Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീല ഓമ്‌നിയിലെത്തിവർ തട്ടിക്കൊണ്ടുപോയെന്നും കയ്യിൽ കടിച്ചു രക്ഷപ്പെട്ടെന്നും പത്തുവയസുകാരൻ; നാട്ടുകാരിളകി, പൊലീസുമായി ചേർന്നു തിരച്ചിലായി, വൈകുന്നരമായപ്പോൾ കണ്ട നീല ഓമ്‌നി തടഞ്ഞു ഡ്രൈവറെ പിടികൂടി; നാട്ടുകാർ കൈവയ്ക്കാതെ പൊലീസ് രക്ഷപ്പെടുത്തി കുട്ടിയുടെ മുമ്പിൽ കൊണ്ടുവന്നപ്പോൾ നുണ പറഞ്ഞതാണെന്നു കുട്ടി: നാട്ടുകാരെ മുൾമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോകൽ കഥ പയ്യാവൂരിലും

നീല ഓമ്‌നിയിലെത്തിവർ തട്ടിക്കൊണ്ടുപോയെന്നും കയ്യിൽ കടിച്ചു രക്ഷപ്പെട്ടെന്നും പത്തുവയസുകാരൻ; നാട്ടുകാരിളകി, പൊലീസുമായി ചേർന്നു തിരച്ചിലായി, വൈകുന്നരമായപ്പോൾ കണ്ട നീല ഓമ്‌നി തടഞ്ഞു ഡ്രൈവറെ പിടികൂടി; നാട്ടുകാർ കൈവയ്ക്കാതെ പൊലീസ് രക്ഷപ്പെടുത്തി കുട്ടിയുടെ മുമ്പിൽ കൊണ്ടുവന്നപ്പോൾ നുണ പറഞ്ഞതാണെന്നു കുട്ടി: നാട്ടുകാരെ മുൾമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോകൽ കഥ പയ്യാവൂരിലും

രഞ്ജിത് ബാബു

കണ്ണൂർ: തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞ് വീരപരിവേഷത്തിന് ശ്രമിക്കുന്ന കൗമാരക്കാർ കൂടി വരികയാണ്. കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര പട്ടണമായ പയ്യാവൂരിലും ഇത്തരമൊരു സംഭവം അരങ്ങേറി. ഒരു പത്തു വയസ്സുകാരനാണ് തട്ടിക്കൊണ്ടു പോകൽ കഥ ചമച്ച് നാട്ടുകാരേയും പൊലീസിനേയും മണിക്കൂറുകൾ ആശങ്കാകുലരാക്കിയത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വ്യാജവാർത്ത സംസ്ഥാന വ്യാപകമായി പ്രചരിക്കുമ്പോൾ രക്ഷിതാക്കൾ മക്കൾക്ക് പലതരത്തിലുള്ള ഉപദേശവും നൽകിയാണ് വിദ്യാലയങ്ങളിലും മറ്റും അയക്കുന്നത്. രക്ഷിതാക്കളുടെ ഉപദേശ നിർദ്ദേശങ്ങൾ കേട്ട ഏലിക്കുളത്തു പത്തു വയസ്സുകാരൻ കഥ ചമച്ചത് ഇങ്ങിനെ.

വൈകീട്ട് ആറ് മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത പയ്യാവൂരിൽ പ്രചരിച്ചത്. നീല ഓമ്നീ വാനിലെത്തിയ ഒരു സംഘം തന്നെ തട്ടിയെടുത്ത് വാഹനത്തിലിരുത്തി. അവരിൽനിന്ന് രക്ഷപ്പെടാൻ താൻ കയ്യിൽ കടിച്ച് മുറിവേൽപ്പിച്ചു. ഈ സമയം താൻ വാഹനത്തിന്റെ വാതിൽ തുറന്ന് പുറത്തുചാടി രക്ഷപ്പെട്ടു. നീല വാൻ അതോടെ ഓടിച്ചു പോവുകയും ചെയ്തു. ഇത്തിരിപ്പോന്ന പയ്യൻ കഥ തട്ടിവിട്ടതോടെ നാടും നാട്ടുകാരും അമ്പരന്നു. വിവരങ്ങളറിഞ്ഞ ഓരോരുത്തരും സ്വന്തം വീടുകളിലേയും അയൽവീടുകളിലേയും ബന്ധുക്കളുടേയും വീടുകളിൽ കുട്ടികൾ സുരക്ഷിതരാണോയെന്ന് ടെലിഫോൺ വഴി വിളിച്ചന്വേഷിക്കാൻ തുടങ്ങി. അതോടെ വിവരം കാട്ടുതീ പോലെ പടർന്നു. പയ്യാവൂരിലെ നാട്ടുകാർ ഇളകി.

കേട്ടവർ കേട്ടവർ പൊടിപ്പും തൊങ്ങലും വച്ച് കഥ വിശദീകരിച്ചു. രക്ഷിതാക്കളടക്കം നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി. നിമിഷങ്ങൾക്കകം തന്നെ നൂറുക്കണക്കിനാളുകൾ പയ്യാവൂർ പൊലീസ് സ്റ്റേഷന് മുന്നിലും മാർക്കറ്റ് പരിസരത്തും തടിച്ചു കൂടി. നീല ഓമ്നി വാനും അതിലെ കുട്ടികളെ തട്ടിയെടുക്കുന്ന സംഘവുമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. എസ്.ഐ. സി. മല്ലികയുടെ നേതൃത്വത്തിൽ വാഹനം കണ്ടെത്താൻ പൊലീസുകാർ രംഗത്തിറങ്ങി. ശ്രീകണ്ഠാപുരം സിഐ വി.വി. ലതീഷും സംഘവും സ്ഥലത്ത് കുതിച്ചെത്തി. വ്യാപകമായ തിരച്ചിലിനൊടുവിൽ രാത്രി 8.30 ഓടെ കുട്ടി വെളിപ്പെടുത്തിയ പോലെ നീല നിറമുള്ള ഓമ്നി വാൻ കണ്ടെത്തി. രോഷാകുലരായ നാട്ടുകാർ വാൻ തടഞ്ഞ് അക്രമിക്കാനൊരുങ്ങി.

അക്രമാസക്തരായ നാട്ടുകാർ വാനിനേയും അതിലെ ഡ്രൈവ് ചെയ്യുന്നയാളേയും കൈവയ്ക്കും മുമ്പു പൊലീസ് വളഞ്ഞ് രക്ഷപ്പെടുത്തി. വാനിൽ നിന്നും പൊലീസ് അകമ്പടിയോടെ സ്റ്റേഷനിലേക്ക് അയാളെ ഇറക്കിക്കൊണ്ടു വന്നു. ഈ സമയവും ഒന്നുമറിയാത്ത അയാൾക്കു നേരെ തെറിവിളി തുടരുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുട്ടിയെ കാണുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. എന്നിട്ടും ജനക്കൂട്ടത്തിന്റെ സംശയം മാറിയില്ല. ഒടുവിൽ അയാളേയുമായി പൊലീസുകാർ കുട്ടിയുടെ വീട്ടിൽ പോയി. അതോടെ കുട്ടിയുടെ മട്ട് മാറി. പൊലീസ് അനുനയത്തിൽ ചോദിച്ചപ്പോൾ താനൊന്നുമറിയില്ല എന്ന ഭാവത്തിലായിരുന്നു കുഞ്ഞു വിരുതൻ. തന്നെ ആരും തട്ടിക്കൊണ്ടു പോയില്ലെന്ന് തലകുലുക്കി നിഷേധിക്കുകയും ചെയ്തു. താൻ ചമച്ചെടുത്ത കഥയാണിതെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന വിവരം പ്രചരിച്ചപ്പോൾ രക്ഷിതാക്കൾ അവരുടെ കൈയിൽ കടിച്ച് രക്ഷപ്പെടണമെന്ന ഉപദേശം കഴിഞ്ഞ ദിവസം വീട്ടിൽ വച്ച് നൽകിയിരുന്നു. ഇത് മനസ്സിൽ വച്ച്, ശേഷം ഭാഗം പൂരിപ്പിച്ച് കഥ മെനഞ്ഞ വിരുതൻ ഒടുവിൽ ഒരു നാടിനേയും പൊലീസിനേയും മണിക്കൂറുകൾ മുൾ മുനയിലാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP