Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ ശ്രീധരന്റെ ഇച്ഛാശക്തിയിൽ അതിവേഗ റെയിൽപ്പാത യാഥാർത്ഥ്യമാകുമോ? കൊച്ചി മെട്രോ ട്രാക്കിലാക്കിയ മെട്രോമാനെ വിശ്വസിച്ച് വീണ്ടും കേരളം; സിപിഎമ്മും അനുകൂലമായതോടെ നീക്കങ്ങൾ വേഗത്തിൽ; പ്രാരംഭ പഠന റിപ്പോർട്ട് മാർച്ചിൽ സർക്കാറിന് സമർപ്പിക്കും

ഇ ശ്രീധരന്റെ ഇച്ഛാശക്തിയിൽ അതിവേഗ റെയിൽപ്പാത യാഥാർത്ഥ്യമാകുമോ? കൊച്ചി മെട്രോ ട്രാക്കിലാക്കിയ മെട്രോമാനെ വിശ്വസിച്ച് വീണ്ടും കേരളം; സിപിഎമ്മും അനുകൂലമായതോടെ നീക്കങ്ങൾ വേഗത്തിൽ; പ്രാരംഭ പഠന റിപ്പോർട്ട് മാർച്ചിൽ സർക്കാറിന് സമർപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ വികസന സ്വപനങ്ങൾ കാണാൻ പഠിപ്പിച്ചത് ഇ ശ്രീധരൻ എന്ന ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയിൽ നിന്നും പിറവിയെടുത്ത കൊച്ചി മെട്രോ അധികം വൈകാതെ തന്നെ ട്രാക്കിലാകും. ഏതാനും മാസങ്ങൾ കൂടി കാത്തിരുന്നാൽ മലയാളികളുടെ മെട്രോ സ്വപ്‌നങ്ങൾ പൂവണിയും. പദ്ധതിയുടെ പൂർത്തികരണത്തിനായി ആവേശത്തോടെ കാത്തിരിക്കുന്ന കേരളത്തിന് മുന്നിൽ മറ്റൊരു സ്വപ്‌നം കൂടി പങ്കുവെക്കുകയാണ് ഈ ക്രാന്തദർശി. റോഡപകടങ്ങളാൽ ഏറ്റവും അധികം ആളുകൾ മരണപ്പെടുന്നത് കേരളത്തിൽ ആണെന്ന തിരിച്ചറിവോടെ അതിന് പരിഹാരമെന്ന നിലയിൽ അതിവേ റെയിൽപാതയെന്ന ആശയത്തിന് പുത്തൻ ഉണർവ് നൽകിയിരിക്കയാണ് അദ്ദേഹം. പദ്ധതിക്ക് അനുകൂലമായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ചിന്തിക്കുന്ന സാഹചര്യത്തിൽ പദ്ധതിയെ കുറിച്ചുള്ള പ്രാരംഭ പഠന റിപ്പോർട്ട് ശ്രീധരൻ സംസ്ഥാന സർക്കാറിന് മാർച്ചിൽ സമർപ്പിക്കും.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽപ്പാത കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന് പുതിയ അവസരങ്ങൾ തുറക്കുമെന്നുമാണ് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവായ ശ്രീധരൻ പറയുന്നത്. അതിവേഗ റയിൽപ്പാത യാഥാർഥ്യമാക്കിയാൽ കേരളത്തിൽ പ്രതിവർഷം ആയിരത്തിലേറെ ജീവൻ രക്ഷിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ റോഡപകട മരണങ്ങളിൽ 30% കുറയ്ക്കാൻ അതിവേഗ റയിൽപ്പാതയിലൂടെ സാധിക്കും. ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറാക്കുന്ന പദ്ധതിയുടെ വിശദ രൂപരേഖ ഉടൻ സർക്കാരിനു സമർപ്പിക്കും. 20 മീറ്റർ വീതിയിൽ മാത്രമേ സ്ഥലമേറ്റെടുപ്പ് വേണ്ടിവരൂ. 600 ഹെക്ടർ ഭൂമി മാത്രമേ കേരളത്തിൽ ആകെ ഏറ്റെടുക്കേണ്ടിവരൂ. ഇതിൽ 150 ഹെക്ടർ സർക്കാർ ഭൂമിയാണ്. 3868 കുടുംബങ്ങളെ മാത്രം മാറ്റിപ്പാർപ്പിച്ചാൽ മതി.

മുംബൈ-അഹമ്മദാബാദ് അതിവേഗ പാതയ്ക്കു വേണ്ടി കേന്ദ്രസർക്കാർ ജപ്പാനുമായി ഒപ്പിട്ട കരാറിനു സമാനമായി കേരളത്തിനും കരാർ ഒപ്പിടാം. ചെലവിന്റെ 85 ശതമാനവും 0.3% പലിശനിരക്കിൽ വായ്പയായി ലഭിക്കും. വായ്പയ്ക്കു 10 വർഷത്തെ മൊറട്ടോറിയവും 30 വർഷത്തെ തിരിച്ചടവു കാലാവധിയും ലഭിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ പാതയും പിന്നീടു കാസർകോട്ടേക്കും മംഗലാപുരത്തേക്കും നീട്ടാവുന്ന പാതയുമാണു ഡിഎംആർസി നിർദേശിക്കുന്നത്. ഇതിൽ 190 കിലോമീറ്റർ തൂണുകൾക്കു മുകളിലും 146 കിലോമീറ്റർ ഭൂമിക്കടിയിലുമായിരിക്കും.

തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്കു രണ്ടു മണിക്കൂർകൊണ്ട് എത്താം. തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് 53 മിനിറ്റും കോഴിക്കോട്ടേക്കു 98 മിനിറ്റുമായിരിക്കും യാത്രാസമയം. ആദ്യഘട്ടത്തിൽ പ്രതിദിനം ഒരു ലക്ഷം യാത്രക്കാർക്കു പദ്ധതി പ്രയോജനപ്പെടും. അതിവേഗ റയിൽപ്പാത പദ്ധതി കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വൻ കുതിച്ചുചാട്ടത്തിനിടയാക്കുമെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു.

മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളാണ് 'അതിവേഗ ട്രെയിനു'കളായി കണക്കാക്കുന്നത്. കേരളത്തിൽ നിലവിലുള്ള റെയിൽപ്പാതകളിൽ ട്രെയിനുകളുടെ പരമാവധി വേഗം 80 മുതൽ 100 കിലോമീറ്റർവരെമാത്രമാണ്. പാതകളുടെ ബലക്കുറവും വളരെയധികമുള്ള വളവുകളുമാണ് ഇതിനുകാരണം. അതിനാൽ നിലവിലുള്ള പാതകളിൽ അതിവേഗ ട്രെയിൻ ഓടിക്കാനാകില്ല.

നിലവിലുള്ള റെയിൽവേലൈനിൽനിന്നും ദേശീയപാതയിൽനിന്നും അകലെയാണ് അതിവേഗ റെയിൽപ്പാതയ്ക്ക് നിർദേശിച്ചിട്ടുള്ള സ്ഥലം. ഇതിൽ ട്രെയിനിന് മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. തിരുവനന്തപുരം-കൊല്ലം 20 മിനിറ്റിൽ എത്താനാകും. തിരുവനന്തപുരം-കൊച്ചി 53 മിനിറ്റ്‌കൊണ്ടും തിരുവനന്തപുരം-കോഴിക്കോട് 98 മിനിറ്റ്‌കൊണ്ടും എത്താൻ കഴിയും. തിരുവനന്തപുരംമുതൽ കണ്ണൂർവരെയുള്ള ദൂരം രണ്ടു മണിക്കൂറിൽ പിന്നിടാം. തിരക്കേറിയ സമയത്ത് 15 മിനിറ്റ് ഇടവേളയിലും അല്ലാത്തപ്പോൾ അരമണിക്കൂർ ഇടവേളയിലും ട്രെയിൻസർവീസ് നടത്താനാകും.

സിപിഐ(എം) സംഘടിപ്പിച്ച പഠനകോൺഗ്രസിൽ സംസ്ഥാനത്തിന്റെ യാത്രാപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ റെയിൽ കോറിഡോർ പദ്ധതി നടപ്പാക്കണമെന്ന നിർദ്ദേശത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. അതിവേഗ റെയിൽ കോറിഡോർ പദ്ധതിക്കാവശ്യമായ കമ്പിനി രൂപീകരിക്കുകയും, അതിനാവശ്യമായി 25 കോടി രൂപ 2010-ലെ ബജറ്റിൽ നീക്കിവക്കുകയും ചെയ്തുവെന്ന മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തലും സിപിഐ(എം) ബുള്ളറ്റ് പദ്ധതിക്ക് അനുകൂലമാണെന്ന സന്ദേശം ജനങ്ങൾക്ക് നല്കാൻ കഴിഞ്ഞിട്ടുണ്ട്.

പഠന കോൺഗ്രസിൽ ചർച്ചചെയ്യപ്പെട്ട വിഷയങ്ങൾ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലും ഉണ്ടാവുമെന്നുറപ്പാണ്. മോദി സർക്കാർ അതിവേഗ റെയിൽ പദ്ധതിക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഡയമണ്ട് കോറിഡോർ പദ്ധതിയിൽ തിരുവനന്തപുരം-കാസർകോഡ് അതിവേഗ റെയിൽ പദ്ധതിയും ഉൾപ്പെട്ടിട്ടുണ്ട്. പഠന കോൺഗ്രസിൽ പിണറായി വിജയന്റെ അധ്യക്ഷപ്രസംഗത്തിൽ അതീവ പ്രാധാന്യത്തോടെയാണ് അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് പരാമർശിക്കപ്പെട്ടത്.

തുടക്കത്തിലുണ്ടായിരുന്ന എതിർപ്പും പ്രതിഷേധങ്ങളും അവസാനിച്ചത് ഭരണ-പ്രതിപക്ഷ പാർട്ടികൾക്ക് ആശ്വാസമായിട്ടുണ്ട്. നിർദ്ദിഷ്ട റെയിൽപ്പാത കടന്നുപോകുന്നത് ഭൂരിഭാഗവും ജനവാസം കുറഞ്ഞതും, ചതുപ്പുപ്രദേശങ്ങളിലൂടെയാണ്. ജനങ്ങൾക്കോ, ആവാസവ്യവസ്ഥക്കോ, കെട്ടിടങ്ങൾക്കോ വലിയ നഷ്ടങ്ങളോ, ക്ഷതമോ വരുത്താതെയുള്ള പദ്ധതിക്കാണ് രൂപം കൊടുത്തിട്ടുള്ളത്. ഇ.ശ്രീധരന്റെ കാര്യക്ഷമതയും, വിശ്വാസ്യതയും നിമിത്തം ഈ പദ്ധതിക്കെതിരെ ഉയർന്നുവന്ന എതിർപ്പുകൾ ഒരളവുവരെ കുറയ്ക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വലിയ നേട്ടമാണ്. പദ്ധതി നടത്തിപ്പിനായുള്ള പണം കണ്ടെത്താൻ ജപ്പാനിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ചർച്ചകൾ ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ആലോചിച്ചുവരികയാണ്.

സംസ്ഥാനത്തിന്റെ മുഖഛായ മാറ്റാൻ പര്യാപ്തമായ പദ്ധതിയാണ് അതിവേഗ റെയിൽ പദ്ധതിയെന്ന യാഥാർത്ഥ്യം രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചുവെന്നത് വലിയൊരു നേട്ടമാണ്. സംസ്ഥാനത്തെ നിലവിലെ റെയിൽ-റോഡ് വികസനത്തിന് ഒട്ടേറെ പരിമിതികളുണ്ട്. ഈ പരിമിതികളെ അതിജീവിക്കാനും വികസനത്തിന്റെ മുന്നോട്ട് കുതിപ്പ് വേഗത്തിലാക്കാനും അതിവേഗ റെയിൽ പദ്ധതിക്ക് കഴിയുമെന്നുറപ്പാണ്.

അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് സിപിഎമ്മിന്റെ പഠന കോൺഗ്രസിൽ സജീവ ചർച്ചയായതോടെ നിലവിലെ യു.ഡി.എഫ് സർക്കാരിനും ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നതും ഉറപ്പാണ്. യു.ഡി.എഫും അവരുടെ പ്രകടനപത്രികയിൽ അതിവേഗ റെയിൽ പദ്ധതി ഉൾപ്പെടുത്തുമെന്നുറപ്പാണ്. മോദി സർക്കാരിന്റെ സ്വപ്‌നപദ്ധതി ആയതിനാൽ ബിജെപിക്കും ഈ പദ്ധതിക്ക് സമ്പൂർണ പിന്തുണ നൽകുന്നതിൽ പിന്നാക്കം പോകാനാവില്ല.

വിഴിഞ്ഞം, കൊച്ചി മെട്രോ തുടങ്ങിയ വൻകിട പദ്ധതികൾ വിവാദങ്ങളൊഴിഞ്ഞ് യാഥാർത്ഥ്യമായത് പോലെ അതിവേഗ റെയിൽ പദ്ധതിയും യാഥാർത്ഥ്യമാകുന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയപാർട്ടികളും ജനങ്ങളും. രാജ്യത്താദ്യമായി അതിവേഗ റെയിൽപ്പാതയ്ക്കായി ഒരു കമ്പിനി രൂപീകരിച്ച് പഠനമാരംഭിച്ചതും കേരളത്തിലായിരുന്നു. പക്ഷേ പലവിധ വിവാദങ്ങളിൽപ്പെട്ട് ഈ പദ്ധതി മരവിച്ച് കിടക്കുകയായിരുന്നു. അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക പഠനം പൂർത്തിയാവുകയും മുഖ്യ പ്രതിപക്ഷമായ സിപിഐ(എം) പദ്ധതിക്കനുകൂലമായ നിലപാട് സ്വീകരിച്ചതും അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP