Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൂത്തിൽ സഹായിയായി വരുന്ന ആളിന്റെ കയ്യിൽ മഷി പുരട്ടാറില്ല; സഹായിയായി വരുന്ന ആൾ ഫോം 14 എ പൂരിപ്പിച്ചും നൽകണം; പ്രിസൈഡിങ് ഓഫീസർ അത് സൂക്ഷിക്കുകയും വേണം; ആരുടെ പകരക്കാരിയായി പോയെന്ന് തെളിയിക്കാനായില്ലെങ്കിൽ ക്രിമിനൽ നടപടിയും ഉറപ്പ്; ഒരാൾ രണ്ട് തവണ ബൂത്തിൽ പ്രവേശിച്ചു എന്നതിന് സ്ഥിരീകരണമായി ജയരാജന്റെ മറുവാദം; കള്ളവോട്ട് ആരോപണത്തിൽ ചട്ടലംഘനം നടന്നാൽ റീപോളിങ് ഉറപ്പ്; കാസർഗോട്ടെ ഉണ്ണിത്താൻ പേടി സിപിഎമ്മിന് കുടുക്കാകുമ്പോൾ

ബൂത്തിൽ സഹായിയായി വരുന്ന ആളിന്റെ കയ്യിൽ മഷി പുരട്ടാറില്ല; സഹായിയായി വരുന്ന ആൾ ഫോം 14 എ പൂരിപ്പിച്ചും നൽകണം; പ്രിസൈഡിങ് ഓഫീസർ അത് സൂക്ഷിക്കുകയും വേണം; ആരുടെ പകരക്കാരിയായി പോയെന്ന് തെളിയിക്കാനായില്ലെങ്കിൽ ക്രിമിനൽ നടപടിയും ഉറപ്പ്; ഒരാൾ രണ്ട് തവണ ബൂത്തിൽ പ്രവേശിച്ചു എന്നതിന് സ്ഥിരീകരണമായി ജയരാജന്റെ മറുവാദം; കള്ളവോട്ട് ആരോപണത്തിൽ ചട്ടലംഘനം നടന്നാൽ റീപോളിങ് ഉറപ്പ്; കാസർഗോട്ടെ ഉണ്ണിത്താൻ പേടി സിപിഎമ്മിന് കുടുക്കാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കള്ളവോട്ട് ആരോപണം നിഷേധിച്ച് സിപിഎം.കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എത്തുമ്പോഴും സംശയങ്ങൾ തീരുന്നില്ല. പാർട്ടി കള്ളവോട്ട് ചെയ്യാറില്ലെന്നും പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്നും പറയുന്നു. ചെറുതാരം ഗ്രാമപഞ്ചായത്ത് മെമ്പർ സലീന എം വി കള്ളവോട്ട് ചെയ്തുവെന്ന ആരോപണം സജീവമായതോടെയാണ് സിപിഎം പ്രതിരോധത്തിന് എത്തിയത്. പാർട്ടി അംഗം തന്നെ പിടിക്കപ്പെട്ട സാഹചര്യത്തിലാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട സംശയവും വിവാദവും തീരുന്നില്ല. ഇതിനൊപ്പം കണ്ണൂരിൽ നിന്ന് കള്ളവോട്ടിന്റെ പുതിയ വാർത്തകളും പുറത്തു വരികയാണ്. ഇതോടെ സിപിഎം പ്രതിക്കൂട്ടിലാകുന്ന തരത്തിൽ കള്ളവോട്ട് പ്രശ്‌നം ചർച്ചയാവുകയാണ്. രാജ്‌മോഹൻ ഉണ്ണിത്തൻ ്പ്രചരണത്തിൽ വലിയ മുന്നേറ്റം കാസർഗോഡുണ്ടാക്കി. ഇതോടെയാണ് സിപിഎം വ്യാപകമായി കാസർഗോട്ട് കള്ളവോട്ട് ചെയ്തതെന്നാണ് ആരോപണം.

കാസർകോട്, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നെന്നു തെളിഞ്ഞാൽ ആ ബൂത്തുകളിൽ റീ പോളിങ് നടത്തേണ്ടി വരും. കള്ളവോട്ട് ചെയ്തവർക്കും പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ കക്ഷികളുടെ ബൂത്ത് ഏജന്റുമാർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ചു ക്രിമിനൽ കേസ് എടുക്കും. പരാതി ലഭിച്ച സാഹചര്യത്തിൽ വരണാധികാരികളായ കലക്ടർമാരോടു സിസിടിവി ദൃശ്യങ്ങൾ സഹിതമുള്ള അടിയന്തര റിപ്പോർട്ട് നൽകാൻ ചീഫ് ഇലക്ടറൽ ഓഫിസർ (സിഇഒ) ടിക്കാറാം മീണ നിർദ്ദേശം നൽകി. മണ്ഡലങ്ങളുടെ ചുമതലയുള്ള എആർഒമാരോടും റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ നിർണ്ണായകമാകും. റിപ്പോർട്ടും വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച ശേഷം പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ സിഇഒയുടെ ശുപാർശയോടെ ഫയൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു വിടും. തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും റീപോളിങ്ങും ക്രിമിനൽ കേസും അടക്കമുള്ള നടപടികൾ. ഇതിനുള്ള സാധ്യത കമ്മീഷൻ തള്ളിക്കളയുന്നുമില്ല. ഈ സാഹചര്യത്തിലാണ് പ്രതിരോധം തീർത്ത് സിപിഎം എത്തുന്നത്. കണ്ണൂരും സിപിഎം പരാജയ ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് കെ സുധാകരൻ കാസർഗോട്ടേയും കണ്ണൂരിലേയും വിവരങ്ങൾ തെളിവ് സഹിതം പുറത്തു വിട്ടത്.

കള്ള വോട്ട് തെളിഞ്ഞാൽ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കള്ളവോട്ട് ചെയ്തു തിരഞ്ഞെടുപ്പ്് അട്ടിമറിക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസ് രജിസ്റ്റർ ചെയ്യുക. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം. കള്ളവോട്ട് ചെയ്യാൻ സഹായിച്ചുവെന്നു കണ്ടെത്തിയാൽ ബൂത്തിന്റെ ചുമതലയുള്ള പ്രിസൈഡിങ് ഓഫിസർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല അച്ചടക്ക നടപടിയും ഉണ്ടാകും. പഞ്ചായത്ത് അംഗമായതു കൊണ്ട് അവർക്ക് അയോഗ്യതയും വരും. അങ്ങനെ സിപിഎമ്മിനെ ആകെ വെട്ടിലാക്കുന്നതാണ് ഈ തീരുമാനം. ഇന്നലെ ഈ വിഷയം പല ചാനലുകളും രാത്രി ചർച്ചയ്ക്ക് വിഷയമായിരുന്നു. എന്നാൽ സിപിഎം നേതാക്കളാരും ചർച്ചയുമായി സഹകരിച്ചില്ല. പാർട്ടി വെട്ടിലാകുന്ന പ്രശ്‌നമായതുകൊണ്ടാണ് ഇത്. സിപിഎം വലിയ പ്രതിസന്ധയിൽ പെട്ടതിന് തെളിവാണ് ഇതെന്നാണ് സൂചന.

പ്രതിനിധികൾ കള്ളവോട്ട് ചെയ്‌തെന്നു തെളിഞ്ഞാൽ അയോഗ്യരാക്കും. കള്ളവോട്ട്് സംബന്ധിച്ചു കൂടുതൽ പരാതികൾ ലഭിച്ചാൽ കമ്മിഷൻ പരിശോധിക്കുമെന്നു മീണ പറഞ്ഞു. കണ്ണൂരിൽ വ്യാപക കള്ളവോട്ടിനു സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണു 1800 സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു പരാതി. ശക്തമായ നടപടി സ്വീകരിക്കുമെന്നും മീണ പറഞ്ഞു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ വിവിധ ബൂത്തുകളിലായി 6 പേർ കള്ളവോട്ട്് ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ പരാതിയാണു യുഡിഎഫും കോൺഗ്രസും തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയത്. സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് കാസർഗോഡ് മണ്ഡലം. ഇവിടെ കോൺഗ്രസിനായി രാജ്‌മോഹൻ ഉണ്ണിത്താൻ വലിയ മുന്നേറ്റം നടത്തി. ഇതോടെയാണ് ജയമുറപ്പാക്കാൻ സിപിഎം കള്ളവോട്ടുമായി എത്തിയതെന്നാണ് ഉയരുന്ന ആരോപണം.

ഫോം 14 എ നിർണ്ണായകമാകും

കള്ള വോട്ട് സിപിഎം ന്യായീകരണം വിചിത്രവും വിഡ്ഢിത്തരവുമാണെന്ന് ബിജെപി ആരോപിക്കുന്നു. ഒരു ബൂത്തിൽ സഹായിയായി വരുന്ന ആളിന്റെ കയ്യിൽ മഷി പുരട്ടാറില്ല. മാത്രല്ല സഹായിയായി വരുന്ന ആൾ ഫോം 14 എ പൂരിപ്പിച്ച് നൽകണം ,പ്രിസൈഡിങ് ഓഫീസർ അത് സൂക്ഷിക്കുകയും വേണം, എംവി ജയരാജന്റെ ന്യായികരണം കുരുക്ക് കൂട്ടുകയേ ഉള്ളു. മാത്രമല്ല ആരുടെ പകരക്കാരിയായാണ് പോയത് എന്ന് തെളിയിക്കേണ്ടി വരും. ഈ പ്രസ്താവനയിലൂടെ ബൂത്തിൽ പ്രവേശിച്ചു എന്ന കാര്യം ഉറപ്പായി-എന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആർ പത്മകുമാർ ഫെയ്‌സ് ബുക്കിൽ കുറിച്ചത്. കോൺഗ്രസാണ് ആരോപണം ഉന്നയിച്ചതെങ്കിലും ബിജെപിയും വിഷയം ഏറ്റെടുക്കും. സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് ഇത്.

നേരത്തെ ആറ്റിങ്ങൽ മണ്ഡലത്തിൽ കള്ളവോട്ടിന് ലക്ഷ്യമിട്ട് വോട്ടർ പട്ടികയിൽ ചേർത്ത ഒരു ലക്ഷത്തോളം വോട്ടിന്റെ കഥ പുറത്തു വന്നിരുന്നു. സമാനമായ കള്ളക്കളി എല്ലായിടത്തും നടന്നുവെന്നാണ് ആരോപണത്തിലൂടെ ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നത്. ബിഎൽഒമാരുടേയും മറ്റും സഹായത്തോടെ സിപിഎം വോട്ടെടുപ്പ് അട്ടിമറിച്ചുവെന്നതാണ് ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി കള്ളവോട്ടു നടന്നെന്ന ആരോപണത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ പുറത്തായതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്.

കല്യാശേരി നിയമസഭാ മണ്ഡലം കാസർകോട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ഇവിടെ ചെറുതാഴം പഞ്ചായത്തിലെ പിലാത്തറ എയുപി സ്‌കൂൾ 19ാം നമ്പർ ബൂത്തിൽ ഒരു സ്ത്രീ 2 തവണ വോട്ടു ചെയ്യുന്നതിന്റെയും മറ്റു ബൂത്തുകളിലെ വോട്ടർമാരായ സിപിഎം പഞ്ചായത്തംഗവും മുൻ പഞ്ചായത്തംഗവും സിപിഎം പ്രാദേശിക നേതാവും വോട്ടു ചെയ്യുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. ഈ ബൂത്തിൽ 40 മിനിറ്റിനിടയിൽ 6 കള്ളവോട്ടുകൾ ചെയ്‌തെന്നാണ് ആരോപണം.

വെബ്കാസ്റ്റിങ് വിഡിയോ കുടുക്കാകും

പോളിങ് ബൂത്തുകളിൽ നിന്ന് വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തത്സമയം ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിൽ സൂക്ഷിക്കുകയാണു പതിവ്. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനങ്ങൾ ഉന്നയിച്ചാൽ വിഡിയോ വീണ്ടും പരിശോധിക്കും. കേസുകൾ കോടതിയിലെത്തുന്ന സന്ദർഭങ്ങളിൽ വിഡിയോ നിർണായകമാണ്. സംസ്ഥാനത്ത് 3621 ബൂത്തുകളിലാണ് ഇത്തവണ വെബ്കാസ്റ്റ് സംവിധാനം ഉപയോഗിച്ചത്. ഇത് അതീവ നിർണ്ണായകമായി മാറും. ഇതിനിടെയാണ് പഞ്ചായത്തംഗം മറ്റൊരു ബൂത്തിൽ വോട്ട് ചെയ്തത് വോട്ട് ഓപ്പൺ വോട്ടാണെന്ന ആരോപണവുമായി സിപിഎം എത്തുന്നത്. കാസർകോട് മണ്ഡലത്തിൽ കള്ളവോട്ടു നടന്നതായി ആരോപിച്ചു കോൺഗ്രസ് പുറത്തു വിട്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ്. കണ്ണൂരിലെ ഭൂരിപക്ഷം ബൂത്തുകളിലും കമ്മിഷൻ ക്യാമറ സ്ഥാപിച്ചിരുന്നു. ചില ബൂത്തുകളിൽ കള്ളവോട്ട് ചെയ്തതായി കോൺഗ്രസ് പ്രവർത്തകർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

കള്ളവോട്ട് ചെയ്‌തെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സ്വന്തം വോട്ട് ചെയ്തതിനൊപ്പം പരസഹായമില്ലാതെ വോട്ട് ചെയ്യാൻ കഴിയാത്തവരെ സഹായിക്കുകയായിരുന്നു അവർ. പ്രിസൈഡിങ് ഓഫീസറുടെ അനുവാദത്തോടെയാണ് വോട്ട് ചെയ്തത്. ആരോപണത്തിൽ പാർട്ടി ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. 'ചെറുതാരം ഗ്രാമപഞ്ചായത്ത് മെമ്പർ സലീന എം വി കല്യാശേരി മണ്ഡലത്തിലെ 17ാം നമ്പർ ബൂത്തിൽ 822ാം നമ്പർ വോട്ടറാണ്. സ്വന്തം വോട്ട് ചെയ്യുകയും കൂടാതെ 19 ാം നമ്പർ ബൂത്തിലെ 29 ാം വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പൺ വോട്ട് ചെയ്യുകയുമാണ് ചെയ്തത്. സലീനയുടെ ഇടത് കൈയിലും വലത് കൈയിലും മഷിയടയാളം കാണാൻ കഴിയും. ഇത് വ്യക്തമാക്കുന്നത് നിയമാനുസൃതമായ വോട്ടാണ് ചെയ്തിരിക്കുന്നത് എന്നാണ്.'- എം വിജയരാജൻ പറയുന്നു

കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ പല സ്ഥലങ്ങളിൽ നിന്നും ഇത്തരത്തിൽ ദൃശ്യങ്ങൾ ശേഖരിച്ചതായാണ് വിവരം. മണ്ഡലത്തിലെ സംശയമുള്ള എല്ലാ ബൂത്തുകളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചതിനു ശേഷം മാത്രം വ്യക്തമായ തെളിവുകളുടെ പിൻബലത്തോടെ സിപിഎമ്മിനെതിരെ പരാതി നൽകാനാണു കോൺഗ്രസ് നീക്കം.

നടന്നത് വ്യാപക കള്ളവോട്ട്

കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ, തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നതായി കോൺഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന്റെ അന്നേദിവസം രാത്രി പല പ്രദേശങ്ങളിലും വ്യാപകമായി മഴ പെയ്തിരുന്നു. തൊട്ടുപിന്നാലെ വൈദ്യുതി ബന്ധം തടസപ്പെടുകയും ചെയ്തു. എന്നാൽ ബോധപൂർവ്വം വൈദ്യുതിബന്ധം പുനഃസ്ഥാപിപ്പിക്കുന്നതു വൈകിച്ച് ഇതിന്റെ മറവിൽ കള്ളവോട്ടു നടന്നതായി കോൺഗ്രസ് ആരോപിക്കുന്നു.

പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്തിലെ 774-ാം വോട്ടറായ പത്മിനി രണ്ടു തവണ വോട്ടു ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദ്യം വോട്ടു ചെയ്തശേഷം വിരലിൽപുരട്ടിയ മഷി ഉടൻ തലയിൽ തുടച്ചു മായ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഈ സമയം പോളിങ് ബൂത്തിന്റെ വാതിൽ അടച്ചിരിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. 17-ാം ബൂത്തിൽ വോട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്ത് 16-ാം വാർഡംഗം എംപി. സലീന 19-ാം ബൂത്തിൽ വോട്ടുചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സലീനയ്ക്കു സിപിഎം ബൂത്ത് ഏജന്റ് തിരിച്ചറിയിൽ കാർഡ് കൈമാറുന്നതും, വോട്ടു ചെയ്തശേഷം മടക്കി നൽകുന്നതും വ്യക്തമായി കാണാം.

24-ാം ബൂത്തിലെ വോട്ടറായ ചെറുതാഴം മുൻ പഞ്ചായത്ത് അംഗം കെ.പി. സുമയ്യയും 19-ാം ബൂത്തിൽ വോട്ടുചെയ്യുന്നു. വോട്ടറല്ലാത്തവരും ബൂത്തിനുള്ളിൽ പ്രവേശിച്ചതിന്റെ തെളിവും ദൃശ്യങ്ങളിലുണ്ട്. തൃക്കരിപ്പൂർ 48-ാം ബൂത്തിലും പയ്യന്നൂർ 136-ാം ബൂത്തിലും കള്ളവോട്ട് നടന്നതിന്റെ തെളിവുകളും കോൺഗ്രസ് പുറത്തുവിട്ടു.

ടെൻഡേഡ് വോട്ടിനും അവസരം ഇല്ല

പിലാത്തറ സിഎം നഗറിലെ കെ.ജെ. ഷാലറ്റ്. ആ അനുഭവം ഷാലറ്റിനും വോട്ട് ചെയ്യാനായില്ല. 'കണ്ണൂരിൽ നിന്നു പിലാത്തറയിലേക്കു താമസം മാറിയതിനു ശേഷമുള്ള ആദ്യ വോട്ടായിരുന്നു ഇത്തവണത്തേത്. വോട്ടെടുപ്പ് ദിവസം വൈകിട്ട് 4.45 നാണ് ബൂത്തിലെത്തിയത്. അര മണിക്കൂറോളം വരിനിന്ന ശേഷം തിരിച്ചറിയൽ രേഖയും സ്ലിപ്പുമായി ബൂത്തിൽ കയറി. ക്രമനമ്പർ പറഞ്ഞപ്പോൾ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതായി കാണുന്നെന്ന് പോളിങ് ഓഫിസർ പറഞ്ഞു. ഒടുവിൽ എനിക്ക് വോട്ടു രേഖപ്പെടുത്താതെ മടങ്ങേണ്ടി വന്നു

സ്വന്തം വോട്ട് മറ്റാരെങ്കിലും ചെയ്‌തെന്ന വോട്ടറുടെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടാൽ പ്രിസൈഡിങ് ഓഫിസർ അവർക്ക് ടെൻഡേഡ് ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം നൽകണമെന്നാണു ചട്ടം. ഈ വോട്ട്, യന്ത്രത്തിൽ രേഖപ്പെടുത്തില്ല. ചെറിയ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥികൾ വിജയിക്കുന്ന സഹചര്യമുണ്ടായാൽ ടെൻഡേഡ് ബാലറ്റുകൾ പരിശോധനയ്ക്കായി കോടതിയിൽ ഹാജരാക്കും. എന്നാൽ, ഇങ്ങനെ ഒരവസരത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അറിയിച്ചില്ല.

ബൂത്ത് പിടിച്ചെടുക്കലും

പിലാത്തറ എയുപി സ്‌കൂളിലെ യുഡിഎഫ് പോളിങ് ഏജന്റ് പി.വി.സഹദ് മുട്ടം പറയുന്നുത് ഗുരുതരമായ വിഷയങ്ങളാണ്. ബൂത്ത് പിടിച്ചെടുക്കലും നടന്നുവെന്നാണ് പറയുന്നത്. 'വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ സിപിഎം പ്രവർത്തകർ ബൂത്ത് കയ്യേറിയ അവസ്ഥയായി. ബൂത്തിൽ വോട്ടില്ലാത്ത സിപിഎം പ്രവർത്തകർ ഇടയ്ക്കിടെ എത്തുന്നതു ചോദ്യം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥരോ പൊലീസോ ശ്രദ്ധിച്ചില്ല. പരാതി പറഞ്ഞതോടെ സിപിഎം പ്രവർത്തകർ ഭീഷണി തുടങ്ങി. ഒടുവിൽ രാവിലെ 11ന് ബൂത്തിൽ നിന്ന് ഇറങ്ങേണ്ടി വന്നു. ഈ സ്‌കൂളിലെ തന്നെ മറ്റൊരു ബൂത്തിലെ യുഡിഎഫ് ഏജന്റിനെ ആക്രമിക്കുകയും വോട്ടർ പട്ടിക പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു'.-സഹദ് വിശദീകരിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP