Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

മതം ചെറുപ്പത്തിലേ അടിച്ചേൽപ്പിക്കുന്നത് നിർത്തണമെന്ന് ജാമിദ ടീച്ചർ; ഹിന്ദുമതവും ഹിന്ദുത്വയും രണ്ടല്ലെന്ന് പ്രസാദ് വേങ്ങര; തോമാശ്ലീഹ കേരളത്തിൽ വന്നത് കെട്ടുകഥയെന്ന് റോഷൻ മാത്യു വർഗീസ്; ഖുർആൻ മാത്രം ഉയർത്തിപ്പിടിച്ചവർക്ക് ഭരണഘടന ഉണ്ടെന്ന് ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് മാവൂരാൻ നാസർ; നിഷിദ്ധബന്ധം ആർക്കെങ്കിലും ഒരു അലങ്കാരമായിട്ടുണ്ടെങ്കിൽ അത് മതവാദികൾക്ക് മാത്രമെന്ന് സി രവിചന്ദ്രൻ; ചിന്തകൾക്ക് തീപ്പിടിപ്പിച്ച് എസ്സൻഷ്യക്ക് സമാപനം

മതം ചെറുപ്പത്തിലേ അടിച്ചേൽപ്പിക്കുന്നത് നിർത്തണമെന്ന് ജാമിദ ടീച്ചർ; ഹിന്ദുമതവും ഹിന്ദുത്വയും രണ്ടല്ലെന്ന് പ്രസാദ് വേങ്ങര; തോമാശ്ലീഹ കേരളത്തിൽ വന്നത് കെട്ടുകഥയെന്ന് റോഷൻ മാത്യു വർഗീസ്; ഖുർആൻ മാത്രം ഉയർത്തിപ്പിടിച്ചവർക്ക് ഭരണഘടന ഉണ്ടെന്ന് ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് മാവൂരാൻ നാസർ; നിഷിദ്ധബന്ധം ആർക്കെങ്കിലും ഒരു അലങ്കാരമായിട്ടുണ്ടെങ്കിൽ അത് മതവാദികൾക്ക് മാത്രമെന്ന് സി രവിചന്ദ്രൻ; ചിന്തകൾക്ക് തീപ്പിടിപ്പിച്ച് എസ്സൻഷ്യക്ക് സമാപനം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വതന്ത്ര ചിന്തയുടെയും ശാസ്ത്രബോധത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നിട്ട്, ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ക്ലബിന്റെ മൂന്നാം വാർഷികമായ എസ്സൻഷ്യ -19 സമാപിച്ചു. കൊച്ചി ടൗൺ ഹാളിൽ നടന്ന സെമിനാറിൽ 800 ലധികം പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. കേരളീയ പൊതുസമുഹം ചർച്ചചെയ്യാൻ മടിക്കുന്ന മതവിമർശനവും, ഒപ്പം മികച്ച ശാസ്ത്ര ക്ലാസുകളുമാണ് എസ്സൻസ് ഒരുക്കിയത്.

കാളപെറ്റാൽ കയർ എടുക്കുന്ന പ്രവണത സോഷ്യൽ മീഡിയിൽ അടക്കം വർധിച്ചുവരികയാണെന്നും, രോഗാതുരമായ ഒരു സമൂഹത്തിന്റെ ലക്ഷണങ്ങൾ ആണ് ഇതെന്നും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. കാളപ്പേറ് ജേണലിസം ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത്. 'പ്രതികാര ദാഹവുമായി മുർഖൻപാമ്പ് പാഞ്ഞത് രണ്ടുകിലോമീറ്റർ' എന്നൊക്കെ വാർത്ത ഇപ്പോഴും നമ്മുടെ പത്രങ്ങളിൽ വരുന്നത് നോക്കുക. 'ബഷീർ മരിച്ചിട്ട് നാലുമാസം; വാട്സാപ്പിൽ ലെഫ്റ്റ് ആയത് ഇന്നലെ' എന്നായിരുന്നു മറ്റൊരു വാർത്ത. ഒരാൾ ദീർഘകാലം ഇനാക്റ്റീവായി കിടന്നാൽ വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്ന് സ്വാഭാവികമായും പുറത്താകും. ഇത് മനസ്സിലാക്കാതെയാണ് വാർത്തകൾ വരുന്നത്. 'കാളയും കയറും' എന്ന് പേരിട്ട തന്റെ പ്രഭാഷണത്തിൽ സി രവിചന്ദ്രൻ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമ പ്രശ്നത്തിൽ അസമിൽ പ്രക്ഷോഭം ഉണ്ടായത് കേരളത്തിലേതിന് സമാനമായിട്ടല്ല. ഇവിടെ മുസ്ലീങ്ങളെ ഒഴിവാക്കിയതിന് എതിരെയാണെങ്കിൽ അവിടെ ആരും ഇങ്ങോട്ട് വരേണ്ടെന്നും കുടിയേറ്റക്കാരെ തള്ളാനുള്ള ഡമ്പിങ്ങ് യാർഡ് അല്ല ഞങ്ങളുടെ നാട് എന്നും പറഞ്ഞാണ് പ്രക്ഷോഭം ഉണ്ടായത്. എന്നാൽ ഇതുരണ്ടും കൂട്ടിക്കെട്ടി കേരളത്തെപ്പോലെ അസമും പ്രക്ഷോഭ തീച്ചൂളയിൽ എന്നൊക്കെയാണ്, പലരും പ്രചരിപ്പിച്ചത്.

ആൾക്കൂട്ട വിചാരണയുടെ അടിസ്ഥാനത്തിലല്ല നീതി നിശ്ചയിക്കേണ്ടത്. വർഷങ്ങൾക്കു നീണ്ട വിചാരണക്കുശേഷം നിരപരാധികൾ എന്ന് കണ്ട് കോടതി വെറുതെ വിട്ടവർ നിരവധിയാണ്. പക്ഷേ ഇപ്പോൾ ജനം പ്രതികളെ ഓൺ ദ സ്പോട്ടിൽ വെടിവെച്ച് കൊല്ലാനാണ് ആഹ്വാനം ചെയ്യുന്നത്. ജനങ്ങളുടെ പൊതുബോധമനുസരിച്ച് വോട്ടിനിട്ട് കൊല്ലുന്ന രീതി ശരിയല്ല. പൊലീസിനൊ ഇൻവെസ്ററിഗേറ്റിങ്ങ് ഏജൻസിക്കോ ഒന്നും ഒരാളെ ശിക്ഷിക്കാനുള്ള അധികാരമില്ല. തെലങ്കാനയിൽ വെടിയേറ്റ് മരിച്ച പ്രതികളിൽ ഒരാളെങ്കിലും ഇതുപോലെ നിരപരാധികൾ ആയിരുന്നെങ്കിലോ?-സി രവിചന്ദ്രൻ ചോദിച്ചു.

സ്വതന്ത്രചിന്തകർ എന്നാൽ സ്വതന്ത്ര ലൈംഗികത ആഗ്രഹിക്കുന്നവരാണെന്നും അമ്മയെയും പെങ്ങളെയും ഭോഗിക്കുന്നവർ ആണെന്നും ചില മതഗ്രൂപ്പുകൾ നടത്തുന്ന പ്രചാരണത്തെയും സി രവിചന്ദ്രൻ പൊളിച്ചടുക്കി. സ്വതന്ത്രചിന്തയെന്നാൽ എല്ലാറ്റിനുമുള്ള സ്വാതന്ത്ര്യമല്ല. സ്വാതന്ത്ര്യം അതിർത്തികൾ ഇല്ലാത്തതല്ല. അതിർത്തിക്കുള്ളിലെ സാധ്യതയാണ്. എല്ലാറ്റിൽ നിന്നുമുള്ള സ്വാതന്ത്ര്യം പ്രായോഗികമായി സാധ്യമാവുകയുമില്ല. വസ്ത്രത്തിൽ നിന്നുള്ള സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ് ദിംഗംബരന്മാരെ പോലെ നമുക്ക് യോഗം ചേരാനാവില്ല. ധാർമ്മികത സഹജമാണ്. ചിലതെല്ലാം നാം ആർജ്ജിക്കുന്നതും. അത് ഏതെങ്കിലും മതത്തിന്റെ കുത്തകയല്ല. മനുഷ്യന് ഉള്ളകാര്യങ്ങളേ മതത്തിനും ചെയ്തുകൊടുക്കാൻ കഴിയൂ. പക്ഷേ മതവാദികളുടെ ധാർമ്മികത എന്നത് എന്ത് ദയനീയമാണ്. ഞങ്ങളുടെ പുസ്തകത്തിൽ എഴുതിയതുകൊണ്ടുമാത്രം ഞങ്ങൾ ഇന്നത് ചെയ്യില്ല എന്ന് പറയുന്നവരുടെ ധാർമ്മിക നിലവാരം ദയനീയമാണ്. പുസ്തകത്തിൽ എഴുതി വെച്ചില്ലായിരുന്നില്ലങ്കിൽ ഞങ്ങൾ ബാത്ത് റൂമിൽ ഫ്ളഷ് ചെയ്യില്ല എന്ന് പറയുന്നത് എത്ര കഷ്ടമാണ്.- രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

നിഷിദ്ധബന്ധം അഥവാ അഗമ്യഗമനം പ്രോൽസാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. അങ്ങനെ ചെയ്യുന്നവരും ഒരു ന്യുനപക്ഷം മാത്രമാണ്. പക്ഷേ മതഗ്രന്ഥങ്ങളിൽ ഒക്കെയും നിഷിദ്ധ ബന്ധങ്ങളുടെ നീണ്ട നിരയുണ്ട്. ആദം -ഹവ്വ കഥയിൽ എങ്ങനെ വ്യാഖ്യാനിച്ചാലും അത് നിഷിദ്ധ ബന്ധത്തിന്റെതാണ്. ബൈബിളിലെ എബ്രാഹം- സാറ ബന്ധം സാമുവലിന്റെ കഥ തുടങ്ങിയവ. നിഷിദ്ധബന്ധം ആർക്കെങ്കിലും ഒരു അലങ്കാരമായിട്ടുണ്ടെങ്കിൽ അത് മതവാദികൾക്ക് മാത്രമാണ്. ശാസ്ത്രീയ നിഗമനം വെച്ചുനോക്കിയാലും പ്രോൽസാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല നിഷിദ്ധബന്ധം.ജനിതകരോഗങ്ങൾ അടക്കമുള്ള പലപ്രശ്‌നങ്ങളും അതോടൊപ്പം വരാം. നമ്മുടെ നാട്ടിലുണ്ടായിരുന്ന മുറപ്പെണ്ണ് സമ്പ്രദായവും, തമിഴ്‌നാട്ടിൽ സഹോദരന്റെ മകളെ വിവാഹം കഴിക്കുന്നതും അടക്കമുള്ളവ ഈ രീതിയിൽ വിലക്കപ്പെടേണ്ടതാണ്. പിന്നെ മതവിലക്കുകൾ ഉണ്ടായിട്ടും യാതൊരു കാര്യവും മറ്റു പലതിനും ഇല്ല. പോൺസൈറ്റുകൾ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത് പാക്കിസ്ഥാനിലാണ് എന്നാണ് കണക്കുകൾ. ആ കണക്കിന്റെ ആദ്യ പട്ടികയിൽ ബാക്കിയുള്ളവ ഇസ്ലാമിക രാജ്യങ്ങളാണ്. മതവിലക്ക് ഒന്നിനും പരിഹാരമല്ല എന്നാണ് ഇത് തെളിയിക്കുന്നത്- സി രവിചന്ദ്രൻ വ്യക്തമാക്കി.

 

തോമാശ്ലീഹ കേരളത്തിവന്നത് കെട്ടുകഥ മാത്രം

രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടിയിലെ ആദ്യ സെഷനിൽ വർണ്ണാലയം എന്ന വിഷയം അവതരിപ്പിച്ച ധന്യ ഭാസ്‌ക്കരൻ ഇന്റലിജൻസ് കോഷ്വന്റ് എന്ന ഐക്യുവിനെ കുറിച്ചാണ് സംസാരിച്ചത്. ഓരോ കുട്ടികളും മൾട്ടിപ്പിൾ ജീനിയസുകളാണ്. ഐക്യൂവിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ വിലയിരുത്താൻ കഴിയില്ല. അമേരിക്കയിൽ ഐക്യൂ കുറവുള്ള ഇണകളുടെ കുട്ടികളെ പണ്ട് അബോർഷൻ ചെയ്യിപ്പിക്കുമായിരുന്നെന്നും ധന്യ കൂട്ടിച്ചേർത്തു. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ സമഗ്ര വികസനത്തിന് അപര്യാപ്തമാണ്. എല്ലാ കുട്ടികളും ഒരുപോലെ ആവണമെന്ന് ശാഠ്യം പിടിക്കരുതെന്ന് പറഞ്ഞാണ് ധന്യ പ്രഭാഷണം അവസാനിപ്പിച്ചത്. കാവി ഭാവന എന്ന വിഷയം അവതരിപ്പിച്ച പ്രസാദ് വേങ്ങര, ഹിന്ദുത്വയും ഹിന്ദുമതവും രണ്ടല്ലെന്നാണ് വ്യക്തമായി വിശദീകരിച്ചത്. അടിസ്ഥാനപരമായി ഇതൊരു മതസംരക്ഷണ വാദമാണ്. ഹിന്ദുത്വയുടെ അടിസ്ഥാനം ഹിന്ദുമത ഗ്രന്ഥങ്ങളിൽ തന്നെയാണ്. വേദം, ഉപനിഷത്ത്, എന്നവയിലാണ് അത് കിടക്കുന്നത്. ഒരുകാലത്തും മാറാത്തത് എന്ന അർഥത്തിലുള്ള അറുപിന്തരിപ്പൻ ആശയമാണ് സനാതനത്വമൊക്കെ മുന്നോട്ടുവെക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന പോലെ മതത്തിനെതിരായ നവോതഥാനം ആയിരുന്നില്ല, കേവലം ഹൈന്ദവ മത നവീകരണം മാത്രമാണ്‌ ഇന്ത്യയിൽ നടന്നത്. സ്വാമി വിവേകാനന്ദൻ, ദയാനന്ദസരസ്വതി എന്നിവരൊക്കെ ശ്രമിച്ചത് ഹിന്ദുമതത്തെ പരിഷ്‌ക്കരിച്ച് സെമിറ്റിക്ക് മതങ്ങൾക്ക് സമാനമായ ഒരുമതമാക്കാനാണ്. ഹിന്ദുമതത്തെ എതിരിടാതെ ഹിന്ദുത്വയെ മാത്രം വിമർശിച്ച്, മതരാഷ്ട്ര വാദത്തെ ഇല്ലാതാക്കാൻ കഴിയില്ല. മോദിയും അമിത് ഷായും മാറിയാൽ ഹിന്ദുത്വ രാഷ്ട്രീയം അവസാനിക്കുന്നില്ല.

 തോമാശ്ലീഹ കേരളത്തിൽ വന്നുവെന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് തുടർന്ന് സംസാരിച്ച റോഷൻ മാത്യു വർഗീസ് ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള യാതൊരു തൊളിവും ലഭ്യമല്ല. സെന്റ് തോമസ് വന്നുവെന്ന് പറയുന്ന എഡി 52ൽ, കേരളത്തിൽ ബ്രാഹ്മണർ ഉണ്ടായിരുന്നില്ല.
3ാം നൂറ്റാണ്ടിലാണ് കേരളത്തിലേക്ക് ബ്രാഹ്മണ കുടിയേറ്റം ഉണ്ടാവുന്നത്. പ്ലാസിബോപതി എന്ന വിഷയം അവതരിപ്പിച്ച ഡോ ആരിഫ് ഹൂസൈൻ തെരുവത്ത് ചൂണ്ടിക്കാട്ടിയത് ഒരു മരുന്നും കൊടുക്കാതെ താൽക്കാലിക ആശ്വാസം കിട്ടുന്ന പ്ലാസിബോ ഇഫക്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നായിരുന്നു. ഹോമിയോപ്പതി അടക്കമുള്ള സമാന്തര ചികിത്സയിൽ ഈ രീതി നന്നായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്താമാക്കി.

വാഹന സുരക്ഷയെകുറിച്ചും പൊതുഗതാഗതത്തിന്റെ വളർച്ചയും വിശദമാക്കിക്കൊണ്ടായിരുന്നു ചന്ദ്രശേഖർ രമേഷിന്റെ 'വളയം പിടിക്കുന്ന അരൂപി' എന്ന പ്രസന്റേഷൻ. എസി വണ്ടി വാങ്ങിയശേഷം അതിൽ ചാണകം മെഴുകി യാത്രചെയ്യുന്ന, പല ഉത്തരേന്ത്യൻ അനുഭവങ്ങളും അദ്ദേഹം ചിത്രസഹിതം വിശദീകരിച്ചു. ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും കൂർത്ത ബിംബങ്ങളും മറ്റും കാറിൽ വെച്ചുകൊണ്ട് നാം നമ്മുടെ സുരക്ഷ അപകടത്തിലാക്കുകയാണ്. ഇനി ഡ്രൈവറില്ലാ വണ്ടികളാവും ലോകത്തിൽ വ്യാപകമാവുക. ഫ്‌ളയിങ്ങ് ഓട്ടോമാറ്റിക്ക് കാറുകൾ എന്ന പറക്കുന്ന കാറുകളെ കാണിച്ചുകൊണ്ടാണ് ചന്ദ്രശേഖർ തന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നത്. ഒപ്പം മതങ്ങൾക്കുനേരെയുള്ള ശക്തമായ ട്രോളും. ' ഇത് ഇപ്പോഴേ പറയുന്നത്, പറക്കുന്ന കാറുകൾ ഇറങ്ങിയാൽ അത് ഞങ്ങളുടെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് വരാതിരിക്കാനാണ്'- ചന്ദ്രശേഖർ വ്യക്തമാക്കി.

മതം ചെറുപ്പത്തിലേ അടിച്ചേൽപ്പിക്കുന്നത് നിർത്തണം- ജാമിദ ടീച്ചർ

അതേസമയം പരിപാടിയുടെ ശ്രദ്ധേയമായ ഭാഗം 'നിർമതം' എന്ന സെഷനാണ്. ജാമിദ ടീച്ചർ, അയൂബ് പി.എം, മുൻ ക്രൈസ്തവ പുരോഹിതനായ മാണി പറമ്പത്ത് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഷിബു ഈരിക്കലായിരുന്നു മോഡറേറ്റർ. 'മതരഹിതമായ ഒരു ലോകം സാധ്യമാണോ' എന്നതായിരുന്നു സംവാദ വിഷയം. ഇന്ത്യ പോലുള്ള രാജ്യത്ത് പൗരത്വ ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്ന സമയത്തും, പൂർണ്ണമായും ഒരു മത രാഷ്ട്രമാവാൻ കഴിയില്ലെന്ന് പി എം അയൂബ് ചൂണ്ടിക്കാട്ടി. കാരണം മതരാഷ്ട്രമാവണമെങ്കിൽ നമ്മൾ വർഷങ്ങളോളം പിന്നോട്ട് പോകണം. ആധുനിക സമൂഹത്തിന്റെയും സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും എല്ലാം കാതൽ ജനാധിപത്യമാണ്. അതുകൊണ്ടെല്ലാം തന്നെ ഒരു രാഷ്ട്രവും മതരാഷ്ട്രമാവാൻ ആഗ്രഹിക്കുന്നില്ലെന്നും അയൂബ് വാദിച്ചു.

ചെറുപ്പത്തിലെ തന്നെ മദ്രസയിലും, ദറസിലുമെല്ലാമായി മതം അടിച്ചേൽപ്പിക്കുന്നതാണ് അതിങ്ങനെ പ്രചരിക്കാനുള്ള കാരണമെന്ന് ജാമിദ ടീച്ചർ പറഞ്ഞു. ഇങ്ങനെ ശക്തമായി അടിച്ചേൽപ്പിക്കപ്പെടുന്ന മതത്തിൽ നിന്ന് പിന്നീട് അവർക്ക് മോചനം ഉണ്ടാവില്ല. യുക്തിയുടെയും, ശാസ്ത്രബോധത്തിന്റെയും മേഖലകളെ  ഒതുക്കി കളയുകയാണ് മതം ചെയ്യുന്നത്. ഇതിന് പരിഹാരമായി നമ്മൾ വീട്ടിൽ യുക്തിബോധവും ശാസ്ത്രബോധവും വളർത്താനുള്ള പരിശീലനം രക്ഷിതാക്കൾക്ക് കൊടുക്കുകയാണ് വേണ്ടത്. കുട്ടികളിലേക്ക് സ്വന്തം വിശ്വാസം അടിച്ചേൽപ്പിക്കുന്നതിന് പകരം കുട്ടികളെ ചിന്തിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്. പുതിയ തലമുറ ഖുറാനൊന്നും കൊടുത്താൽ വായിക്കുകപോലുമില്ല. അവർക്ക് മതഗ്രന്ഥങ്ങളോടൊന്നും ആഭിമുഖ്യമില്ല.  അവർക്ക് താൽപര്യം ഡോക്യുമെന്ററികളോ, സിനിമകളോ ആണെന്നാണ് ജാമിദ ടീച്ചറുടെ അഭിപ്രായം. കാലം മാറുമെന്നും ഇന്ത്യയും ഒരു മതരഹിത സമൂഹമാവുന്ന കാലം വിദൂരമല്ലെന്നുമാണ് ജാമിദ ടീച്ചറുടെ പ്രവചനം. താൻ  യുക്തിവാദിയായതിന്റെപേരിൽ
 പേരിൽ എന്റെ ഉമ്മയുടെ പേര് മഹല്ലിൽനിന്ന് വെട്ടിയതാണ് ഈയിടെയാണ്. 'ലോകത്ത് ഒരു ശവവും റോഡിൽ കിടന്ന് നാറിയിട്ടില്ല' എന്ന മറുപടിയാണ് പക്ഷേ ഉമ്മ നൽകിയത്'- ജാമിദ ടീച്ചർ വ്യക്തമാക്കി.
.

അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ ക്രൂരതകൾ കാണിച്ചത് മതവും ദൈവവും തന്നെയാണെന്നാണ് മാണി പറമ്പത്ത് വ്യകതമാക്കി. യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഉയർന്ന് വന്നിട്ടുള്ള മതരഹിത സമൂഹങ്ങൾ എന്ന് പറയുന്നത് ഈ ക്രൂരതകൾക്ക് എതിരായുള്ള ഒരു നിശബ്ദ പ്രതിഷേധം കൂടിയായിരുന്നു. അവിടെയെല്ലാം സമൂഹങ്ങളിൽ മതത്തിന് യാതൊരു വിലയുമില്ല. അങ്ങനെ ഒന്ന് ഇന്ത്യയിൽ സാധ്യമാവാത്തത് ചെറുപ്പം മുതലുള്ള മതത്തിന്റെ ഒരു പിടികൊണ്ടാണ്. അതുകൊണ്ട് തന്നെ മതമാണ് സമൂഹത്തിലെ ഏറ്റവും വലിയ ക്രൂരത. ആ മതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനങ്ങൾ ചെറുപ്പം മുതലേ ശീലിക്കണം. ഇന്ത്യയിലെ മതേതരത്വം കപടമാണ്. ഇവിടെയുള്ളത് മതസൗഹാർദമാണ്. മതേതരത്വം എന്ന് പറഞ്ഞാൽ ഒരുമതത്തെയും രാഷ്ട്ര ശരീരത്തിലേക്ക് ഇടപെടാൻ സമ്മതിക്കാതിരിക്കുക എന്നതാണ്.

എന്നാൽ ഇവിടെ നടക്കുന്നത് ഒരു സംഭവം ഉണ്ടായാൽ ഒരു പള്ളീലച്ചനും, മൗലവിയും, പൂജാരിയും ചേർന്ന് നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റിടും. ഇതൊരു വ്യാജസംഭവമാണ്. മതേതരത്വം എന്ന് പറഞ്ഞാൽ മതത്തിന് പരിഗണന കൊടുക്കാതെയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ നടക്കുന്നത് മത സൗഹാർദമാണ്. അതുകൊണ്ടാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മതത്തിന് ഇത്ര പ്രാധാന്യം ലഭിക്കുന്നതെന്നും മാണി പറമ്പത്ത് പറഞ്ഞു.തുടർന്ന് പാനലിസ്റ്റുകൾ ജനങ്ങളുമായി സംവദിക്കയും ചെയ്തു.
.മതരഹിത സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മൾ ഒറ്റപ്പെട്ട് പോവില്ലേ? കുട്ടികൾക്ക് എന്ത് പേരിടും എന്നെല്ലാമായിരുന്നു ഒട്ടുമിക്കവരുടെയും സംശയം. എന്ത് പേരിടും എന്നതിൽ പ്രാധാന്യം ഒന്നുമില്ലെന്നും നമ്മുടെ ചിന്താഗതി മാറുക എന്നതാണ് പ്രധാനമെന്നാണ് പാനലിസ്റ്റുകൾ മറുപടി പറഞ്ഞത്.

എസ്സൻഷ്യയിലെ ഏറ്റവും ശ്രദ്ധേമായ മറ്റൊരു സെഷൻ മാസ്റ്റർ മൈൻഡ് ക്വിസ് മൽസരം ആയിരുന്നു. ഡോ വൈശാഖൻ തമ്പിയുടെ നേതൃത്വത്തിൽ നടന്ന ലൈവ് ക്വിസ് അറിവിന്റെ പുതിയ മേഖലകളാണ് സമ്മാനിച്ചത്.

ഇസ്‌ലാമിക രാജ്യങ്ങളിലെ ഭരണഘടന ഖുർആൻ തന്നെ

'സുരക്ഷിത ലഹരി' എന്ന വിഷയം അവതരിപ്പിച്ച ഡോ രാഗേഷും സദസ്യരുടെ കൈയടി നേടി. ആയുർവേദവും ഹോമിയോപ്പതിയും അടക്കമുള്ള ചികിത്സാരീതികൾ, പാരമ്പര്യത്തിന്റെ ലഹരികൾ മാത്രമാണെന്നും, മദ്യമടക്കമുള്ള ലഹരി ഉപയോഗിക്കേണ്ടവർക്ക് സുരക്ഷിതമായി അത് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുന്നതുപോലെയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുർവേദ ഹോമിയോപ്പതി കോളജുകൾ സ്ഥാപിക്കുമ്പോൾ തന്നെ
സർക്കാർ , ആധുനിക വൈദ്യത്തിന്റെ എല്ലാ സംവിധാനവും വേണമെന്ന് നിഷ്‌ക്കർഷിക്കാറുണ്ടെന്ന്, ആയുഷിന്റെയും മറ്റും ഡേറ്റകൾ പ്രദർശിപ്പിച്ചുകൊണ്ട് ഡോ രാഗേഷ് ചൂണ്ടിക്കാട്ടി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ യന്ത്രസഹായവും രോഗ നിർണ്ണയ സഹായവുമൊക്കെ ഉപയോഗപ്പെടുത്തി, പഴമയെ വെറുതെ പൊതിഞ്ഞ് കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.- അദ്ദേഹം വ്യക്തമാക്കി.

രാജാവ് നഗ്നനാണ് എന്ന വിഷയത്തിലൂടെ നാസർ മാവൂരാൻ ഭരണഘടനയും മതഗ്രന്ഥങ്ങളും തമ്മിലുള്ള താരതമ്യമാണ് നടത്തിയത്. 'ഖുർആൻ മാത്രം ഉയർത്തിപ്പിടിച്ചവർക്ക് ഭരണഘടനയെന്ന ഒരു സാധനം ഉണ്ടെന്ന് മനസ്സിലാക്കാൻ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ആശങ്കകൾ വേണ്ടിവന്നു. ഇസ്ലാമിക രാഷ്ട്രങ്ങളിലെ ഭരണഘടന ശരിക്കും ഖുർആൻ തന്നെയാണ്. വിവാഹം, മരണം, തൊട്ട് വലത്തോട്ട് തുപ്പണോ ഇടത്തോട്ട് തുപ്പണോ എന്നുവരെ വ്യക്തമായി എഴുതിവെച്ച ഗ്രന്ഥമാണ് ഇത്. ഇതുതന്നെയാണ് ഇസ്ലാമിസ്റ്റുകളുടെ ഭരണഘടനയും. ഇസ്ലാമിക രാജ്യങ്ങൾ പ്രവർത്തിക്കുന്ന ഖുർആൻ അനുസരിച്ചാണ്' - മാവൂരാൻ നാസർ ചൂണ്ടിക്കാട്ടി. വിവാഹത്തെയും വിവാഹമോചനത്തെയും ആർത്തവത്തെയുമൊക്കെ തൊട്ട് ഒരു മുസ്ലിം എങ്ങനെ ജീവിക്കണമെന്ന സകലമാനകാര്യങ്ങളും എഴുതിയ ഖുർആനിൽ പക്ഷേ ഒരു നേരം കൃത്യമായി എത്രതവണ നിസ്‌ക്കരിക്കണമെന്ന് മാത്രം എഴുതിയിട്ടില്ല. ഇന്ന് മുസ്ലിം സംഘടനകൾ തമ്മിലുള്ള തമ്മിലടിയുടെ പ്രധാനകാരണവും അതുതന്നെ'- അദ്ദേഹം ചൂണ്ടിക്കാട്ടി.

25 ലധികം പ്രഭാഷകർ പങ്കെടുത്ത പരിപാടി രാവിലെ 9 മണിക്ക് തുടങ്ങി രാത്രി 8 മണിയോയൊണ് സമാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP