Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202221Saturday

പ്രധാനമന്ത്രിമാർ ഓരോ ഓഗസ്ത് 15-നും ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയത് അധിനിവേശത്തിൽ നിന്നും നേടിയ വിജയസ്മരണയിൽ; റിപ്പബ്ലിക് ദിനത്തിൽ ഇവിടെ കർഷകർ സിഖ് പതാക നാട്ടിയതും ഇനി ഇന്ത്യൻ സമരചരിത്രത്തിന്റെ ഭാഗം; ചരിത്ര സ്മാരകത്തിൽ നിഹാങ്ങുകൾ കുതിരപ്പുറമേന്തി കാവലാളുകളെ പോലെ നിന്നപ്പോൾ

പ്രധാനമന്ത്രിമാർ ഓരോ ഓഗസ്ത് 15-നും ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയത് അധിനിവേശത്തിൽ നിന്നും നേടിയ വിജയസ്മരണയിൽ; റിപ്പബ്ലിക് ദിനത്തിൽ ഇവിടെ കർഷകർ സിഖ് പതാക നാട്ടിയതും ഇനി ഇന്ത്യൻ സമരചരിത്രത്തിന്റെ ഭാഗം; ചരിത്ര സ്മാരകത്തിൽ നിഹാങ്ങുകൾ കുതിരപ്പുറമേന്തി കാവലാളുകളെ പോലെ നിന്നപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർഷക സമരം എല്ലാ സീമകളും വിട്ട് മുമ്പോട്ട്. കേന്ദ്ര സർക്കാർ വിറയ്ക്കുകയാണ്. ചെങ്കോട്ടയിലെ കൊടി പാറൽ പ്രതിഷേധത്തിന് പുതിയ മാനം നൽകുന്നു. കർഷകരിലേക്ക് തീവ്രവാദികൾ നുഴഞ്ഞു കയറിയെന്ന പതിവ് പല്ലവി സർക്കാർ കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ സമാനതകളില്ലാത്ത പ്രതിഷേധമാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. ഇനിയും കടുംപിടിത്തം കേന്ദ്ര സർക്കാർ തുടരില്ലെന്നതാണ് വസ്തുത. രാജ്യം റിപ്പബ്ലിക് ആഘോഷിക്കുന്ന ദിനത്തിൽ യുവാക്കൾ ചെങ്കോട്ടയിലെ കൊടിമരത്തിൽ സിഖ് പതാക നാട്ടിയത് ഇനി ഇന്ത്യൻ സമരചരിത്രത്തിന്റെയും പാഠമാവും.

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേയാണ് കർഷകരുടെ പ്രതിഷേധം ആരംഭിച്ചത്. 2020 സെപ്റ്റംബറിൽ നിയമം പാർലമെന്റിൽ പാസാക്കിയതോടെ കർഷക സമരത്തിന്റെ ശക്തിയും വീര്യവും കൂടി. നിയമം പാസാക്കാൻ ആലോചന തുടങ്ങിയപ്പോൾ തന്നെ കർഷകർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ചെങ്കോട്ട സമരത്തോട് ഇത് പുതിയ തലത്തിലേക്ക് എത്തുന്നു. റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി പിന്നീട് അക്രമത്തിലേക്ക് നീങ്ങുന്നതിലേക്കാണ് ഡൽഹി സാക്ഷ്യംവഹിച്ചത്. പൊലീസുമായി കർഷകർ ഏറ്റുമുട്ടി. എല്ലാ തടസങ്ങളും നീക്കി പൊലീസിനെ മറികടന്ന് ഒടുവിൽ ചെങ്കോട്ടയിൽ വരെ കർഷകർ പ്രവേശിച്ചു. കൊടി നാട്ടുകയും ചെയ്തു. ഇത് രാജ്യ സുരക്ഷയെ പോലും ചോദ്യം ചെയ്യുന്ന തരത്തിലുമായി. ഏതു സാഹചര്യവും നേരിടാനുറപ്പിച്ച പോലെയായിരുന്നു ചെങ്കോട്ടയിൽ കണ്ട സമരക്കാരുടെ മുഖ ഭാവങ്ങൾ.

നാലു നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഒന്നാം സ്വാതന്ത്ര്യസമരമുൾപ്പെടെ വിവിധ ജനമുന്നേറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച ചെങ്കോട്ട അങ്ങനെ കർഷകരുടെ സ്വന്തമായി. ട്രാക്ടറുകളിലും വാഹനങ്ങളിലുമായി ഇരമ്പിയെത്തിയ കർഷകർ കോട്ടയ്ക്കു മുകളിൽ കയറി സിഖ് പതാകയും നാട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രധാനമന്ത്രിമാർ ഓരോ ഓഗസ്ത് 15-നും ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നതാണ് രാജ്യം ഇതുവരെ കണ്ടിട്ടുള്ള ദൃശ്യം. ഇതാണ് കർഷകരും സാധ്യമാക്കിയത്. പ്രതിഷേധ കരുത്തിന് മുന്നിൽ സുരക്ഷാ സേന കാഴ്ചക്കാരായതായിരുന്നു ഇതിന് കാരണം.

സിഖ് പതാകയ്ക്കു പുറമെ, ഭാരതീയ കിസാൻ യൂണിയൻ (ഉഗ്രഹാൻ), ഭാരതീയ കിസാൻ യൂണിയൻ (ടിക്കായത്ത്), അഖിലേന്ത്യ കിസാൻസഭ എന്നീ സംഘടനകളുടെ കൊടികളും ഏറെനേരം ചെങ്കോട്ടയിൽ പാറി. പ്രതിഷേധച്ചൂടിനൊടുവിൽ സമരക്കാർ വൈകീട്ടോടെ കൊടികളഴിച്ചു മാറ്റി. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി, ഭാരതീയ കിസാൻ യൂണിയന്റെ ഉഗ്രഹാൻ, ടിക്കായത്ത് വിഭാഗങ്ങളുമാണ് സുരക്ഷാവലയങ്ങളെല്ലാം ഭേദിച്ച് ഉച്ചയോടെ ചെങ്കോട്ടയിൽ ഇരച്ചെത്തിയത്. അർധസൈനികർ കാവൽ നിൽക്കുന്ന പ്രവേശനകവാടവും കടന്ന് ഒരുസംഘം ചെങ്കോട്ടയ്ക്കു മുകളിലെത്തി. ട്രാക്ടറുകളിലെത്തിയവർ ചെങ്കോട്ട വളപ്പിൽ കൈകളിൽ കൊടികളേന്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധിച്ചു.

ചെങ്കോട്ട കീഴടക്കിയതിന്റെ ആഹ്ലാദത്തിൽ ചിലർ നൃത്തം വെച്ചു. കോട്ടയ്ക്കു മുന്നിലെ പാർക്കിലും സമരക്കാർ ഇരിപ്പുറപ്പിച്ചു. ഉച്ചയ്ക്കു രണ്ടു മണിയോടെ യുവാക്കളും സ്ത്രീകളും മുതിർന്നവരുമൊക്കെയായി ചെങ്കോട്ട ഒരു സമരകേന്ദ്രമായി മാറി. പിന്നീട് ഇവർ പതിയെ പിൻവാങ്ങി. ട്രാക്ടർ റാലികൾക്കു പോകാൻ വഴിയൊരുക്കി സിഖ് യോദ്ധാക്കളായ നിഹാങ്ങുകൾ കുതിരപ്പുറമേന്തി കാവലാളുകളെപ്പോലെ നിന്നു. പരാമ്പരാഗതമായി ആയുധധാരികളാണ് നിഹാങ്ങുകൾ. പല തരത്തിലുള്ള വാളുകളേന്തി അവർ ചെങ്കോട്ടയിലും പരിസരത്തും റോന്തു ചുറ്റുന്നുമുണ്ടായിരുന്നു. അങ്ങനെ കർഷക സമരത്തിൽ സിഖ് വീര്യം എല്ലാ സീമകളും കടന്നു.

2020 ജൂണിൽ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വിവിധ പ്രതിഷേധ പരിപാടികളും സമരങ്ങളും അരങ്ങേറി. എന്നാൽ എതിർപ്പുകൾ മറികടന്ന് കേന്ദ്രം നിയമങ്ങൾ പാസാക്കിയപ്പോൾ കർഷകരുടെ പ്രതിഷേധവും ശക്തമായി. പഞ്ചാബ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് വൻപ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി കർഷകരുടെ പിന്തുണ ലഭിച്ചതോടെ സമരം വലുതായി. വിവിധ കർഷക സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കർഷക സംഘടനകളുടെ കൂട്ടായ്മ പ്രതിഷേധങ്ങളെ ഒരുമിപ്പിച്ചു.

ട്രെയിൻ തടയൽ അടക്കമുള്ള വിവിധ സമരപരിപാടികൾക്ക് പിന്നാലെയാണ് കർഷകർ ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിലേക്ക് കൂട്ടത്തോടെയെത്തുമെന്നുമായിരുന്നു കർഷകരുടെ പ്രഖ്യാപനം. നവംബറിൽ തുടങ്ങിയ ഡൽഹി ചലോ മാർച്ചിൽ പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിൽനിന്നുള്ള കർഷകരാണ് അണിനിരന്നത്. ഡൽഹി അതിർത്തിയിൽ ഇവരെ തടഞ്ഞതോടെ കർഷകസമരം സംഘർഷത്തിൽ കലാശിച്ചു. പക്ഷേ, എന്തുവന്നാലും തങ്ങൾ പിന്നോട്ടില്ലെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം.

ഓരോദിവസം കൂടുന്തോറും ഡൽഹിയിലെ അതിർത്തിയിലെത്തുന്ന കർഷകരുടെ എണ്ണം വർധിച്ചു. വിവിധ അതിർത്തിയിൽ തമ്പടിച്ച് സമാധാനപരമായിട്ടായിരുന്നു കർഷകർ സമരം തുടർന്നത്. സമരക്കാർ ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ പൊലീസും പരിശ്രമിച്ചു. ചർച്ചകളെല്ലാം പരാജയപ്പെട്ടു. പിന്നെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പ്രതിഷേധവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP