മാത്രം കാണുന്നവരും ഒക്കെ അവിടെയുണ്ട്.

അവളുടെ യാത്രകൾ, കാഴ്ചകൾ, നിഗൂഡമായ കടലു പോലുള്ള ജീവിതം, തിരിച്ചറിവുകൾ എല്ലാം മനോഹരമായി സിനിമ അടയാളപ്പെടുത്തുന്നു. കഥയിൽ പുതുമയില്ലെങ്കിലും കഥ പറച്ചിലിന്റെ വ്യത്യസ്തത കൊണ്ടാണ് ഈ ചിത്രം ശ്രദ്ധ നേടുന്നത്. ഇടയ്ക്ക് സ്റ്റേജിൽ നിന്നും പുറത്തിറങ്ങി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗം പോലുമാവുന്ന വാസന്തി ഒടുവിൽ നാടകത്തിലേക്ക് തന്നെ കയറിപ്പോകുന്നു. വാസന്തിയെ മറ്റ് കഥാപാത്രങ്ങൾ കച്ചവട വസ്തുവാക്കുമ്പോൾ പലപ്പോഴും ഒളിഞ്ഞുനോട്ടക്കാരനാവുന്ന പ്രേക്ഷകന്റെ മുഖം മൂടി സിനിമ വലിച്ചു കീറുകയും ചെയ്യുന്നു. കേവലം കാഴ്ചക്കാരനായി ഇരുത്താതെ പ്രേക്ഷകനെയും കഥാപാത്രങ്ങളങ്ങാക്കുകയാണ് ഈ സിനിമ. കേന്ദ്ര കഥാപാത്രമായ വാസന്തിയായി സ്വാസികയുടെ അസാധാരണ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ കരുത്ത്. സിജു വിൽസൺ, ശബരീഷ് എന്നിവരുടെ പ്രകടനങ്ങളും മികച്ച ഛായാഗ്രഹണവും കലാസംവിധാനവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.

'ഇത് പെണ്ണ് ചേലാകർമ്മം ചെയ്യാത്തതിന്റെ കുഴപ്പം'

പേര് ബിരിയാണിയെന്നാണെങ്കിലും അത്ര രുചികരമായി ആസ്വദിക്കാവുന്നതല്ല ചിത്രത്തിന്റെ ചേരുവ. ഗൗരവപൂർണ്ണമായ കാഴ്ച ഈ സിനിമ ആവശ്യപ്പെടുന്നു. വർത്തമാനകാല പൊള്ളുന്ന യാഥാർത്ഥ്യങ്ങളാണ് സജിൻബാബുവിന്റെ ബിരിയാണി പറയുന്നത്. കേരളത്തിൽ നിന്നുള്ളവർ പോലും തീവ്രവാദ സംഘടനകളിൽ ചേർന്ന് കൊല്ലപ്പെട്ടുവെന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ അറിയാറുണ്ട്. അവരുടെ കുടുംബത്തിലെ സ്ത്രീകൾക്ക് എന്തു സംഭവിക്കുന്നുവെന്ന അന്വേഷണമാണ് ബിരിയാണി. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ ജീവിതം. മാനസികമായി അവർ അനുഭവിക്കുന്ന വേദനകൾ. . ലൈംഗിക ദാരിദ്ര്യം എന്നിവയെക്കുറിച്ചെല്ലാം മറയില്ലാതെ സിനിമ സംസാരിക്കുന്നു. ഐ എസിൽ ചേർന്ന് കൊല്ലപ്പെട്ട ഒരാളുടെ സഹോദരിയാണ് ചിത്രത്തിലെ നായിക. അവരെ സമൂഹം എങ്ങിനെ നോക്കിക്കാണുന്നു എന്നതാണ് പ്രമേയം. ഒപ്പം വീട്ടിൽ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ട. . ലൈംഗിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനസ്സുകളുടെ യാത്ര. . തീർത്തും നിഷ്പക്ഷമായാണ് കഥ പറയാൻ ശ്രമിച്ചിട്ടുള്ളത്. 'ഇത് ഏതെങ്കിലും പ്രത്യേക മത വിഭാഗത്തിന്റെ മാത്രം കഥയല്ല. സമൂഹത്തിലെ എല്ലാ തരത്തിൽ പെട്ട സ്ത്രീകളുടെയും കഥയാണ്. കഥയുടെ പശ്ചാത്തലം കൊണ്ട് നായിക മുസ്ലീമായി എന്നു മാത്രമേയുള്ളൂ'- സജിൻ ബാബു നേരത്തെ ഒരു പത്രത്തിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്.

കടൽത്തീരത്ത് താമസിക്കുന്ന ഖദീജയുടെയും ഉമ്മയുടെയും ജീവിതത്തിൽ അപ്രതീക്ഷിതമായാണ് തിരിച്ചടികൾ ഉണ്ടായത്. ബാപ്പയെ കടലിൽ കാണാതായി. . മനോവിഭ്രാന്തിയുള്ള ഉമ്മയുമായി അവൾ യാത്ര തുടരുന്നു. ഭേദപ്പെട്ട സാമ്പത്തികാവസ്ഥയുള്ള യാഥാസ്ഥിതിക കുടുംബത്തിലെ തന്നേക്കാൾ ഏറെ പ്രായമുള്ള ഒരു പുരുഷനെ അവൾക്ക് വിവാഹം ചെയ്യേണ്ടിവരുന്നു. ഖദീജയുടെ ജീവിതത്തിലൂടെ സ്ത്രീകളുടെ മാത്രമല്ല, രാജ്യം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനാണ് ചിത്രത്തിൽ ശ്രമിച്ചിട്ടുള്ളത്. ഒരു സാധാരണക്കാരിയയ മുസ്ലിം സ്ത്രീയുടെ ജീവിതത്തെ മുന്നിൽ വെച്ച് മതം എങ്ങിനെയാണ് സ്ത്രീകളുടെ സാമൂഹിക ജീവിതത്തെയും ലൈംഗിക ജീവിതത്തെയും നേരിടുന്നതെന്ന് സിനിമ കാണിച്ചു തരുന്നു. പൗരോഹിത്യത്തെ ശക്തമായ ഭാഷയിൽ ചോദ്യം ചെയ്യുുമ്പോഴും ഭീകരവാദത്തിന്റെ ഭീകര മുഖം വരച്ചുകാട്ടുമ്പോഴും ഒന്നും ഏകപക്ഷീയമാകുന്നില്ലെന്നത് സിനിമയെ ശ്രദ്ധേയമാക്കുന്നു.

ലൈംഗികോപകരണമായി മാത്രം പെണ്ണിനെ കാണുന്ന സാമൂഹികാവസ്ഥ. . . തന്റെ ലൈംഗിക സ്വത്വം സ്ഥാപിക്കാനുള്ള അവളുടെ ശ്രമത്തെ പെൺചേലാകർമ്മം ചെയ്യാത്തതിന്റെ കഴപ്പായി വ്യാഖ്യാനിക്കുന്ന പുരുഷന്റെ ധാർഷ്ട്യം. . . മലയാള സിനിമ ഇതുവരെ ആവിഷ്‌ക്കരിച്ചിട്ടില്ലാത്ത ഒരു കാഴ്ചയിലൂടെയാണ് ബിരിയാണിയുടെ തുടക്കം. ചിലപ്പോൾ സാധാരണ പ്രേക്ഷകനെ അസ്വസ്ഥതപ്പെടുത്താൻ ആ കാഴ്ച തുടക്കമിടും. അത് പടം അവസാനിക്കും വരെ തുടരുകയും ചെയ്യും... . ഞെട്ടിപ്പിക്കുന്ന കാഴ്ചയിലൂടെയാണ് സിനിമയുടെ അവസാനവും. വിദേശ സിനിമകളിലെല്ലാം ലൈംഗികത വളരെ ശക്തമായി ചിത്രീകരിക്കാറുണ്ട്. പക്ഷെ നമ്മുടെ സിനിമകളിൽ അത്തരം രംഗങ്ങൾ വന്നാൽ പലരും അസ്വസ്ഥരാകും. കഥയ്ക്ക് ആവശ്യമുള്ള രംഗങ്ങൾ മാത്രമാണ് ബിരിയാണിയിൽ ചിത്രീകരിച്ചിട്ടുള്ളത്. മാറിക്കൊണ്ടിരിക്കുന്ന പ്രേക്ഷകൻ സിനിമയിലെ രംഗങ്ങളെല്ലാം ഗൗരവപൂർവ്വം തന്നെ കാണും എന്ന് ഉറപ്പുണ്ടെന്ന് സജിൻ ബാബു പറഞ്ഞു.

ഒറ്റക്ക് കയറി വന്ന സജിൻ ബാബു

കുട്ടിക്കാലം മുതൽ സിനിമയായിരുന്നു സജിൻ ബാബുവിന്റെ മനസ്സിൽ. സിനിമാക്കാരനാവണമെങ്കിൽ മദിരാശിയിൽ പോയാൽ മതിയെന്ന് ആരോ പറഞ്ഞ് സജിനും കേട്ടിരുന്നു. അങ്ങിനെയാണ് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പതിനാലാം വയസ്സിൽ മദിരാശിയിലേക്കുള്ള ഒളിച്ചോട്ടം. മഹാനഗരത്തിലെത്തിയപ്പോൾ സിനിമയും സിനിമാക്കാരെയും കണ്ടില്ല. സിനിമാ സ്റ്റുഡിയോകളുടെ ഗേറ്റ് പിടിച്ച് അകത്തേക്ക് നോക്കിയും ചുവരുകളിലെ തമിഴ് സിനിമാ പോസ്റ്ററുകൾ നോക്കിയും ദിവസങ്ങൾ തള്ളിനീക്കി. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. കുറച്ചുകാലം അങ്ങിനെ ആ നഗരത്തിൽ അലഞ്ഞു നടന്നു. ഇതിനിടയിൽ വീട്ടുകാർ മകനെ കാണാഞ്ഞ് പത്രത്തിൽ പരസ്യം നൽകുകയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതിയും നൽകിയിരുന്നു. ഒടുവിൽ കോടമ്പാക്കത്തുവെച്ച് വീട്ടുകാർ തേടിപ്പിടിച്ച് കണ്ടുപിടിച്ച് വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. വീട്ടിലെത്തിയെങ്കിലും സിനിമ മനസ്സിൽ നിന്നുപോയില്ല. പഠനം കഴിഞ്ഞപ്പോൾ വീണ്ടും സിനിമയും തേടി വീടുവിട്ടിറങ്ങി. പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. പലയിടങ്ങളിൽ അലഞ്ഞു. കഷ്ടപ്പാടുകൾക്കൊടുവിൽ വെള്ളിത്തിരയിൽ സജിൻ ബാബുവെന്ന തിരുവനന്തപുരത്തുകാരന്റെ പേര് തെളിഞ്ഞു.

ഇരുപത്തെട്ടാം വയസ്സിൽ സജിന്റെ അസ്തമയം വരെ എന്ന സിനിമ ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലെല്ലാം ആസ്വാദകരുടെ കൈയടി നേടി. ബന്ധുബലമോ സിനിമാ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പഠനമോ ഇല്ലാതെ സ്വന്തം പ്രയത്നം കൊണ്ട് ചലച്ചിത്ര ലോകത്ത് ഉയർന്നുവന്ന സജിൻ ബാബുവിന്റെ സിനിമയ്ക്കൊപ്പമുള്ള യാത്ര അസ്തമയം വരെ, അയാൾ ശശി തുടങ്ങിയ ചിത്രങ്ങളിലൂടെ ബിരിയാണിയിലെത്തി നിൽക്കുകയാണ്.

'ബിരിയാണിയിൽ മതവിരുദ്ധതയില്ല'

ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലെല്ലാം ബിരിയാണി ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ കർണ്ണാടക സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്‌ക്കാരവും ബിരിയാണിക്കായിരുന്നു. പ്രശസ്ത ആസാമീസ് സംവിധായിക മഞ്ചു ബോറ, ആകാശ് ആദിത്യ ലാമ, സുബോധ ശർമ്മ, മാരുതി ജാതിയവർ, ആശിശ് ഡുബേ തുടങ്ങിയവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. സജിന്റെ ആദ്യ ചിത്രമായ അസ്തമയം വരെയും ഇതേ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ചിത്ര ഭാരതി പുരസ്‌ക്കാരം നേടിയിരുന്നു. തീർത്തും സത്യസന്ധമായാണ് സിനിമയെടുത്തിട്ടുള്ളത്. അതിനുള്ള അംഗീകാരങ്ങളാണ് ലഭിച്ചതെല്ലാമെന്ന് സജിൻ പറയുന്നു. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലായിരുന്നു പ്രീമിയർ ചെയ്തത്. അവിടെ മികച്ച സിനിമയ്ക്കുള്ള നെറ്റ് പാക്ക് അവാർഡ് ലഭിച്ചു. അടുത്ത് തന്നെ ഫ്രാൻസ്, അമേരിക്ക, സ്പെയിൽ തുടങ്ങിയ രാജ്യങ്ങളിലെ മേളകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിൽ ചിത്രം റിലീസ് ചെയ്തിട്ടില്ലെങ്കിലും തൃശ്ശൂർ, തിരുവനന്തപുരം, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രം ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. നല്ല അഭിപ്രായമാണ് എല്ലായിടത്തു നിന്നും ലഭിച്ചിട്ടുള്ളത്.

സിനിമകളിൽ മതവിരുദ്ധത ചികഞ്ഞു പോകുന്ന കാലമാണിത്. അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ടേക്ക് ഓഫും എന്ന് നിന്റെ മൊയ്തീനും വരെ ഇസ്ലാം വിരുദ്ധമാണെന്ന വാദം ചില ചലച്ചിത്ര പ്രവർത്തകർ തന്നെയാണ് ഉയർത്തിയത്. ഐ എസ് തീവ്രവാദികളെ വില്ലന്മാരായി ചിത്രീകരിച്ചത് ഇസ്ലാമിനെ അപമാനിക്കുന്നതാണെന്ന തരത്തിൽ വരെ വാദങ്ങൾ വന്നു. ബിരിയാണിയും അത്തരം വെല്ലുവിളി നേരിടുമെന്ന പേടിയുണ്ടോ എന്ന ചോദ്യത്തിന് ഈ സിനിമയിൽ മതവിരുദ്ധത കാണാൻ ശ്രമിച്ചാൽ അവർക്ക് മനോരോഗമാണെന്നേ ഞാൻ പറയൂ എന്നായിരുന്നു സജിൻ ബാബുവിന്റെ മറുപടി.

ബിരിയാണിയിൽ ആരെയും വില്ലന്മാരായി ചിത്രീകരിക്കുന്നില്ല. സാഹചര്യങ്ങളാണ് ഓരോ മനുഷ്യനെയും മറ്റു വഴികൾ തേടാൻ നിർബന്ധിതരാക്കുന്നത്. വ്യവസ്ഥിതിയോടാണ് സിനിമ ചോദ്യങ്ങൾ ചോദിക്കുന്നത്. ഇതിനെച്ചൊല്ലി വിവാദങ്ങൾ ഉണ്ടായാൽ ഞാനതിൽ ഭയക്കുന്നില്ലെന്നും സജിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP