Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടാഗ് റീഡിംഗിലെ സാങ്കേതിക പിഴവുണ്ടാക്കുന്നത് നീണ്ട നിര; ലോക്കൽ പാസുള്ളവർക്ക് സംവിധാനം നൽകുന്നത് കടുത്ത നിരാശ; ട്രാക്ക് തെറ്റിച്ച് ഓടുന്നവരിൽ നിന്ന് ഈടാക്കുക ഇരട്ടി പിഴ; ടാഗുള്ളത് 25 ശതമാനം വാഹനങ്ങളിൽ മാത്രം; 200രൂപ മിനിമം ബാലൻസില്ലെങ്കിൽ ടാഗ് പ്രവർത്തന രഹിതവും; ടോൾപിരിവിലെ ഫാസ് ടാഗിൽ സർവ്വത്ര ആശയക്കുഴപ്പം; വാഹനം ഓടിക്കുന്നവരെ കുടുക്കി പുതിയ പദ്ധതി

ടാഗ് റീഡിംഗിലെ സാങ്കേതിക പിഴവുണ്ടാക്കുന്നത് നീണ്ട നിര; ലോക്കൽ പാസുള്ളവർക്ക് സംവിധാനം നൽകുന്നത് കടുത്ത നിരാശ; ട്രാക്ക് തെറ്റിച്ച് ഓടുന്നവരിൽ നിന്ന് ഈടാക്കുക ഇരട്ടി പിഴ; ടാഗുള്ളത് 25 ശതമാനം വാഹനങ്ങളിൽ മാത്രം; 200രൂപ മിനിമം ബാലൻസില്ലെങ്കിൽ ടാഗ് പ്രവർത്തന രഹിതവും; ടോൾപിരിവിലെ ഫാസ് ടാഗിൽ സർവ്വത്ര ആശയക്കുഴപ്പം; വാഹനം ഓടിക്കുന്നവരെ കുടുക്കി പുതിയ പദ്ധതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേശീയപാതകളിലെ ടോൾപിരിവിന് ഫാസ്ടാഗ് ഏർപ്പെടുത്തിയതിന്റെ ആദ്യദിനത്തിൽ മിക്കയിടങ്ങളിലും കണ്ടത് ആശയക്കുഴപ്പം. 25 ശതമാനം വാഹനങ്ങൾ മാത്രമാണ് ടാഗ് പതിപ്പിച്ചത്.. വൈറ്റിലയ്ക്കും അരൂരിനും ഇടയിലുള്ള കുമ്പളം പ്ലാസയിലെ എട്ടുവരികളിൽ രണ്ടെണ്ണം മാത്രമാണ് ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങൾക്കായി ക്രമീകരിച്ചത്. ബാക്കി ആറു ട്രാക്കുകളിലൂടെയും ടാഗ് ഇല്ലാതെയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങൾക്കുമാത്രമായുള്ള ട്രാക്കിലൂടെ ടാഗ് ഇല്ലാത്ത വാഹനങ്ങൾ വന്നാൽ ഇരട്ടിത്തുക ഈടാക്കും. ആദ്യ ദിനത്തിൽ ഈനിയമം കർശനമായി നടപ്പാക്കിയില്ല. ഫാസ്ടാഗിനായി ക്രമീകരിച്ച ട്രാക്കുകളുടെ സൂചനാബോർഡുകൾ പ്രദർശിപ്പിച്ചിരുന്നു. ട്രാക്കു തെറ്റിച്ചെത്തിയ വാഹനങ്ങൾക്ക് താക്കീത് നൽകി വിട്ടയച്ചു. ഇനി മനഃപൂർവം ട്രാക്കു തെറ്റിച്ച വാഹനങ്ങൾക്ക് ഇരട്ടിത്തുക ഈടാക്കും.

നിരവധി ആശയക്കുഴപ്പം ഇപ്പോഴും ഈ സംവിധാനത്തിലുണ്ട്. ലോക്കൽപാസ് ഉള്ളവരുടെ കാര്യത്തിലാണ് ഇനിയും വ്യക്തത വരാനുള്ളത്. അവരുടെ അക്കൗണ്ടിൽനിന്ന് പോകുന്ന പണം തിരികെക്കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമോയെന്ന് വ്യക്തമല്ല. ആധാർകാർഡ്, പാൻകാർഡ്, വാഹനത്തിന്റെ ആർ.സി. എന്നിവയുടെ പകർപ്പ് നൽകി പലരും അപേക്ഷ നൽകിയിട്ടുണ്ട്. 'നാട്ടുകാരനെന്ന നിലയിൽ എനിക്കു ടോൾപ്ലാസയിലൂടെ ഇതുവരെ സൗജന്യമായി കടന്നുപോകാൻ കഴിയുമായിരുന്നു. ഫാസ്ടാഗ് എടുത്തതോടെ യാത്രയിൽ കാശുപോകുകയാണ്...' ടോൾപ്ലാസയിലൂടെ കടന്നുവന്ന കുമ്പളം സ്വദേശി അൻസാദ് പറഞ്ഞു. 250 രൂപ നൽകിയാണ് അൻസാദ് ടോൾപ്ലാസ ഓഫീസിൽനിന്ന് കാർഡ് വാങ്ങിയത്. 50 രൂപ സർവീസ്ചാർജായി ഈടാക്കി ബാക്കി 200 രൂപ അക്കൗണ്ടിലുണ്ടെന്നുമാണ് അറിയിപ്പുവന്നത്. സൗജന്യമായി കടന്നുപോകാമായിരുന്ന ടോൾപ്ലാസയിലൂടെ ഞായറാഴ്ച ഉച്ചയ്ക്ക് 12.39-ന് കടന്നുപോയ അൻസാദിന് ഉച്ചയ്ക്ക് 2.27-ന് വന്ന ഫോൺ മെസേജ് പ്രകാരം 35 രൂപ പോയി-ഇതാണ് നാട്ടുകാരുടെ ഈ വിഷയത്തിലുള്ള പ്രതികരണം.

ഇന്നലെ മുതൽ ടോൾപ്ലാസയിലെ 12 ട്രാക്കുകളിൽ 4 ട്രാക്കുകൾ ഫാസ്ടാഗ് ട്രാക്കുകളാക്കി മാറ്റി. ദേശീയപാത അഥോറിറ്റി 8 ട്രാക്കുകൾ ഫാസ്ടാഗാക്കാനാണ് നിർദ്ദേശിച്ചിരുന്നത്. രാവിലെ 8 ട്രാക്കുകൾ ഫാസ്ടാഗാക്കിയതു മുതൽ ഗതാഗതക്കുരുക്ക് ഏറി. ഫാസ്ടാഗ് ട്രാക്കുകൾ കാലിയാവുകയും മറ്റുട്രാക്കുകളിൽ തിരക്ക് കൂടുകയും ചെയ്തതോടെ യാത്രക്കാർ പ്രതിഷേധവുമായെത്തി. ഇതോടെ ടോൾ കരാർ കമ്പനി ഫാസ്ടാഗ് ട്രാക്കുകളുടെ എണ്ണം കുറച്ച് വാഹനങ്ങൾ തുറന്നു വിട്ടു. എന്നിട്ടും തൃശൂർ ഭാഗത്ത് പാലിയേക്കര മേൽപാലം വരെയും ചാലക്കുടി ഭാഗത്ത് മണലിപ്പാലം വരെയും വാഹനനിര കാണാമായിരുന്നു. മിക്കപ്പോഴും അര കിലോമീറ്റർ വാഹനനിരയുണ്ടായിരുന്നു.

ഫാസ്ടാഗ് അക്കൗണ്ടിൽ കുറഞ്ഞത് 200 രൂപയെങ്കിലും ബാലൻസ് ഉണ്ടെങ്കിലേ ടാഗ് പ്രവർത്തിക്കൂവെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചു. ഇന്നലെ ടാഗ് ഉള്ള വാഹനങ്ങളും ഫാസ്ടാഗ് ട്രാക്കിൽ വരിനിൽക്കേണ്ടി വന്നു. ടാഗ് റീഡ് ചെയ്യുന്നതിലെ സാങ്കേതികപ്പിഴവാണ് സമയം വൈകിക്കുന്നതെന്നു യാത്രക്കാർ ആരോപിക്കുന്നു. ടാഗിൽ മതിയായ തുക ഉണ്ടായിട്ടും ടാഗ് റീഡറിൽ പണമില്ലെന്ന് കാണിക്കുന്നതായി യാത്രക്കാരുടെ പരാതിയുണ്ട്. ടാഗ് റീഡായിട്ടില്ലെന്ന് കാണിച്ചതിനാൽ പണം നൽകി പോകുന്ന യാത്രക്കാരന് പിന്നീട് ടാഗിൽ നിന്നു പണം നഷ്ടപ്പെട്ടതായി ഒട്ടേറെ പരാതി ഉയർന്നിട്ടുണ്ട്. ഫാസ്ടാഗ് പരാതി പരിഹരിക്കാൻ ടോൾപ്ലാസയിൽ തന്നെ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. അങ്ങനെ ആശയക്കുഴപ്പങ്ങൾ ഏറെയാണ്.

ഇലക്ട്രോണിക് ആയി ടോൾ സ്വീകരിക്കുന്നതിന് ഇന്ത്യയിലുള്ള ഒരു സംവിധാനമാണ് ഫാസ്ടാഗ്. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് നിയന്ത്രിക്കുന്നത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സങ്കേതം ഉപയോഗിച്ചാണ് ഫാസ്ടാഗ് പ്രവർത്തിക്കുന്നത്. വാഹന ഉടമസ്ഥന്റെ പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്നും ഓരോ ടോൾ ഉടമസ്ഥനും പണം ലഭ്യമാവുകയാണ് ഇതിലൂടെ ചെയ്യുന്നത്. വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ ഈ ടാഗ് പതിച്ചിട്ടുണ്ടെങ്കിൽ, ടോൾ പ്ലാസയിൽ നിർത്താതെ തന്നെ യാത്ര തുടരാമെന്ന സവിശേഷതയുണ്ട്.

ചില ടോൾപ്ലാസയിൽ ഫാസ്ടാഗിന് പ്രത്യേക വഴിയിലൂടെ കടന്നുപോകാനുള്ള സംവിധാനമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികളിൽ നിന്നും ഫാസ്ടാഗ് വാങ്ങാം. പെട്രോൾ പമ്പുകളിൽ നിന്നും വിതരണം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഫാസ്ടാഗിന് ഉപയോഗ കാലാവധി നിഷ്‌കർഷിച്ചിട്ടില്ല. ആവശ്യമനുസരിച്ച് റീച്ചാർജ്ജ് ചെയ്യുകയുമാവാം. ഒരു വാഹനത്തിന്റെ ഫാസ്ടാഗ് മറ്റൊന്നിൽ ഉപയോഗിക്കാനാവില്ല. ഫാസ്ടാഗ് പ്രോൽസാഹിപ്പിക്കുന്നതിന്, തുടക്കത്തിൽ നിരക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP