Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഴിച്ചു വെച്ച കിരീടവും ചെങ്കോലും ഒന്നൊന്നായി തിരിച്ചു വരാൻ തുടങ്ങി; ദിലീപ് ആരാധകരുടെ ആഘോഷം സോഷ്യൽ മീഡിയയിൽ; ഇരയെ കാഴ്ചക്കാരിയാക്കി അവനൊപ്പം പ്രചാരണവും പൊടിപൊടിക്കുന്നു; അവൾക്കൊപ്പം പ്രചാരണം ശക്തമാക്കാൻ വനിതാ കൂട്ടായ്മ; ദിലീപിനെ കാണാൻ സിനിമാപ്രമുഖരുടെ പ്രവാഹം;

അഴിച്ചു വെച്ച കിരീടവും ചെങ്കോലും ഒന്നൊന്നായി തിരിച്ചു വരാൻ തുടങ്ങി; ദിലീപ് ആരാധകരുടെ ആഘോഷം സോഷ്യൽ മീഡിയയിൽ; ഇരയെ കാഴ്ചക്കാരിയാക്കി അവനൊപ്പം പ്രചാരണവും പൊടിപൊടിക്കുന്നു; അവൾക്കൊപ്പം പ്രചാരണം ശക്തമാക്കാൻ വനിതാ കൂട്ടായ്മ; ദിലീപിനെ കാണാൻ സിനിമാപ്രമുഖരുടെ പ്രവാഹം;

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇരയെ കാഴ്ചക്കാരിയാക്കി ആഘോഷങ്ങൾ തുടരുകയാണ്. അവനൊപ്പം പ്രചാരണത്തിന് വീണ്ടും ചൂടേറി. ജയിലിൽ നിന്നുള്ള ദിലീപിന്റെ മടങ്ങിവരവിന്റെ ആരവങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. 85 ദിവസം ജയിലിന്റെ നാലുചുവരുകൾക്കുള്ളിൽ ജീവിതം തളച്ചിട്ട ജനപ്രിയനായകൻ അതിന്റെ ക്ഷീണം തീർക്കുന്ന തിരക്കിലായിരുന്നു ഇന്നെങ്കിലും അതിഥികളുടെ വരവിന് കുറവുണ്ടായില്ല.ആലുവ മണപ്പുറത്തെ വീട്ടിലാണ് ദിലീപ് അതിഥികളെ സ്വീകരിച്ചത്.

രാമലീലയുടെ അണിയറ പ്രവർത്തകർ കാണാനെത്തിയതോടെ നായകൻ രാമനുണ്ണി ഉഷാറായി. സംവിധായകൻ അരുൺ ഗോപി, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം, കലാഭവൻ ഷാജോൺ,നായിക പ്രയാഗ മാർട്ടിൻ,കെ.പിഎസി ലളിത എന്നിവരാണ് നായകനെ കണ്ട് സന്തോഷം പങ്കിടാനെത്തിയത്. എല്ലാവരും ചേർന്ന് വീടിന്റെ വരാന്തയിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു.ദിലീപിന് ജാമ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് രാമലീലയുടെ നിർമ്മാതാവ് ടോമിച്ചൻ മുളക്പാടം. 'കേരളത്തിലെ ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് രാമലീല സ്വീകരിച്ചത്, ദിലീപ് കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ' ടോമിച്ചൻ പറഞ്ഞു.

തനിക്ക് ജാമ്യം ലഭിച്ച സന്തോഷം പങ്കിടാൻ ദിലീപും ഭാര്യ കാവ്യാമാധവനും ഇന്ന് രാവിലെ അഭിഭാഷകന്റെ അടുത്തെത്തിയിരുന്നു.. കേസിന്റെ തുടക്കത്തിൽ രാംകുമാർ ആയിരുന്നു ദിലീപിന്റെ അഭിഭാഷകൻ. പിന്നീട് രാമൻ പിള്ളയ്ക്ക് വക്കാലത്ത് നൽകുകയായിരുന്നു. രാമൻ പിള്ളയുടെ ശക്തമായ വാദമാണ് കുറ്റപത്രം സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് ജാമ്യം ലഭിക്കാൻ ഇടയായത്. ജാമ്യം ലഭിച്ചിരുന്നില്ലെങ്കിൽ വിചാരണ കാലയളവിൽ ദിലീപ് ജയിലിൽ കഴിയേണ്ടി വരുമായിരുന്നു.

അഴിച്ചു വെച്ച കിരീടവും ചെങ്കോലും ഒന്നൊന്നായി തിരിച്ചു വരാൻ തുടങ്ങി..വനവാസം കഴിഞ്ഞു ശ്രീരാമൻ തിരിച്ചെത്തി. അപ്പോൾ ഇനി രാവണന്മാർ തട്ടിയെടുത്തതും തട്ടിയെടുക്കാൻ ശ്രമിച്ചതും തിരിച്ചു നൽകാൻ സമയം ആയി.ഇങ്ങനെയൊക്കെയാണ് ദിലീപിന്റെ ആരാധകർ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തിയതിനെ വിശേഷിപ്പിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം നേടി പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂർ കഴിയും മുൻപാണ് ദിലീപിനെ വീണ്ടും സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കുന്നത്. കൊച്ചിയിൽ നടന്ന സംഘടനയുടെ പ്രത്യേക യോഗമാണ് ദിലീപിനെ വീണ്ടും പ്രസിഡന്റാക്കിയത്. നിലവിൽ പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂർ സ്ഥാനമൊഴിഞ്ഞ് വൈസ് പ്രസിഡന്റായി തുടരും.ഫിയോക്കിന്റെ ഭാരവാഹികൾ ഉച്ചതിരിഞ്ഞ് ദിലീപിനെ സന്ദർശിച്ച് ഭാവി പരിപാടികൾ ചർച്ച ചെയ്തു.

ഇതിനിടെ, ദിലീപിനെ കാണാനെത്തിയ സംവിധായകൻ എബ്രിഡ് ഷൈൻ മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയത് അൽപനേരം സംഘർഷത്തിനിടയാക്കി.തന്റെ അനുവാദമില്ലാതെ മാധ്യമപ്രവർത്തകർ ഷൂട്ട് ചെയ്യുന്നത് എന്തിനെന്നായിരുന്നു സംവിധായകന്റെ ചോദ്യം.താങ്കളുടെ സിനിമകളെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും വിലയിരുത്തലുകളും കൊടുക്കുന്നത് പോലെ തന്നെയാണ് ഈ ഷൂട്ടിംഗുമെന്ന് മാധ്യമ പ്രവർത്തകർ മറുപടി പറഞ്ഞു.എന്നാൽ മറുപടിയിൽ തൃപ്തനാവാതെ താനും 12 വർഷം ഈ പണി ചെയ്തതാണെന്ന് പറഞ്ഞാണ് എബ്രിഡ് ഷൈൻ തട്ടിക്കയറിയത്.

അതേസമയം, ദിലീപിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിനു പിന്നിൽ വൻഗൂഢാലോചനയുണ്ടെന്നും അതേക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് ആവശ്യപ്പെട്ടത്് ഫാൻസുകാർക്ക് ആഘോഷത്തിനുള്ള വകയായി. വിശ്വാസ്യയോഗ്യമായ ഒരു തെളിവുമില്ലാതെയാണു ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും, നടി ആക്രമിക്കപ്പെട്ട കേസുമായി ദിലീപിനെ മനഃപൂർവം കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞത് ഫാൻസുകാർ ആഘോഷമാക്കി.

ദിലീപ് ഓൺലൈൻ, ദിലീപ് ഫാൻസ് ക്ലബ്ബ, ദിലീപ് ഫാൻസ് അസോസിയേഷൻ എന്നിങ്ങനെ പല പേരുകളിൽ ആരാധകർ ഓൺലൈനിൽ ദിലീപിന്റെ മടങ്ങി വരവ് ആഘോഷിക്കുകയാണ്.താരം കുറ്റവിമുക്തനായി എന്ന മട്ടിലാണ് ആരാധകരുടെ സോഷ്യൽ മീഡിയയിലെ ആഹ്ലാദപ്രകടനം.നാദിർഷായുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ, കാണുന്നവരെ ഒക്കെ പ്രതികളാക്കരുതെന്ന കോടതി പരാമർശവും ഫാൻസുകാരെ സന്തോഷിപ്പിച്ചു.ദിലീപ് ഫാൻസ് ക്ലബ്ബിന്റെ പേജിൽ താരത്തിന്റെ ചിത്രവും പിടിച്ചു നിൽക്കുന്ന രണ്ടു ഫിലിപ്പൈൻസ് ആരാധകരുടെ ചിത്രവും കാണാം.വീഡിയോയുടെ അവസാനം അവനോടൊപ്പം എന്ന ഹാഷ്ടാഗും പറയുന്നതും കേൾക്കാം. യഥാർഥ ആരാധകരാണോ അതോ വീഡിയോയ്ക്ക് വേണ്ടി ചിത്രീകരിച്ചതാണോയെന്ന് വ്യക്തമല്ല.

ദുബായിൽ ദിലീപിന്റെ യുഎഇയിലെ ആരാധകരുടെ അവനോടൊപ്പം പ്രചാരണവും, കേക്ക് മുറിച്ചുള്ള ആഘോഷവും ഫാൻസുകാർ പോസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം അവൾക്കൊപ്പം ക്യാമ്പെയിനും കൂടുതൽ ശക്തമാവുകയാണ്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ ശക്തമാക്കുന്നതായി ചലച്ചിത്ര മേഖലയിലെ വനിതാകൂട്ടായ്മ രംഗത്തെത്തി.

'നിയമവും നീതി നിർവഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നൽകുന്ന പിന്തുണ പൂർവാധികം ശക്തിപ്പെടുത്തുന്നു.ആ പെൺകുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സിൽനിന്നു മാഞ്ഞു പോകാതിരിക്കട്ടെ. അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടതു പ്രബുദ്ധരായ നമ്മൾ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം' സമൂഹമാധ്യമത്തിലെ കുറിപ്പിൽ ഡബ്ല്യുസിസി വ്യക്തമാക്കി. ഏതായാലും, ഇരയായ പെൺകുട്ടിക്കും നീതി കിട്ടണമെന്ന് സിനിമയിലെ പുരുഷപ്രജകൾ പുറമേ പറയുന്നുണ്ടെങ്കിലും അവരത് യഥാർഥത്തിൽ അർഥമാക്കുന്നുണ്ടോ എന്ന് ഇപ്പോഴത്തെ ആഘോഷാരാവങ്ങളും സന്ദർശകപ്രവാഹവും കാണുമ്പോൾ സംശയം തോന്നാതെ തരമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP