Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

‘ഗോഡ്സ് ഓൺ കൺട്രി’യിൽ ഫൈസൽ ഫരീദ് അഭിനയിച്ചത് ചെറിയ വേഷത്തിൽ; ആളെ ഏർപ്പാടാക്കിയത് അഭിനേതാക്കളെ കോഡിനേറ്റ് ചെയ്യുന്ന ആൾ എന്നും സംവിധായകൻ; തന്റെ ചിത്രത്തിൽ അഭിനയിച്ച അതേ ആൾ തന്നെയാണോ ഫൈസൽ ഫരീദ് എന്നറിയില്ലെന്നും വാസുദേവൻ സനൽ; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയുടെ സിനിമാ ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്; ചിത്രത്തിന്റെ ക്രെഡിറ്റ്സ് ലൈനിലും ഫൈസൽ ഫരീദിന്റെ പേര്

‘ഗോഡ്സ് ഓൺ കൺട്രി’യിൽ ഫൈസൽ ഫരീദ് അഭിനയിച്ചത് ചെറിയ വേഷത്തിൽ; ആളെ ഏർപ്പാടാക്കിയത് അഭിനേതാക്കളെ കോഡിനേറ്റ് ചെയ്യുന്ന ആൾ എന്നും സംവിധായകൻ; തന്റെ ചിത്രത്തിൽ അഭിനയിച്ച അതേ ആൾ തന്നെയാണോ ഫൈസൽ ഫരീദ് എന്നറിയില്ലെന്നും വാസുദേവൻ സനൽ; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയുടെ സിനിമാ ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്; ചിത്രത്തിന്റെ ക്രെഡിറ്റ്സ് ലൈനിലും ഫൈസൽ ഫരീദിന്റെ പേര്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ് ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന മലയാള സിനിമയിൽ അഭിനയിച്ച സംഭവത്തിൽ തനിക്കൊന്നും അറിയില്ലെന്ന വിശദീകരണവുമായി സംവിധായകൻ വാസുദേവൻ സനൽ. അഭിനേതാക്കളെ കോഡിനേറ്റ് ചെയ്യുന്ന ആളാണ് ആ കഥാപാത്രത്തിനായി ഒരാളെ കൊണ്ടുവന്നത് എന്നാണ് വാസുദേവൻ സനൽ വ്യക്തമാക്കുന്നത്. പ്രാധാന്യമില്ലാത്ത റോളിലാണ് ഇയാൾ അഭിനയിച്ചതെന്നും ഫൈസലിന്റെ മുഖം ഇപ്പോൾ വാർത്തകളിൽ കണ്ടിട്ടും ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുമാണ് വാസുദേവൻ സനൽ വെളിപ്പെടുത്തിയത്. ഷാർജയിൽ ചിത്രീകരിച്ച സിനിമയുടെ ഭാഗത്തിൽ മൂന്ന് സെക്കൻഡ് ഒരു അറബ് പൊലീസുകാരന്റെ വേഷത്തിലാണ് ഫൈസൽ ഫരീദ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രെഡിറ്റ്സ് ലൈനിലും ഫൈസൽ ഫരീദിന്റെ പേര് വന്നിരുന്നു.

ഫഹദ് ഫാസിൽ നായകനായി 2014ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഒരു സീനിൽ പൊലീസ് വേഷം ചെയ്യാൻ അറബ് ഭാഷ അറിയാവുന്ന അവിടുത്തെ മുഖച്ഛായയുള്ള രണ്ടു പേരെയാണ് വേണ്ടിയിരുന്നത്. ഇത്തരത്തിൽ രണ്ടു യുവാക്കളെ ആവശ്യമുണ്ടെന്ന് അവിടെ അഭിനേതാക്കളെ കോർഡിനേറ്റ് ചെയ്യുന്ന ആളെ അറിയിച്ചിരുന്നു. അതനുസരിച്ചാണ് ഇവർ സിനിമയിൽ എത്തുന്നത്. അന്ന് തന്റെ സിനിമയിൽ അഭിനയിച്ചത് ഫൈസൽ ഫരീദാണെന്ന് മാധ്യമങ്ങളിൽ വന്നപ്പോഴാണ് മനസ്സിലാക്കുന്നത്. എന്നാൽ അയാൾ തന്നെയാണോ ഈ ഫൈസൽ എന്നറിയില്ലെന്നും സംവിധായകൻ പറയുന്നു. 2014 മുതൽ ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന മലയാള സിനിമകളിൽ കയറിപ്പറ്റാൻ ഫൈസൽ ശ്രമം നടത്തിയിരുന്നതായാണ് സൂചന. ഇത്തരത്തിൽ ബന്ധങ്ങൾ വളർത്തിയ ഫൈസൽ സ്വർണക്കടത്തിനായി സിനിമയെ മറയാക്കിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നാലു മലയാള സിനിമകളിൽ ഫൈസൽ പണം മുടക്കിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

സിനിമയിൽ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട ഫൈസൽ പിന്നീട് സിനിമയിൽ നിക്ഷേപം നടത്താൻ തക്കവണ്ണം വളർന്നെങ്കിൽ അതെ എങ്ങനെയെന്നും അന്വേഷണ സംഘം പരിശോധിക്കും. നേരത്തെ മലയാള സിനിമകളിൽ ഫൈസൽ പണം മുടക്കി എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. പണം മുടക്കുന്ന സിനിമകളിൽ നിർമ്മാതാക്കൾ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പ്രവണത മലയാള സിനിമയിൽ പലപ്പോഴും കണ്ടുവരുന്നുണ്ട്. ഈ വഴിയിലൂടെ തന്നെയാണോ ഫൈസൽ ഫരീദും സിനിമയിൽ എത്തിയതെന്ന കാര്യത്തിനും വ്യക്തമല്ല. തെലുങ്ക് ചിത്രത്തിന്റെ വിതരണം ഫൈസൽ ഏറ്റെടുത്തതായും വിവരം ലഭിച്ചു. എന്നാൽ ഒന്നിലും പേരു വച്ചിരുന്നില്ല. വേറെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നും അറിവില്ല.

സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ മുഖ്യകണ്ണികൾ രാജ്യം വിട്ടു എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. ഫൈസൽ ഫരീദിന് പിന്നിലുള്ളത് സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണികളാണ് വിദേശത്ത് ഉണ്ടായിരിക്കുന്നത് എന്നാണ് അറിയേണ്ടത്. മൂന്ന് മലയാളികളെക്കുറിച്ചാണ് കസ്റ്റംസിനു വിവരം ലഭിച്ചിരിക്കുന്നത്. പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സംഘത്തിലെ പ്രധാന കണ്ണികളായ റബിൻസും ഫൈസൽ ഫരീദുമായി അടുത്ത ബന്ധമുള്ളവരാണിവരെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

സംഘത്തിലെ പ്രധാനിയായ റബിൻസിനെ പിടികൂടാനുള്ള തെളിവുകൾ കസ്റ്റംസ് ശേഖരിച്ചുകഴിഞ്ഞു. മൂവാറ്റുപുഴ സ്വദേശി ജലാലുമായി അടുത്ത ബന്ധമുള്ള ഫൈസൽ ഫരീദിനും റബിൻസിനുമൊപ്പം ഈ ദുബായ് മലയാളികൾ സ്വർണക്കടത്തിനായി കോടികൾ സ്വരൂപിക്കുകയായിരുന്നെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിൽനിന്ന് ബുധനാഴ്ച ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോവിഡ് കാലത്ത് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നതിൽ മുന്നിലുണ്ടായിരുന്ന സംഘടനയുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു. നിക്ഷേപകർക്ക് പണം തിരിച്ചുനൽകുന്നതിന്റെ ചുമതലയാണ് റബിൻസിനുണ്ടായിരുന്നത്. ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കിയിട്ടുണ്ട്. അടുത്തിടെ മറ്റൊരു സ്വർണക്കടത്ത് കേസിൽ പിടിയിലായ ഇയാളുടെ ബന്ധുവിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിനുടമയാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു.

റബിൻസുമായി അടുത്ത ബന്ധമുള്ള മൂവാറ്റുപുഴ സ്വദേശി എസ്. മോഹനും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ഇയാൾക്ക് സിനിമാമേഖലയുമായും ബന്ധമുണ്ട്. വിദേശത്തുനിന്നു ചാർട്ടേഡ് ഫ്‌ളൈറ്റുകൾ സജ്ജമാക്കാൻ റബിൻസിനൊപ്പം പ്രവർത്തിച്ചിരുന്നയാളാണിയാൾ. എമിഗ്രേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈ ഉദ്യോഗസ്ഥനും സിനിമാമേഖലയുമായുള്ള ബന്ധങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്കു വ്യക്തമായിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് എടുത്തുനൽകിയ അപ്പാർട്ട്‌മെന്റിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്നത്. സസ്‌പെൻഷനിലായ ഗൺമാനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് കേരളപൊലീസിനു വിവരം നൽകിയതായും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയിട്ടുണ്ട്.

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് നടന്ന വൻ സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. എന്നാൽ, ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. നയതന്ത്ര ചാനൽ വഴി സ്വർണം അയച്ച സംഘമാണ് മൂവാറ്റുപുഴ സ്വർണ കള്ളക്കടത്തിന് പിന്നിലെന്നുമാണ് സംശയിക്കുന്നത്. 2013നും 2015നും ഇടയിൽ മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കള്ളക്കടത്ത് സംഘം 1500 കിലോ സ്വർണമാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇപ്പോൾ ഫൈസലിന്റെ സഹായിയായി പ്രവർത്തിക്കുന്നവരെക്കുറിച്ച് 2015ൽതന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോവാൻ കഴിഞ്ഞിരുന്നില്ല. ചില പേരുകൾ ലഭിച്ചെങ്കിലും ഇത് സ്ഥിരീകരിക്കാനാവാതെ വന്നതോടെയാണ് അന്ന് അന്വേഷണം നിലച്ചത്.

ആറുദിവസത്തെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ കിട്ടിയ കെ.ടി. റമീസിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി ജലാലുമായുള്ള ബന്ധംകൂടി കണക്കിലെടുക്കുമ്പോൾ ഫൈസലിന്റെ സഹായികൾ മൂവാറ്റുപുഴ സ്വദേശികൾതന്നെയാവും എന്നാണ് അനുമാനം. എൻ.ഐ.എ കോടതിക്ക് പിന്നാലെ, കസ്റ്റംസിന്റെ അപേക്ഷയിൽ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സാമ്പത്തികം) കോടതിയും ഫൈസലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റർപോളിനെ സമീപിക്കാനും ശ്രമിക്കുന്നുണ്ട്. ഫൈസലിന്റെ സഹായികൾ ആരെന്ന് തിരിച്ചറിഞ്ഞാലുടൻ അവരെയും നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി അനുമതി നൽകിയിട്ടുമുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യുന്നത്. എൻ.ഐ.എയുടെ ഓഫിസിലെത്തിയാവും ഇവരെ ചോദ്യം ചെയ്യുക. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ നാല് പ്രതികൾ ജാമ്യം തേടി എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അംജദ് അലി, സംജു, ജിഫ്‌സൽ, മുഹമ്മദ് അൻവർ എന്നിവരാണ് ജാമ്യ ഹരജി നൽകിയത്.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാളെക്കൂടി കസ്റ്റംസ് പിടികൂടി. സ്വർണക്കടത്തിന് പണം നിക്ഷേപിച്ച മലപ്പുറം മഞ്ചേരി പുളിക്കുത്ത് ഹംസത്ത് അബ്ദുസ്സലാമിനെയാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കാനായി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച കസ്റ്റംസ് ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കടത്തിലും ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. 2000ത്തിൽ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.

ഇതോടെ കേസിൽ കസ്റ്റംസ് അറസ്റ്റിലായവരുടെ എണ്ണം 16 ആയി. തിരുവനന്തപുരം സ്വദേശി പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, കെ.ടി. റമീസ്, മുഹമ്മദ് ഷാഫി, ഹംജദ് അലി, മുഹമ്മദ് അൻവർ, സെയ്തലവി, ടി.എം. സംജു, പി.എം. അബ്ദുൽ ഹമീദ്, അബൂബക്കർ പഴേടത്ത്, ജലാൽ, കെ.വി. മുഹമ്മദ് (അബ്ദുൽ ഷെമീം), സി.വി. ജിഫ്സൽ, പി.ടി. അബ്ദു എന്നിവരാണ് മുമ്പ് അറസ്റ്റിലായത്. മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദിനുവേണ്ടി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് അപേക്ഷ നൽകും. സിബിഐ മുഖേന ഇന്റർപോളിന്റെ സഹായത്തോടെ നോട്ടീസ് നൽകി പിടികൂടാനാണ് നീക്കം. ഇതിന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ കസ്റ്റംസ് ഉടൻ അപേക്ഷ നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP