Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

കേന്ദ്ര സർക്കാരിന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ഒക്ടോബർ വരെ സമയമെന്ന് കർഷക സംഘടനകൾ; ഒക്ടോബറിന് ശേഷം സമരത്തിന്റെ രൂപം തന്നെ മാറുമെന്ന് രാകേഷ് ടിക്കായത്ത്; 40 ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടർ റാലിയെന്നും മുന്നറിയിപ്പ്; പ്രക്ഷോഭം ​ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ച് കർഷകർ

കേന്ദ്ര സർക്കാരിന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ഒക്ടോബർ വരെ സമയമെന്ന് കർഷക സംഘടനകൾ; ഒക്ടോബറിന് ശേഷം സമരത്തിന്റെ രൂപം തന്നെ മാറുമെന്ന് രാകേഷ് ടിക്കായത്ത്; 40 ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടർ റാലിയെന്നും മുന്നറിയിപ്പ്; പ്രക്ഷോഭം ​ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ച് കർഷകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് അന്ത്യശാസനവുമായി കർഷകർ. വരുന്ന ഒക്ടോബർ മാസത്തിനുള്ളിൽ കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഒക്ടോബറിന് ശേഷം സമരത്തിന്റെ രൂപം തന്നെ മാറുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബറിന് ശേഷവും കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ നിലനിൽക്കുകയാണെങ്കിൽ രാജ്യം മുഴുവൻ സമരം വ്യാപിപ്പിക്കാനാണ് കർഷക സംഘടനകൾ ലക്ഷ്യമിടുന്നത്. ഒക്ടോബറിലും നടപടി ഉണ്ടായില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടർ റാലി നടത്തുമെന്ന് ടിക്കായത്ത് വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

അതേസമയം, പ്രക്ഷോഭത്തിനു തീവ്രത കൂട്ടാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഗ്രാമങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനും ഒന്നിലധികം ദിവസങ്ങൾ ബന്ദ് നടത്താനും കർഷകരുടെ നീക്കം. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലടക്കമുള്ള ഗ്രാമങ്ങൾ സ്തംഭിപ്പിച്ച് കർഫ്യൂ ഏർപ്പെടുത്തുന്നതു പരിഗണനയിലുണ്ടെന്ന് അഖിലേന്ത്യാ കർഷക സമര ഏകോപന സമിതി നേതാവ് പി. കൃഷ്ണപ്രസാദ് പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെ ഇന്നു മുതൽ 10 വരെ ഗ്രാമങ്ങളിൽ കർഷകർ പ്രചാരണം നടത്തും. ഗ്രാമങ്ങളിലേക്ക് ആരെയും കടത്തിവിടാത്ത വിധം കർഷകർ നിലയുറപ്പിക്കും. ദേശീയപാതകൾ രാപകൽ ഉപരോധിക്കും. വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്ന തൊഴിലാളി യൂണിയനുകൾക്കു പിന്തുണയുമായി കർഷകരും പ്രകടനം നടത്തും.

അതിനിടെ കർഷകസമരം പാക്കിസ്ഥാൻ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് മുന്നറിയിപ്പ് നൽകി. പാക്ക് ഭീഷണിയെ ദുർബലമായി കാണാൻ സാധിക്കില്ല. പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് തന്നെ പരിഹരിക്കണം. കേന്ദ്ര സർക്കാർ ചർച്ചകൾ വലിച്ചു നീട്ടരുതെന്നും ഓപ്പറേഷൻ ബ്ളൂസ്റ്റാറിലേക്ക് നയിച്ച സംഭവങ്ങൾ ഓർക്കണമെന്നും അമരീന്ദർ സിങ്
മുന്നറിയിപ്പ് നൽകി.

അതേസമയം, റിപബ്ലിക്ക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് 14 ട്രാക്ടറുകൾ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ നടന്ന അക്രമങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചെങ്കോട്ടയിൽ ദേശീയപതാക അപമാനിക്കപ്പെട്ടത് ഉൾപ്പടെയുള്ള അക്രമസംഭവങ്ങളെക്കുറിച്ച് എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും കോടതിയുടെ പരിഗണനയ്ക്ക് വരും. ഹരിയാനയിലെ എട്ട് ജില്ലകളിലും ഇന്റർനെറ്റ് നിരോധനം തുടരുകയാണ്.

കൂടുതൽ കർഷകർ ‍ഡൽഹിയിലേക്കെത്തുന്നതു തടയാൻ കർശന നടപടി സ്വീകരിക്കാനും കുട്ടികൾ, സ്ത്രീകൾ എന്നിവരുടെ വിവരങ്ങൾ നൽകാനും ഹരിയാന, പഞ്ചാബ് പൊലീസ് മേധാവികളോട് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ആയിരക്കണക്കിനു കർഷകർ കയറിയ 2 ട്രെയിനുകൾ ഡൽഹിയിലേക്കു കടത്താതെ വഴിതിരിച്ചുവിട്ടു.

കർഷക സമരം പാർലമെന്റിനെയും പ്രക്ഷുബ്ദമാക്കി

കർഷകസമരത്തെച്ചൊല്ലിയുള്ള ബഹളത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ചൊവ്വാഴ്ച സ്തംഭിച്ചു. ലോക്‌സഭ മൂന്നുവട്ടവും രാജ്യസഭ നാലുവട്ടവും സ്തംഭിച്ചു. കർഷകവിഷയം പാർലമെന്റിനകത്തും പുറത്തും ചർച്ചചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർ ലോക്‌സഭയിൽ പറഞ്ഞു. രണ്ടുമാസമായി ഡൽഹിയിലെ അതിർത്തികളിൽ നടക്കുന്ന കർഷകസമരത്തിന്റെ ചൂട് ചൊവ്വാഴ്ച പാർലമെന്റിനുള്ളിലേക്കും പടരുകയായിരുന്നു. വിഷയം ഉന്നയിച്ച് പ്രതിപക്ഷം വലിയ ബഹളമുയർത്തി. ചോദ്യോത്തരവേള നിർത്തിവെച്ച് കർഷകസമരം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സഭാധ്യക്ഷർ വഴങ്ങിയില്ല. ഇതേത്തുടർന്ന് സഭ സ്തംഭിപ്പിച്ചുകൊണ്ട് പ്രതിഷേധം രൂക്ഷമായി.

പ്രതിപക്ഷ ബഹളത്തിനിടയിൽത്തന്നെ, ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച തുടങ്ങാൻ സ്പീക്കർ നിർദ്ദേശിച്ചു. ബിജെപി. അംഗം ലോക്കറ്റ് ചാറ്റർജിയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, ബഹളത്തിൽ പ്രസംഗം തടസ്സപ്പെട്ടു. സ്പീക്കർ സഭ ബുധനാഴ്ച വൈകീട്ടുവരെ നിർത്തിവെച്ചു. കർഷക സമരത്തെ ചൊല്ലി പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. സമരത്തെ കുറിച്ച് ചർച്ചയാവശ്യപ്പെട്ട് പാർലമെൻറിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പാർട്ടികൾ നോട്ടീസ് നൽകിയിട്ടുണ്ട്.

ഇതിനിടെ, കർഷക സംഘടനകളുടെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി കേന്ദ്ര സർക്കാർ പിൻവലിച്ചു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ 510 പൊലീസുകാർക്കു പരുക്കേറ്റതായി അധികൃതർ അറിയിച്ചു. പ്രക്ഷോഭത്തിനിടെ കാണാതായ കർഷകരിൽ 70 പേർ ഡൽഹിയിലെ വിവിധ ജയിലുകളിലാണെന്നു പഞ്ചാബ് സർക്കാർ വ്യക്തമാക്കി. 14 പേരെ കണ്ടെത്തിയിട്ടുണ്ട്; 5 പേരെക്കുറിച്ച് വിവരമില്ല.വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്നും ചെങ്കോട്ടയിലെ അനിഷ്ട സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പഞ്ചാബിൽ സർവകക്ഷി യോഗം പ്രമേയം പാസാക്കി.‌ സിംഘുവിൽ നിന്നു കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ മൻദീപ് പുനിയയ്ക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു.

പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഡൽഹി, യുപി, എംപി പൊലീസ് കേസെടുക്കുന്നതിൽ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) പ്രതിഷേധിച്ചു. ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് എൽ. ആദിമൂലം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP