Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വർഷങ്ങളുടെ അധ്വാനം ചാമ്പലായെങ്കിലും ചാരത്തിൽ നിന്നുയരുന്ന 'ഫീനിക്സ് പക്ഷി'യാകാനുറച്ച് ഡാനിയേലും സിംസണും; സർക്കാർ ഏജൻസികൾ തടസ്സം നിൽക്കാതിരുന്നാൽ 'ഫാമിലി പ്ലാസ്റ്റിക്സ്' നിർമ്മാണം പുനരാരംഭിക്കും; 1998ൽ തുടങ്ങിയ സ്ഥാപനം ആഗോളതലത്തിൽ പ്രസിദ്ധിയാർജ്ജിച്ചത് ഗുണമേന്മ കൊണ്ട് ; തൊഴിലാളികളെ സംരക്ഷിക്കാൻ നീങ്ങുമ്പോഴും വ്യാജപ്രചരണം തിരിച്ചറിഞ്ഞ് ഉടമകൾ

വർഷങ്ങളുടെ അധ്വാനം ചാമ്പലായെങ്കിലും ചാരത്തിൽ നിന്നുയരുന്ന 'ഫീനിക്സ് പക്ഷി'യാകാനുറച്ച് ഡാനിയേലും സിംസണും; സർക്കാർ ഏജൻസികൾ തടസ്സം നിൽക്കാതിരുന്നാൽ 'ഫാമിലി പ്ലാസ്റ്റിക്സ്' നിർമ്മാണം പുനരാരംഭിക്കും; 1998ൽ തുടങ്ങിയ സ്ഥാപനം ആഗോളതലത്തിൽ പ്രസിദ്ധിയാർജ്ജിച്ചത് ഗുണമേന്മ കൊണ്ട് ; തൊഴിലാളികളെ സംരക്ഷിക്കാൻ നീങ്ങുമ്പോഴും വ്യാജപ്രചരണം തിരിച്ചറിഞ്ഞ് ഉടമകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : വലുതായാലും ചെറുതായാലും വ്യവസായം വേരോടാൻ കേരളത്തിന്റെ മണ്ണിൽ അൽപം പ്രയാസമാണെന്ന് പറയുന്നവർക്ക് അർപ്പണ ബോധവും കഷ്ടപ്പാടും എന്താണെന്ന് കാട്ടിക്കൊടുത്ത സ്ഥാപനമാണ് ഫാമിലി പ്ലാസ്റ്റിക്‌സ്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ വരെ മുൻനിരയിലെത്തുകയും ചെയ്തു. പക്ഷേ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായുണ്ടായ വൻ അഗ്നിബാധ കമ്പനിയുടെയും അതിലെ തൊഴിലാളികളുടേയും ജീവിതത്തേയും സ്വപ്‌നങ്ങളേയും തകിടം മറിക്കുന്നതായിരുന്നു.

ചിറയിൻകീഴുകാരനായ ഡാനിയേൽ എ. ഫെർണാണ്ടസിന്റെയും സിംസൺ ഫെർണാണ്ടസിന്റെയും 20 വർഷത്തെ അധ്വാനം നിമിഷങ്ങൾക്കകം ചാരമായി മാറി. എന്നാൽ പ്രതിസന്ധിയിൽ തളരാതെ ചാരത്തിൽ നിന്നും ചിറകടിച്ചുയരുന്ന ഫീനിക്‌സ് പക്ഷിയെ പോലെയാവാൻ ശ്രമം നടത്തുകയാണിവർ. ശ്രീകാര്യത്തിനടുത്തുള്ള മൺവിളയിൽ 1998ലാണ് ഫാമിലി പ്ലാസ്റ്റിക്‌സ് എന്ന പേരിൽ ഇവർ കമ്പനി ആരംഭിച്ചത്. റിസൈക്കിൾ ചെയ്യാത്ത വിർജിൻ പ്ലാസ്റ്റിക്‌സ് കൊണ്ടുള്ള പാത്രങ്ങളാണ് ഇവർ ആദ്യം നിർമ്മിച്ചത്. ഇത് ഇവരെ വിപണിയിൽ ഒന്നാമതെത്തിച്ചു.

മുംബൈയിൽ പ്ലാസ്റ്റിക് ഉപകരണ നിർമ്മാണ മേഖലയിലാണ് ഡാനിയേൽ ഫെർണാണ്ടസ് പ്രവർത്തിച്ചിരുന്നത്. ഇദ്ദേഹമായിരുന്നു മൺവിളയിലെ കമ്പനി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻകൈ എടുത്തത്. ഇദ്ദേഹത്തിന്റെ സഹോദരപുത്രൻ സിംസൺ ഫെർണാണ്ടസാണ് ഇപ്പോൾ സാരഥി. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ നിന്നും മലയാളികൾക്ക് മാറ്റം സമ്മാനിച്ചത് ഫാമിലി പ്ലാസ്റ്റിക്‌സാണ്. ബക്കറ്റും കുടവും മാത്രം ആദ്യകാലത്ത് ഉൽപാദിപ്പിച്ചിരുന്ന കമ്പനി പിന്നീട് ഫർണിച്ചർ വരെ നിർമ്മിക്കുന്ന വലിയ കമ്പനിയായി മാറി.

700 പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് ഇന്നു ഫാമിലി പ്ലാസ്റ്റിക്‌സിനുള്ളത്. 2005ൽ ലണ്ടനിൽ നടന്ന സ്‌ഫോടനത്തിൽ ഭീകരർ ബോംബ് സ്ഥാപിക്കാൻ ഉപയോഗിച്ചത് ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ബക്കറ്റിലാണെന്നു കണ്ടെത്തിയ സ്‌കോട്ലൻഡ് യാർഡ് പൊലീസ് ഉൽപാദകരെ തിരക്കി കേരളത്തിലെത്തിയിരുന്നു. ഇതോടെയാണ് മൺവിളയിലെ ഫാക്ടറിയിൽ നിന്നുള്ള ഉൽപന്നങ്ങൾ ലോകവിപണിയിലും മുന്നിലെന്നു മലയാളികൾ അറിയുന്നത്. യുഎസ്, യുകെ തുടങ്ങി 22 രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയയ്ക്കുന്ന മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിൽ 500 തൊഴിലാളികളാണുള്ളത്.

80 കോടി രൂപയാണ് സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ്. മൺവിളയിലെ സ്ഥാപനം വിപുലീകരിക്കുന്നതിനു തടസ്സങ്ങൾ നേരിട്ടതോടെ അടുത്തിടെ തിരുനെൽവേലിയിൽ ആറേക്കർ സ്ഥലത്ത് ലില്ലി പ്ലാസ്റ്റിക്‌സ് എന്ന ബ്രാൻഡിൽ പുതിയ നിർമ്മാണശാല തുടങ്ങി. അവിടെ നൂറോളം പേർ തൊഴിലെടുക്കുന്നു. പ്ലാസ്റ്റിക് ഉൽപന്ന കമ്പനികൾക്ക് പാത്രങ്ങളുടെയും മറ്റും മോൾഡ് കമ്പനി നിർമ്മിച്ച് കൊടുക്കുന്നുണ്ട്.

മനസിൽ നിന്നും മായാതെ അഗ്നി ഗോളങ്ങൾ

ഏതാനും ദിവസങ്ങൾക്ക മുൻപ് വരെ ആളും ആരവുമായി ജീവനക്കാർ രാപകലില്ലാതെ പണിയെടുത്ത ഇടമാണ് ഇപ്പോൾ വെറും ചാരമായി മാറിയത്. ഇനിയും വിശ്വസിക്കാനാവാതെ നിൽക്കുന്ന ജീവനക്കാർ പലരും സ്ഥലം സന്ദർശിച്ച മന്ത്രി കടകം പള്ളി സുരേന്ദ്രനും മേയർ വികെ പ്രശാന്തിനും മുന്നിൽ അക്ഷരാർത്ഥത്തിൽ പൊട്ടി കരയുകയായിരുന്നു.

വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിനൊപ്പം ഇനി എത്രനാൾ ജോലി ഇല്ലാതെ ജീവിക്കും എന്ന ചിന്താഭാരവും അവരെ അലട്ടുന്നുണ്ടായിരുന്നു. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 500 ഓളെ തൊഴിലാളികളാണ് ഇവിടെ അപകടത്തിന് തൊട്ടു മുൻപ് ഉണ്ടായിരുന്നത്. ഇവർ രക്ഷപ്പെട്ടത് അത്ഭുതത്തോടെയായിരുന്നു.

എവിടെയും വാരിവലിച്ചിട്ടിരിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് അവിടെ കാണാൻ കഴിഞ്ഞ മറ്റൊരു കാഴ്ച. എല്ലാ സ്റ്റോർ റൂമുകളിലും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിറയെ ഉണ്ടായിരുന്നു. കത്തി നശിച്ച സ്റ്റോർ റൂമിൽ നിന്നും തീ സമീപത്തെ സ്റ്റോർ റൂമിലേക്ക് പടരാതിരുന്നത് വലിയ ദുരന്തമാണൊഴുവാക്കിയത്. എവിടെയും പ്ലാസ്റ്റിക് ഉരുകി ഒഴുകി കട്ട പിടിച്ച് കിടക്കുന്നുണ്ട്. രണ്ട് കെട്ടിടങ്ങൾ പൂർണ്ണമായും നശിച്ചു. ഭിത്തികളും മേൽക്കൂരകളും തീ പിടുത്തത്തിൽ വിണ്ടു കീറി നശിച്ചു.

പ്ലാന്റിലെ ഒട്ടു മിക്ക യന്ത്രങ്ങളും നശിച്ചു പോയി. വലിയ നാശ നഷ്ട്ടമാണ് ഉണ്ടായത്്. പെട്ടെന്ന് തീപിടിക്കാവുന്നതും വൻദുരന്ത സാദ്ധ്യതയുള്ളതുമായ പെട്രോ കെമിക്കലുകളും അസംസ്‌കൃത വസ്തുക്കളുമെല്ലാം കമ്പനിക്കുള്ളിൽ സ്‌റ്റോക്ക് നിലയിലായിരുന്നു.കോടികണക്കിന് രൂപയുടെ ഉല്പന്നങ്ങൾ സംഭരിച്ച ഗോഡൗൺ ഒരാൾക്ക് കടക്കാൻ പോലും കഴിയാത്ത വിധം നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. രണ്ട് ദിവസം മുമ്പും ഇവിടെ തീപിടിത്തമുണ്ടായിരുന്നു.

ഒന്നു മുതൽ വീണ്ടും....

വർഷങ്ങളുടെ സ്വപ്നം അഗ്‌നിക്കിരയാക്കിരയായെങ്കിലും ബാക്കിയുള്ള സ്ഥലത്ത് തിങ്കളാഴ്ച തന്നെ ഉൽപാദനം പുനരാരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ സിംസൺ. സർക്കാർ ഏജൻസികൾ തടസം നിൽക്കാതിരുന്നാൽ മാത്രം മതി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെറിയ തീപിടിത്തമുണ്ടായപ്പോൾ തന്നെ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തതാണ്. എന്നിട്ടും ദുരന്തമുണ്ടായി.

സ്ഥാപനത്തിനെതിരെ നടത്തുന്ന പല പ്രചാരണങ്ങളും തെറ്റാണ്. കൃത്യ സമയത്ത് അഗ്നിശമന സേനയെ വിവരമറിയിച്ചതിന് തെളിവുണ്ട്. കത്തി ചാമ്പലായ രണ്ടു കെട്ടിടങ്ങൾ പൂർണമായും പുനർനിർമ്മിക്കണം. 38 മുതൽ 40 കോടി വരെയാണ് നഷ്ടം കണക്കാക്കുന്നത്. പകുതിയോളം തുക ഇൻഷുറൻസ് പരിരക്ഷ വഴി കിട്ടുമെന്നാണു പ്രതീക്ഷയെന്നും സിംസൺ പറഞ്ഞു.

തൊഴിലാളികളിൽ നല്ലൊരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവർ തിരികെ പോയാൽ പ്രവർത്തനം ആരംഭിക്കുന്നത് നീളും. ഇതിന്റെ ടെൻഷനിലാണ് താനെന്നും സിംസൺ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP