Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാസിക്കിലും ഡൽഹിയിലും കർഷർക്കായി പോരാട്ടം നടത്തുന്ന കിസാൻ സഭ അറിയുക; സിപിഎം ഭരിക്കുന്ന കേരളത്തിൽ ലോൺ അടയ്ക്കാൻ ഇല്ലാതെ ഇടുക്കിയിൽ മാത്രം രണ്ട് മാസത്തിനിടെ ജീവനൊടുക്കിയത് ആറു കൃഷിക്കാർ; പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരിൽ നിന്ന് വായ്പ പിരിച്ചെടുക്കാൻ ഭീഷണിപ്പെടുത്തലുമായി നടക്കുന്നത് പൊതുമേഖലാ ബാങ്കുകളും; അഞ്ച് പെൺമക്കളുടെ അച്ഛനായ സുരേന്ദ്രന്റെ ജീവത്യാഗം ഭൂമി വിറ്റ് കടം വീട്ടാനുള്ള ശ്രമവും പൊളിഞ്ഞപ്പോൾ; പാവങ്ങളുടെ കണ്ണുനീർ ആരും തുടയ്ക്കാത്തതെന്ത്?

നാസിക്കിലും ഡൽഹിയിലും കർഷർക്കായി പോരാട്ടം നടത്തുന്ന കിസാൻ സഭ അറിയുക; സിപിഎം ഭരിക്കുന്ന കേരളത്തിൽ ലോൺ അടയ്ക്കാൻ ഇല്ലാതെ ഇടുക്കിയിൽ മാത്രം രണ്ട് മാസത്തിനിടെ ജീവനൊടുക്കിയത് ആറു കൃഷിക്കാർ; പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരിൽ നിന്ന് വായ്പ പിരിച്ചെടുക്കാൻ ഭീഷണിപ്പെടുത്തലുമായി നടക്കുന്നത് പൊതുമേഖലാ ബാങ്കുകളും; അഞ്ച് പെൺമക്കളുടെ അച്ഛനായ സുരേന്ദ്രന്റെ ജീവത്യാഗം ഭൂമി വിറ്റ് കടം വീട്ടാനുള്ള ശ്രമവും പൊളിഞ്ഞപ്പോൾ; പാവങ്ങളുടെ കണ്ണുനീർ ആരും തുടയ്ക്കാത്തതെന്ത്?

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: മഹാരാഷ്ട്രയിൽ അടിക്കടി കർഷക മാർച്ച് നടത്തുകയാണ് സിപിഎം നേതൃത്വത്തിലുള്ള കിസാൻ സഭ. മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ മുൾമുനയിൽ നിർത്തി കാര്യങ്ങൾ സാധിച്ചെടുക്കുന്നു. രണ്ടാം കിസാൻ ലോങ്മാർച്ച് ഈയിടെയാണ് അവസാനിച്ചത്. മാർച്ചിനെത്തിയ കർഷകരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞവർഷം നടന്ന കിസാൻ ലോങ് മാർച്ചിനെത്തുടർന്ന് മഹാരാഷ്ട്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെത്തുടർന്നാണ് രണ്ടാം കിസാൻ മാർച്ചുമായി കർഷകർ സമരരംഗത്തിറങ്ങിയത്. ഇതോടെ ഉറപ്പുകൾ എഴുതി വാങ്ങി സമരം തീർത്തു. ഇത്തരത്തിൽ ഹിന്ദി മണ്ണിൽ ആവേശം നിറയ്ക്കുന്ന കിസാൻ സഭ കേരളത്തിൽ കാർഷിക പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ഇവിടേയും കർഷകർ ആത്മഹത്യാ മുനമ്പിലാണ്.

എന്നാൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്താനോ സമരം ചെയ്യാനോ കിസാൻ സഭയ്ക്ക് ആകില്ല. കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾക്കും കർഷകരുടെ കണ്ണീരിന് വിലയില്ല. ഇതോടെ ഇടുക്കി ആത്മഹത്യയുടെ ജില്ലയായി മാറുകയാണ്. ജില്ലയിൽ 2 മാസത്തിനിടെ ജീവനൊടുക്കിയ കർഷകരുടെ എണ്ണം ആറായി. പ്രളയം സർവ്വതും നഷ്ടപ്പെടുത്തിയ കർഷകർ ഓരോരുത്തരായി ജീവനൊടുക്കുന്നു. നവ കേരളം നിർമ്മിക്കുമെന്ന് വാക്കുകൊടുത്ത പിണറായി സർക്കാരാകട്ടെ ഒന്നും ചെയ്യുന്നുമില്ല. കർഷകരുടെ മരണം ഉയർത്തി ഹർത്താലും പ്രതിഷേധവും സംഘടിപ്പിക്കാൻ ആളുമില്ല. ആനയുടെ ചവിട്ടേറ്റ് ആളുകൾ മരിച്ചാൽ പോലും കേരളത്തെ സതംഭിപ്പിക്കുന്നവർക്ക് കർഷകരുടെ ആത്മഹത്യ വെറും മരണമാണ്. അതുകൊണ്ട് തന്നെ ആത്മഹത്യകൾ തുടരുകയും ചെയ്യുന്നു.

പ്രളയത്തിൽ വൻ കൃഷിനാശം നേരിട്ട ഇരുന്നൂറേക്കർ കുന്നത്ത് സുരേന്ദ്രനാണ് (76) ഇന്നലെ ജീവനൊടുക്കിയത്. സമ്മിശ്ര കർഷകനായ സുരേന്ദ്രന്റെ കൃഷിയിടത്തിൽ പ്രളയം വലിയ നാശമുണ്ടാക്കിയിരുന്നു.18ന് ആണ് സുരേന്ദ്രനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു മരണം. ദേവികുളം താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് 3 ഘട്ടങ്ങളിലായി 6 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടയ്ക്കാൻ പണമില്ലാതെ വന്നപ്പോൾ സുരേന്ദ്രൻ ആത്മഹത്യയിലൂടെ എല്ലാ ബാധ്യതയും ഉപേക്ഷിച്ചു. പ്രളയ ബാധിത സ്ഥലങ്ങളിൽ ജപ്തിയും മറ്റും വേണ്ടെന്ന് വയ്ക്കുമെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം കർഷകർക്ക് ഗുണമാകുന്നില്ലെന്നാണഅ ഇതിലൂടെ വ്യക്തമാകുന്നത്.

ഒരേക്കർ കൃഷി ഭൂമി പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. കഴിഞ്ഞ മാസം ജപ്തി നോട്ടിസ് ലഭിച്ചതായി ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. 5 പെൺമക്കളും മകനുമാണ് സുരേന്ദ്രനുള്ളത്. പെൺമക്കളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ജപ്തി നോട്ടിസ് ലഭിച്ചതോടെ ഭൂമി വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വിഷമത്തിലായിരുന്നു സുരേന്ദ്രനെന്നും ബന്ധുക്കൾ പറഞ്ഞു. വൈകിട്ട്. ഭാര്യ. സരോജിനി. മക്കൾ. ജിജി, വിനീത, ഷിജി, സിബി, അനീഷ്, അമ്പിളി. മരുമക്കൾ, സുധാകരൻ, ജയൻ, സന്തോഷ്, സജീവൻ, സൗമ്യ, സതീശൻ.

കടബാധ്യതയും ജപ്തിഭീഷണിയും താങ്ങാനാവാതെ കണിച്ചാറിലെ യുവകർഷകൻ ഈ മാസം 23നും ആത്മഹത്യചെയ്തിരുന്നു. കണിച്ചാർ മേലേ കുണ്ടേരിയിലെ വിലങ്ങുപാറയിൽ ഷിജോ (39) ആണ് സ്വന്തം കൃഷിയിടത്തിൽ ആത്മഹത്യചെയ്തത്. വിവിധ ബാങ്കുകളിൽനിന്നായി 10 ലക്ഷം രൂപയിലധികം വായ്പകളും വ്യക്തിഗത വായ്പകളും വാഹന വായ്പയും നിലവിലുണ്ടായിരുന്നു. കഴിഞ്ഞദിവസം ജില്ലാ ബാങ്കധികൃതർ വീട്ടിലെത്തി ലോൺ അടക്കാൻ ആവശ്യപ്പെട്ടിരുന്നു. വാഹനവായ്പ നൽകിയ ഫിനാൻസ് സ്ഥാപനത്തിൽനിന്നുള്ളവരുടെയും സമ്മർദ്ദമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. റബർ വിലയിടിവും ഷിജോയുടെ ജീവിതത്തെ കാര്യമായി ബാധിച്ചു. ബാങ്കിൽനിന്ന് ആളുകൾ വന്നതോടെ ഷിജോ അസ്വസ്ഥനായിരുന്നു .പ്രളയത്തെ തുടർന്ന് ബാങ്ക് വായ്പ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ വീടുകൾ കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം. മൊറട്ടോറിയം ഉൾപ്പോൾ എങ്ങനെ ബാങ്കുകാർ വായ്പ തിരിച്ചു ചോദിക്കുന്നുവെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

കഴിഞ്ഞ ഹർത്താൽ ദിനം പുലർച്ചെയാണ് കീടനാശിനി കഴിച്ചത്. ഗുരുതരാവസ്ഥയിലായ സുരേന്ദ്രനെ താലൂക്ക് ആശുപത്രിയിൽനിന്നു പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടാണ് മരണം. കൂലിപ്പണിക്കാരനായ മകനോടൊപ്പം താമസിച്ചിരുന്ന സുരേന്ദ്രൻ, സ്വന്തം കൃഷിയിടത്തിൽ കൂടാതെ പലയിടത്തും സ്ഥലം പാട്ടത്തിനെടുത്തു വാഴ, കപ്പ തുടങ്ങിയ കൃഷികൾ ചെയ്തിരുന്നു. പ്രളയത്തോടെ എല്ലാം തകർന്നു. ഒപ്പം കടബാധ്യതയുമെത്തി. ഇതോടെയാണ് സുരേന്ദ്രൻ വിഷം കഴിച്ചത്. വാഴത്തോപ്പ് നെല്ലിപ്പുഴയിൽ ജോണി (57) യും് കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്തിരുന്നു. ഈ മാസം ആദ്യമായിരുന്നു ഇത്. കൃഷിയിടത്തിൽ വിഷം ഉള്ളിൽ ചെന്ന നിലയിലാണ് ജോണിയെ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാലവർഷക്കെടുതിയിൽ വൻതോതിൽ കൃഷി നാശം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ചില മാസങ്ങളായി ജോണി ഏറെ അസ്വസ്ഥനായിരുന്നുു. കൃഷി നാശം ഉണ്ടായതോടെ പണയത്തിൽ വച്ച സ്വർണം ഉൾപ്പെടെ തിരിച്ചെടുക്കാനാവാത്ത പ്രതിസന്ധിയിലായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ജനുവരി ആദ്യവാരത്തിൽ തോപ്രാംകുടി നിവാസി താന്നിനിക്കാട്ടകാലായിൽ സന്തോഷ് എന്ന യുവകർഷകനും, അതിന് ശേഷംകടബാധ്യതയിൽ മനംനൊന്ത് പെരിഞ്ചാൻകുട്ടിയിലെ കുടിയേറ്റ കർഷകൻ സഹദേവനും ഇടുക്കിയിൽ ആത്മഹത്യ ചെയ്തിരുന്നു.

അടിമാലി ആനവിരട്ടിയിൽ കോക്കാലിൽ രാജു(62) വും ആത്മഹത്യ ചെയ്തത് കടബാധ്യതയെ തുടർന്നായിരുന്നു. കൊക്കോ തോട്ടത്തിൽ തൂങ്ങി മരിച്ചനിലയിലാണ് രാജുവിനെ കണ്ടെത്തിയത്. ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതിൽ മനംനൊന്താണ് രാജു ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുൻപ് അടിമാലിയിലെ പൊതുമേഖലാ ബാങ്കിൽ നിന്നും രാജുവിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സ്ഥലംവിറ്റ് കടം വീട്ടാൻ രാജു ശ്രമിച്ചെങ്കിലും വാങ്ങാൻ ആളില്ലാത്തതിനാൽ അതും നടന്നില്ല.

ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്ന് ഇടുക്കി ഉൾപ്പെടെയുള്ള മേഖലകളിലെ വായ്പകൾക്ക് സംസ്ഥാന സർക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ജൂൺ 31നാണ് പ്രളയമേഖലകളിലെ കാർഷിക വായ്പകളുടെ പലിശയ്ക്ക് ഒരു വർഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഈ മേഖലകളിലെ വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കും ആറുമാസത്തെ മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. പ്രളയമേഖലകളിലെ കുടിശികക്കാരിൽ നിന്നും വായ്പ തിരിച്ചു പിടിക്കാൻ സർഫാസി നിയമം പ്രയോഗിക്കേണ്ടെന്നും ബാങ്കേഴ്സ് സമിതി നിർദ്ദേശം നൽകിയിരുന്നു. ൗ നിയന്ത്രണങ്ങളൊക്കെ നിലനിൽക്കുമ്പോഴും പ്രളയബാധിത മേഖലയിൽ ഇപ്പോഴും നിരവധി കർഷകരാണ് ബാങ്കുകളുടെ ജപ്തി ഭീഷണിയിൽ കഴിയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ കൈവിട്ട സർക്കാരിനെതിരെ മലയോര മേഖലയിൽ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്.

ഇടുക്കിയിലെ കർഷക ആത്മഹത്യകൾ തടയാൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് യു ഡി എഫ് സമരരംഗത്തേക്ക് എത്തുന്നതായി സൂചനയുണ്ട്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ബുധനാഴ്ച ഇടുക്കി കളക്റ്റ്രേറ്റിന് മുന്നിൽ നിരാഹാരസമരം നടത്തും. തുടർസമരങ്ങൾ യു ഡി എഫ് ഉഭയകക്ഷിയോഗം ചർച്ച ചെയ്ത് തീരുമാനിക്കും. കർഷക ആത്മഹത്യകൾ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്താനാണ് യു ഡി എഫിന്റെ നീക്കം. കർഷക ആത്മഹത്യകൾ തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോൺഗ്രസ് സമരരംഗത്തുണ്ട്. ഇതിന് ഊർജം പകരാനാണ് ഘടകകക്ഷികൾ കൂടി എത്തുന്നത്. ഇടുക്കിക്ക് 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിന് ശേഷം അനുവദിച്ചെങ്കിലും അടിയന്തര സാഹചര്യം നേരിടാനുള്ള പണം പാക്കേജിൽ ഇല്ലെന്നാണ് യു ഡി എഫിന്റെ ആരോപണം.

ഈ മാസം 27ന് സൂചന സമരമാണ് കളക്ടേറ്റിന് മുന്നിൽ കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം നടത്തുന്നത്. ചൊവ്വാഴ്ച കൊച്ചിയിൽ ചേരുന്ന യുഡിഎഫ് ഉഭയകക്ഷി യോഗം സമരത്തിന് അന്തിമരൂപം നൽകും. അയ്യായിരം കോടി രൂപയുടെ പാക്കേജിൽ നിന്ന് ആയിരം കോടി രൂപയെങ്കിലും കാർഷിക കടങ്ങൾ എഴുതി തള്ളാനായി വിനിയോഗിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP