Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയ്ക്ക് മാത്രം ചെലവായത് 43.14 ലക്ഷം രൂപ; ഹോട്ടൽ താമസത്തിന് 18.54 ലക്ഷവും യാത്രകൾക്കായി 22.38 ലക്ഷം രൂപയും; വിവരാവകാശപ്രകാരം ചെലവുകൾ വെളിപ്പെടുത്തിയത് ലണ്ടനിലെ ഹൈക്കമ്മീഷൻ; കടത്തിന് മേൽ കടം കയറി നിൽക്കുന്ന സർക്കാരിന്റെ ധൂർത്തെന്ന് ആക്ഷേപം; വിദേശയാത്രയുടെ കണക്ക് പുറത്തുവിടണമെന്ന് ബിജെപി

മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയ്ക്ക് മാത്രം ചെലവായത് 43.14 ലക്ഷം രൂപ; ഹോട്ടൽ താമസത്തിന് 18.54 ലക്ഷവും യാത്രകൾക്കായി 22.38 ലക്ഷം രൂപയും; വിവരാവകാശപ്രകാരം ചെലവുകൾ വെളിപ്പെടുത്തിയത് ലണ്ടനിലെ ഹൈക്കമ്മീഷൻ; കടത്തിന് മേൽ കടം കയറി നിൽക്കുന്ന സർക്കാരിന്റെ ധൂർത്തെന്ന് ആക്ഷേപം; വിദേശയാത്രയുടെ കണക്ക് പുറത്തുവിടണമെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ പോലും നൽകാൻ വകയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് സംസ്ഥാന സർക്കാർ. ജനങ്ങളോട് മുണ്ടുമുറുക്കി ജീവിക്കാൻ ആവശ്യപ്പെടുകയും, സർക്കാർ കാറുകൾ വില കൂടിയ കാറുകൾ വാങ്ങിക്കൂട്ടുന്നത് അടക്കം ധൂർത്തിലേക്ക് നീങ്ങുകയാണെന്നും ആക്ഷേപം ഉയർന്നിരുന്നു. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും, മറ്റു മന്ത്രിമാരും ചേർന്ന് നടത്തിയ ലണ്ടൻ യാത്രയുടെ ചെലവ് കണക്കുകൾ പുറത്തുവന്നു.

ലണ്ടൻ യാത്രയ്ക്ക് ചെലവായത് 43.14 ലക്ഷം രൂപ. ഹോട്ടൽ താമസത്തിന് 18.54 ലക്ഷം രൂപയാണ് ചെലവായത്. ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷം രൂപയും ചെലവായി. ലണ്ടനിൽ എത്തിയ ശേഷം നടത്തിയ പ്രാദേശികമായ യാത്രകളുടെ ചെലവാണിത്. വിമാനത്താവള ലോഞ്ചിൽ ഫീസായി നൽകിയത് 2.21 ലക്ഷം രൂപയാണ്.

വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവാണിത്. ധനരാജ് എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷ പ്രതാരം ലണ്ടനിലെ ഹൈക്കമ്മീഷണനാണ് ചെലവുകൾ വെളിപ്പെടുത്തിയത്. ഒക്ടോബർ എട്ടു മുതൽ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടൻ സന്ദർശിച്ചത്. ഒക്ടോബർ നാലു മുതലായിരുന്നു വിദേശസന്ദർശനം തുടങ്ങിയത്.

തുകയെല്ലാം അടച്ചത് ഹൈമ്മീഷനാണെന്നും വിവരാവകാശ രേഖയിൽ പറയുന്നുണ്ട്. ഈ തുക പിന്നീട് സർക്കാർ ഖജനാവിൽ നിന്ന് കമ്മീഷനിലേക്ക് അടച്ചു.

വിദേശ യാത്രയുടെ കണക്കുകൾ പുറത്തുവിടണമെന്ന് കെ സുരേന്ദ്രൻ

ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചെലവഴിച്ചെന്ന കണക്ക് സംസ്ഥാന സർക്കാർ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ലണ്ടനിൽ മുഖ്യമന്ത്രിയും സംഘവും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ചെലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നിരിക്കുകയാണ്. ഇതിന് സർക്കാർ മറുപടി പറയണം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിക്ക് വിദേശത്ത് ഉല്ലാസയാത്ര നടത്താൻ ഖജനാവിലെ പണം ധൂർത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്രയുടെ വിശദാംശങ്ങൾ സർക്കാർ പുറത്ത് വിടാത്തത് ദുരൂഹമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാണിച്ചു.

കടം വാങ്ങി ശമ്പളവും പെൻഷനും നൽകുന്ന സർക്കാർ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുമ്പോഴാണ് ഇത്തരം ധൂർത്തും നടത്തുന്നത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ലണ്ടനിലെ ചെലവിന്റെ കണക്ക് മാത്രമാണ്. മറ്റ് രാജ്യങ്ങളിൽ ചെലവായ തുകയുടെ വിവരങ്ങൾ പുറത്ത് വന്നാൽ മാത്രമേ ധൂർത്തിന്റെ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

നിത്യച്ചെലവുകൾക്കുപോലും പണം കണ്ടെത്താനാകാതെ എൽഡിഎഫ് സർക്കാർ പകച്ചുനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി സകുടുംബം ഉല്ലാസയാത്ര നടത്തുന്നത്. മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകൾ കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപെട്ടു നട്ടംതിരിയുമ്പോഴും കാലങ്ങളായി തുടരുന്ന ധൂർത്ത് സർക്കാർ വർധിപ്പിക്കുകയാണ്. കാട്ടിലെ തടി, തേവരുടെ ആന; നമുക്കെന്തു ചേതം. വലിയാനേ വലി എന്നതാണു പിണറായിയുടേയും സിപിഎമ്മിന്റെയും ലൈൻ. ധൂർത്തടിക്കുന്ന പണം ജനത്തിന്റേതാണെന്നും അവരോട് അത് വിശദീകരിക്കാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും സർക്കാർ മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP