Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏഴിമല നാവിക അക്കാദമിയിൽനിന്നു താഴേക്കു പതിക്കുന്നത് 15 ലക്ഷം ലിറ്റർ മാലിന്യം; അക്കാദമിക്കു വേണ്ടു കുടിയൊഴിഞ്ഞവർക്ക് മുകളിൽനിന്നുള്ള മാലിന്യം കൊണ്ടു ജീവിക്കാനാവുന്നില്ല; കുടിവെള്ളം കിട്ടാതെ കിണറുകൾ മലിനമയം, ചർമരോഗങ്ങൾ വ്യാപകം; നാട്ടുകാർ പ്രക്ഷോഭത്തിൽ

ഏഴിമല നാവിക അക്കാദമിയിൽനിന്നു താഴേക്കു പതിക്കുന്നത് 15 ലക്ഷം ലിറ്റർ മാലിന്യം; അക്കാദമിക്കു വേണ്ടു കുടിയൊഴിഞ്ഞവർക്ക് മുകളിൽനിന്നുള്ള മാലിന്യം കൊണ്ടു ജീവിക്കാനാവുന്നില്ല; കുടിവെള്ളം കിട്ടാതെ കിണറുകൾ മലിനമയം, ചർമരോഗങ്ങൾ വ്യാപകം; നാട്ടുകാർ പ്രക്ഷോഭത്തിൽ

രഞ്ജിത് ബാബു

കണ്ണൂർ: ഹനുമാൻ മൃതസഞ്ജീവിനി എടുത്തെറിഞ്ഞപ്പോൾ വീണ സ്ഥലമാണ് ഏഴിമലയെന്നാണ് വിശ്വാസം. രാമ-രാവണ യുദ്ധത്തിൽ ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റ് രാമലക്ഷ്മണന്മാരും വാനർമാരും മരിച്ചു വീണപ്പോൾ ഹിമാലയത്തിൽ നിന്നും ഹനുമാൻ മൃതസഞ്ജീവിനി അടങ്ങുന്ന മലയുമായി ലങ്കയിലെത്തി. രാമലക്ഷമണന്മാരേയും വാനരന്മാരേയും മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ ഹനുമാന് മലയുടെ ഭാഗം ഹിമാലയത്തിൽ തിരിച്ചു കൊണ്ടു വെക്കാൻ സമയമില്ലായിരുന്നു. അതിനാൽ ഹനുമാൻ ലങ്കയിൽ നിന്നും മലയെടുത്ത് എറിഞ്ഞു. അതിന്റെ ഒരു ഭാഗം വീണത് ഏഴിമലയിലായിരുന്നു. കഥയെന്തായിരുന്നാലും ഏഴിമല ഔഷധ സസ്യങ്ങളുടെ കലവറയായിരുന്നു.

ഇതൊക്കെ പഴയ കഥ. ഇന്ന് രാജ്യത്തിന്റെ ശിരസ്സ് ഉയർത്തിപ്പിടിക്കുന്ന നാവിക അക്കാദമിയാണ് ഏഴിമല. ഏഷ്യയിലെ ഏറ്റവും വലിയതും മികച്ചതുമായ നാവിക അക്കാദമി എന്ന സ്ഥാനവും അലങ്കരിക്കുന്നു. ഇന്ത്യയിലേയും സൂഹൃദ്‌രാഷ്ട്രങ്ങളുടേയും നാവിക സേനാംഗങ്ങൾക്ക് ഉയർന്ന തലത്തിലുള്ള പരിശീലനം ഇവിടെ നിന്നും നൽകുന്നുണ്ട്. കേരളത്തിന്റെ സൗഭാഗ്യമെന്നാണ് ഏഴിമല നാവിക അക്കാദമിയെ വിശേഷിപ്പിക്കുന്നത്.

എന്നാൽ യഥാർത്ഥ വസ്തുത മറ്റൊന്നാണ്. രാജ്യത്തിന്റെ കാവൽക്കാരനെപ്പോലെ ഉയർന്നു നിൽക്കുന്ന ഈ മലയിൽ നിന്നും ഇന്ന് താഴോട്ട് പതിക്കുന്നത് 16 ലക്ഷം ലിറ്റർ മലിനജലമാണ്. ഇതു സംഭരിക്കുന്ന മാലിന്യപ്ലാന്റിൽനിന്നുള്ള മാലിന്യം വേനൽക്കാലമായതോടെ രാമന്തളിയിലെ ജനവാസ കേന്ദ്രങ്ങളിലെ കിണറുകളിൽ ദൃശ്യമാകാൻ തുടങ്ങിയതോടെ ജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രക്ഷോഭത്തിലാണ്. മാർച്ചും ഉപവാസവും നടത്തിയിട്ടും പ്രശ്നപരിഹാരമായില്ല.

ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനയുടെ ആഭിമുഖ്യത്തിൽ അക്കാദമിയിലേക്കുള്ള റോഡ് ഉപരോധിച്ചും കൂടുതൽ ജനങ്ങൾ പ്രക്ഷോഭത്തിൽ പങ്കാളികളാവുകയാണ്. പ്രശ്നം നിയമസഭയിലും ലോകസഭയിലും ഉന്നയിക്കാൻ സമര സമിതി മുന്നിട്ടിറങ്ങിയിരിക്കയാണെന്ന് കൺവീനർ വിനോദ് കുമാർ രാമന്തളി പറഞ്ഞു. മാലിന്യം സംഭരിക്കുന്ന പ്ലാന്റ് ജനവാസ കേന്ദ്രത്തിനരികിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതു കൂടാതെ അക്കാദമിയിൽനിന്നുള്ള മാംസാവശിഷ്ടങ്ങളുൾപ്പെടെയുള്ള വെയ്സ്റ്റും ജനവാസകേന്ദ്രങ്ങൾക്കടുത്താണു നിക്ഷേപിക്കുന്നത്.

സേനാംഗങ്ങളും മറ്റ് ജീവനക്കാരും പരിശീലകരും കുടുംബങ്ങളുമായി ആയിരക്കണക്കിന് ജനങ്ങൾ ഏഴിമലയിലുണ്ട്. അവിടെ നിന്നും ഒഴിക്കി കളയുന്ന മലിനജലം രാമന്തളി ഗ്രാമത്തിലെ ജനവാസകേന്ദ്രത്തിലേക്കാണ് തള്ളിവിടുന്നത്. ആയിരത്തിലേറെ പേർ അധിവസിക്കുന്ന രാമന്തളിയിലെ കിണറുകളിൽ ഇപ്പോൾ മലിനജലമാണ്. ചർമ്മ രോഗങ്ങൾ മൂലം നിരവധി പേർ കഷ്ടപ്പെടുന്നു. അക്കാദമിയിൽ ഒരുക്കിയിട്ടുള്ള അശാസ്ത്രീയ മാലിന്യ പ്ലാന്റ്ുകളാണ് ജനങ്ങൾക്ക് ദുരിതം വിതക്കുന്നത്. കിണറുകളിൽ പെട്ടെന്ന് മലിനജലം ഉയരുന്നു. കടുത്ത വേനലിലും മലിനജലം മൂലമുള്ള നിരപ്പ് കൂടുന്നു. ധർണ്ണയും മാർച്ചും പ്രതിഷേധ പ്രകടനവും ഉപരോധവും നടത്തി സമരമുഖത്ത് നിലകൊള്ളുകയാണ് പരിസരവാസികൾ. നാവിക സേനാ അധികാരികൾ ഒന്നും ചെയ്യാനാവാതെ മുഖം തിരിച്ചു നിൽപ്പാണ്.

1983 ലാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളത്തിന് വേണ്ടി ജനങ്ങൾ ഭൂമി വിട്ടുനൽകിയത്. അവിടെ താമസിച്ചിരുന്നവർ കുടിയൊഴിഞ്ഞു താഴേക്കു താമസം മാറ്റുകയായിരുന്നു. 2500 ഏക്കർ ഭൂമിയിൽ നിന്നും കുടിയൊഴിഞ്ഞ രാമന്തളി പ്രദേശത്തെ ജനങ്ങൾ അക്കാദമി പൂർത്തിയായതോടെ മലിനജല ഭീഷണിയിലായി. ഒരു പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശവും ദേശസുരക്ഷയുടെ പ്രാധാന്യത്തിനു വേണ്ടി നൽകപ്പെട്ടവർ ഇന്ന് കുടിവെള്ളത്തിനായി കേഴുകയാണ്. അക്കാദമി സ്ഥാപിച്ചതിലെ അശാസ്ത്രീയതയും ആസൂത്രണത്തിലെ പിഴവും കാരണമാണ് ജനവാസ കേന്ദ്രങ്ങളിലെ കുടിവെള്ള സ്ത്രോതസ്സുകൾ മലിനപ്പെടാൻ ഇടയായത്. മാലിന്യ പ്ലാന്റുകളും ടാങ്കുകളും സ്ഥാപിക്കുമ്പോൾ അക്കാദമിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾക്ക് ദ്രോഹകരമാകുമോ എന്നൊന്നും പ്രതിരോധ വകുപ്പിന്റെ പരിഗണനയിലേ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ പരാതി അവർ അംഗീകരിക്കുന്നു. എന്നാൽ പരിഹാരം എന്തെന്ന് അവർക്കു പോലും അറിയില്ല.

പ്രതിരോധ വകുപ്പ് പദ്ധതികൾക്കായി കോടികൾ ചിലവഴിക്കുമ്പോഴും അവരുടെ പിഴവുകൊണ്ടു മാത്രം ആയിരത്തിലധികം വരുന്ന ജനങ്ങൾക്ക് ദ്രോഹകരമാകുന്നത് പരിഗണനാ വിഷയമേ ആകുന്നില്ല. നിലവിലുള്ള മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിച്ചും പ്ലാന്റ്ുകളും ടാങ്കുകളും മാറ്റി സ്ഥാപിച്ചും ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയും. എന്നാൽ അധികാരികൾ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിലും വള്ളം തുഴയലിലും മാദ്ധ്യമ ശ്രദ്ധ തിരിച്ചു വിടുകയാണ്. ഇനിയും ജനം സഹിച്ചുവെന്ന് വരില്ല. രാജ്യത്തിന്റെ സേനാവിഭാഗത്തിന് മുതൽകൂട്ടായ നാവിക അക്കാദമിക്കെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കേണ്ടി വരുമെന്ന അവസ്ഥയിലെത്തിയിരിക്കയാണ് അവർ. വിളപ്പിൽശാല പോലെ ഉന്നത നീതിപീഠത്തിന്റെ ഇടപെടൽ നാവിക സേനക്കെതിരെ ഉണ്ടാകാൻ പ്രേരിപ്പിക്കരുതെന്ന് മാത്രമാണ് അവരിപ്പോഴും ആഗ്രഹിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP