Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

32 പേരോടല്ല, 500 സംഘടനകളുമായും ചർച്ച നടത്തണമെന്ന് കർഷകർ; കോവിഡിനെക്കാൾ ഭീഷണി കാർഷിക നിയമം ഉയർത്തുന്നുവെന്നും കർഷകർ; ചർച്ച നടത്തിയെന്ന് വരുത്തി തടിയൂരാനുള്ള കേന്ദ്രസർക്കാർ നീക്കവും പൊളിച്ച് സംഘടനകൾ; സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഡൽഹിയിലേക്കുള്ള പാതകളും ഉപരോധിച്ചു സമരം ചെയ്യാനും നീക്കം

32 പേരോടല്ല, 500 സംഘടനകളുമായും ചർച്ച നടത്തണമെന്ന് കർഷകർ; കോവിഡിനെക്കാൾ ഭീഷണി കാർഷിക നിയമം ഉയർത്തുന്നുവെന്നും കർഷകർ; ചർച്ച നടത്തിയെന്ന് വരുത്തി തടിയൂരാനുള്ള കേന്ദ്രസർക്കാർ നീക്കവും പൊളിച്ച് സംഘടനകൾ; സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഡൽഹിയിലേക്കുള്ള പാതകളും ഉപരോധിച്ചു സമരം ചെയ്യാനും നീക്കം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ഡൽഹിയിൽ എത്തിരിക്കുന്ന കർഷകർ തങ്ങളുടെ വാദം വിജയിപ്പിച്ചെടുക്കാൻ സർവ്വ സജ്ജമയാണ് എത്തിയിരിക്കുന്നത്. പ്രതിഷേധിക്കുന്ന മുഴുവൻ കർഷക സംഘടനകളെയും ചർച്ചക്ക് ക്ഷണിക്കാത്തിൽ കർഷകരുടെ പ്രതിഷേധം. ചർച്ചക്ക് 32 സംഘടനകൾക്ക് മാത്രമാണ് ക്ഷണം. 500 കർഷക സംഘടകനകളെയും ചർച്ചക്ക് വിളിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

അതിശൈത്യവും കോവിഡും പടരുന്ന സാഹചര്യത്തിൽ ഡിസംബർ മൂന്നിന് നടത്താനിരുന്ന ചർച്ച ചൊവ്വാഴ്ച നടത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എല്ലാ സംഘടനകളെയും ചർച്ചക്ക് ക്ഷണിക്കാതെ കേന്ദ്രസർക്കാറുമായി സംസാരിക്കാനില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് കമ്മിറ്റി നേതാവ് സുഖ്‌വീന്ദർ എസ്. സബാരൻ പറഞ്ഞു.

ഡൽഹി -ഹരിയാന അതിർത്തിയിൽ 500ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കേന്ദ്രസർക്കാറിന്റെ അടിച്ചമർത്തലിന് വഴങ്ങാൻ കർഷകർ തയാറാകുന്നില്ല. ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ് കർഷകർ. ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി പാതകളും ഉപരോധിച്ച് സമരം ചെയ്യാനുള്ള നീക്കത്തിലാണ് കർഷകർ.

കോവിഡ് പടരുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് പതിനായിരക്കണക്കിന് പേർ ഒത്തുകൂടിയുള്ള സമരം കോവിഡ് വ്യാപനം വേഗത്തിലാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കോവിഡിനെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും കോവിഡിനേക്കാൾ വലിയ ഭീഷണിയാണ് മൂന്ന് കാർഷിക നിയമങ്ങൾ ഉയർത്തുന്നതെന്ന് കർഷകർ പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ കർഷകരും സുരക്ഷ സേനയും ഏറ്റുമുട്ടിയതിൽ കണ്ടാലറിയാവുന്ന കർഷകർക്കെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അലിപുർ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നാലു പൊലീസുകാർക്ക് പരിക്കേറ്റതായും സർക്കാർ വാഹനങ്ങൾ തകർത്തതായും എഫ്.ഐ.ആറിൽ പറയുന്നു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്തേക്ക് എത്തുന്ന കർഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ശക്തമായ തണുപ്പിനെ പോലും വകവെക്കാതെയാണ് കർഷകർ എത്തിക്കൊണ്ടിരിക്കുന്നത്. ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് എത്തുമെന്ന് കർഷക നേതാക്കൾ അറിയിച്ചിരുന്നു. ഡൽഹിയിലേക്ക് ജയ്പൂർ, റോത്തക്ക്, സോനിപത്, ഗസ്സിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പാതകൾ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കർഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈയൊരു അവസ്ഥയിലാണ് എത്രയും പെട്ടെന്ന് തന്നെ കർഷകരുമായി അനുനയ ചർച്ച നടത്താൻ കേന്ദ്രസർക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായും കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമറും 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് പെട്ടെന്ന് തന്നെ ചർച്ച നടത്താൻ തീരുമാനമായതെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രിയോടെയാണ് തീരുമാനമായത്.

ഡിസംബർ മൂന്നിന് ചർച്ച നടത്താമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപാധിവെച്ചുള്ള ചർച്ചയ്ക്ക് തങ്ങൾ തയ്യാറല്ലെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം നിർത്തിവെക്കാൻ പലശ്രമങ്ങൾ നടത്തിയെങ്കിലും കാർഷിക നിയമം പിൻവലിക്കണമെന്ന തീരുമാനത്തിൽ കർഷകർ ഉറച്ചു നിൽക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ ജലപീരങ്കി, കണ്ണീർ വാതക പ്രയോഗത്തിൽ നിരവധി കർഷകർക്ക് പരിക്കേറ്റിരുന്നു.

കർഷക സമരത്തിന് പിന്തുണ അറിയിച്ച് എസ്.എഫ്.ഐ കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചു. വിവിധ കോളജുകളിൽനിന്നും സർവകലാശാലയിൽനിന്നുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. ദലിത് നേതാവും ഭീം ആർമി നേതാവുമായ ചന്ദ്രശേഖർ ആസാദ് ഗസ്സിപൂർ അതിർത്തിയിൽ കർഷകർക്ക് ചൊവ്വാഴ്ച പിന്തുണയുമായെത്തും. രാവിലെ 11മണിക്ക് ചന്ദ്രശേഖർ ആസാദ് സമരത്തിൽ പങ്കുചേരുമെന്നാണ് വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP