Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഭക്ഷണത്തിൽ വിഷഗുളികകൾ ചേർത്തു കൊടുക്കാൻ ശ്രമിച്ചു.. മുഖത്ത് പൊട്ടിത്തെറിക്കുന്ന സിഗരറ്റ് പ്രയോഗവും ചീറ്റി; കരീബിയൻ തീരത്ത് പൊട്ടിത്തെറിക്കുന്ന കക്കകൾ വിതറി; ഫിദൽ കാസ്‌ട്രോയിലെ വിപ്ലവകാരി അതിജീവിച്ചത് സിഐഎ ആസൂത്രണം ചെയ്ത 638 നിഗൂഢ വധശ്രമങ്ങൾ

ഭക്ഷണത്തിൽ വിഷഗുളികകൾ ചേർത്തു കൊടുക്കാൻ ശ്രമിച്ചു.. മുഖത്ത് പൊട്ടിത്തെറിക്കുന്ന സിഗരറ്റ് പ്രയോഗവും ചീറ്റി; കരീബിയൻ തീരത്ത് പൊട്ടിത്തെറിക്കുന്ന കക്കകൾ വിതറി; ഫിദൽ കാസ്‌ട്രോയിലെ വിപ്ലവകാരി അതിജീവിച്ചത് സിഐഎ ആസൂത്രണം ചെയ്ത 638 നിഗൂഢ വധശ്രമങ്ങൾ

മറുനാടൻ ഡെസ്‌ക്

ഹവാന: അമേരിക്കൻ സാമ്രാജ്യത്വം കീഴ്‌പ്പെടുത്തിയ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ സദ്ദാം ഹുസൈൻ മുതൽ ഗദ്ദാഫി വരെയുണ്ട്. എന്നാൽ, ഇവരേക്കാൾ അടുത്ത് അങ്കിൽസാമിന്റെ മുക്കിൻ തുമ്പത്തിരുന്ന് വെല്ലുവിളിച്ച വ്യക്തിയാണ് ഫിദൽ കാസ്‌ട്രോ എന്ന പോരാളി. എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു കാസ്‌ട്രോ. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വകവരുത്താൻ സിഐഎ അടവുകൾ പലതും പയറ്റിയിരുന്നു. എന്നാൽ, ഈ നീക്കങ്ങളെല്ലാം അവസാനിച്ചത് പരാജയത്തിലായിരുന്നു. ഇപ്പോൾ അദ്ദേഹം മരണത്തിന് കീഴടങ്ങും വരെ അമേരിക്കയ്ക്ക് വഴങ്ങാതെ തല ഉയർത്തി തന്നെ നിൽക്കുകയായിരുന്നു.

മെക്‌സിക്കോ ഉൾക്കടലിന്റെ തുടക്കത്തിൽ വടക്കേ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലാണു കരീബിയൻ ദ്വീപുകളിൽ പെടുന്ന കൊച്ചു ക്യൂബ എന്നും അമേരിക്കയ്ക്ക് തലവേദന ഉണ്ടാക്കിയിരുന്നു. അങ്കിൾ സാമിനെതിരെ ക്യൂബ നടത്തിയ ഐതിഹാസികമായ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയത് ഫിഡൽ കാസ്‌ട്രോ എന്ന ധിഷണാശാലിയായിരുന്നു. ക്യൂബയിലെ ഭരണത്തെ തകർക്കാൻ യുഎസ് ഒട്ടേറെ അട്ടിമറിശ്രമങ്ങൾ നടത്തി. യുഎസിൽ ഭരണത്തിലിരുന്ന ഒൻപതു പ്രസിഡന്റുമാരും കാസ്‌ട്രോയെ വധിക്കാൻ പദ്ധതിയിട്ടിരുന്നു. രേഖകൾ പ്രകാരം 643 തവണയാണ് അദ്ദേഹത്തിനു നേർക്ക് യുഎസിന്റെ ആക്രമണം നടന്നത്. എന്നാൽ, ഈ നീക്കങ്ങളെയെല്ലാം അദ്ദേഹം അതിജീവിച്ചു.

1961 ഏപ്രിൽ 17ന് ക്യൂബയുടെ തെക്കൻ തീരത്തുള്ള ബേ ഓഫ് പിഗ്‌സ് ഉൾക്കടലിലെ പ്ലായാഗിറോണിൽ യുഎസ് ചാരസംഘടനയായ സിഐഎയുടെ പരിശീലനം ലഭിച്ച കൂലിപ്പട്ടാളക്കാർ വന്നിറങ്ങി. ക്യൂബയിൽ അസ്വസ്ഥത സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാൽ, 72 മണിക്കൂറിനുള്ളിൽ 400 ആക്രമണകാരികൾ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ കീഴടങ്ങുകയും ചെയ്തത് അമേരിക്കയ്‌ക്കേറ്റ കനത്ത നാണക്കേടായി. തടവുകാരെ വിട്ടുകൊടുക്കുന്നതിനായി 530 ലക്ഷം ഡോളറിനുള്ള ഭക്ഷ്യവസ്തുക്കളും ഔഷധങ്ങളും മോചനദ്രവ്യമായി ക്യൂബയ്ക്കു നൽകേണ്ടി വന്നു യുഎസിന്.

ഫിഡൽ അധികാരത്തിലേറിയപ്പോൽ മുതൽ അദ്ദേഹത്തെ വകവരുത്താൻ സിഐഎ ശ്രമം നടത്തിയിട്ടുണ്ട്. ഇതിനായി മയക്കുമരുന്നു ലോബികളെയു മറ്റുമാണ് അദ്ദേഹം നിയോഗിച്ചത്. സിഐഎ തന്നെ പുറത്തുവിട്ട രേഖകളിൽ അധോലോക നായകരെ വരെ ഏർപ്പാടാക്കിയിരുന്നു. മുൻ എഫ്ബിഐ ഉദ്യോഗസ്ഥനെ ഉപയോഗിച്ചാണ് 1960ൽ ഗുണ്ടകളെ ഏർപ്പാടാക്കിയത്. കാസ്‌ട്രോയുടെ ഭക്ഷണത്തിൽ ചേർക്കാനുള്ള വിഷഗുളികകൾ അവരെ ഏൽപിക്കുകയും ചെയ്തു. എന്നാൽ ഇതും പാളിപ്പോയി. ഇതിന് ശേഷവും തുടർച്ചയായി അദ്ദേഹത്തിനെതിരെ വധശ്രമങ്ങളുണ്ടായി.

മുഖത്ത് പൊട്ടിത്തെറിക്കുന്ന സിഗാർ ഉപയോഗിച്ചുള്ള വധശ്രമമാണ് അതിൽ ഒന്ന്. 1960കളിലാണ് കാസ്‌ട്രോയെ ലക്ഷ്യംവച്ച് സിഐഎ പൊട്ടിത്തെറിക്കുന്ന സിഗാറുകൾ നിർമ്മിച്ചത്. ക്യൂബയുടെ തീരങ്ങളിൽ സ്‌കൂബ ഡൈവിങിനുള്ള ഫിദൽ കാസ്‌ട്രോയുടെ ഭ്രമം തിരിച്ചറിഞ്ഞ സിഐഎ ഇത്തരത്തിൽ കക്ക തീരത്ത് നിക്ഷേപിക്കുക പോലുമുണ്ടായി. പൊട്ടിത്തെറിക്കുന്നവയാണ് ഈ കക്കകൾ. കാസ്‌ട്രോ വെള്ളത്തിൽ നീന്തുന്നതിനിടയിൽ അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ പോന്ന വലുപ്പമുള്ള മാരകശേഷിയോടെ പൊട്ടിത്തെറിക്കുന്ന കക്ക ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടു. ക്ലിന്റൺ ഭരണ കാലത്ത് ഇത്തരത്തിലൊരു ആലോചന നടന്നതായി രേഖകൾ സൂചിപ്പിക്കുന്നു. പക്ഷേ മറ്റ് ചില പദ്ധതികൾ പോലെ ഇതും പരീക്ഷിക്കാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ വെള്ളത്തിനടിയിലെ ഉപേക്ഷിക്കപ്പെട്ട ഒരു പദ്ധതിയാണ് ഡൈവിങ് സ്യൂട്ടിൽ മാരകമായ രോഗങ്ങൾക്കും ചർമ്മത്തെ നശിപ്പിക്കുന്ന രോഗങ്ങൾക്കും കാരണമായ ഫംഗസുകളെ നിറയ്ക്കാനുള്ള പദ്ധതി. ഇതെല്ലാം പാളുകയാണ് ഉണ്ടായത്.

ഫിഡൽ നേരിട്ട വധശ്രമങ്ങളെക്കുറിച്ച് 'എക്‌സിക്യുട്ടിവ് ആക്ഷൻ (ഫിഡൽ കാസ്‌ട്രോയെ കൊല്ലാൻ 634 വഴികൾ) എന്ന ഗ്രന്ഥം പൊളിറ്റിക്കൽ ആക്ടിവിസ്റ്റായ ഫാബിയൻ എക്‌സാലാൻതെ രചിച്ചിട്ടുണ്ട്. ഏകാധിപതി ബാറ്റിസ്റ്റയ്‌ക്കെതിരായ പ്രതിരോധങ്ങളിൽ സജീവമായി പങ്കെടുത്ത വ്യക്തിയെന്ന നിലയിൽ കാസ്‌ട്രോയെ ശ്രദ്ധാപൂർവം അനുധാവനം ചെയ്ത എഴുത്തുകാരനാണ് അദ്ദേഹം. ക്യൂബൻ സ്‌റ്റേറ്റ് സെക്യൂരിറ്റിയുടെ തലവനായി 1982ൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ക്യൂബയിലും മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സിഐഐ നടത്തിയ ഇടപടലുകളെക്കുറിച്ചും അദ്ദേഹത്തിനറിയാമായിരുന്നു.

ആരെയും അദ്ഭുതപ്പെടുത്തുന്ന അന്വേഷണങ്ങൾക്കാണ് അദ്ദേഹം തയാറായിരിക്കുന്നത്. 634 ആക്രമണങ്ങളെക്കുറിച്ചും കാലക്രമമനുസരിച്ചുതന്നെ ഇതിൽ വിവരിക്കുന്നുണ്ട്. ഉറക്കംകെടുത്തുന്ന രാത്രികളായിരുന്നു 1959നുശേഷം കാസ്‌ട്രോയെ പ്രതീക്ഷിച്ചു കാത്തുനിന്നിരുന്നത്. മിയാമിയിലും ഫ്‌ലോറിഡയിലുമായി നടന്ന ഗൂഢാലോചനകളുടെ സിഐഐ നാടകങ്ങൾ തിരകൾപോലെ വന്നുപൊയ്‌ക്കൊണ്ടിരുന്നു. പുസ്തകത്തിലെ കണക്കുപ്രകാരം അമേരിക്കൻ ഭരണകൂടം ഇതിനുവേണ്ടി ചെലവഴിച്ച പണത്തിന്റെ അളവ് ആരെയും അദ്ഭുതപ്പെടുത്തും. എഫ്ബിഐയും സിഐഎയും കെട്ടിപ്പടുത്ത ചാരപ്രവർത്തനങ്ങൾ വളരെ നന്നായി ആസൂത്രണം ചെയ്യപ്പെട്ടുവെങ്കിലും അവ പരാജയപ്പെട്ടതു കാസ്‌ട്രോ കാത്തുസൂക്ഷിച്ച ജാഗ്രതയൊന്നുകൊണ്ടു മാത്രമായിരുന്നുവെന്നാണ എഴുത്തുകാരൻ വ്യക്തമാക്കിയത്.

ഭരണമേറ്റെടുത്തശേഷം അമേരിക്കയിൽ പോകാനും ഐക്യരാഷ്ട്ര സംഘടനയെ അഭിസംബോധന ചെയ്യാനും കാസ്‌ട്രോ ധൈര്യംകാട്ടി. ഇതിനിടയിലും ചില ശ്രമങ്ങൾ നടക്കാതിരുന്നില്ല. സിഐഎയുടെ ക്യൂബൻ അമേരിക്കൻ ഏർപ്പാടുകൾ അക്കാലത്ത് ഏറെ പ്രസിദ്ധവുമായിരുന്നു. 1959 ജനുവരിയിൽ സാൻടൊ ഡൊമിൻഗോവിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ രണ്ടു സുപ്രധാന വ്യക്തികൾ നിഗൂഢമായി ഒത്തുചേർന്നു. അവരിലൊരാൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ആയുഷ്‌കാല ഏകാധിപതി റാഫേൽ ലിയോനിദാസ് ട്രൂഷിപ്പോയും അപരൻ അന്നുവരെ ക്യൂബയിലെ ഏറ്റവും ശക്തിമാനായിരുന്ന വ്യക്തി ഫുൾ ജെൻസിയോ ബാറ്റിസ്റ്റ സാൽദിവാറുമായിരുന്നു. വിപ്ലവത്തിനുശേഷം ക്യൂബയിൽനിന്നു പലായനംചെയ്ത അദ്ദേഹം അമേരിക്കൻ താൽപര്യമനുസരിച്ചു കാസ്‌ട്രോയെ ഇല്ലാതാക്കാനുള്ള ഒരു പദ്ധതിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

സിഐഎയുടെ മുഖ്യസൂത്രധാരൻ കേണൽ കിങ്ങുമായി ചേർന്ന് ആസൂത്രണം ചെയ്ത വധശ്രമത്തിൽനിന്നു തലനാരിഴയ്ക്കാണ് കാസ്‌ട്രോ രക്ഷപ്പെട്ടത്. 1959 മാർച്ച് 27ാം തീയതിയിലെ ഹാവനയിലെ റവലൂഷൻ പത്രത്തിൽ പാളിപ്പോയ വധശ്രമത്തെക്കുറിച്ചു വാർത്ത വന്നു. രണ്ടു കുപ്രസിദ്ധരായ ബാറ്റിസ്റ്റ അനുകൂലികൾ പൊലീസിന്റെ പിടിയിലാകുകയും ചെയ്തു.

പിന്നീടു വധശ്രമങ്ങളുടെ നീണ്ട ഒരു ശൃംഖലയാണുണ്ടായത്. ക്യൂബൻ വിപ്ലവത്തിന്റെ ശത്രുക്കൾ കഠിനാധ്വാനം ചെയ്തിട്ടും മരണത്തെ കാസ്‌ട്രോയ്ക്കുമേൽ ഒരാഘാതമായി ഏൽപ്പിക്കാൻ കഴിഞ്ഞില്ല. ഒരൊറ്റ വ്യക്തി ഇത്രമാത്രം വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ടതായി ലോകചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലത്രേ. എന്തുവില കൊടുത്തും ഫിഡലിനെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നിൽ നിന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകതയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP