Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സി​ഗരറ്റുകൾ എത്തുന്നത് ഹണിമൂൺ സ്മൂത്ത്, ഗോൾഡ് വിമൽ തുടങ്ങിയ പേരുകളിൽ; ഡബിൾ സ്ട്രോങ്ങ് എന്ന പേരിൽ ഈടാക്കുന്നത് വലിയ വിലയും; സിഗരറ്റ് വലിക്കുമ്പോൾ ലഭിക്കുന്നത് വലിയ ലഹരിയും; ലോക് ഡൗണിനിടെ വ്യാജ സി​ഗരറ്റുകൾ വ്യാപകം

സി​ഗരറ്റുകൾ എത്തുന്നത് ഹണിമൂൺ സ്മൂത്ത്, ഗോൾഡ് വിമൽ തുടങ്ങിയ പേരുകളിൽ; ഡബിൾ സ്ട്രോങ്ങ് എന്ന പേരിൽ ഈടാക്കുന്നത് വലിയ വിലയും; സിഗരറ്റ് വലിക്കുമ്പോൾ ലഭിക്കുന്നത് വലിയ ലഹരിയും; ലോക് ഡൗണിനിടെ വ്യാജ സി​ഗരറ്റുകൾ വ്യാപകം

കെ കെ ജയേഷ്

കോഴിക്കോട്: രാജ്യത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ സിഗരറ്റ് ലഭിക്കാതെ വന്നതോടെ വ്യാജ സിഗരറ്റുകൾ വീണ്ടും വിപണിയിൽ വ്യാപകമായി വിറ്റഴിക്കുന്നു. ഹണിമൂൺ സ്മൂത്ത്, ഗോൾഡ് വിമൽ തുടങ്ങിയ പേരുകളിലാണ് സിഗരറ്റുകൾ എത്തുന്നത്. പ്രമുഖ സിഗരറ്റ് ബ്രാന്റുകളോട് സാമ്യമുള്ള പേരുകളിലുള്ള സിഗരറ്റുകൾക്ക് പുറമെ വിദേശ സിഗരറ്റുകളുടെ അതേ പേരിലും വ്യാജൻ വിപണിയിലുണ്ട്. ഒറിജിനൽ സിഗരറ്റാണ് എന്ന് പറഞ്ഞാണ് പലയിടത്തും കച്ചവടം. കൂടുതൽ സ്ട്രോങ്ങ് കൂടിയ ഇനമാണെന്ന് പറഞ്ഞ് വലിയ വിലയും സിഗരറ്റിന് ഈടാക്കുന്നുണ്ട്. ഒറിജിനൽ ബ്രാന്റുകളുടെ പേരിൽ എത്തുന്ന സിഗരറ്റുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ മാത്രമെ വ്യാജനാണെന്ന് വ്യക്തമാകുകയുള്ളു.

നികുതി നൽകാതെയും നിയമാനുസൃതമായ ആരോഗ്യ മുന്നറിയിപ്പുകൾ പാക്കറ്റിൽ പതിക്കാതെയും വിപണിയിലെത്തുന്ന ഇത്തരം വ്യാജ സിഗരറ്റുകൾക്കെതിരെ നേരത്തെ സംസ്ഥാനത്ത് നടപടി ശക്തമാക്കിയിരുന്നു. ഈ വർഷം ജനുവരിയിൽ കൊച്ചിയിലും ആലപ്പുഴയിലും വെച്ച് ഇത്തരം സിഗരറ്റുകൾ വലിയ തോതിൽ അധികൃതർ പിടിച്ചെടുത്തിരുന്നു. എന്നാൽ കോവിഡ് 19 ന്റെ സാഹചര്യത്തിൽ സിഗരറ്റുകൾ ലഭിക്കാത്തത് മുതലെടുത്ത് ഇത്തരം സിഗരറ്റുകൾ വീണ്ടും വിപണിയിൽ എത്തിയിരിക്കുകകയാണ്. നേരത്തെ വിലകുറച്ച് നൽകിയിരുന്ന ഇത്തരം വ്യാജ സിഗരറ്റുകൾ ഇപ്പോൾ പ്രധാന കമ്പനികളുടെ സിഗരറ്റുകളുടെ അതേ വിലയ്ക്കോ അതിൽ കൂടുതൽ വിലയ്ക്കോ ആണ് വിൽപ്പന നടത്തുന്നത്.

കമ്പനിയെക്കുറിച്ചോ ഉത്പാദിപ്പിക്കുന്ന സ്ഥലത്തെക്കുറിച്ചോ ഉള്ള യാതൊരു വിവരവും സിഗരറ്റ് പാക്കറ്റുകളിലില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം സിഗരറ്റുകൾ കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ തന്നെ ഇത്തരം സിഗരറ്റുകൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ ഉള്ളതായും വിവരമുണ്ട്.

വളരെ മോശം പുകയിലയാണ് ഇത്തരം സിഗരറ്റുകളിൽ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ലഹരിയാണ് സിഗരറ്റ് വലിക്കുമ്പോൾ ലഭിക്കുന്നതെന്ന് ഉപയോഗിക്കുന്നവർ വ്യക്തമാക്കുന്നു. സിഗരറ്റിൽ ഉപയോഗിക്കുന്ന പുകയിലയുടെ ഉപയോഗ കാലയളവ് രണ്ട് മാസമാണ്. എന്നാൽ നിർമ്മാണ തിയ്യതിപോലും ഇല്ലാത്തതുകൊണ്ട് എത്രകാലം മുമ്പുണ്ടാക്കിയാണ് എന്ന് അറിയാനും സാധിക്കില്ല.

അധികൃതരുടെ കണ്ണിൽ പെടാതെ അതീവ രഹസ്യമാണ് ഇത്തരം സിഗരറ്റുകളുടെ വിൽപ്പന. പലപ്പോഴും പരിചയക്കാർക്ക് മാത്രമാണ് സിഗരറ്റ് നൽകുകയുള്ളു. സാധാരണ സിഗരറ്റ് വിറ്റാൽ കടക്കാർക്ക് വളരെ കുറഞ്ഞ ലാഭം മാത്രമാണ് ലഭിക്കുക. എന്നാൽ വ്യാജ സിഗരറ്റുകൾക്ക് വലിയ ലാഭമാണ് വിൽക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ യഥേഷ്ടം വിലകയറ്റി വിൽക്കുവാനും സാധിക്കും. നിലവാരം കുറഞ്ഞ പുകയില ഉപയോഗിച്ചുള്ള ഇത്തരം സിഗരറ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP