Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202103Wednesday

കേരളത്തെ മദ്യപാനിസൗഹൃദ സംസ്ഥാനമാക്കാൻ ഇടതു സർക്കാർ; കമ്പനികൾക്ക് വില കൂട്ടി നൽകിയാലും സംസ്ഥാനത്തെ മദ്യവില വർധിക്കില്ല; നികുതിയിൽ ഇളവ് വരുത്തി മദ്യവില കുറയ്ക്കുന്ന കാര്യം പരി​ഗണനയിലെന്ന് എക്സൈസ് മന്ത്രി; മദ്യവില വർധനവിന് പിന്നിൽ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി ടി പി രാമകൃഷ്ണൻ

കേരളത്തെ മദ്യപാനിസൗഹൃദ സംസ്ഥാനമാക്കാൻ ഇടതു സർക്കാർ; കമ്പനികൾക്ക് വില കൂട്ടി നൽകിയാലും സംസ്ഥാനത്തെ മദ്യവില വർധിക്കില്ല; നികുതിയിൽ ഇളവ് വരുത്തി മദ്യവില കുറയ്ക്കുന്ന കാര്യം പരി​ഗണനയിലെന്ന് എക്സൈസ് മന്ത്രി; മദ്യവില വർധനവിന് പിന്നിൽ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി ടി പി രാമകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മദ്യത്തിന്റെ അടിസ്ഥാന വിലയിൽ ഏഴു ശതമാനം വർധനവിന് കമ്പനികൾക്ക് അനുവാദം നൽകിതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യവില വർധനവിന് പിന്നിൽ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. അതേസമയം, സംസ്ഥാനത്ത് മദ്യവില കുറയുമെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ, നികുതിയിളവ് നിർദ്ദേശം പരിഗണിക്കുമെന്നും കൂട്ടിച്ചേർത്തു.

മറ്റ് സംസ്ഥനങ്ങളേക്കാൾ ഉയർന്ന മദ്യനികുതി കേളത്തിലാണ്. അസംസ്കൃത വസ്തുകളുടെ വില വർധനയാണ് മദ്യവില കൂട്ടാൻ കാരണം. നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മദ്യവില വർധനയിൽ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. നിലവിൽ ബെവ്കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാർക്ക് ഈ വർഷം അടിസ്ഥാനവിലയിൽ 7 ശതമാനം വർധനയാണ് അനുവദിച്ചത്. ബിയറിനും വൈനും വില കൂടില്ല. മദ്യ ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ അഥവാ സ്പിരിറ്റിന്റെ വില വർധന കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. പോയവർഷം കമ്പനികൾ പുതിയ ടെണ്ടർ സമർപ്പിച്ചെങ്കിലും കോവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു.

നിലവിൽ ബെവ്കോയുമായി കരാറുള്ള കമ്പനികളുടെ ഈ വർഷത്തേക്കുള്ള വിതരണ കരാറിൽ പരമാവധി 7 ശതമാനം വർധനയാണ് ബെവ്കോ പ്രഖ്യാപിച്ചിരിക്കുന്നത്. ബിയറിനും വൈനിനും വില വർധനയില്ല. പോയവർഷത്തെ നിരക്കിൽ തന്നെ ബെവ്കോയ്ക്ക് വിതരണം ചെയ്യണം. നിലവിലുള്ള ബ്രാൻഡുകൾ പേരിനൊപ്പം സ്ട്രോങ്ങ്, പ്രീമിയം, ഡിലക്സ് എന്ന് പേര് ചെർത്ത് പുതിയ ടെണ്ടർ നൽകിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വർധന അനുവദിക്കില്ല എന്നായിരുന്നു തീരുമാനം. പുതുക്കിയ മദ്യവില ഫെബ്രുവരി 1 ന് നിലവിൽ വരും.

ഡിസ്റ്റിലറി ഉടമകളുമായി സർക്കാർ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് മദ്യവില കൂട്ടിയതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഫണ്ട് റെയ്‌സിങ് ഡീലാണ് ഇതെന്ന കാര്യം നാട്ടിൽ പാട്ടാണ്. ചില വൻകിട ഡിസ്റ്റലറി ഉടമകളും, സർക്കാരിലെ ചിലരും എകെജി സെന്ററിൽ ഇടനില ചർച്ച നടത്തിയതയാണ് വിവരമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ച അഴിമതി ആരോപണത്തിൽ പറഞ്ഞു. ഈ ഇടപാടിൽ ആർക്കെല്ലാം എത്രരൂപ കിട്ടിയെന്ന് സർക്കാർ വ്യക്തമാക്കണം. സ്വകാര്യ മദ്യകമ്പനികൾക്ക് വൻസാമ്പത്തിക നേട്ടം ലഭിക്കുന്ന ഈ വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ ഇങ്ങനെ:

* (ബിവറേജ്സ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടരുടെ 12.01.2021 ലെ കെ.എസ്.ബിസി/എഫ്എം/252/202021) നമ്പർ കത്ത് പ്രകാരം ബിവറേജസ് കോർപ്പറേഷന് ഡിസ്റ്റലറികൾ വിതരണം ചെയ്യുന്ന മദ്യത്തിന്റെ വിലയിൽ 7% വർദ്ധനവ് അനുവദിച്ചിരിക്കുകയാണ്.
*ഡിസ്റ്റലറി ഉടമകളുമായി സർക്കാർ നടത്തിയ ഗൂഢാലോചനയെത്തുടർന്നാണ് ഇത്ര ഭീമമായ വർദ്ധനവ് നടത്തിയിട്ടുള്ളത് .ഇത്തരത്തിൽ മദ്യത്തിന് മാക്സിമം താങ്ങുവില ഉറപ്പുവരുത്താൻ എന്ത് ഉൽസാഹത്തോടെയാണ് സർക്കാർ പരിശ്രമിക്കുന്നത്. ഇക്കാര്യത്തിലെങ്കിലും എൽഡിഎഫ് സർക്കാരിന് നമ്പർ 1 പദവി അവകാശപ്പെടാം.

*Extra Neutral Alcohol (ENA) യുടെ വില 47 രൂപ ഉണ്ടായിരുന്ന അവസരത്തിൽ പോലും 2012 ൽ അന്നത്തെ യുഡിഎഫ് സർക്കാർ 400 രൂപയിൽ താഴെ Basic Value വരുന്ന മദ്യത്തിന് 6% വും, അതിന് മുകളിൽ വരുന്ന മദ്യത്തിൽ 4% വും മാത്രമാണ് വില വർദ്ധിപ്പിച്ച് നൽകിയത്. ഇതിനെതിരെപോലും കടുത്ത വിമർശനം അഴിച്ചുവിട്ട ഒരു മുന്നണിക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയാണ് ഇപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ പ്രതിപക്ഷത്തെ മര്യാദ പഠിപ്പിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോഴുള്ള Extra Neutral Alcohol (ENA) യുടെ വില 53 രൂപയായിരുന്നു ഇപ്പോഴത് 58 രൂപയായി.

* 2017 ൽ എൽഡിഎഫ് സർക്കാർ മദ്യത്തിന്റെ വില 7% വർദ്ധിപ്പിച്ചു
*ഇപ്പോൾ വീണ്ടും 7% വർദ്ധിപ്പിച്ചു.

* ഇത്തരത്തിൽ മൊത്തം 14 ശതമാനത്തിന്റെ വർദ്ധനവാണ് മദ്യത്തിന്റെ വിലയിൽ ഈ സർക്കാർ അധികാരമേറ്റതിനുശേഷം വരുത്തിയിട്ടുള്ളത്. ഇത് ആരെ സഹായിക്കാനാണ്.
*വൻകിട മദ്യകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് എന്ന ഒറ്റ കമ്പനി മാത്രം കേരളത്തിൽ ബിവറേജസ് കോർപ്പറേഷനാവശ്യമായ മദ്യത്തിന്റെ 33% ശതമാനം സപ്ലൈചെയ്യുന്നുണ്ട്.

*20 ലക്ഷം കെയ്സ് മദ്യമാണ് ബിവറേജസ് കോർപ്പറേഷന് സ്വകാര്യ ഡിസ്റ്റലറികളും, മദ്യകമ്പനികളും ഒരു മാസം സപ്ലൈചെയ്യുന്നത്. ഒരു കെയ്സ് മദ്യത്തിന് 700 രൂപ അടിസ്ഥാനവിലയാക്കി കണക്കാക്കിയാൽ തന്നെ 140 കോടി രൂപയുടെ വരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാർക്ക് എല്ലാ മാസവും ലഭിക്കുന്നത്. ഒരു വർഷത്തെ ബിസിനസ്സ് ഏകദേശം 1680 കോടി രൂപ വരും. ഇതിലാണ് 7% വർദ്ധനവ് നൽകുന്നത്.

* ചുരുക്കത്തിൽ പ്രതിവർഷം 120 കോടിയിലധികം രൂപയുടെ അധികവരുമാനമാണ് ഡിസ്റ്റലറി മുതലാളിമാർക്ക് സർക്കാർ നൽകുന്നത്. മുൻപ് നടത്തിയ 7% വർദ്ധനവ് പ്രകാരം തന്നെ ഡിസ്റ്റലറി മുതലാളിമാർക്ക് ഏകദേശം 100 കോടിയലധികം രൂപ അധികവരുമാനമായി ലഭിച്ചിട്ടുണ്ട്. രണ്ടും കൂടെ ഏകദേശം 250 കോടിയോളം രൂപ ഇവർക്ക് വരുമാന വർധനവ് ഉണ്ടായിട്ടുണ്ട്.

*ആരാണ് ഈ കൊടിയ അഴിമതിക്ക് കൂട്ടുനിന്നത്.

*കഴിഞ്ഞ മുന്ന് വർഷക്കാലം ഡിസ്റ്റിലറി ഉടമകൾ Extra Neutral Alcohol (ENA) വിലവർദ്ധനവിന്റെ പേരിൽ മദ്യത്തിന് വിലകൂട്ടണമെന്നാവശ്യപ്പെട്ട് സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തിവന്നതായാണ് വിവരം. എന്നാൽ ഇത്രയധികം വർദ്ധനവ് അവർ പോലും പ്രതീക്ഷിച്ച് കാണില്ല.

* എന്ത് മാനദണ്ഡത്തിന്റേയും, ശാസ്ത്രീയ വിലിയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് മദ്യത്തിന്റെ വിലയിൽ ഇത്ര ഭീമമായ വർദ്ധനവ് വരുത്തിയത്? ആരാണ് ഇതിന് ചുക്കാൻ പിടിച്ചത്? ബിവറേജസ് കോർപ്പറേഷൻ എംഡിയുടെ നേതൃത്വത്തിലുള്ള ഒരു തട്ടിക്കൂട്ട് സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്രഭീമമായ വർദ്ധനവിന് സർക്കാർ മുതിരുമോ? ഇതുമായി ബന്ധപ്പെട്ട് ബാക്ക്ഡോർ ചർച്ചകൾ എകെജി സെന്ററിലാണ് നടിന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും, എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും, പാർട്ടി സെക്രട്ടറിയുമാണ് ഇതിന് നേതൃത്വം നൽകിയത്.

*ഇവരുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരു കളിപ്പാവ മാത്രമായിരുന്നു ബിവറേജസ് കോർപ്പറേഷൻ എംഡിയുടെ തട്ടിക്കൂട്ട് സമിതി.

* ഈ സർക്കാർ അധികാരമേറ്റതുതന്നെ മദ്യമുതലാളിമാരുടെ പിൻബലത്തിലാണ്. അവരുടെ സാമ്പത്തിക സ്രോതസ്സിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങൾ പ്രതിസന്ധി നേരിട്ട ഘട്ടത്തിലെല്ലാം അവർ നിങ്ങൾക്കാവശ്യമായ എല്ലാ ഒത്താശയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നൽകുന്നുമുണ്ട്. അധികാരത്തിൽ എത്തിയാൽ മദ്യത്തിന്റെ വില അവർ ആഗ്രഹിക്കും പോലെ വർദ്ധിപ്പിച്ച് നൽകാമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ അവർക്ക് ഉറപ്പു നൽകിയത്. അതാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്.

*ബാബു എം പാലിശ്ശേരി 18.03.2013 ൽ നിയമസഭയിൽ വച്ച് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇത്തരത്തിലുള്ള ഡീലിംഗിനെ പേടിച്ചാവണം താങ്കളുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥലം കാലിയാക്കിയത്.

*ഇപ്പോൾ ഇത്തരം ഡീലുകൾക്ക് ചുക്കാൻ പിടിക്കുന്ന പുതിയ ഉപദേഷ്ടാവ് ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രധാന ഉപദേഷ്ടാക്കൾ കള്ളക്കടത്ത് കേസിൽ ജയിലിലായ സ്ഥിതിക്ക് അതിന്റെ ചുമതല മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP