Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

ആരോഗ്യവകുപ്പിന്റെ കോൾ വന്നപ്പോൾ ബാഗും പായ്ക്ക് ചെയ്തു ഞാൻ പോവുന്നതു നോക്കി ജനാലകൾക്കുള്ളിൽ, എന്റെ അപ്പനും അമ്മയും കരയുന്നത് കണ്ടു; കോവിഡ് ടെസ്റ്റ് നടത്തിയത് കോട്ടയം മെഡിവിഷൻ ലാബിൽ; പോസിറ്റീവ് എന്ന് റിസൽറ്റ്; സംശയം തോന്നി ആരോഗ്യവകുപ്പ് വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്; രോഗിയല്ലെങ്കിലും നാല് ദിവസം കോവിഡ് സെന്ററിൽ കഴിഞ്ഞതുകൊണ്ട് വീണ്ടും ക്വാറന്റൈനിൽ പോകേണ്ട ഗതികേട്: മുഖ്യമന്ത്രിക്ക് പരാതി നൽകി 'ഗപ്പി'യുടെ സംവിധായകൻ ജോൺപോൾ ജോർജ്

ആരോഗ്യവകുപ്പിന്റെ കോൾ വന്നപ്പോൾ ബാഗും പായ്ക്ക് ചെയ്തു ഞാൻ പോവുന്നതു നോക്കി ജനാലകൾക്കുള്ളിൽ, എന്റെ അപ്പനും അമ്മയും കരയുന്നത് കണ്ടു; കോവിഡ് ടെസ്റ്റ് നടത്തിയത് കോട്ടയം മെഡിവിഷൻ ലാബിൽ; പോസിറ്റീവ് എന്ന് റിസൽറ്റ്; സംശയം തോന്നി ആരോഗ്യവകുപ്പ് വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്; രോഗിയല്ലെങ്കിലും നാല് ദിവസം കോവിഡ് സെന്ററിൽ കഴിഞ്ഞതുകൊണ്ട് വീണ്ടും ക്വാറന്റൈനിൽ പോകേണ്ട ഗതികേട്: മുഖ്യമന്ത്രിക്ക് പരാതി നൽകി 'ഗപ്പി'യുടെ സംവിധായകൻ ജോൺപോൾ ജോർജ്

എം മനോജ് കുമാർ

തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് ടെസ്റ്റിൽ തെറ്റായ റിസൾട്ട് നൽകിയ കോട്ടയം മെഡിവിഷൻ ലാബിന്റെ നടപടി വിവാദമാകുന്നു. കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ സംവിധായകൻ ജോൺപോൾ ജോർജിനു തെറ്റായ റിസൽട്ട് ആണ് ലാബ് നൽകിയത്. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയപ്പോൾ ലാബിന്റെ പിഴവ് കാരണം സംവിധായകന് കോവിഡിന്റ് ഭീകരത മുഴുവൻ അനുഭവിച്ച് അറിയേണ്ടി വന്നു. ഗപ്പി, , അമ്പിളി ചിത്രങ്ങളുടെ സംവിധായകൻ ജോൺ പോൾ ജോർജ് ആണ് മെഡിവിഷൻ ലാബിന്റെ തെറ്റായ നടപടിയുടെ ഇരയായി മാറിയത്. പോസിറ്റീവ് എന്ന് ലാബ് റിസൽട്ട് നൽകിയപ്പോൾ ആരോഗ്യവകുപ്പിൽ നിന്ന് ഫോൺ കോൾ വരുകയും ചങ്ങനാശേരിയിലെ കോവിഡ് സെന്ററിൽ കഴിയേണ്ടി വരുകയും ചെയ്തു.

കോവിഡ് ബാധിതർക്ക് ഒപ്പം കഴിയവേ ആരോഗ്യവകുപ്പിനു മെഡിവിഷന്റെ ലാബ് റിസൾട്ടുകളിൽ സംശയം തോന്നിയതുകൊണ്ട് വീണ്ടും ടെസ്റ്റ് നടത്തിയപ്പോൾ സംവിധായകൻ നെഗറ്റീവ് ആയിരുന്നു. രോഗമില്ലായിരുന്നെങ്കിലും കോവിഡ് സെന്ററിൽ കഴിഞ്ഞതിനാൽ വീണ്ടും ക്വാറന്റൈനിൽ പോകേണ്ട ഗതികേടു സംവിധായകന് വന്നു പെട്ടു. ലാബിനെതിരെ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, കോട്ടയം ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ശക്തമായ നടപടി വേണം എന്നാണു സംവിധായകൻ ആവശ്യപ്പെടുന്നത്. മെഡിവിഷൻ എന്ന ലാബ് കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ 40,000ൽ അധികം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്, പണം മുടക്കി ഇവിടെ ടെസ്റ്റ് നടത്തിയിട്ടുള്ള, എന്നെപ്പോലെ എത്രയോ ആളുകൾ ഇവരുടെ ഇരകളായിട്ടുണ്ടാകാമെന്നതാണ് ഇപ്പോൾ സംശയം. ഇവർ നൽകുന്ന റിസൾട്ടിനെക്കുറിച്ച് ആരോഗ്യവകുപ്പിലുള്ളവർക്കുതന്നെ സംശയം ഉയർന്നിട്ട് രണ്ടാഴ്ചകൾ പിന്നിട്ടു. പക്ഷേ, ആരും നടപടിയൊന്നും എടുക്കുന്നില്ല. ഈ ലാബിൽനിന്ന് ഇപ്പോഴും ആയിരക്കണക്കിനു ടെസ്റ്റ് റിസൾട്ടുകൾ പുറത്തുവരുന്നു. ലാബിനെക്കുറിച്ച് സംവിധായകൻ പറയുന്നു.

യാതന നിറഞ്ഞ അനുഭവം ലാബിന്റെ തെറ്റായ നടപടി കാരണം വന്നുപെട്ടത് എന്നാണ് ജോൺപോൾ ജോർജ് പറയുന്നത്. ആരോഗ്യവകുപ്പിന്റെ വിളി വന്നപ്പോൾ ബാഗും പായ്ക്ക് ചെയ്തു ഞാൻ പോവുന്നതു നോക്കി ജനാലകൾക്കുള്ളിൽ, എന്റെ അപ്പനും അമ്മയും കരയുന്നത് ഞാൻ കണ്ടു. ആംബുലൻസിന്റെ ചുവന്ന വെളിച്ചത്തിൽ എല്ലാം എനിക്കു കാണാമായിരുന്നു. എന്റെ രോഗാവസ്ഥയെക്കാൾ എനിക്കു ചിന്തയും പേടിയും, ആ അവസരത്തിൽ ശാരീരികവും മാനസികവുമായി തളർന്ന അവർക്കെന്തെങ്കിലും സംഭവിക്കുമോ എന്നോർത്തായിരുന്നു. അവരെല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ടു-സംവിധായകൻ എഴുതിയ കുറിപ്പിൽ പറയുന്നു.

ഇതിനു മുൻപും ലാബ് ഈ രീതിയിൽ തെറ്റായ റിസൽട്ട് നൽകിയിട്ടുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു മുൻപ് കോട്ടയം പുലിക്കുട്ടിശേരി കൊല്ലത്തുശേരിൽ ഡോണി ജോസഫിന്റെ ഭാര്യയുടെ കോവിഡ് ടെസ്റ്റ് നടത്തി, കുഞ്ഞുണ്ടാവുന്നതിന് ഒരു മണിക്കൂർ മുൻപ്, ഹോസ്പിറ്റൽ തന്നെ ഇതേ മെഡിവിഷൻ ലാബിനെ ഏൽപിച്ച ടെസ്റ്റിൻന്റെ റിസൾട്ട് വന്നു, പോസിറ്റീവ്. ഇതോടെ പ്രസവം കഴിഞ്ഞ ഉടനെ അമ്മയെയും കുഞ്ഞിനെയും ഹോം ക്വാറന്റൈനിലേക്കു മാറ്റി. ഇതിനിടെ, കുഞ്ഞിന് മഞ്ഞനിറം ബാധിച്ചു. ഇതോടെ ചികിത്സ തേടി ഇവർ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും കോവിഡ് പോസിറ്റീവ് ആയതിനാൽ ആരും സ്വീകരിച്ചില്ല.

തുടർന്ന് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലെ കോവിഡ് സെന്ററിലേക്കു മാറ്റി. ഇതിനിടെ, കോവിഡ് ബാധിക്കാനുള്ള യാതൊരു സാഹചര്യത്തിലും പോകാതിരുന്ന യുവതിയുടെ റിസൾട്ടിൽ സംശയം തോന്നിയ ആരോഗ്യവകുപ്പ് അമ്മയുടെ കോവിഡ് ടെസ്റ്റ് വീണ്ടും നടത്തി. ഫലം നെഗറ്റീവ്. ഫലം വന്നപ്പോഴേക്കും രോഗമില്ലാത്ത അമ്മയും കുഞ്ഞും കോവിഡ് ആശുപത്രിയിൽ നാലു ദിവസം പിന്നിട്ടിരുന്നു. കോവിഡ് പോസിറ്റീവ് എന്നു തെറ്റായ റിസൾട്ട് കിട്ടിയതു മൂലം കുഞ്ഞിനു മുലപ്പാൽ പോലും കൊടുക്കാൻ കഴിയാതെ നിസ്സഹായയായി ആ അമ്മ. നാലു രാവും പകലും അവരവിടെ കഴിയേണ്ടി വന്നു. കോവിഡ് രോഗികളെ ഭയമുള്ളവരാണ് ഭൂരിഭാഗവുമെന്ന് അന്ന് ആരും സഹായിക്കാനില്ലാതെ വന്നപ്പോൾ അവർക്കു മനസിലായി. ഒരു നഴ്‌സ് ആ സമയത്തു കാണിച്ച സ്‌നേഹവും കരുതലും അവർ പറഞ്ഞത് ഓർക്കുന്നു. രോഗം വന്നുപോയില്ല എന്നുറപ്പിക്കാൻ ഇവർ ആന്റിബോഡി പരിശോധനയും നടത്തി. രോഗം ബാധിച്ചിട്ടില്ല എന്നായിരുന്നു പരിശോധനാ ഫലം-കുറിപ്പിൽ സംവിധായകൻ എഴുതുന്നു.

എന്നാൽ മെഡിവിഷൻ ലാബിനെതിരെ തത്ക്കാലം തങ്ങൾക്ക് നടപടിഎടുക്കാൻ കഴിയില്ലെന്ന് കോട്ടയം ഡിഎംഓ ഡോ.ജേക്കബ് വർഗീസ് മറുനാടനോട് പറഞ്ഞു. നടപടിയെടുക്കേണ്ടത് ഐസിഎംആർ ആണ്. ഐസിഎംആറിന്റെ അനുമതിയോടെയാണ് കോവിഡ് ടെസ്റ്റ് നടത്താനുള്ള പ്രവർത്തനാനുമതി ലാബിനു ലഭിച്ചത്. നടപടി എടുക്കേണ്ടത് ഐസിഎംആർ ആണ്. അല്ലെങ്കിൽ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിട്ട്യുട്ട്. ഇവർ വേണം നടപടിയെടുക്കാൻ. അല്ലാതെ തങ്ങൾക്ക് അതിൽ നേരിട്ട് ഇടപെടാൻ കഴിയില്ല-ഡിഎംഒ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ജോൺപോൾ ജോർജ് മുഖ്യമന്ത്രിക്ക് നൽകിയ പരാതി:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്

സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് 1,251 കോവിഡ് രോഗികളുണ്ടെന്നാണ് അങ്ങു പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, അതിലൊന്ന് രോഗമില്ലാതിരുന്ന ഞാൻ ആയിരുന്നു.
അങ്ങയുടെ സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ മുഴുവൻ കളങ്കപ്പെടുത്തുന്ന, കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന, ചെയ്യാത്ത കുറ്റത്തിനു ദ്രോഹിക്കുന്ന ചില കാര്യങ്ങളും ഈ നാട്ടിൽ നടക്കുന്നുണ്ടെന്ന് അങ്ങയെ അറിയിക്കാനാണ് ഈ കത്ത്. ഇതിനെതിരേ അങ്ങു കർശന നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഇത് ആരെങ്കിലും പറഞ്ഞുകേട്ട സംഭവം അല്ല, ചിലരുടെ വീഴ്ച മൂലം ഞാൻ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതമാണ്. സുഹൃത്തിനു കോവിഡ് പോസിറ്റീവായെന്ന് അറിഞ്ഞ ദിവസം മുതൽ, ആരും നിദേശിക്കാതെതന്നെ ക്വാറന്റൈനിൽ ഇരിക്കുകയായിരുന്നു ഞാൻ. 16 ദിവസങ്ങൾക്കു ശേഷവും ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. എനിക്കു കോവിഡ് കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് അറിയാമായിരുന്നിട്ടും ജോലി സംബന്ധമായ ചില യാത്രകൾ അനിവാര്യമായിരുന്നതുകൊണ്ട് അതിനു മുന്നോടിയായി സ്വന്തം നിലയിൽ കോവിഡ് ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു.

സർക്കാർ കോവിഡ് ടെസ്റ്റിന് അംഗീകാരം നൽകിയിരിക്കുന്ന കോട്ടയത്തെ മെഡിവിഷൻ ലാബിൽ പണം മുടക്കി ഞഠജഇഞ ടെസ്റ്റ് നടത്തി. ഒരു ശതമാനം പോലും കരുതിയില്ല ഞാൻ പോസിറ്റീവാകുമെന്ന്. പക്ഷേ, എന്നെ വിളിച്ചത് ആരോഗ്യവകുപ്പിൽനിന്നാണ്, എന്റെ റിസൾട്ട് കോവിഡ് പോസിറ്റീവായിരുന്നു. പിന്നീടുള്ള മണിക്കൂറുകൾ എന്റെ ജീവിതത്തിൽ സംഭവിച്ചതു ഒരിക്കലും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്.

ബാഗും പായ്ക്ക് ചെയ്തു ഞാൻ പോവുന്നതു നോക്കി ജനാലകൾക്കുള്ളിൽ, എന്റെ അപ്പനും അമ്മയും കരയുന്നത് , ആംബുലൻസിന്റെ ചുവന്ന വെളിച്ചത്തിൽ എനിക്കു കാണാമായിരുന്നു. എന്റെ രോഗാവസ്ഥയെക്കാൾ എനിക്കു ചിന്തയും പേടിയും, ആ അവസരത്തിൽ ശാരീരികവും മാനസികവുമായി തളർന്ന അവർക്കെന്തെങ്കിലും സംഭവിക്കുമോ എന്നോർത്തായിരുന്നു. അവരെല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ടു.

എന്നെ ചങ്ങനാശേരിയിലെ കോവിഡ് സെന്ററിലെത്തിച്ചു. തിരക്കു കുറവായിരുന്നെങ്കിലും, 50 കോവിഡ് ബാധിതരെങ്കിലും അവിടുണ്ടായിരുന്നു. ആ രാത്രി മുതൽ ഞാനും അവർക്കൊപ്പമായിരുന്നു. അടുത്ത ദിവസം ആരോഗ്യവകുപ്പിനു മെഡിവിഷന്റെ ലാബ് റിസൾട്ടുകളിൽ സംശയം തോന്നിയതുകൊണ്ടാവാം, മെഡിവിഷനിൽ ടെസ്റ്റ് ചെയ്തു പോസിറ്റീവായ പലരുടെയും റീടെസ്റ്റ് നടത്തി, ഒപ്പം എന്റെയും. ഞഠജഇഞ ടെസ്റ്റ് തന്നെ. മൂന്നു ദിവസത്തിനു ശേഷം റിസൾട്ട് വന്നു. എന്റെ കാര്യം മാത്രമേ എന്നെ അറിയിച്ചുള്ളു. ഞാൻ നെഗറ്റീവ്. റിസൾട്ട് അറിഞ്ഞ ഉടൻ ഞാൻ ഡിസ്ചാർജ് ലെറ്റർ വാങ്ങി. എന്നാൽ, രോഗമില്ലാത്ത ഞാൻ കോവിഡ് സെന്ററിൽ കഴിഞ്ഞതിനാൽ വീണ്ടും ക്വാറന്റൈനിൽ.
ഇതിനിടെ, മെഡിവിഷൻ ലാബ് അധികൃതരുമായി സംസാരിച്ചപ്പോൾ, എനിക്ക് കോവിഡ് വന്നിട്ടുണ്ടാവുമെന്നും രണ്ടു ദിവസംകൊണ്ട് മാറിയതാവാമെന്നുമായിരുന്നു അവരുടെ മറുപടി. ഇതു ശരിയാണോ എന്നറിയാൻ ഞാൻ ആന്റിബോഡി ടെസ്റ്റ് നടത്തി. അതിന്റെ റിസൾട്ട് എനിക്ക് കോവിഡ് ബാധിച്ചിട്ടില്ല എന്നതായിരുന്നു. തെറ്റായ ലാബ് റിപ്പോർട്ടിനെത്തുടർന്ന് എനിക്കേറെ ദുരിതങ്ങൾ ഉണ്ടായെങ്കിലും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നു കരുതിയതാണ് ഞാൻ. എന്നാൽ, സമാനമായ മറ്റൊരു സംഭവംകൂടി കോട്ടയത്തുണ്ടായി. എന്റെ അനുഭവത്തേക്കാൾ അതിക്രൂരമായ പരീക്ഷണമാണ് നവജാത ശിശു അടക്കമുള്ള ആ കുടുംബം നേരിട്ടത്. അതുകൂടി കേട്ടതോടെയാണ് ഇതു പരാതിപ്പെടണം എന്നു തീരുമാനിച്ചത്.

ഇപ്പോൾ എല്ലാ ശസ്ത്രക്രിയകൾക്കും മുൻപ് കോവിഡ് ടെസ്റ്റ് വേണമല്ലോ. അതുപോലെ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു മുൻപ് കോട്ടയം പുലിക്കുട്ടിശേരി കൊല്ലത്തുശേരിൽ ഡോണി ജോസഫിന്റെ ഭാര്യയുടെ കോവിഡ് ടെസ്റ്റ് നടത്തി, കുഞ്ഞുണ്ടാവുന്നതിന് ഒരു മണിക്കൂർ മുൻപ്, ഹോസ്പിറ്റൽ തന്നെ ഇതേ മെഡിവിഷൻ ലാബിനെ ഏൽപിച്ച ടെസ്റ്റിന്റെ റിസൾട്ട് വന്നു, പോസിറ്റീവ്. ഇതോടെ പ്രസവം കഴിഞ്ഞ ഉടനെ അമ്മയെയും കുഞ്ഞിനെയും ഹോം ക്വാറന്റൈനിലേക്കു മാറ്റി. ഇതിനിടെ, കുഞ്ഞിന് മഞ്ഞനിറം ബാധിച്ചു. ഇതോടെ ചികിത്സ തേടി ഇവർ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും കോവിഡ് പോസിറ്റീവ് ആയതിനാൽ ആരും സ്വീകരിച്ചില്ല. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലെ കോവിഡ് സെന്ററിലേക്കു മാറ്റി. ഇതിനിടെ, കോവിഡ് ബാധിക്കാനുള്ള യാതൊരു സാഹചര്യത്തിലും പോകാതിരുന്ന യുവതിയുടെ റിസൾട്ടിൽ സംശയം തോന്നിയ ആരോഗ്യവകുപ്പ് അമ്മയുടെ കോവിഡ് ടെസ്റ്റ് വീണ്ടും നടത്തി. ഫലം നെഗറ്റീവ്. ഫലം വന്നപ്പോഴേക്കും രോഗമില്ലാത്ത അമ്മയും കുഞ്ഞും കോവിഡ് ആശുപത്രിയിൽ നാലു ദിവസം പിന്നിട്ടിരുന്നു.
കോവിഡ് പോസിറ്റീവ് എന്നു തെറ്റായ റിസൾട്ട് കിട്ടിയതു മൂലം കുഞ്ഞിനു മുലപ്പാൽ പോലും കൊടുക്കാൻ കഴിയാതെ നിസ്സഹായയായി ആ അമ്മ. നാലു രാവും പകലും അവരവിടെ കഴിയേണ്ടി വന്നു. കോവിഡ് രോഗികളെ ഭയമുള്ളവരാണ് ഭൂരിഭാഗവുമെന്ന് അന്ന് ആരും സഹായിക്കാനില്ലാതെ വന്നപ്പോൾ അവർക്കു മനസിലായി. ഒരു നഴ്‌സ് ആ സമയത്തു കാണിച്ച സ്‌നേഹവും കരുതലും അവർ പറഞ്ഞത് ഓർക്കുന്നു. രോഗം വന്നുപോയില്ല എന്നുറപ്പിക്കാൻ ഇവർ ആന്റിബോഡി പരിശോധനയും നടത്തി. രോഗം ബാധിച്ചിട്ടില്ല എന്നയായിരുന്നു ഫലം.

പ്രസ്തുത മെഡിവിഷൻ എന്ന ലാബ് കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ 40,000ൽ അധികം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്, പണം മുടക്കി ഇവിടെ ടെസ്റ്റ് നടത്തിയിട്ടുള്ള, എന്നെപ്പോലെ എത്രയോ ആളുകൾ ഇവരുടെ ഇരകളായിട്ടുണ്ടാകാമെന്നതാണ് ഇപ്പോൾ സംശയം. ഇവർ നൽകുന്ന റിസൾട്ടിനെക്കുറിച്ച് ആരോഗ്യവകുപ്പിലുള്ളവർക്കുതന്നെ സംശയം ഉയർന്നിട്ട് രണ്ടാഴ്ചകൾ പിന്നിട്ടു സാർ, പക്ഷേ, ആരും നടപടിയൊന്നും എടുക്കുന്നില്ല. ഈ ലാബിൽനിന്ന് ഇപ്പോഴും ആയിരക്കണക്കിനു ടെസ്റ്റ് റിസൾട്ടുകൾ പുറത്തുവരുന്നു. ഈ മഹാമാരിക്കിടയിൽ നമ്മുടെ സമൂഹത്തിലേക്കു ജനിച്ചുവീണ, ആ കുഞ്ഞിനും കുടുംബത്തിനും ഇവരുടെ വീഴ്ച മൂലം നേരിട്ട നീതികേടും ദുരിതവും ഒരിക്കലും പൊറുക്കാനാവില്ല. ഇനിയും ആരും അനാവശ്യമായി വഞ്ചിക്കപ്പെടാതിരിക്കാൻ ഇക്കാര്യത്തിൽ കർശന നപടിയെടുക്കണമെന്നും തെറ്റായ റിപ്പോർട്ട് നൽകുന്ന ലാബുകളെ കരിന്പട്ടികയിൽപ്പെടുത്തണമെന്നും അപേക്ഷിക്കുന്നു. ലാബുകളുടെ നിരുത്തരവാദപരമായ സമീപനംകൊണ്ട് രോഗമില്ലാതിരുന്നിട്ടും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പട്ടികയിൽ പോലും ഉൾപ്പെടേണ്ടി വന്നവർ എത്രയോ പേരുണ്ടാകും. സത്യത്തിൽ വ്യക്തികൾ മാത്രമല്ല സർക്കാർകൂടി കബളിപ്പിക്കപ്പെടുന്ന ഇത്തരം അനാസ്ഥക്കെതിരേ അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കണമെന്ന് ഒരിക്കൽകൂടി അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,
ജോൺപോൾ ജോർജ്
സംവിധായകൻ (അമ്പിളി, ഗപ്പി)

https://www.facebook.com/e4e.movies/posts/958422754685536

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP