Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ദിവസം ഫാത്തിമയുടെ മൃതദേഹം കാണാൻ പോലും പൊലീസ് അനുവദിച്ചില്ല; തെളിവുകൾ നശിപ്പിച്ചിരുന്നു; സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നു; മുറിയിൽ മുട്ടുകാലിൽ നിൽക്കുന്ന വിധത്തിലായിരുന്നു മൃതദേഹം; തമിഴ്‌നാട് പൊലീസ് ഒട്ടും ഉത്തരവാദിത്തം കാണിച്ചില്ല; ചെന്നൈ ഐഐടിയിലെ ദാരുണസംഭവത്തിൽ മലയാളി അടക്കം ഏഴ് വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്നും പിതാവ് ലത്തീഫ്

ആദ്യ ദിവസം ഫാത്തിമയുടെ മൃതദേഹം കാണാൻ പോലും പൊലീസ് അനുവദിച്ചില്ല; തെളിവുകൾ നശിപ്പിച്ചിരുന്നു; സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നു; മുറിയിൽ മുട്ടുകാലിൽ നിൽക്കുന്ന വിധത്തിലായിരുന്നു മൃതദേഹം; തമിഴ്‌നാട് പൊലീസ് ഒട്ടും ഉത്തരവാദിത്തം കാണിച്ചില്ല;  ചെന്നൈ ഐഐടിയിലെ ദാരുണസംഭവത്തിൽ മലയാളി അടക്കം ഏഴ് വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്നും പിതാവ് ലത്തീഫ്

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ചെന്നൈ ഐഐടിയിൽ ഹോസ്റ്റൽമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ പിതാവ് ലത്തീഫ് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. ആദ്യ ദിവസം ഫാത്തിമയുടെ മൃതദേഹം കാണാൻ പൊലീസ് അനുവദിച്ചില്ല. തെളിവുകൾ നശിപ്പിച്ചിരുന്നുവെന്നും സിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നു എന്നും ലത്തീഫ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലത്തീഫ്.

ഫാത്തിമയുടെ മരണത്തിൽ തമിഴ്‌നാട് പൊലീസ് വളരെ നിരുത്തരവാദപരമായാണ് പെരുമാറിയത്. കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ നിന്ന് മോശം അനുഭവങ്ങളാണുണ്ടായത്. ഫാത്തിമയുടെ മൃതദേഹം സൂക്ഷിച്ചതുപോലും വേണ്ടവിധത്തിലല്ല. ആശുപത്രിയിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നെന്നും പിതാവ് പറഞ്ഞു. ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയ മുറി സീൽ ചെയ്തിരുന്നില്ല. മുറി അലക്ഷ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പുസ്തകങ്ങൾ ചിതറിക്കിടക്കുന്ന രീതിയിലായിരുന്നു. മുഴുവൻ സാധനങ്ങളും അലക്ഷ്യമായി വലിച്ചിട്ട നിലയിലായിരുന്നു.ഫാത്തിമ വളരെ അടുക്കും ചിട്ടയുമുള്ള കുട്ടിയാണ്. അങ്ങനെ മുറി കിടക്കാൻ ഒരു വഴിയുമില്ല. റൂമിൽ നിന്ന് പൊലീസ് ഫോറൻസിക് തെളിവുകൾ ശേഖരിച്ചില്ലെന്നും പിതാവ് പറഞ്ഞു.

ഫാത്തിമ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിൽ വാതിൽ അടച്ചിടുമായിരുന്നു. മരണം നടന്നിട്ട് യാതൊരു പരിശോധനയും നടത്താൻ പൊലീസ് തയ്യാറായില്ല. മരണം ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും പിതാവ് പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് അയ്ക്കാൻ ഐഐടി ഏജൻസിയെ ഏൽപിച്ചു. മൃതദേഹം അയയ്ക്കാൻ അവർ തിടുക്കം കാട്ടുകയായിരുന്നു. അവിടെ ടന്നതുകൊലപാതകം ആണോ എന്ന് അന്വേഷിക്കണം. മുറിയിൽ മുട്ടുകാലിൽ നിൽക്കുന്ന വിധത്തിലായിരുന്നു മൃതദേഹമെന്ന് ഹോസ്റ്റലിലെ കുട്ടികൾ പറഞ്ഞിരുന്നു.

മതപരമായി ഫാത്തിമയെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നോ എന്ന് അന്വേഷിക്കണം. സഹപാഠികളിൽ പലർക്കും ഫാത്തിമയോട് പഠനസംബന്ധമായി അസൂയയും പ്രശ്നങ്ങളുമുണ്ടായിരുന്നു. ഏഴ് വിദ്യാർത്ഥികൾക്കും മൂന്ന് അദ്ധ്യാപകർക്കും ഫാത്തിമയോട് പ്രശ്നങ്ങളുണ്ടായിരുന്നു. അവരുടെ പേരുകൾ ഫാത്തിമ എഴുതിവച്ചിട്ടുണ്ട്. ഈ തെളിവുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ട് എന്നും ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലത്തീഫിന് ഉറപ്പ് നൽകി. ഫാത്തിമ ലത്തീഫിന്റെ കുടുംബം അമിത് ഷായുമായുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഈശ്വര മൂർത്തി ഐ.പി.എസിന്റെ നതൃത്വത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്ന് കുടുംബം കേന്ദ്രമന്ത്രിയെ അറിയിച്ചു.
ഐ.ഐ.ടി കാമ്പസിൽ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് സിബിഐ അന്വേഷിക്കണമെന്നും വനിത ഐ.ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യപ്പെട്ടതെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു. ലത്തീഫ് നിവേദനം ആഭ്യന്തരമന്ത്രിക്ക് കൈമാറി. ഫാത്തിമയുടെ കുടുംബത്തോടൊപ്പം കേരളത്തിൽ നിന്നുള്ള എംപിമാരും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ ഫാത്തിമയുടെ മാതാപിതാക്കൾക്ക് ഉറപ്പുനൽകി. ഫാത്തിമയുടെ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി. സ്വതന്ത്ര അന്വേഷണം നടത്തുമെന്നും കുറ്റവാളി രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി ഉറപ്പ്‌നൽകിയതായും ലത്തീഫ് റഞ്ഞു.നവംബർ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയിൽ ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈൽ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അദ്ധ്യാപകനായ സുദർശൻ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫോണിലെ ആത്മഹത്യാക്കുറിപ്പിൽ ഫാത്തിമ പറഞ്ഞിരുന്നത്. മരണത്തിൽ സഹപാഠികൾക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഫാത്തിമയുടെ പിതാവ് നേരത്തെ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP