Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല'; ഫായിസ് കൊടുത്തു കോവിഡ് അതിജീവനത്തിന് 10313 രൂപ; ''ഇനി റെഡ്യായിലെങ്കിലും കൊയപ്പല്ല'' എന്ന് നമ്മളെ പ്രചോദിപ്പിച്ച നാലാം ക്ലാസുകാരൻ വീണ്ടും താരമാകുമ്പോൾ...

ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല'; ഫായിസ് കൊടുത്തു കോവിഡ് അതിജീവനത്തിന് 10313 രൂപ; ''ഇനി റെഡ്യായിലെങ്കിലും കൊയപ്പല്ല'' എന്ന് നമ്മളെ പ്രചോദിപ്പിച്ച നാലാം ക്ലാസുകാരൻ വീണ്ടും താരമാകുമ്പോൾ...

ജംഷാദ് മലപ്പുറം

മലപ്പുറം: ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല'. മലപ്പുറം കൊണ്ടോട്ടയിലെ കൊച്ചുമിടുക്കൻ ഫായിസ് കൊടുത്തു കോവിഡ് അതിജീവനത്തിനായി 10313 രൂപ. ഇന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണന് നേരിട്ടാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയാ താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം കൈമാറിയത്. ഒറ്റ വിഡിയോയിൽ ക്ലിക്കായ 10 വയസുകാരൻ മുഹമ്മദ് ഫായിസാണ് ഇപ്പോഴത്തെ താരം. ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല. ഇനി റെഡ്യായിലെങ്കിലും കൊയപ്പല്ല'' എന്ന് നമ്മളെ പ്രചോദിപ്പിച്ച നാലാം ക്ലാസുകാരൻ. വെറുതെ കലക്ടറെ കാണാനല്ല ഫായിസ് വന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ പേരിൽ തനിക്ക് ലഭിച്ച തുകയിൽ നിന്ന് ഒരു വിഹിതം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് നൽകിയിരുന്നു. ഇതിനു പുറമെ വീട്ടുകാരുടെ വിഹിതവും കൂടി ചേർത്ത് 10313 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് ഫായിസ് എത്തിയത്. ആരാവണമെന്നാണ് ആഗ്രഹമെന്ന കലക്ടറുടെ ചോദ്യത്തിന് പൊലീസ് എന്ന ഉറച്ച മറുപടി. പരാജയങ്ങൾ ഒന്നിന്റെയും അവസാനമല്ലെന്നാണ് ഫായിസ് നമ്മളെ പഠിപ്പിച്ചതെന്ന് കലക്ടർ പറഞ്ഞു. പരാജയങ്ങളും തിരിച്ചടികളും നേരിടുമ്പോൾ ആർക്കും പ്രചോദനമാകുന്ന വാചകം. അത് തന്നെയും പ്രചോദിപ്പിക്കുന്നുവെന്നും ഈ ജില്ലയിൽ നിന്ന് അത്തരമൊരു വിദ്യാർത്ഥിയെ ലോകം തിരിച്ചറിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും കലക്ടർ പറഞ്ഞു.

ചെറിയ തിരിച്ചടികൾക്ക് മുന്നിൽ പതറിപ്പോകുകയും ആത്മഹത്യയിലേക്കുപോലും നയിക്കപ്പെടുകയും ചെയ്യുന്ന കുട്ടികൾ നമ്മുടെ സമൂഹത്തിലുള്ളപ്പോഴാണ് ഫായിസ് വേറിട്ട് നിൽക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ പ്രചോദനമാകുന്ന ഒരു വിഡിയോ തയ്യാറാക്കണമെന്ന് കലക്ടർ ഫായിസിനോട് പറഞ്ഞു. കോവിഡിനെതിരെ തിരുവനന്തപുരം ജില്ലാ ഭരണകൂടം തയ്യാറാക്കിയ വീഡിയോ അദ്ദേഹം ഫായിസിനെ കാണിക്കുകയും ചെയ്തു. ഫായിസിന്റെ ആഗ്രഹം പോലെ ഉയർന്ന ഒരു പൊലീസ് ഓഫീസറാകണമെന്നും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ പ്രവർത്തിക്കാനുള്ള അവസരമുണ്ടാകട്ടെ എന്നും കലക്ടർ ആശംസിച്ചു. ഫായിസിന് പ്രത്യേക ഉപഹാരവും ജില്ലാകലക്ടർ നൽകി.

പരാജയത്തിൽ തളരരുതെന്ന ഒരു നല്ല സന്ദേശമാണ് ഫായിസ് നൽകിയത്. തനിക്ക് ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതും ഒരു നല്ല മാതൃകയാണ്. ഫായിസിന്റെ ആത്മവിശ്വാസത്തിന് സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ട ആളുകളുടെ പിന്തുണയാണ് ലഭിച്ചത്. നാടൻ ശൈലിയിലുള്ള ഫായിസിന്റെ വാക്കുകൾ സാമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുക കൈമാറിയ ശേഷം ഫായിസ് പറഞ്ഞു 'ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല, പക്ഷേ എല്ലാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണം'. കുഴിഞ്ഞോളം പറക്കാട് സ്വദേശിയായ അബ്ദുൾ മുനീർ സഖാഫിയുടേയും മൈമൂനയുടേയും മകനാണ് മുഹമ്മദ് ഫായിസ്. എളാപ്പമാരായ അബ്ദുൾ സലീമും സൈതലവിയും അയൽവാസികളായ മുനീർ, അലി അസ്‌കർ എന്നിവരും ഫായിസിനൊപ്പമുണ്ടായിരുന്നു.

മലപ്പുറം ചൈൽഡ് ലൈനിന്റെ ഉപഹാരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.പി.എം റിയാസ് കൈമാറി. കോർഡിനേറ്റർമാരായ സി.പി സലീം, അൻവർ കാരക്കാടൻ സന്നിഹിതരായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിലെ കോവിഡ് കോൺടാക്ട് ട്രേസിങ് സെല്ലിന്റെ ഉപഹാരം ഡോ. നവ്യയും ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ ഉപഹാരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഐ.ആർ പ്രസാദ്, സബ് എഡിറ്റർ ടി. അനീഷ എന്നിവർ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP