Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളനോട്ട് കേസിൽ പെട്ട് പുറത്തിറങ്ങിയത് ലോക്ഡൗണിന് തൊട്ടുമുൻപ്; ഇളവുകൾ പ്രഖ്യാപിച്ചതോടെ വീണ്ടും പരിപാടി തുടങ്ങി; കുടുംബവുമായി വീടുകൾ എടുത്തത് സംശയിക്കാതിരിക്കാൻ; തിരുവല്ല കള്ളനോട്ട് കേസിൽ സ്ത്രീകൾ അടക്കം ഏഴുപേർ പിടിയിൽ; പിടികൂടിയത് വാടക കാറിൽ കോട്ടയത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോകും വഴി പന്തളത്ത് നിന്ന്

കള്ളനോട്ട് കേസിൽ പെട്ട് പുറത്തിറങ്ങിയത് ലോക്ഡൗണിന് തൊട്ടുമുൻപ്; ഇളവുകൾ പ്രഖ്യാപിച്ചതോടെ വീണ്ടും പരിപാടി തുടങ്ങി; കുടുംബവുമായി വീടുകൾ എടുത്തത് സംശയിക്കാതിരിക്കാൻ; തിരുവല്ല കള്ളനോട്ട് കേസിൽ സ്ത്രീകൾ അടക്കം ഏഴുപേർ പിടിയിൽ; പിടികൂടിയത് വാടക കാറിൽ കോട്ടയത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോകും വഴി പന്തളത്ത് നിന്ന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയിൽ ഹോം സ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ടടി നടത്തി വന്ന കേസിൽ സ്ത്രീകൾ അടക്കം ഏഴുപേർ കൂടി പിടിയിൽ. കേസിലെ പ്രധാന പ്രതി ശ്രീകണ്ഠപുരം ചെമ്പേലി സ്വദേശി ഷിബു, ഭാര്യ നിമിഷ, ഷിബുവിന്റെ സഹോദരൻ സജയൻ, പൊൻകുന്നം സ്വദേശി മണി, കൊട്ടാരക്കര സ്വദേശി സുധീർ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇന്നലെ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജി (38) പിടിയിലായിരുന്നു. സംഘത്തോടൊപ്പം ഇന്ന് പിടികൂടിയ രണ്ട് സ്ത്രീകളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഘം ഉപയോഗിച്ചു വന്നിരുന്ന മൂന്ന് ഇന്നോവ കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലാവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിൽ നിന്ന് മാത്രമെ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകുമെന്ന് തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ പറഞ്ഞു.

കോട്ടയം നാഗമ്പടത്ത് നിന്ന് സജി പിടിയിലാകുമ്പോൾ രക്ഷപ്പെട്ടയാളാണ് ഷിബു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി ഇന്ന് രാവിലെ ടാക്സി വിളിച്ച് കൊട്ടാരക്കരയിലുള്ള സുധീറിന്റെ വീട്ടിലേക്ക് പോകും വഴി പന്തളത്ത് വച്ചാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്. ഷിബുവും സജിയും നേരത്തേയും കള്ളനോട്ട് കേസിൽ പ്രതികളാണ്. പൊന്നാനി, കണ്ണൂർ സ്റ്റേഷനുകളിലാണ് ഇവർ നേരത്തേ അറസ്റ്റിലായിട്ടുള്ളത്. ലോക്ഡൗണിന് തൊട്ടുമുൻപാണ് ഇവർ ജയിലിൽ നിന്ന് ഇറങ്ങിയത്. ഒഴിഞ്ഞ ഭാഗത്തുള്ള വില്ലകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് കുടുംബസമേതം താമസിക്കാനെത്തുന്നതാണ് ഇവരുടെ രീതി. ഇവിടെ വച്ചാണ് സ്‌കാനർ ഉപയോഗിച്ച് യഥാർഥ നോട്ട് സ്‌കാൻ ചെയ്ത് പ്രിന്റൗട്ട് എടുത്ത് ഒട്ടിച്ച് വ്യാജൻ സൃഷ്ടിക്കുന്നത്. കുടുംബ സമേതം എത്തിയാൽ വീട്ടുടമകൾ സംശയിക്കില്ല. ഉടമകളുമായി പരിചയവും അടുത്ത ബന്ധവും സ്ഥാപിക്കുകയും ചെയ്യും. ഒരു തവണ ആവശ്യത്തിന് നോട്ടുകൾ പ്രിന്റ് ചെയ്തിട്ട് അത് ചെലവഴിച്ച ശേഷം മറ്റൊരിടത്ത് ഇതേ പോലെ വീട് വാടകയ്ക്ക് എടുക്കും. റൊട്ടേഷൻ അനുസരിച്ചാണ് വീടുകൾ മാറിയിരുന്നത്. സജിയുടെ പിതൃ സഹോദര പുത്രനാണ് കാഞ്ഞങ്ങാട് സ്വദേശി ഷിബു.

സംസ്ഥാന ഇന്റലിജൻസ് വിഭാഗം നടത്തിയ സമർഥമായ നീക്കമാണ് പ്രതിയെ കുടുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹോം സ്റ്റേകളിലും വാടക വീടുകളിലും മാറി മാറി താമസിച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സജിയിൽ നിന്നും നോട്ട് അച്ചടിക്കാനുപയോഗിക്കുന്ന പ്രിന്ററും പേപ്പറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഘം പിടിയിലാകാൻ കാരണമായത് കുറ്റപ്പുഴയിലെ ഹോം സ്റ്റേ നടത്തിപ്പുകാരി ഇന്റലിജൻസിന് നൽകിയ വിവരമാണ്.

പൊലീസിനെ സമീപിക്കാതെ അവർ ഇന്റലിജൻസിനെ വിളിച്ചതിനും ന്യായമായ കാരണമുണ്ട്. മാസങ്ങൾക്ക് മുൻപ് ഇതേ ഹോം സ്റ്റേയിൽ താമസിച്ചിരുന്നവർ വാടകയായ 25,000 രൂപ നൽകാതെ മുങ്ങിയത് സംബന്ധിച്ച് തിരുവല്ല പൊലീസിൽ പരാതിപ്പെട്ടിരുന്നു. അതേപ്പറ്റി ഒരു അന്വേഷണംനടത്താൻ പൊലീസ് തയാറായിരുന്നില്ല. ഇതേപ്പറ്റി ചോദിച്ച ഷീലയെ പൊലീസുകാർ അവഹേളിച്ചുവെന്നും പറയുന്നു. ലോക്കൽ പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ് ഷീല പരിചയക്കാർ മുഖേനെ സംസ്ഥാന ഇന്റലിജൻസിലെ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയത്. ഇന്റലിജൻസിലെ സിപിഓ സുദർശനൻ സ്ഥലം പരിശോധിച്ചപ്പോൾ തന്നെ അപാകത മനസിലായി. വിവരം എസ്എസ്ബി ഡിവൈഎസ്‌പി കെഎ വിദ്യാധരന് കൈമാറി. വിദ്യാധരൻ നടത്തിയ പരിശോധനയിൽ സംഗതി കള്ളനോട്ടാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

വിദ്യാധരൻ നൽകിയ റിപ്പോർട്ട് പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്ന ചുമതല മാസമാണ് ലോക്കൽ പൊലീസിന് ഉണ്ടായിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP