Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വൈൻ വിൽപ്പനക്കെന്ന് ചിത്രം സഹിതം പരസ്യം; വീര്യമുള്ളതാണെന്നും ആവശ്യക്കാർ വീട്ടിലെത്തിയാൽ 350 രൂപയ്ക്ക് നൽകാമെന്നും വാഗ്ദാനം; ലിൻഡയുടെ അനധികൃത വൈൻ വിൽപ്പന എക്‌സൈസ് പൊക്കിയത് ആവശ്യക്കാരെന്ന് നടിച്ചെത്തി; വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 70 ലിറ്റർ വൈൻ; പിതാവ് അറസ്റ്റിലായതോടെ ജിഎൻപിസിയുടെ അഡ്‌മിൻ കൂടിയായ യുവതി മുങ്ങി

ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വൈൻ വിൽപ്പനക്കെന്ന് ചിത്രം സഹിതം പരസ്യം; വീര്യമുള്ളതാണെന്നും ആവശ്യക്കാർ വീട്ടിലെത്തിയാൽ 350 രൂപയ്ക്ക് നൽകാമെന്നും വാഗ്ദാനം; ലിൻഡയുടെ അനധികൃത വൈൻ വിൽപ്പന എക്‌സൈസ് പൊക്കിയത് ആവശ്യക്കാരെന്ന് നടിച്ചെത്തി; വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 70 ലിറ്റർ വൈൻ; പിതാവ് അറസ്റ്റിലായതോടെ ജിഎൻപിസിയുടെ അഡ്‌മിൻ കൂടിയായ യുവതി മുങ്ങി

ആർ പീയൂഷ്

തിരുവനന്തപുരം: ഫെയ്സ് ബുക്ക് വഴി വൈൻ വിൽപ്പന നടത്തിയ യുവതിയുടെ വീട്ടിൽ നിന്നും എക്സൈസ് സംഘം 70 ലിറ്റർ വൈൻ പിടികൂടി. മദ്യപാനം പ്രോത്സാഹിപ്പിച്ചതിന് എക്സൈസ് നടപടി നേരിടുന്ന 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' (ജി.എൻ.പി.സി.) എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ അഡ്‌മിന്മാരിൽ ഒരാളായ ടെക്നോപാർക്ക് ജീവനക്കാരി തൈക്കാട് ലെനിൻ നഗർ വിശാഖം ഹൗസിൽ ലിൻഡ ഗിൽഫ്രഡിന്റെ വീട്ടിൽനിന്നാണ് 106 കുപ്പികളിൽ സൂക്ഷിച്ചിരുന്ന 70 ലിറ്റർ വൈൻ കണ്ടെടുത്തത്. വീട്ടുടമയും ലിൻഡയുടെ അച്ഛനുമായ മൈക്കിൾ ഗിൽഫ്രഡിനെ അനധികൃതമായി വൈൻ സൂക്ഷിച്ചതിന് എക്സൈസ് സംഘം അറസ്റ്റുചെയ്തു റിമാൻഡ് ചെയ്തു. ലിൻഡ ഒളിവിലാണ്. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ലിൻഡ അനന്തപുരി രുചിക്കൂട്ടായ്മ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വൈൻ വിൽപ്പനയ്ക്ക് എന്ന പരസ്യം ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. വൈൻ വാങ്ങാൻ ആഗ്രഹിക്കുന്നവർ പോസ്റ്റിൽ നൽകിയിരിക്കുന്ന വാട്ട്സാപ്പ് നമ്പരിൽ ബന്ധപ്പെടണമെന്നും പറഞ്ഞിരുന്നു. ഒരു വർഷമായി നിർമ്മിച്ചു സൂക്ഷിച്ചതാണെന്നും വീര്യമുള്ളതാണെന്നും ആവശ്യക്കാർ വീട്ടിലെത്തിയാൽ നൽകാമെന്നും അറിയിച്ചു. ഇതനുസരിച്ച് എത്തിയവരിൽനിന്ന് ഒരു കുപ്പിക്ക് 350 രൂപ ഈടാക്കി വിൽക്കുകയും ചെയ്തു. വൈനിൽ ആൽക്കഹോൾ ഉണ്ടോ എന്ന് കമന്റ് ചെയ്തപ്പോൾ ഒരു വർഷത്തോളം പഴക്കമുള്ളതാണ് എന്നും ഇതിൽ ആൽക്കഹോൾ കലർത്തിയിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട്.

ഇത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് തിരുവനന്തപുരം സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാർ സംഭവത്തെ പറ്റി അന്വേഷിക്കുകയും കേസെടുക്കുകയുമായിരുന്നു. ഫെയ്സ് ബുക്കിൽ നൽകിയിരുന്ന വാട്ട്സാപ്പ് നമ്പരിന്റെ ഡീറ്റെയിൽസ് സൈബർ സല്ലിന്റെ സഹായത്തോടെ കണ്ടെത്തി. അതിൽ നിന്നാണ് അഡ്രസ്സ് ശേഖരിച്ചത്. തുടർന്ന് അതേ ഫോൺ മ്പരിൽ ബന്ധപ്പെടുകയും തങ്ങൾക്ക് ഒരു വൈൻ ആവശ്യമുണ്ടെന്നും എക്സൈസ് സംഘം ആവശ്യപ്പെട്ടു.

വൈൻ വാങ്ങുവാൻ വീട്ടിലേക്ക് വരുവാനും വഴിയും പറഞ്ഞു കൊടുത്തു. വീട്ടിലെത്തി ഒരു എക്സൈസ് ഓഫീസർ ആദ്യം ചെന്ന് വൈൻ വാങ്ങി. പിന്നീട് എക്സൈസ് സംഘം വീട്ടിനുള്ളിലേക്ക് കടന്ന് പരിശോധന നടത്തുകയും കിടപ്പുമുറിയിൽ കുപ്പികളിൽ നിറച്ചു വച്ച വൈൻ കണ്ടെത്തുകയുമായിരുന്നു. ഈ സമയം ലിൻഡയുടെ പിതാവ് ഗിൽഫ്രഡ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ലിൻഡയും ഉണ്ടാകുമെന്ന് കരുതി എക്സൈസ് സംഘം വനിതാ സിവിൽ എക്സൈസ് ഓഫീസർമാരെയും കൂടെകൂട്ടിയിരുന്നു. എന്നാൽ വീട്ടിൽ അവർ ഇല്ലായിരുന്നതിനാൽ കസ്റ്റഡിയിലെടുക്കാനായില്ല.

ലിൻഡയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ വൈൻ നിർമ്മിച്ചത് ബക്കറ്റിലാണ് എന്നും മറ്റുപകരണങ്ങൾ ഇല്ലാ എന്നുമാണ് പറഞ്ഞത്. എന്നാൽ എക്സൈസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. വീടും പരിസരവും കൂടുതൽ പരിശോദിക്കുമെന്ന് സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവർക്ക് വിദേശ മദ്യ വിൽപ്പനയുണ്ടായിരുന്നതായും ചില സൂചനകൾ ലഭിച്ചിരുന്നതായും എക്സൈസ് സംഘം പറയുന്നു.

വിദേശ മദ്യക്കുപ്പികളുമായി ഫേസ്‌ബുക്കിൽ ലിൻഡ നിൽക്കുന്ന ചിത്രങ്ങളും എക്സൈസ് പരിശോദിച്ചു വരികയാണ്. എക്സൈസ് സംഘം ലിൻഡയുടെ പിതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗ്രൂപ്പിലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ലിൻഡയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടും ഡീ അക്ടിവേറ്റ് ചെയ്തു. എന്നാൽ ലിൻഡയ്ക്കും പിതാവിനും മാത്രമല്ല ഗ്രൂപ്പ് അഡ്‌മിന്മാർക്കും ഇത് ഷെയർ ചെയ്തവർക്കുമെതിരെയുെ കേസെടുക്കുമെന്നും എക്സൈസ് അറിയിച്ചു.

ജി.എൻ.പി.സി.ക്കെതിരെ എക്സൈസ് കേസെടുത്തപ്പോൾ ഫെയ്‌സ് ബുക്ക് കൂട്ടായ്മയെ ന്യായീകരിച്ച് ചാനൽ ചർച്ചകളിൽ രംഗത്തെത്തിയത് ലിൻഡയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈൻ നിർമ്മിക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്. പള്ളികളിൽ വൈൻ സൂക്ഷിക്കുമ്പോൾ പോലും പ്രത്യേക അനുമതി ആവശ്യമാണ്. എക്സൈസ് നടപടികളെത്തുടർന്ന് ജി.എൻ.പി.സി. വഴിയുള്ള വൈൻ വിപണന സാധ്യത തടസ്സപ്പെട്ടപ്പോൾ ലിൻഡ മറ്റൊരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു.

'അനന്തപുരി രുചിക്കൂട്ടായ്മ' എന്ന പേരിലാണ് പുതിയ അക്കൗണ്ട്. ഇതിലാണ് വൈൻ വില്പനയുടെ പരസ്യം വന്നത്. ഇത് ലിൻഡ മൊബൈൽ ഫോൺ വഴിയാണ് ചെയ്തതെന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ എക്സൈസ് കണ്ടെത്തി. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP