Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജലപീരങ്കിയും കണ്ണീർ വാതകവുമടക്കം വിവിധയിടങ്ങിൽ പൊലീസ് തീർത്തത് കൂറ്റൻ പ്രതിരോധങ്ങൾ; എല്ലാത്തിനേയും തൂത്തറിഞ്ഞ് അജയ്യരായി കർഷകർ മുന്നോട്ട്; കർഷക റാലിയിൽ ഭയന്ന് വിറച്ച് കേന്ദ്രം; പ്രതിഷേധത്തെ വകവയ്ക്കാതെ ആയിരങ്ങൾ ഡൽഹിയിലേക്ക്  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഞ്ഞൂറോളം കർഷകസംഘടനകൾ പ്രഖ്യാപിച്ച 'ഡൽഹി ചലോ' ഉപരോധത്തെത്തുടർന്നുള്ള പ്രതിഷേധം ഡൽഹിയിലേക്കടുക്കുന്നു. ജലപീരങ്കിയും കണ്ണീർ വാതകവുമടക്കം വിവിധയിടങ്ങിൽ പൊലീസ് തീർത്ത പ്രതിബന്ധങ്ങൾ മറികടന്നാണ് കർഷക പ്രതിഷേധം ഡൽഹിയിലേക്കെത്തുന്നത്.

കടുത്ത ശൈത്യത്തേയും അവഗണിച്ചുകൊണ്ട് ട്രാക്ടറുകളിൽ അരിയും മറ്റു അവശ്യസാധനങ്ങളുമായിട്ടാണ് ആയിരകണക്കിന് കർഷകർ ദേശീയ തലസ്ഥാനം ലക്ഷ്യമാക്കികൊണ്ട് നീങ്ങികൊണ്ടിരിക്കുന്നത്.

ഇതിനിടെ ഇന്ന് രാവിലെ ഹരിയാണ-ഡൽഹി അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. വൻ പൊലീസ് സന്നാഹമാണ് ഡൽഹി-ഹരിയാണ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്.

ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ട്. സിമന്റ് ബാരിക്കേഡുകൾക്ക് പുറമെ മുൾകമ്പികളും ഉപയോഗിച്ചാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. കൂടാതെ മണൽ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസ്സമായി നിർത്തിയിട്ടിട്ടുണ്ട്. ഇതൊന്നും തങ്ങൾക്ക് തടസ്സമല്ലെന്നും ഇന്ന് അരലക്ഷത്തിലധികം കർഷകർ ഡൽഹി അതിർത്തി കടക്കുമെന്നും കർഷക സംഘടനകൾ അവകാശപ്പെട്ടു.

ഉത്തർപ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹിയിലേക്ക് പ്രകടനമായി നീങ്ങിയത്. ആയിരത്തിലേറെ കർഷകനേതാക്കളെ ഇതിനോടകം കസ്റ്റഡിയിലെടുത്തു. ഉത്തരേന്ത്യയിൽ പലയിടത്തും സ്ഥിതി സംഘർഷാത്മകമാണ്.

ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ബുധനാഴ്ചതന്നെ പൊലീസ് ഉത്തരവിറക്കിയിരുന്നു. സമരക്കാരെ തടയാൻ ഡൽഹിയിലെ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. പഞ്ചാബ്-ഹരിയാണ അതിർത്തിയിലെ അംബാലയിൽ കർഷകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതുകൂസാതെ, ബാരിക്കേഡുകൾ തള്ളിമാറ്റി കർഷകർ ട്രാക്ടറുകളിൽ മുന്നോട്ടുനീങ്ങി. പഞ്ചാബ്-ഹരിയാണ അതിർത്തിയിലെ ശംഭുവിൽ പഞ്ചാബിൽനിന്നുള്ള കർഷകരും പൊലീസും ഏറ്റുമുട്ടി. ബാരിക്കേഡുകൾ ഗഗ്ഗാർ നദിയിലേക്ക് തള്ളിയിട്ട് കർഷകർ മുന്നോട്ടുനീങ്ങി.

അമൃത്സർ-ഡൽഹി ദേശീയപാതയിൽ പൊലീസ് കർഷകമാർച്ചിനെ തടഞ്ഞു. പഞ്ചാബിലെ കൈത്താൾ ജില്ലയിലും സമരക്കാർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വിലക്കു ലംഘിച്ച് കർഷകർ ട്രാക്ടറുകളിൽ പ്രതിഷേധവുമായി നീങ്ങി.

അംബാലയിലെ സദോപുർ അതിർത്തിയിലും കർഷകരെ പൊലീസ് തടഞ്ഞു. സോനിപ്പത്ത്, കർണാൽ തുടങ്ങിയ ജില്ലകളിലൊക്കെ കർഷകപ്രക്ഷോഭം അരങ്ങേറി. വെള്ളിയാഴ്ച ഡൽഹിയിൽ ഉപരോധം നടത്തുമെന്നാണ് സമരം നയിക്കുന്ന ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രഖ്യാപനം.

വിലക്കുലംഘിച്ച് മജ്‌നു കാട്ടിലയിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രവർത്തകർ മാർച്ച് നടത്തി. മഹാസംഘ് ദേശീയ നേതാക്കളായ ശിവകുമാർ കക്കാജി, കെ.വി. ബിജു, അഭിമന്യു കഹാർ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു.

പാർലമെന്റ് സ്ട്രീറ്റിനു സമീപം ജന്തർമന്തറിൽ പ്രതിഷേധിച്ച കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിൽനിന്നു പ്രകടനമായി പുറപ്പെട്ട സാമൂഹിക പ്രവർത്തക മേധാ പട്കറെ ആഗ്രയ്ക്കുസമീപം അറസ്റ്റു ചെയ്തു. സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെ ഡൽഹി-ഹരിയാണ അതിർത്തിയിലെ ഗുഡ്ഗാവിൽ കസ്റ്റഡിയിലെടുത്തു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP