Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാവാള കൃഷി ചെയ്യാനറിയാമോ?; ദക്ഷിണ കൊറിയൻ സർക്കാർ വിളിക്കുന്നു; ഒരു മാസത്തെ ശമ്പളം കേട്ടതൊടെ അപേക്ഷ സമർപ്പിക്കാൻ മലയാളികളുടെ തള്ളിക്കയറ്റം; ഒരു കുഴപ്പോം ഉണ്ടാക്കില്ല..നന്നായി കൃഷി ചെയ്‌തോളാം സാർ എന്ന് ഓഫീസിലേക്ക് ഫോൺ

സാവാള കൃഷി ചെയ്യാനറിയാമോ?; ദക്ഷിണ കൊറിയൻ സർക്കാർ വിളിക്കുന്നു; ഒരു മാസത്തെ ശമ്പളം കേട്ടതൊടെ അപേക്ഷ സമർപ്പിക്കാൻ മലയാളികളുടെ തള്ളിക്കയറ്റം; ഒരു കുഴപ്പോം ഉണ്ടാക്കില്ല..നന്നായി കൃഷി ചെയ്‌തോളാം സാർ എന്ന് ഓഫീസിലേക്ക് ഫോൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദക്ഷിണ കൊറിയയിൽ കൃഷി ചെയ്യാൻ അവസരം തേടി മലയാളികളുടെ തള്ളിക്കയറ്റം.അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ അപേക്ഷിക്കേണ്ട സൈറ്റ് വരെ പണിമുടക്കി.കൃഷിപ്പണിയെ അത്രകണ്ട് സ്‌നേഹിക്കാത്ത മലയാളികൾ എന്താ കൊറിയയിലോട്ട് പോകുന്നെ എന്നല്ലെ ഇപ്പോൾ ചിന്തിക്കുന്നത്.കാരണം മറ്റൊന്നുമല്ല. ജോലിയുടെ ശമ്പളം തന്നെ. മാസം ഒരുലക്ഷം രൂപയാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.

ദക്ഷിണ കൊറിയയിൽ കൃഷി ജോലികളിലേക്ക് 22നാണ് ഒഡെപെക് അപേക്ഷ ക്ഷണിച്ചത്.പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അവസരമെന്നും ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.കൊറിയയുടെ ചേംബർ ഒഫ് കൊമേഴ്‌സുമായി ചേർന്ന് നടത്തുന്ന നിയമനത്തിന് വേണ്ടി 1000 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടക്കത്തിൽ 100 പേർക്ക് വരെ അവസരം ലഭിക്കും. ദക്ഷിണ കൊറിയൻ സർക്കാരിന് പങ്കാളിത്തമുള്ള കാർഷിക പദ്ധതിയിലേക്കുള്ള നിയമനത്തിൽ പ്രധാനമായും സവാള കൃഷിയായിരിക്കും ചെയ്യുക. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

കരാർ പിന്നീട് മൂന്ന് വർഷം വരെ ദീർഘിപ്പിച്ചേക്കും. ഇംഗ്‌ളീഷ് അറിയുന്നവർക്ക് മുൻഗണന ലഭിക്കും. 1000 മുതൽ 1500 അമേരിക്കൻ ഡോളർ വരെയാണ് ശമ്പളം. ഇത് ഏകദേശം 75000 മുതൽ 1,12,000 രൂപ വരെ വരും. താമസസ്ഥലം പ്രത്യേകം നോക്കേണ്ടി വരുമെങ്കിലും ജോലി സമയത്തെ ഭക്ഷണം കമ്പനി നൽകും. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ജോലി സമയം. മാസം 28 ദിവസം ജോലി ഉണ്ടാകും.

അറിയിപ്പ് പുറത്ത് വന്നതോടെയാണ് മലയാളികൾ കൂട്ടത്തോടെ അപേക്ഷിക്കാൻ ആരംഭിച്ചത്.തിരക്കുമൂലം ഒഡെപെക് വെബ്‌സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. അപേക്ഷകരുടെ എണ്ണം കൂടിയതിനാൽ പുതിയ അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒഡെപെക്കിലെ ഫോണുകൾക്കും വിശ്രമമുണ്ടായില്ല. 'നന്നായി കൃഷി ചെയ്‌തോളാം സാർ... കോവിഡ് കാരണം ജീവിതം വൻ പ്രതിസന്ധിയിലാണ്. പരിഗണിക്കണം' എന്നു ഫോണിൽ ജോലി തേടിയവരും ഏറെ. എന്നാൽ, ഒഡെപെക് റിക്രൂട്ടിങ് ഏജൻസി മാത്രമാണെന്നും നിയമനം നൽകുന്നതു കൊറിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അപേക്ഷകരുടെ എണ്ണം വർധിച്ചതോടെ കൊറിയയിലെ ജീവിത സാഹചര്യം, കൃഷിരീതി, ജീവിതച്ചെലവ്, സംസ്‌കാരം തുടങ്ങിയവയെല്ലാം സംബന്ധിച്ച് അപേക്ഷകരെ ബോധവൽക്കരിക്കാൻ 27ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിലും സെമിനാർ നടത്തും.'ഇതാദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ആദ്യ ബാച്ചിന്റെ തിരഞ്ഞെടുപ്പു പൂർത്തിയാക്കിയാൽ, മറ്റു വിദേശരാജ്യങ്ങളിലെ കാർഷിക ജോലികളും മലയാളികളിലേക്കെത്തിക്കാൻ ഒഡെപെക് ശ്രമം നടത്തും.' ഒഡെപെക് എംഡി കെ.എ.അനൂപ് പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP