Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

അക്ഷയ കേന്ദ്രങ്ങൾ മലപ്പുറത്തു വേരു പിടിപ്പിച്ചത് കലക്ടറായിരിക്കവേ; ഇരുന്ന പദവികളിലെല്ലാം പരിഷ്‌ക്കാരങ്ങൾ; എല്ലായിടത്തും ടെക്കി മനസ്സു പ്രകടിപ്പിച്ച ഉദ്യോഗസ്ഥൻ; പിണറായിയുടെ വിശ്വസ്തനായതോടെ അധികാര കേന്ദ്രം; ഭരണത്തിന്റെ സുഖം നുകരാൻ 'അവതാരങ്ങൾ' എത്തിയതോടെ തകർച്ച തുടങ്ങി; ശിവശങ്കരനെന്ന വന്മരത്തെ വീഴ്‌ത്തിയതു കനകവും കാമിനിയും

അക്ഷയ കേന്ദ്രങ്ങൾ മലപ്പുറത്തു വേരു പിടിപ്പിച്ചത് കലക്ടറായിരിക്കവേ; ഇരുന്ന പദവികളിലെല്ലാം പരിഷ്‌ക്കാരങ്ങൾ; എല്ലായിടത്തും ടെക്കി മനസ്സു പ്രകടിപ്പിച്ച ഉദ്യോഗസ്ഥൻ; പിണറായിയുടെ വിശ്വസ്തനായതോടെ അധികാര കേന്ദ്രം; ഭരണത്തിന്റെ സുഖം നുകരാൻ 'അവതാരങ്ങൾ' എത്തിയതോടെ തകർച്ച തുടങ്ങി; ശിവശങ്കരനെന്ന വന്മരത്തെ വീഴ്‌ത്തിയതു കനകവും കാമിനിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കനകവും കാമിനിയും മൂലം കലഹം എന്നു പറയും പോലെയാണ് എം ശിവശങ്കരൻ എന്ന ഉദ്യോഗസ്ഥന്റെ വീഴ്‌ച്ച. സ്വന്തം അധ്വാനം കൊണ്ട് ഉയരങ്ങൾ വെട്ടിപ്പിടിച്ച വ്യക്തിത്വം ഒടുവിൽ മികച്ച ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിന്നും രാജ്യദ്രോഹ സ്വഭാവമുള്ള കേസിൽ പ്രതിയായ വ്യക്തിയായി മാറി. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയക്കാരെയും ഭരിക്കാൽ കെൽപ്പുള്ള ഉദ്യോഗസ്ഥനായി മാറിയിരുന്നു ശിവശങ്കരൻ. പിണറായിക്ക് മേൽ ഓരോ ഫയലിലും എന്തു തീരുമാനം എടുക്കണം എന്നു വിശ്വസിപ്പി്ച്ചിരുന്ന വ്യക്തി.

ആത്മവിശ്വാസത്തോടെ ജോലികൾ ചെയ്തിരുന്ന ഉദ്യോഗസ്ഥൻ അവതാരങ്ങളുടെ കെണിയിൽ പെട്ടതോടെയാണ് തകർച്ച തുടങ്ങിയത്. സമയം നോക്കാതെ ജോലി ചെയ്തിരുന്ന ഉന്നതന്റെ വീഴ്‌ച്ച മറ്റ് ഉദ്യോഗസ്ഥർക്കും ഒരു പാഠമാകേണ്ടതാണ്. 2016 മെയ്‌ 25-നാണ് പിണറായി സർക്കാർ അധികാരമേൽക്കുന്നത്. അന്ന് മുതൽ ശിവശങ്കരനും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. പറയുന്നകാര്യങ്ങൾക്ക് വ്യക്തതയും അത് ബോധ്യപ്പെടുത്താനുള്ള വിശദീകരണവുമാണ് ശിവശങ്കറിൽ വിശ്വസിക്കാൻ പിണറായി വിജയനെ പ്രേരിപ്പിച്ചത്. മികച്ച വിദ്യാർത്ഥിയായി തുടങ്ങി അധികാരത്തിന്റെ പടവുകൾ ഓരോന്നായി വെട്ടിക്കയറുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എൽ.സി. പരീക്ഷയിൽ രണ്ടാംറാങ്കോടെയാണ് ശിവശങ്കർ ജയിച്ചത്. തുടർന്ന് പാലക്കാട് എൻ.എസ്.എസ്. എൻജിനിയറിങ് കോളേജിൽ ബി.ടെക്കിന് ചേർന്നു. രാഷ്ട്രീയം തലയ്ക്കുപിടിച്ചുള്ള സംഘടനാപ്രവർത്തകനായിരുന്നില്ലെങ്കിലും കോളേജിൽ യൂണിയൻ ചെയർമാനായിരുന്നു. തുടർന്ന് ഗുജറാത്തിലെ 'ഇർമ'യിൽനിന്ന് റൂറൽ മാനേജ്മെന്റിൽ പി.ജി.ഡിപ്ലോമ നേടി. പഠനത്തിനുശേഷം റിസർവ് ബാങ്കിൽ ഓഫീസർ. പിന്നീട് സർക്കാർ സർവീസിൽ ഡെപ്യുട്ടി കളക്ടറായി നിയമനം കിട്ടി. 1995-ൽ കൺഫേഡ് ഐ.എ.എസ്. ലഭിച്ചു.

എല്ലായിടത്തും അദ്ദേഹത്തിന്റെ 'ടെക്കി' മനസ്സ് പ്രകടമായിരുന്നു. അദ്ദേഹം പൊതുവിദ്യാഭ്യാസ ഡയറക്ടറായ കാലത്താണ് ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം ഏർപ്പെടുത്തിയത്. എല്ലാവരും അംഗീകരിച്ച അദ്ധ്യാപക പാക്കേജും എയ്ഡഡ് നിയമനത്തിന് സർക്കാർ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥയും വന്നത് അക്കാലത്താണ്. 'അക്ഷയ കേന്ദ്ര'ങ്ങൾ മലപ്പുറത്തിന്റെ മണ്ണിൽ വേരുപിടിപ്പിച്ചത് ശിവശങ്കർ അവിടത്തെ കളക്ടറായപ്പോഴാണ്. വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ ഒപ്പുവെച്ചു. ഇതാണ് സംസ്ഥാനത്തെ പവർകട്ട് ഒഴിവാകാനുള്ള പ്രധാനഘടകമായത്.

ഐ.ടി.സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായതോടെ എം. ശിവശങ്കർ അധികാരകേന്ദ്രമായി മാറുകയായിരുന്നു. പണ്ടേ ഐടിയോട് പ്രിയങ്കരനായ ശിവശങ്കരൻ താൻ പദ്ദതിയിടുന്ന കാര്യങ്ങൾ അതേപടി നടപ്പിലാക്കാനും കരുത്തനായിരുന്നു. പിണറായി വിജയനെ പല കാര്യങ്ങളിലും വിശ്വസിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. കെ-ഫോൺ, ഇ-മൊബിലിറ്റി അങ്ങനെ വൻകിട പദ്ധതികളിലെല്ലാം ശിവശങ്കറിന്റെ റോൾ നിർണായകമായിരുന്നു. സർക്കാർ ഓഫീസുകൾ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നതിലേക്ക് മാറണമെന്ന നിർദേശത്തിന് പിന്നിലും ശിവശങ്കറായിരുന്നു.

സ്പ്രിംക്ലർ വിവാദത്തിലാണ് കൈപൊള്ളിത്തുടങ്ങിയത്. മന്ത്രിസഭ അറിയാതെ ഒരുവിദേശ കമ്പനിയുമായി കരാറുണ്ടാക്കിയെന്നതാണ് സ്പ്രിംക്ലർ വിവാദത്തിന്റെ അടിസ്ഥാനം. ഒരു സെക്രട്ടറിക്ക് ഉത്തമവിശ്വാസത്തിൽ ചെയ്യാവുന്ന അധികാരമാണിതെന്ന ന്യായീകരണം നിരത്തി മുഖ്യമന്ത്രിതന്നെ ശിവശങ്കറിന് കവചം തീർത്തു എന്നാൽ, ഈ ന്യായീകരണം പിണറായിക്ക് തന്നെ വിനയായി മാറുകയും ചെയ്തു. അധികാരകേന്ദ്രത്തിനൊപ്പം 'അവതാരങ്ങളുടെ' വലയമുണ്ടായി. സ്വപ്നാ സുരേഷും സരിത്തും കൺസൾട്ടൻസി ഏജന്റുമാരുമെല്ലാം അടുപ്പക്കാരായി. ഒടുവിൽ, രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനെന്ന പേരുദോഷത്തിലേക്കുള്ള പതനവുമാണ് സംഭവിച്ചിരിക്കുന്നത്.

കള്ളക്കടത്തിനു കൂട്ടുനിൽക്കൽ, കള്ളപ്പണം ഒളിപ്പിക്കാൻ ഒത്താശ ചെയ്യൽ, കള്ളക്കടത്തു പ്രതിക്ക് സർക്കാർ തണലിൽ ലാവണമൊരുക്കൽ... അന്വേഷണ ഏജൻസികളുടെ വാദങ്ങളിൽ സർക്കാറിന് കളങ്കമേൽപ്പിച്ച ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഒന്നാമനാണ് ശിവശങ്കരൻ. പാമൊലിൻ കേസ്, മലബാർ സിമന്റ്‌സ് അഴിമതിക്കേസ്, ലാവ്ലിൻ കേസ് തുടങ്ങിയവയിലൊക്കെ പ്രമുഖ ഉദ്യോഗസ്ഥരും പ്രതികളായി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജാകട്ടെ, പാലാരിവട്ടം പാലം നിർമ്മാണ അഴിമതിക്കേസിൽ അറസ്റ്റിലാകുകയും റിമാൻഡിൽ കഴിയുകയും ചെയ്തു. മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്നെന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യം നേടി ജയിൽവാസത്തിൽ നിന്നു രക്ഷപ്പെട്ടു.

1972ൽ റവന്യു ബോർഡ് അംഗമായിരുന്ന കെ.കെ.രാമൻകുട്ടിയാണ് സംസ്ഥാനത്ത് ആദ്യമായി പിരിച്ചുവിടൽ നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥൻ. കേരള കാർഷിക സർവകലാശാലയ്ക്കു വേണ്ടി സ്ഥലമേറ്റെടുപ്പിനെക്കുറിച്ചു തയാറാക്കിയ റിപ്പോർട്ട് ക്രമവിരുദ്ധമാണെന്നു ജുഡീഷ്യൽ കമ്മിഷൻ കണ്ടെത്തിയായിരുന്നു നടപടി. അതിനു മുൻപ്, ആർ.ശങ്കർ മന്ത്രിസഭയുടെ കാലത്ത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗോവിന്ദമേനോനെതിരെ നടപടിയെടുത്തെങ്കിലും സസ്‌പെൻഷനിൽ ഒതുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP