Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രസർക്കാരിനെ പിടിച്ചുലച്ച് കർഷക സമരം; നീളുന്ന ചർച്ചയിൽ മൗനവ്രതം ആചരിച്ച് കർഷക സംഘടനാ നേതാക്കൾ; ആശയ വിനിമയം പ്ലക്കാർഡുകളിലൂടെ; സമരം നീണ്ടാൽ ഹരിയാന ഭരണ സ്തംഭനത്തിലേക്ക്; സമാധാനമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് യു എൻ; ആറാംവട്ട ചർച്ച ബുധനാഴ്ച

കേന്ദ്രസർക്കാരിനെ പിടിച്ചുലച്ച് കർഷക സമരം; നീളുന്ന ചർച്ചയിൽ മൗനവ്രതം ആചരിച്ച് കർഷക സംഘടനാ നേതാക്കൾ; ആശയ വിനിമയം പ്ലക്കാർഡുകളിലൂടെ; സമരം നീണ്ടാൽ ഹരിയാന ഭരണ സ്തംഭനത്തിലേക്ക്; സമാധാനമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് യു എൻ; ആറാംവട്ട ചർച്ച ബുധനാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർഷക സംഘടനാ നേതാക്കളുമായി ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന തുടർചർച്ചകളിൽ പരിഹാരം കണ്ടെത്താനാകാതെ വന്നതോടെ കർഷക സമരം നരേന്ദ്ര മോദി സർക്കാരിന് കടുത്ത പ്രതിസന്ധിയാകുന്നു. കർഷകർ രാജ്യതലസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചതു മൂലമുള്ള ഭരണപരമായ പ്രശ്നങ്ങൾക്കൊപ്പം പുതുതായി ഉരുത്തിരിയുന്ന കർഷകരാഷ്ട്രീയവുമാണ് സർക്കാരിനെ ആശങ്കപ്പെടുത്തുന്നത്.

കഴിഞ്ഞ ആറ് വർഷത്തിനിടെ കേന്ദ്രസർക്കാരിനെതിരായ വലിയ പ്രതിഷേധങ്ങളിലൊന്നായി കർഷക സമരം മാറിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതിന്റെ സൂചനകളാണ് ശനിയാഴ്ച വിജ്ഞാൻ ഭവനിലെ ചർച്ചാവേദി കണ്ടത്. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിൽ മൗനവ്രതം ആചരിച്ച കർഷക സംഘടനാ നേതാക്കൾ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യെസ്, നോ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നുകൊണ്ട് മൂന്നാംവട്ടം ചർച്ചയയ്ക്കെത്തിയ കർഷക സംഘടനകളെ അനുനയിപ്പാൻ കേന്ദ്രമന്ത്രിമാർക്കായില്ല.

മന്ത്രിമാരുടെ ചോദ്യങ്ങൾക്ക് 'യെസ്', 'നോ' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് നേതാക്കൾ ആശയവിനിമയം നടത്തിയത്. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കുറഞ്ഞ നിർദ്ദേശങ്ങളൊന്നും സ്വീകാര്യമല്ലെന്ന് സംഘടനാ നേതാക്കൾ തുടക്കത്തിൽത്തന്നെ കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ കർഷക നേതാക്കൾ ഈ പ്ലക്കാർഡുകൾ ഉയർത്തിക്കാണിച്ചു.

വിവാദ കർഷക നിയമങ്ങളിൽ 2 ഭേദഗതികൾ വരുത്താമെന്നും അതു സംബന്ധിച്ച ഉറപ്പ് രേഖാമൂലം നൽകാമെന്നും കേന്ദ്ര സർക്കാർ ശനിയാഴ്ചത്തെ ചർച്ചക്കിടെ വ്യക്തമാക്കിയിരുന്നു. വിവാദമായ 3 നിയമങ്ങളും പിൻവലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് കേന്ദ്രത്തിന്റെ അനുനയ ചർച്ചകൾക്കിടയിലും കർഷകർ ആവർത്തിക്കുന്നു.ബുധനാഴ്ചയാണ് കർഷകരുമായുള്ള കേന്ദ്രത്തിന്റെ അടുത്ത ചർച്ച.

അനുനയിപ്പിക്കാൻ സർക്കാർ

നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച സർക്കാർ ചില ഭേദഗതികൾ വരുത്താമെന്ന് നിർദ്ദേശിച്ചു. എ.പി.എം.സി. നിയമത്തെക്കുറിച്ചുള്ള ആശങ്കകൾ ദുരീകരിക്കാമെന്നും നിയമത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ നീക്കാമെന്നും വാഗ്ദാനം നൽകി. താങ്ങുവില സംവിധാനം തുടരുമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ആവർത്തിച്ചു. എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. സമവായ നിർദ്ദേശങ്ങളെ മൗനത്തിലൂടെ കർഷകസംഘടനകൾ പ്രതിരോധിച്ചതോടെ ചർച്ച വീണ്ടും വഴിമുട്ടി. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിന് 'ചെയ്യും, ചെയ്യില്ല' എന്ന ഉത്തരം മാത്രം മതിയെന്ന കർശനനിലപാട് നേതാക്കൾ സ്വീകരിച്ചതോടെ വീണ്ടും കാണാമെന്ന ഉപാധി വെച്ച് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു. ബുധനാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് കർഷകർ സമ്മതിച്ചത് മാത്രമാണ് ചർച്ചയുടെ ആകെത്തുക.

സമരം തുടർന്നാൽ പ്രതിസന്ധി

കർഷകസമരത്തിന്റെ സ്വാധീനം എൻ.ഡി.എ.ക്കുള്ളിലേക്ക് പടരുന്നതിന്റെ ക്ഷീണവും ബിജെപി. കേന്ദ്ര നേതൃത്വത്തിനുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കടുത്ത ഭരണ-രാഷ്ട്രീയനഷ്ടങ്ങളുണ്ടാകും. കർഷക പാർട്ടിയായ ജെ.ജെ.പി.യുടെ പത്തുസീറ്റിന്റെ പിന്തുണയിൽ നിലനിൽക്കുന്ന ഹരിയാണയിലെ എൻ.ഡി.എ. സർക്കാരിനായിരിക്കും ആദ്യത്തെ ആഘാതം. പ്രശ്‌നം ഉടൻ പരിഹരിക്കണമെന്നാണ് ഹരിയാണയിലെ ഘടകകക്ഷിയായ ജെ.ജെ.പി. തുടർച്ചയായി ആവശ്യപ്പെടുന്നത്. കർഷക വോട്ട്ബാങ്കിന്റെ ബലത്തിലാണ് ചൗട്ടാലയുടെ പാർട്ടിയുടെ നിലനിൽപ്. സമരം തുടർന്നാൽ ജെ.ജെ.പി.ക്ക് ഭരണത്തിൽ തുടരാനാകില്ല. ശനിയാഴ്ച ഒരു സ്വതന്ത്ര എംഎ‍ൽഎ. കൂടി ഹരിയാണയിൽ രാജിവെച്ചതും സമ്മർദമേറ്റിയിട്ടുണ്ട്. എന്നാൽ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ സർക്കാരിനും ബിജെപി.ക്കും അത് ക്ഷീണമാകും.

പിന്നോട്ടില്ലെന്ന് കർഷകർ

ഉന്നയിച്ച ആവശ്യങ്ങളിൽനിന്നു കടുകിടെ പിന്നോട്ടില്ലെന്നു കർഷകർ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ. സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഒരുഘട്ടത്തിൽ യോഗം ബഹിഷ്‌കരിക്കുമെന്ന് പോലും കർഷകർ ഭീഷണി മുഴക്കി ചർച്ചയുടെ ഗതിമാറ്റാനുള്ള സർക്കാരിന്റെ നീക്കത്തിലായിരുന്നു അതൃപ്തി. കോർപ്പറേറ്റുകൾക്കു സർക്കാർ വഴങ്ങിയെന്നായിരുന്നു പ്രധാന ആക്ഷേപം. നിയമത്തിലൂടെ നേട്ടം സർക്കാരിനു മാത്രമാണെന്ന് അവർ തുറന്നടിച്ചു.

ഏതാനും ദിവസങ്ങളിലായി ഞങ്ങളുടെ വാസം റോഡുകളിലാണ്. അവിടെത്തന്നെ തുടരണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെങ്കിൽ തങ്ങൾക്കു വിരോധമില്ലെന്നും പ്രതിനിധികൾ പറഞ്ഞു. കർഷകപ്രതിനിധികൾ എട്ടിനു പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിൽനിന്നു പിന്മാറില്ലെന്ന് പിന്നീട് വ്യക്തമാക്കി.

സമരാവേശത്തിന് കുറവില്ല

കർഷക പ്രക്ഷോഭം പത്താം ദിവസത്തിൽ എത്തി നിൽക്കുമ്പോഴും ഡൽഹി അതിർത്തിയിലെ സമരാവേശത്തിന് ഒട്ടും കുറവില്ല. പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് സിംഘ്രു അതിർത്തിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഒഴുകിയെത്തി്. ബുധനാഴ്ച നടക്കുന ചർച്ച പൊളിഞ്ഞാൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്ന് രാജസ്ഥാനിലെ കർഷക സംഘടനകൾ പ്രഖ്യാപിച്ചു.സമരം നടക്കുന്ന അതിർത്തികളിൽ അർദ്ധ സൈനികരെ കൂടുതലായി കേന്ദ്ര സർക്കാർ വിന്യസിച്ചു.

പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് യു എൻ

സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അധികാരികൾ അവരെ അനുവദിക്കണമെന്നും ഐക്യരാഷ്ട്രസംഘടന. രാജ്യത്തെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് വിദേശ നേതാക്കൾ നടത്തിയ പ്രസ്താവന അനാവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാരിന്റെ പ്രസ്താവന.

രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ, ഇന്ത്യ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയിരുന്നു. ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച ഇന്ത്യ, ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഭക്ഷണമൊരുക്കാൻ സമൂഹ അടുക്കള

പ്രക്ഷോഭം നടത്തുന്ന ലക്ഷക്കണക്കിനു കർഷകർക്കു ഭക്ഷണമൊരുക്കാൻ ഡൽഹി - ഹരിയാന അതിർത്തിയിലെ സിംഘുവിലും തിക്രിയിലുമുള്ളത് അൻപതിലധികം ലംഗറുകൾ. പുലർച്ചെ നാലിനു സമൂഹ അടുക്കള ഉണരും. 5000 പേർക്കു ഭക്ഷണം പാകം ചെയ്യുന്ന ഒരു ലംഗറിലുള്ളത് അൻപതോളം പാചകക്കാർ. നൂറ് ലീറ്റർ കൊള്ളുന്ന പാത്രത്തിൽ നിർത്താതെ തിളയ്ക്കുന്ന ചായ. ഒരു ലംഗറിൽ പ്രതിദിനം വേണ്ടത് 80 കിലോ ചായപ്പൊടി; 60 കിലോ പഞ്ചസാര, 200 ലീറ്റർ പാൽ, 500 ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്.

5 മണിയോടെ ചായ റെഡി. രാവിലെ ഏഴിനു റൊട്ടി/പറാഠ, പരിപ്പ് കറി. പിന്നാലെ ചായ. ഉച്ചയ്ക്ക് 12നു ചോറും കടലയും കിഴങ്ങ് കറിയും. ഒപ്പം പായസവും. വൈകിട്ടു വീണ്ടും ചായ. രാത്രി 7 മണിയോടെ അത്താഴം ചോറും കിഴങ്ങു കറിയും, അല്ലെങ്കിൽ റൊട്ടിയും പരിപ്പ് കറിയും. ലംഗറുകൾക്കു മുന്നിലെ വഴിയിലിരുന്നാണു ഭക്ഷണം കഴിക്കുക. പാൽ, വെള്ളം എന്നിവയുമായി പുലർച്ചെ മൂന്നരയോടെ പഞ്ചാബിലെയും ഹരിയാനയിലെയും ലോറികൾ എത്തുന്നതോടെ വീണ്ടും സമൂഹ അടുക്കള ഉണരും.

നിലയ്ക്കാത്ത സമരാവേശം

വെയിലും മഞ്ഞുമേറ്റ്് റോഡരുകിൽ തുടരുമ്പോഴും സമരാവേശത്തിന് ഒട്ടും കുറവില്ല. പകലന്തിയോളം നീളുന്ന സമരച്ചൂടിന് ശേഷം ഭക്ഷണം കഴിഞ്ഞാൽ പിറ്റേന്നുള്ള സമര പരിപാടികൾക്കു രൂപം നൽകാൻ മുതിർന്ന കർഷകരുടെ ചെറുസംഘങ്ങൾ യോഗം ചേരും. പിന്നാലെ, രാത്രിയുറക്കത്തിനായി ദേശീയ പാതയ്ക്കിരുവശവുമുള്ള ലോറികളിലേക്കും ട്രാക്ടറുകളിലേക്കും.

സ്ത്രീകളും കുട്ടികളും ലോറികൾക്കുള്ളിൽ കിടക്കും; പുരുഷന്മാർ, ലോറികൾക്കു താഴെ പായ വിരിച്ചും.ഉറക്കത്തിനു മുൻപു പ്രായമായവരുടെ കാലുകളിൽ കുഴമ്പിട്ടു തടവും. തണുപ്പകറ്റാൻ കൂട്ടം കൂടിയിരുന്നു തീ കായുന്ന സംഘങ്ങളുമുണ്ട്. പ്രായമായവരിൽ ഭൂരിഭാഗവും 8 മണിയോടെ ഉറങ്ങും. പൊലീസിന്റെ നീക്കം നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ യുവാക്കൾ രാത്രി മുഴുവൻ ഉണർന്നിരിക്കും.

കുട്ടയിലുണ്ട് പുസ്തകശാല

സമീപമുള്ള പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, ഢാബകൾ (ഭക്ഷണശാലകൾ) എന്നിവിടങ്ങളിലാണു കർഷകർ കുളിക്കുകയും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നത്. കുളിക്കു ശേഷം പമ്പുകളും ഹോട്ടലുകളും അടിച്ചുവാരി വൃത്തിയാക്കി നൽകും. താൽക്കാലിക ശുചിമുറികളും വഴിയരികിൽ സജ്ജമാക്കിയിട്ടുണ്ട്.വിശ്രമവേള ചെലവഴിക്കാൻ പുസ്തകങ്ങളും എത്തിച്ചിട്ടുണ്ട്. സിംഘുവിലെ സമരസ്ഥലത്തുള്ള ഒരു വലിയ കുട്ടയാണു 'പുസ്തകശാല'. കുട്ടയിൽ നിറയെ പുസ്തകങ്ങളും ദിനപത്രങ്ങളും. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ വഴിയിലുടനീളം സൗരോർജ പാനലുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP