Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ നമ്പർ വണ്ണും രാജ്യത്ത് എട്ടാമനുമായി ജംബോ വിമാനത്താവളം; സർവീസ് നടത്താമെന്ന് എല്ലാ വിമാനക്കമ്പനികളും ഒരേസ്വരത്തിൽ സമ്മതിച്ചതോടെ ആദ്യ വിമാനം സെപ്റ്റംബറിൽ പറന്നുയരും; റൺവേയും ഏപ്രണും ടാക്‌സി ട്രാക്കുമുൾപ്പെടെ എല്ലാം തയ്യാറായി അവസാന മിനുക്കുപണികളിലേക്ക് എയർപോർട്ട്; മലബാറിന്റെ വിനോദ സഞ്ചാര-കയറ്റുമതി സാധ്യതകളിലും പുതുവെളിച്ചം പകർന്ന് ചിറകുവിരിക്കാൻ ഒരുങ്ങി കണ്ണൂർ രാജ്യാന്തര വിമാനത്താവളം

കേരളത്തിൽ നമ്പർ വണ്ണും രാജ്യത്ത് എട്ടാമനുമായി ജംബോ വിമാനത്താവളം; സർവീസ് നടത്താമെന്ന് എല്ലാ വിമാനക്കമ്പനികളും ഒരേസ്വരത്തിൽ സമ്മതിച്ചതോടെ ആദ്യ വിമാനം സെപ്റ്റംബറിൽ പറന്നുയരും; റൺവേയും ഏപ്രണും ടാക്‌സി ട്രാക്കുമുൾപ്പെടെ എല്ലാം തയ്യാറായി അവസാന മിനുക്കുപണികളിലേക്ക് എയർപോർട്ട്; മലബാറിന്റെ വിനോദ സഞ്ചാര-കയറ്റുമതി സാധ്യതകളിലും പുതുവെളിച്ചം പകർന്ന് ചിറകുവിരിക്കാൻ ഒരുങ്ങി കണ്ണൂർ രാജ്യാന്തര വിമാനത്താവളം

രഞ്ജിത്ത് ബാബു

കണ്ണൂർ: കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ ആകാശ സ്വപ്‌നങ്ങളിലേക്ക് ചിറകുവിരിക്കാൻ അവസാനഘട്ട തയ്യാറെടുപ്പുകളിലേക്ക് നീങ്ങി കണ്ണൂർ വിമാനത്താവളം. റൺവേ, ഏപ്രൺ, ടാക്‌സി ട്രാക്ക്, ടെർമിനൽ, വിമാനത്താവളത്തിലേക്ക് എത്താനുള്ള സൊയമ്പൻ പാത... ഇങ്ങനെ ഒന്നിനുപിന്നാലെ ഒന്നായി എല്ലാം റെഡിയായതോടെ രണ്ടു മാസത്തിനുള്ളിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പറന്നുയരും. വലിയ വിമാനങ്ങൾക്ക് വരെ ഇറങ്ങാൻ പാകത്തിൽ എല്ലാ സൗകര്യങ്ങളും ഒരുങ്ങുന്നതോടെ മംഗലാപുരത്തെ ടേബിൾ ടോപ്പ് വിമാനത്താവളത്തിനും സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്ന കരിപ്പൂർ വിമാനത്താവളത്തിനും ഇടയ്ക്ക് ഒരുങ്ങുന്ന കണ്ണൂരിന് കേരളത്തിന്റെ വ്യോമയാന ചരിത്രത്തിൽ പ്രാധാന്യവും ഏറെയാണ്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന വിമാനത്താവളം വലുപ്പംകൊണ്ടും കാര്യക്ഷമത കൊണ്ടും രാജ്യത്ത് തന്നെ മുൻനിരയിലേക്ക് എത്തുമെന്ന് ഇതിനകം വിദഗ്ധരുൾപ്പെടെ അഭിപ്രായപ്പെട്ടുകഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന പദവി കൂടി ഇനി കണ്ണൂരിന് സ്വന്തം.

ആറ് എയ്‌റോ ബ്രിഡ്ജുകൾ

സപ്തംബർ ഒടുവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പറന്നുയരുമെന്നാണ് ഇപ്പോൾ അധികൃതർ നൽകിയിട്ടുള്ള സൂചന. പ്രധാന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. റൺവേ ,ഏപ്രൺ, ടാക്‌സി ട്രാക്ക്, എന്നിവയും സജ്ജീകരിക്കപ്പെട്ടു. അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രം നീളുന്ന മിനുക്കുപണികൾ മാത്രം. ആറ് ഏയ്‌റോബ്രിഡ്ജുകളാണ് വിമാനത്താവളത്തിൽ സ്ഥാപിക്കുന്നത്. ഇവയുടെ സ്ഥാപനവും ഈയാഴ്‌ച്ചയോടെ പൂർത്തിയാകും. വിമാനത്താവളത്തിനുള്ള ലൈസൻസാണ് ഇനി ലഭിക്കേണ്ടത്. ഡയരക്ടറേറ്റ് ഓഫ് സിവിൽ എവിയേഷന്റെ ലൈസൻസ് ലഭിക്കാൻ അന്തിമ പരിശോധന കൂടി വേണം. അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടുത്ത ആഴ്‌ച്ച തന്നെ വിമാനത്താവളത്തിലെത്തി പരിശോധന പൂർത്തീകരിക്കുമെന്നാണ് അറിയുന്നത്.

പ്രവർത്തന സജ്ജമാകുന്ന വിമാനത്താവളത്തിൽ നിന്ന് ആദ്യ ഘട്ടത്തിൽ തന്നെ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സർവ്വീസുകളും ദുബായ്, ഷാർജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്‌റൈൻ, റിയാദ്, ജിദ്ദ, ദമാം, കുവൈത്ത് തുടങ്ങിയ അന്താരാഷ്ട്ര സർവ്വീസുകളും നടത്താൻ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ നടന്ന ചർച്ചയിൽ മുൻനിര വിമാനക്കമ്പനികളെല്ലാം കണ്ണൂരിലേക്ക് സർവീസ് നടത്താൻ താൽപര്യവും പ്രകടിപ്പിച്ചിരുന്നുവെന്ന് കിയാൽ അധികൃതർ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് നമ്പർവൺ; ഇന്ത്യയിൽ എട്ടാമൻ

കൊച്ചി രാജ്യാന്തര വിമാനത്താവളം 1284 ഏക്കറിലാണ് നില കൊള്ളുന്നത്. കണ്ണൂരാണെങ്കിൽ 2050 ഏക്കറിലും. ഇനിയും ഏറ്റെടുക്കാൻ സ്ഥലവുമുണ്ട്. അതുകൂടിയാകുമ്പോൾ 2500 ഏക്കർ ഭൂമി കണ്ണൂരിന് സ്വന്തം. ഫലത്തിൽ കൊച്ചിയുടെ ഇരട്ടി വിസ്തൃതി കണ്ണൂർ വിമാനത്താവളത്തിനുണ്ട്. കൊച്ചിയുടെ റൺവേയുടെ നീളം 3400 മീറ്റർ. കണ്ണൂർ ലക്ഷ്യമിട്ടിരിക്കുന്നത് 4000 മീറ്ററും. കണ്ണൂരിലെ യാത്രാ ടെർമിനലിന് 95,000 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. വലിപ്പത്തിൽ ഇന്ത്യയിലെ എട്ടാം സ്ഥാനത്താണ് കണ്ണൂർ വിമാനത്താവളം. തുടക്കത്തിൽ തന്നെ പ്രതിവർഷം 10 ലക്ഷം യാത്രക്കാരെയാണ് ഈ വിമാനത്താവളം പ്രതീക്ഷിക്കുന്നത്. 20 വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സംവിധാനങ്ങളാണ് ഏപ്രണിൽ ഉള്ളത്. ഇതിന് പുറമേ നിർത്തിയിടാനുള്ള സംവിധാനം വേറേയും.

പറക്കാൻ സജ്ജമായിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ മംഗലുരു, കോഴിക്കോട് വിമാനത്താവളത്തേക്കാൾ ആധുനിക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി, നെടുമ്പാശ്ശേരി എയർപോർട്ടിലേതിന് സമാനമായ ഇൻലൈൻ എക്‌സ്‌റേ സംവിധാനം വഴി ബാഗ് നിക്ഷേപിക്കാൻ കഴിയും. യാത്രികർക്ക് ബാഗുമായി കൗണ്ടറുകൾ തോറും നടക്കൂന്നത് ഇതിലൂടെ ഒഴിവാക്കാനാകും. സെൽഫ് ചെക്കിങ് യന്ത്രത്തിൽ നിന്നും ബോർഡിങ് പാസ് കൈപ്പറ്റിയ ശേഷം ടാഗ് പതിച്ചാൽ ബാഗ് ഇൻലൈൻ എക്‌സറേ സംവിധാനത്തിൽ നിക്ഷേപിക്കാം. ബാഗേജിൽ സംശയകരമായി എന്തെങ്കിലുമുണ്ടെന്ന് തോന്നിയാൽ മാത്രമേ യാത്രക്കാരെ തിരിച്ച് വിളിക്കേണ്ടതുള്ളൂ. പാർക്കിങ് ഏരിയായിൽ 700 കാറുകളും 200 ടാക്‌സികളും 25 ബസ്സുകൾകളും പാർക്ക് ചെയ്യാം.

രാജ്യാന്തര സൗകര്യങ്ങളുമായി വമ്പൻ ടെർമിനൽ

റൺവേ ദീർഘിപ്പിക്കുമ്പോൾ കണ്ണൂർ രാജ്യത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ വിമാനത്താവളമാകും. 10,33,000 സ്‌ക്വയർ ഫീറ്റ് ടെർമിനൽ തന്നെ പ്രധാന സവിശേഷത. 48 ചെക്ക് ഇൻ കൗണ്ടറുകൾ, 16 വീതം എമിഗ്രേഷൻ, ഇമിഗ്രേഷൻ, കസ്റ്റംസ് കൗണ്ടറുകൾ, മൂന്ന് കൺവേയർ ബെൽറ്റുകൾ, 12 എസ്‌കലേറ്ററുകൾ, 15 എലിവേറ്ററുകൾ എന്നിവയും ഇവിടെയുണ്ടാകും. 750 മീറ്റർ ഫ്ളൈ ഓവറും നേരത്തെ റെഡിയായി. ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർവേസ്, സ്പൈസ് ജെറ്റ് പ്രതിനിധികൾ നിലവിൽ അവർ സർവീസ് നടത്തുന്ന മേഖലകളിൽനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്താനും, തുടർന്ന് കണ്ണൂരിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര സർവീസുകളും പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ഓപ്പറേറ്റർമാരായ എയർ ഇന്ത്യ, എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേസ്, ഗൾഫ് എയർ, എയർ ഏഷ്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഒമാൻ എയർ, എയർ അറേബ്യ എന്നിവർ കണ്ണൂരിൽ നിന്നും തിരിച്ചും സർവീസിനുള്ള താൽപ്പര്യം ജനുവരിയിൽ തന്നെ അറിയിച്ചു.

കേന്ദ്ര നയത്തിൽ ചെറിയ ആശങ്ക

അതിനിടെ വിദേശ വിമാനക്കമ്പനികൾക്കു കണ്ണൂരിൽ നിന്നു സർവീസ് നടത്താനാകുമോ എന്ന ആശങ്ക ആദ്യഘട്ടത്തിൽ ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാനം കേന്ദ്രവുമായി ചർച്ചകൾ നടത്തിവരികയാണ്. പുതിയ വിമാനത്താവളത്തിൽ എല്ലാം സൂപ്പറാണ്. റൺവേ പോലും രാജ്യന്തര നിലവാരത്തിലുള്ളതാണെന്ന ഏവരും സമ്മതിച്ചു കഴിഞ്ഞു. വിദേശ വിമാന കമ്പനികളും കണ്ണൂരിൽ എത്താൻ തയ്യാറാണ്. എന്നാലും വിദേശ വിമാനങ്ങൾക്ക് ഇവിടെ എത്താൻ വലിയ തടസ്സം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഉയർന്നത്.

വിദേശ കമ്പനികളുടെ വിമാനങ്ങൾക്കു പുതിയ വിമാനത്താവളങ്ങളിൽ അനുമതി നൽകേണ്ടെന്ന കേന്ദ്ര നിലപാടിലെ കുരുക്കു നീക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളെ ഹബ്ബായി മാറ്റി ഇവിടെ നിന്നു മാത്രം രാജ്യാന്തര വിമാന സർവീസുകൾ നടത്താൻ ആലോചിക്കുന്ന കരടുരേഖ നേരത്തേ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ വ്യാപക എതിർപ്പിനെത്തുടർന്ന് ഈ നീക്കം ഉപേക്ഷിച്ചു. 2017 മേയിൽ രാജ്യാന്തര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആന്ധ്രപ്രദേശിലെ വിജയവാഡയിലും വിദേശവിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയില്ല. ഇതാണ് കണ്ണൂരിന്റെ കാര്യത്തിലും ആശങ്ക സൃഷ്ടിക്കുന്നത്.

പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ടു വന്നിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോടും വിഷയം ഉന്നയിച്ചിട്ടുണ്ട്. അനുഭാവപൂർണമായ നിലപാടുണ്ടാവുമെന്നു മന്ത്രി പ്രതികരിച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. കസ്റ്റംസ്, എമിഗ്രേഷൻ അനുമതികളാണ് രാജ്യാന്തര വിമാനത്താവളങ്ങളിൽ വേണ്ടത്. ഇതു രണ്ടും കണ്ണൂരിനുണ്ട്. സുരക്ഷയ്ക്കു കേന്ദ്ര വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യുടെ സാന്നിധ്യവും ഉറപ്പായി. വലിയ വിമാനങ്ങൾക്കു പറന്നിറങ്ങാവുന്ന തരത്തിൽ 3,050 മീറ്റർ റൺവേയും സജ്ജമായിക്കഴിഞ്ഞു. സമീപഭാവിയിൽ റൺവേയുടെ നീളം 4,000 മീറ്ററാകുന്നതോടെ വലുപ്പത്തിൽ ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളുടെ നിരയിലേക്കു കണ്ണൂരും ഉയരും. ഇതുതന്നെയാണ് രാജ്യാന്തര സർവീസുകൾ തുടക്കത്തിലേ ലഭിക്കുന്നതിലെ കണ്ണൂരിന്റെ തുരുപ്പുചീട്ടും. കണ്ണൂരിൽ നിന്നു തിരികെയും വിദേശയാത്രക്കാർ ഒട്ടേറെയുണ്ടാവുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നതു താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഹിറ്റാകാൻ ഒരുങ്ങി കാർഗോ ഹബ്

പ്രതിദിനം 55 ടൺ ഉത്പന്നങ്ങൾ വിദേശത്തേക്ക് കണ്ണൂർ വിമാനത്താവളം വഴി കയറ്റി അയക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ഗൾഫ് രാജ്യങ്ങളിലേക്ക് പഴം-പച്ചക്കറി-മത്സ്യം ഉൾപ്പെടെ അയക്കാൻ വ്യാപാരികൾ കിയാലിനെ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. കാർഗോ കോംപ്‌ളക്‌സ്, കോൾഡ് സ്‌റ്റോറേജ് എന്നിവയും ഉണ്ടാകും. തുടക്കത്തിൽ താൽകാലിക സംവിധാനമായി ഇത് പ്രവർത്തിക്കും.
പ്രതിവർഷം 20,000 ടൺ ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യതയാണ് കണക്കാക്കിയിട്ടുള്ളത്. ഈ ശേഷി പടിപടിയായി 70,000 ടണ്ണിലെത്തിക്കാമെന്നും കിയാൽ കണക്കുകൂട്ടുന്നു. വട്ക്കൻ കേരള തീരത്തുനിന്ന് മത്സ്യവും വയനാട്ടിൽ നിന്ന് കാപ്പി, തേയില, കൊക്കോ തുടങ്ങിയവയും കയറ്റി അയക്കാൻ സാധ്യത ഏറും. ആദ്യവർഷം 11 ലക്ഷത്തോളം അന്തരാഷ്ട്ര യാത്രികരേയും നാലു ലക്ഷത്തോളം ആഭ്യന്തര യാത്രക്കാരേയും ആണ് കിയാൽ പ്രതീക്ഷിക്കുന്നത്.

കുതിച്ചുയരുന്നത് മലബാറിന്റെ ടൂറിസവും

കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതോടെ കണ്ണൂർ, കാസർകോട് വയനാട് ജില്ലകളുടേയും മൊത്തത്തിൽ മലബാറിന്റേയും ടൂറിസം സാധ്യതകൾ വിപുലമാകും. കണ്ണൂർ, കാസർകോട് ജില്ലകളിലെ കായലുകളെ ബന്ധിപ്പിച്ചുള്ള മലബാർ ക്രൂസ്, ബേക്കൽ പദ്ധതി, അന്താരാഷ്ട്ര ചരക്കു നീക്കം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾ ബന്ധിപ്പിച്ച് ഉത്തരമലബാറിനെ സംബന്ധിച്ച കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന രീതിയിലാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നത്.

ആത്യാധുനിക രീതിയിൽ ഒരുങ്ങുന്ന വിമാനത്താവളം ദക്ഷിണ കർണാടക, കൂർഗ്, മൈസൂരു തുടങ്ങിയയിടങ്ങളിൽ നിന്നുള്ളവരെ കൂടി ആകർഷിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഏഷ്യയിലെ മികച്ച 10 ടൂറിസം കേന്ദ്രങ്ങളിൽ മലബാറിന് മൂന്നാം സ്ഥാനം ലഭിച്ചത് കഴിഞ്ഞ വർഷമാണ്. ലോകത്തെ ഏറ്റവും വലിയ യാത്രാ മാഗസിനായ ലോൺലി പ്ലാനറ്റാണ് മലബാറിനെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുത്തത്. മനോഹരമായ ബീച്ചുകൾ, ബേക്കൽ കോട്ട, ഹോംസ്റ്റേകൾ എന്നിവയെല്ലാം ടൂറിസത്തിൽ പേരുകേട്ട ഗോവയേക്കാൾ മികച്ചതാണെന്നാണ് ലോൺലി പ്ലാനറ്റിന്റെ നിരീക്ഷണം. ദീർഘകാലമായി ശ്രദ്ധിക്കപ്പെടാതെ കിടന്ന ഇവിടം പ്യൂപ്പയിൽ നിന്ന് പൂമ്പാറ്റ പറന്നുയരുന്നതുപോലെ കുതിക്കുന്നു എന്നാണ് ലോൺലി പ്ലാനറ്റ് പുറത്തിറക്കിയ ലേഖനത്തിൽ പറഞ്ഞത്. ഉത്തര കേരളത്തിലെ ബീച്ചുകൾ, ജലാശയങ്ങൾ, മലനിരകൾ, വയനാടൻ കാനനഭംഗി, തെയ്യം തുടങ്ങിയവയെക്കുറിച്ചെല്ലാം ലോൺലി പ്ലാനറ്റിൽ വിവരിക്കുന്നുണ്ട്.

അമ്പരിപ്പിക്കുന്ന അറബിക്കടലിന്റെ വിശാലതയും നിബിഡവനങ്ങളും സവിശേഷമായ ക്ഷേത്രാനുഷ്ടാനങ്ങളും മലബാറിന്റെ സവിശേഷതയാണ്. കഴിഞ്ഞവർഷം 10 ലക്ഷത്തോളം ടൂറിസ്റ്റുകൾ കേരളം സന്ദർശിച്ചപ്പോൾ 6000പേർ മാത്രമാണ് ഉത്തര കേരളത്തിലെത്തിയത്. കണ്ണൂർ വിമാനത്താവളം വരുന്നതോടെ ഈ സ്ഥിതി മാറും. ഏട്ട് പുഴകളെ ബന്ധിപ്പിച്ച് മലനാട് ജലയാത്ര ആരംഭിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിൽ വിമാനത്താവളം മലബാറിന്റെ പുരോഗതിയിലും വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP