Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മകൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതിൽ സന്തോഷമെന്ന് യദുലാലിന്റെ അച്ഛൻ; തന്റെ മകനുണ്ടായ ദാരുണാന്ത്യം മറ്റാർക്കും ഉണ്ടാകരുതെന്നും ലാലൻ; ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിക്കേണ്ടത് അടുത്ത വെള്ളിയാഴ്‌ച്ചക്കുള്ളിൽ

മകൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതിൽ സന്തോഷമെന്ന് യദുലാലിന്റെ അച്ഛൻ; തന്റെ മകനുണ്ടായ ദാരുണാന്ത്യം മറ്റാർക്കും ഉണ്ടാകരുതെന്നും ലാലൻ; ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിക്കേണ്ടത് അടുത്ത വെള്ളിയാഴ്‌ച്ചക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തന്റെ മകൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതിൽ സന്തോഷമെന്ന് യദുലാലിന്റെ അച്ഛൻ ലാലൻ. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പ്രതികരണത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ലാലൻ. തന്റെ മകന് ഉണ്ടായ ദാരുണ അനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നും യദുലാലിന്റെ അച്ഛൻ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. അടുത്ത വെള്ളിയാഴ്ചയ്ക്കുള്ളിൽ അമിക്കസ് ക്യൂറി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം. റോഡിലെ എല്ലാ കുഴികളിലും മരണം ഒളിച്ചിരിക്കുന്നെന്ന് പറഞ്ഞ ഹൈക്കോടതി യദുലാലിന്റെ മരണം മറക്കില്ലെന്നും പറഞ്ഞു.

പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. കുഴി അടയ്ക്കും എന്ന് ആവർത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി ചെറുപ്രായത്തിലാണ് ഒരാളുടെ ജീവൻ നഷ്ടമായതെന്നും ചൂണ്ടിക്കാണിച്ചു. മരിച്ച യുവാവിന്റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തലകുനിഞ്ഞു പോകുകയാണ്. കാറിൽ സഞ്ചരിക്കുന്നവർക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയില്ല.

ഇനിയും എത്ര ജീവൻ ബലി കൊടുത്താലാണ് ഈ നാട് നന്നാകുന്നത് എന്ന് ചോദിച്ച കോടതി മരിച്ച യുവാവിന്റെ കുടുംബത്തിന്റെ അവസ്ഥ ആരും മനസിലാക്കാത്തത് എന്തുകൊണ്ടെന്നും ചോദിച്ചു. ഒരാൾ ഒരു കുഴി കുഴിച്ചാൽ അത് മൂടാൻ പ്രോട്ടോകോൾ നോക്കുകയാണെന്ന് പറഞ്ഞ കോടതി വകുപ്പ് തലങ്ങളിലെ ഏകോപമില്ലായ്മയേയും അതിരൂക്ഷമായി വിമർശിച്ചു. ഉത്തരവിടാൻ മാത്രമെ കോടതിക്ക് കഴിയു. അത് നടപ്പാക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഉദ്യോഗസ്ഥരിൽ വിശ്വാസം നഷ്ടമായെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

ഇന്നലെയാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് ദാരുണമായ അപകടം നടന്നത്. ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന യദു കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോർഡിൽ തട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി യദുവിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ യദുലാൽ മരിച്ചു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജല അഥോറിറ്റി മാനേജിങ് ഡയറക്ടറും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജനുവരി 14 ന് ആലുവയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

സംഭവം ജലസേചന വകുപ്പ് സെക്രട്ടറി അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം എട്ടുമാസം മുമ്പാണ് റോഡിൽ കുഴി രൂപപ്പെട്ടത്. അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് ജല അഥോറിറ്റി കുഴിയെടുത്തത്. കുഴി അടയ്ക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നു. ഇത്രയും നാൾ കുഴി അടയ്ക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. കുഴി അടയ്ക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നു. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ടി ജെ വിനോദ് എംഎൽഎ പ്രതികരിച്ചു. വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ പ്രതികരിച്ചിരുന്നു.

റോഡിലെ കുഴി അടയ്ക്കാൻ പലതവണ കൗൺസിലർ ആവശ്യപ്പെട്ടതാണെന്നും എന്നാൽ അധികൃതർ തയ്യാറായില്ലെന്നും മേയർ സൗമിനി ജെയിൻ വെളിപ്പെടുത്തിയിരുന്നു. അപകടം ഉണ്ടായ ഭാഗം നന്നാക്കണമെന്ന് അവിടുത്തെ കൗൺസിലർ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് പല തവണ ആവശ്യപ്പെട്ടതാണ്. പരിഹാരം ഉണ്ടായില്ല. അടിയന്തരമായി കുഴി അടക്കാൻ പിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകും' എന്നും മേയർ സൗമിനി ജെയിൻ പറഞ്ഞു.

അതേസമയം, കുഴി അടയ്ക്കാതിരുന്നത് സംബന്ധിച്ച് വകുപ്പുകൾ പരസ്പരം പഴി ചാരുകയാണ്. പൊതുമരാമത്ത് വകുപ്പ് പണം നൽകാത്തതിനാലാണ് അറ്റകുറ്റ പണികൾ നടത്താത്തത് എന്നാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കടവന്ത്രയിൽ ഇരുചക്രവാഹന യാത്രക്കാരൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവമുണ്ടായത്. മാസങ്ങൾക്ക് മുമ്പ് കാക്കനാടും ഒരാൾ മരിച്ചിരുന്നു.

അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് പാലാരിവട്ടത്തെ അപകടം നടന്നത്. എട്ടുമാസങ്ങൾക്ക് മുമ്പ് ചെറിയ കുഴിയായിരുന്ന ഇവിടെ രൂപപ്പെട്ടത്. എട്ടുമാസം കൊണ്ട് ഒരടിയിലേറെ താഴ്ചയുള്ള അവസ്ഥയിലേക്ക് കുഴിയുടെ രൂപം മാറി. എന്നാൽ ഇത്രയും കാലമെടുത്തിട്ടും കുഴി അടയ്ക്കുന്നതിനുള്ള യാതൊരു നടപടിയും വാട്ടർ അഥോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇക്കാര്യത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഇരുചക്ര വാഹന യാത്രക്കാർക്കുണ്ട്.

വലിയരീതിയിൽ ട്രാഫിക് ബ്ലോക്കുണ്ടാകുന്ന സ്ഥലമാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള റോഡ്. ഇവിടെ ഈ കുഴിയിൽ വീഴാതിരിക്കാൻ ഇരുചക്രവാഹന യാത്രക്കാർ ബുദ്ധിമുട്ടാറുണ്ട്. ഇത്തരത്തിൽ കുഴിയുണ്ടെന്ന് അറിയിക്കാനായി അശാസ്ത്രീയമായി വെച്ച ബോർഡാണ് ഇപ്പോൾ അപകടത്തിന് കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP