Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

എരുമേലി വിമാനത്താവളത്തിന്റെ പദ്ധതി രേഖ മുഖ്യമന്ത്രിയുടെ ഓഫീസിൽ; ഇനിയെല്ലാം സർവ്വ വേഗത്തിൽ നീങ്ങാൻ ഒരുങ്ങവേ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തർക്കമാകും; തർക്ക ഭൂമിയായതിനാൽ നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുക്കാമെന്നിരിക്കെ ധൃതി പിടിച്ച് ബിലിവേഴ്‌സ് ചർച്ചിന് കാശ് കൊടുത്ത് ഭൂമി വാങ്ങാൻ നീക്കമെന്ന ആരോപണം ശക്തം; ബിഷപ്പ് കെപി യോഹന്നാൻ സർക്കാരിനെ പറ്റിച്ച് വാങ്ങിയ ഭൂമി ഏറ്റെടുക്കാൻ സർക്കാർ കോടികൾ മുടക്കുമോ?

എരുമേലി വിമാനത്താവളത്തിന്റെ പദ്ധതി രേഖ മുഖ്യമന്ത്രിയുടെ ഓഫീസിൽ; ഇനിയെല്ലാം സർവ്വ വേഗത്തിൽ നീങ്ങാൻ ഒരുങ്ങവേ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തർക്കമാകും; തർക്ക ഭൂമിയായതിനാൽ നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുക്കാമെന്നിരിക്കെ ധൃതി പിടിച്ച് ബിലിവേഴ്‌സ് ചർച്ചിന് കാശ് കൊടുത്ത് ഭൂമി വാങ്ങാൻ നീക്കമെന്ന ആരോപണം ശക്തം; ബിഷപ്പ് കെപി യോഹന്നാൻ സർക്കാരിനെ പറ്റിച്ച് വാങ്ങിയ ഭൂമി ഏറ്റെടുക്കാൻ സർക്കാർ കോടികൾ മുടക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശബരിമല വിമാനത്താവളത്തിനായി എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി മുഖ്യമന്ത്രിക്കു സമർപ്പിക്കുമ്പോൾ സ്ഥലം എടുപ്പിൽ വിവാദം തുടരുകയാണ്. വിമാനത്താവളം സ്‌പെഷൽ ഓഫിസർ വി. തുളസീദാസ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെഎസ്‌ഐഡിസി) എന്നിവർ തയാറാക്കിയ പദ്ധതിക്കു ധനം, നിയമം, റവന്യു തുടങ്ങിയ വകുപ്പുകൾ അനുമതി നൽകിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഫയലിൽ ഒപ്പുവയ്ക്കുന്നതോടെ റവന്യു വകുപ്പു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. തുടർന്നു വിമാനത്താവള നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു വി. തുളസീദാസ് പറഞ്ഞു. വിമാനത്താവളം ലാഭകരമായി നടത്താമെന്നു സാധ്യതാ പഠനം നടത്തിയ ലൂയി ബഗ്ർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് ലോക്ഡൗണിനു മുൻപു സർക്കാർ അംഗീകരിച്ചു. വിശദ പഠന റിപ്പോർട്ട് തയാറാക്കാനുമുള്ള ചുമതലയും കൺസൽട്ടിങ് സ്ഥാപനമായ ലൂയി ബഗ്‌റിനു നൽകി. ഇതിനിടെയാണ് സ്ഥലത്തെ ചൊല്ലിയുള്ള തർക്കം വീണ്ടും സജീവമാകുന്നത്.

ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച നിയമ നടപടികളാണ് അടുത്ത കടമ്പ. ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ് എസ്റ്റേറ്റ്. ചെറുവള്ളി അടക്കം ഹാരിസൺ പ്ലാന്റേഷൻസിന്റെ പക്കലുള്ള എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള എം.ജി. രാജമാണിക്യം റിപ്പോർട്ട് കോടതി റദ്ദാക്കിയിരുന്നു. എസ്റ്റേറ്റ് തിരിച്ചെടുക്കാൻ സിവിൽ കേസ് നടത്താനും സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. എസ്റ്റേറ്റ് തിരിച്ചെടുക്കാൻ കോട്ടയം കലക്ടർ പാലാ കോടതിയിൽ സിവിൽ കേസ് കൊടുത്തിട്ടുണ്ട്. ഈ നിയമ നടപടികൾക്കു സമാന്തരമായാണു സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം. അതിവേഗം സ്ഥലം ഏറ്റെടുക്കാനാണഅ സർക്കാർ ആലോചന. അങ്ങനെ വന്നാൽ സ്ഥലത്തിന് പണം നൽകേണ്ടി വരും. ഇതിനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

എന്നാൽ സർക്കാർ ഈ വിഷയത്തിൽ കൃത്യമായി പ്രതികരിക്കുന്നില്ല. ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിന്റേതാണെന്ന സമ്മതിക്കുന്നുണ്ട്. അതിവേഗ വിമാനത്താവളമാണ് സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ അതിവേഗം സ്ഥലം ഏറ്റെടുക്കണം. ഇതിന് വേണ്ടി ആവുന്നതെല്ലാം ചെയ്യും. നിയമ നടപടികൾ തുടർന്നാൽ അന്തിമ തീർപ്പിലെ്ത്താൻ വർഷങ്ങളാകും. പാലാ കോടതിയിലെ കേസ് വിജയിച്ചാൽ ബിലിവേഴ്‌സ് ചർച്ച് അപ്പീൽ പോകും. അങ്ങനെ കാര്യങ്ങൾ നീളും. ഈ സാഹചര്യത്തിൽ പണം നൽകി ചെറുവള്ളി എസ്റ്റേറ്റ് വാങ്ങുന്നതും സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ട്.

ബിലീവേഴ്‌സ് ചർച്ചും ബിഷപ്പ് കെപി യോഹന്നാനും ചർച്ചകളിൽ എത്തുന്നതിനാൽ പ്രതിപക്ഷം എതിർക്കില്ലെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ പദ്ധതിയെ ബിജെപി എതിർക്കുമെന്നും സൂചനയുണ്ട്. തുടക്കത്തിൽ കേന്ദ്രമന്ത്രിയായ വി മുരളീധരൻ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ അതിശക്തമായി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബിജെപി ഇനിയും പ്രതിഷേധം ഉയർത്താൻ സാധ്യതയുണ്ട്. അതിനിടെ സ്ഥലം ഏറ്റെടുക്കുന്നതിനായി സർക്കാർ സമീപിച്ചിട്ടില്ലെന്നു ബിലീവേഴ്‌സ് ചർച്ച് വക്താവ് ഫാ. സിജോ പണ്ടപ്പള്ളി പറഞ്ഞു. ആവശ്യം ഉയർന്നാൽ ബിഷപ്‌സ് കൗൺസിൽ ചേർന്നു തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിൽ നിന്നു വിമാനത്താവളത്തിനു തത്വത്തിൽ അംഗീകാരം ലഭിക്കുകയാണ് അടുത്ത പടി. സർക്കാർ ഭരണാനുമതി നൽകിയാൽ ഭൂമി ഏറ്റെടുക്കുന്നതിനു റവന്യു വിജ്ഞാപനം ചെയ്യും. അതിന് ശേഷം വിശദ പഠന റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനുള്ള പഠനം ആരംഭിക്കും. സർവേ, മണ്ണ് പരിശോധന അടക്കമുള്ള നടപടികൾ തുടങ്ങും. വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് 'ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻസ് സർവേ' നടത്തും.. പരിസ്ഥിതി ആഘാത പഠനം നടത്തും. വിവിധ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അംഗീകാരത്തിനായി കേന്ദ്ര സർക്കാരിനു സമർപ്പിക്കും. കേന്ദ്രം അനുമതി നൽകിയാലേ പദ്ധതിയുമായി മുമ്പോട്ട് പോകാൻ കഴിയൂ. അതുകൊണ്ട് തന്നെ കേന്ദ്രമന്ത്രി വി മുരളീധരന്റെ നിലപാട് നിർണ്ണായകമാകും.

ആറന്മുളയിലാണ് ആദ്യം വിമാനത്താവള പദ്ധതി ചർച്ചയായത്. എന്നാൽ പരിസ്ഥിതി അനുമതി കേന്ദ്രം കൊടുത്തതുമില്ല. കുമ്മനം രാജശേഖരൻ ഉയർത്തിയ എതിർപ്പും പ്രതിഷേധവുമായിരുന്നു ഇതിന് കാരണം. അതുകൊണ്ട് തന്നെ എരുമേലിയിലും ബിജെപി എതിർപ്പുയർത്തിയാൽ വിമാനത്താവളം എന്ന സ്വപ്‌നം നടക്കാതെ പോകും. അതുകൊണ്ട് തന്നെ കരുതലോടെ മുമ്പോട്ട് പോകാനാണ് പിണറായി സർക്കാരിന്റെ തീരുമാനം. ആറു മാസത്തിനുള്ളിൽ എല്ലാ അനുമതിയും വാങ്ങിയെടുക്കാനാണ് നീക്കം.

ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള എരുമേലിയിലെ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയാണു ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയത്. എന്നാൽ രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തോട്ടങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച തർക്കമാണു ഭൂമി ഏറ്റെടുക്കൽ ദുഷ്‌കരമാക്കുന്നത്. തോട്ടങ്ങൾ സർക്കാരിന്റേതാണെന്നും കരാർ കാലാവധി കഴിഞ്ഞാൽ സർക്കാർ തിരിച്ചെടുക്കണമെന്നുമാണു രാജമാണിക്യം റിപ്പോർട്ട്. രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോട്ടങ്ങൾ ഏറ്റെടുത്ത നടപടി നിയമപ്രകാരമല്ലെന്നു കോടതി കണ്ടെത്തിയിരുന്നു. ഓരോ തോട്ടവും ബന്ധപ്പെട്ട മുൻസിഫ് കോടതികളിൽ കേസ് നടത്തി അനുകൂല വിധി സമ്പാദിച്ച ശേഷം ഏറ്റെടുക്കാൻ സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ കേസ് നടത്താൻ ഇതുവരെ റവന്യു വകുപ്പ് നടപടി ആരംഭിച്ചിരുന്നില്ല. തോട്ടങ്ങൾ സർക്കാരിന്റേതാണെന്നാണു റവന്യു വകുപ്പിന്റെയും സിപിഐയുടെയും നിലപാട്. അതിനിടെയാണു ശബരിമല വിമാനത്താവള പദ്ധതി വീണ്ടും സജീവമായത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണു ശബരിമല വിമാനത്താവള പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്. പദ്ധതിയുമായി മുന്നോട്ടു പോകണമെന്നാണു സർക്കാരിന്റെ നിർബന്ധം. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച അവ്യക്തത നീക്കുന്നതിനു സർക്കാർ റവന്യു വകുപ്പിന്റെ അഭിപ്രായം തേടി. 2013 കേന്ദ്ര സ്ഥലമെടുപ്പു നിയമം അനുസരിച്ച് കോടതിയിൽ പണം കെട്ടിവച്ചു തർക്കത്തിലുള്ള ഭൂമി ഏറ്റെടുക്കാമെന്നു റവന്യു വകുപ്പ് മറുപടി നൽകി. എന്നാൽ അതിനു പിന്നാലെ ചെറുവള്ളി അടക്കമുള്ള തോട്ടങ്ങളിൽ തിരിച്ചെടുക്കാനുള്ള നടപടി ആരംഭിക്കാൻ ജില്ലാ കലക്ടർമാർക്കു സർക്കുലർ അയച്ചു. ഇതിൽ ഇനിയും തീരുമാനമാകാത്തതാണ് എരുമേലിയിലെ ഇപ്പോഴുള്ള അനിശ്ചിതത്വത്തിന്റെ പ്രധാന കാരണം.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷന്റെ നിർദ്ദേശ പ്രകാരം ലൂയി ബഗറാണു എരുമേലി വിമാനത്താവളത്തിന്റെ പ്രാഥമിക സാധ്യതാ പഠന റിപ്പോർട്ട് തയാറാക്കിയത്. കുന്നുകളും താഴ്‌വാരങ്ങളും ചേർന്ന പ്രദേശമായതിനാൽ നിർമ്മാണ ചെലവു കൂടുമെന്ന മുന്നറിയിപ്പു റിപ്പോർട്ടിലുണ്ട്. ഭൂമി കൈമാറ്റം നടക്കാതെ സർവേയും മറ്റു പരിശോധനകളും പൂർത്തിയാക്കുക എളുപ്പമല്ല. എരുമേലിയിൽ നിന്നു 3 കിലോമീറ്റർ അകലെയാണു ചെറുവള്ളി എസ്റ്റേറ്റ്. ശബരിമല 43 കിലോമീറ്റർ അകലെയാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 2.27 ലക്ഷം പ്രവാസി മലയാളികൾക്കു വിമാനത്താവളം പ്രയോജനപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP