Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

17 വർഷത്തെ ഭരണത്തിനിടെ പത്രങ്ങളെയൊക്കെ നിയന്ത്രണത്തിലാക്കി; മകൾക്ക് നാലാമത്തെ കുഞ്ഞ് പിറന്നത് ആഘോഷിച്ചതോടെ സാമൂഹിക മാധ്യമങ്ങളെ നോട്ടമിട്ടു; ഹാഗിയ സോഫിയ വിഷയത്തിൽ മലയാളികൾ അടക്കം പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ടതും പക വർധിച്ചു; സാമൂഹ്യ മാധ്യമങ്ങളെ സർക്കാർ നിയന്ത്രണത്തിലാക്കുന്നതിനുള്ള നിയമവുമായി എർദോഗാൻ

17 വർഷത്തെ ഭരണത്തിനിടെ പത്രങ്ങളെയൊക്കെ നിയന്ത്രണത്തിലാക്കി; മകൾക്ക് നാലാമത്തെ കുഞ്ഞ് പിറന്നത് ആഘോഷിച്ചതോടെ സാമൂഹിക മാധ്യമങ്ങളെ നോട്ടമിട്ടു; ഹാഗിയ സോഫിയ വിഷയത്തിൽ മലയാളികൾ അടക്കം പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ടതും പക വർധിച്ചു; സാമൂഹ്യ മാധ്യമങ്ങളെ സർക്കാർ നിയന്ത്രണത്തിലാക്കുന്നതിനുള്ള നിയമവുമായി എർദോഗാൻ

എം മാധവദാസ്

അങ്കാറ: ഹാഗിയ സോഫിയ എന്ന ചരിത്ര പ്രസിദ്ധമായ മ്യൂസിയം പള്ളിയാക്കിയ നടപടിക്കെതിരെ തുർക്കിയിൽ പ്രസിഡന്റ് ത്വയ്യിബ് ഏർദോഗാനെതിരെ ശക്തമായ നിലപാട് എടുത്തിക്കുന്നത് സോഷ്യൽ മീഡിയയാണ്. അതുകൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങളെ സർക്കാർ നിയന്ത്രണത്തിലാക്കുന്നതിനുള്ള നിയമവുമായി തുർക്കി പ്രസിഡന്റ് എർദോഗാൻ രംഗത്ത് എത്തിയിരിക്കയാണ്. ഫേസ്‌ബുക്ക്, യു ട്യൂബ്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം ഫലത്തിൽ ഇല്ലാതാക്കുന്ന നിയമം തുർക്കി പാർലമെന്റ് ഉടൻ പാസ്സാക്കുമെന്നാണ് സൂചന

10 ലക്ഷത്തിൽ കൂടുതൽ ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ കമ്പനികൾ തുർക്കിയിൽ അവരുടെ പ്രതിനിധികളെ നിയമിക്കണമെന്നതാണ് നിയമത്തിലെ വ്യവസ്ഥ. ഈ പ്രതിനിധി തുർക്കിയിലെ നിയമ സംവിധാനത്തിന് വിധേയമായി പ്രവർത്തിക്കേണ്ടിവരും. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് 48 മണിക്കൂറിനകം മറുപടി നൽകാനും ഇവർക്ക് ഉത്തരവാദമുണ്ടാകും. ഈ കമ്പനികൾ ശേഖരിക്കുന്ന വിവരങ്ങൾ തുർക്കിയിൽ തന്നെ സൂക്ഷിക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ശക്തമായി നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കമ്പനികളിൽ നിന്നും കുറഞ്ഞത് 15 ലക്ഷം ഡോളർ പിഴയീടാക്കാമെന്നും ബാൻഡ്വിഡ്ത്ത് 90% വരെ കുറക്കാമെന്നും കരട് ബില്ലിൽ പറയുന്നു. തുർക്കി വാർത്താ വെബ്‌സൈറ്റുകളോട് 24 മണിക്കൂറിനുള്ളിൽ ഉള്ളടക്കം നീക്കംചെയ്യാൻ ഉത്തരവിടാനും പുതിയ കോടതികൾക്ക് അധികാരം നൽകുന്നു.
തുർക്കി പാർലമെന്റിന്റെ ജസ്റ്റിസ് കമ്മീഷൻ വെള്ളിയാഴ്ച കരട് ബിൽ അംഗീകരിച്ചു. ഹാഗിയ സോഫിയയെന്ന ഓർത്തഡോക്സ് ക്രിസ്ത്യൻ ദേവാലയം മുസ്ലിം പള്ളിയാക്കി വീണ്ടും തുറക്കാൻഒരുങ്ങുന്നതിനിടെയാണ് ഈ നീക്കം. വോട്ടെടുപ്പ് എന്നു നടക്കെന്നു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രസിഡന്റ് റജബ് തയ്യിപ് എർദോഗന്റെ ഭരണകക്ഷിയുടെയും സഖ്യ പങ്കാളിയുടെയും പിന്തുണയോടെ പുതിയ നിയമത്തിന് അംഗീകാരം കിട്ടുമെന്നാണ് കരുതുന്നത്. 'സോഷ്യൽ മീഡിയയിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, ഭീഷണി, ഉപദ്രവങ്ങൾ എന്നിവ അവസാനിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' എന്നു ഭരണകക്ഷി പ്രതിനിധി നിയമസഭാംഗമായ ഇസ്ലെം സെൻജിൻ പറഞ്ഞു.

തുർക്കിയിലെ പ്രധാനപ്പെട്ട പത്രങ്ങളെയെല്ലാം 17 വർഷത്തെ ഭരണത്തിനിടെ എർദോഗൻ നിയന്ത്രണത്തിലാക്കി കഴിഞ്ഞിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളാണ്. അവയുടെ പ്രവർത്തനം പൂർണമായി ഇല്ലാതാക്കുകയാണ് പുതിയ നിയമത്തലൂടെ ലക്ഷ്യമിടുന്നത്. എർദോഗാന്റെ മകൾക്ക് നാലാമതൊരു കുഞ്ഞ് ജനിച്ചത് സാമുഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതും ഹാഗിയ സോഫിയ പ്രശ്‌നവും, സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് തിടുക്കത്തിൽ നിയമം കൊണ്ടുവരാൻ കാരണമായി കരുതുന്നു. 2019 ന്റെ ആദ്യ ആറ് മാസത്തിൽ മാത്രം പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 6073 നിർദ്ദേശങ്ങളാണ് ട്വിറ്ററിന് തുർക്കി സർക്കാരിൽനിന്ന് ലഭിച്ചത്. എന്നാൽ ഇതിൽ അഞ്ച് ശതമാനം ആവശ്യങ്ങളോട് മാത്രമാണ് ട്വിറ്റർ അനുകൂലമായി പ്രതികരിച്ചത്.പുതിയ നിയമം കൊണ്ടുവരാനുള്ള തുർക്കിയുടെ നീക്കത്തെക്കുറിച്ച് ഇതുവരെ ഫേസ്‌ബുക്ക്, ട്വിറ്റർ, യുട്യൂബ് എന്നിവർ പ്രതികരിച്ചിട്ടില്ല.

എർദോഗാന്റെ പേജിൽ പൊങ്കാലയിട്ട് മലയാളികളും

ലോകത്തിന്റെ മുഴുവൻ എതിർപ്പ് ഉയരുന്നതിനിടെ 86 വർഷങ്ങൾക്ക് ശേഷം തുർക്കിയിലെ ഹാഗിയ സോഫിയയിൽ ഇസ്ലാം മതവിശ്വാസികൾ വെള്ളിയാഴ്‌ച്ച പ്രാർത്ഥന നടത്തി. തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗാനും ക്യാബിനറ്റ് മന്ത്രിമാരും പ്രാർത്ഥനയിൽ പങ്കെടുത്തു. മ്യൂസിയമായിരുന്ന ഹാഗിയ സോഫിയ ഉന്നത കോടതി വിധിയെ തുടർന്ന് മുസ്ലിം പള്ളിയാക്കി തുർക്കി സർക്കാർ മാറ്റുകയായിരുന്നു. എർദോഗാന്റെ രാഷ്ട്രീയ തരുമാനമാണ് ഇതോടെ നടപ്പിലാക്കപ്പെട്ടത്.

1500 വർഷം പഴക്കമുള്ള ഹാഗിയ സോഫിയ ആദ്യം കത്രീഡലായിരുന്നു. ഓട്ടോമൻ ഭരണകാലത്ത് 1453ൽ മുസ്ലിം പള്ളിയാക്കി മാറ്റി. എന്നാൽ 1934ൽ പള്ളി മ്യൂസിയമാക്കി മാറ്റി. പള്ളി മ്യൂസിയമാക്കി മാറ്റിയത് നിയമ വിരുദ്ധമായിട്ടാണെന്നാണ് കോടതി വിധിച്ചത്. തുടർന്ന് മ്യൂസിയത്തെ വീണ്ടും പള്ളിയാക്കി തുർക്കി സർക്കാർ മാറ്റി. ആദ്യ പ്രാർത്ഥനയിൽ പ്രസിഡന്റും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുടമടക്കം നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇസ്താംബുളിന്റെ മുഖമായ ഹാഗിയ സോഫിയ പള്ളിയാക്കി പരിവർത്തിപ്പിച്ചതിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു.

മതത്തിലൂന്നിയ തീവ്ര ദേശീയതയാണ് എർദോഗാൻ പ്രയോഗിക്കുന്നതെന്ന് വിമർശകർ ഉന്നയിച്ചു. വിശ്വപ്രസിദ്ധ സാഹിത്യകാരനായ ഓർഹാൻ പാമുക്കും സർക്കാർ നടപടിയെ വിമർശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതിനിടെ തുർക്കി പ്രസിഡന്റിനെതിരെ വലിയ പ്രതിഷേധമാണ് ഹാഗിയ വിഷയത്തിൽ ഉയർന്നിരിക്കുന്നത്. മലയാളികളും ഈ പ്രതിഷേധത്തിൽ ഭാഗമായിട്ടുണ്ട്. തുർക്കി പ്രസിഡന്റ് ഭാര്യക്കൊപ്പം ഹാഗിയ സോഫിയ സന്ദർശിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെയാണ് മലയാളികൾ കൂട്ടത്തോടെ പൊങ്കാലയുമായി എത്തിയത്.

ഷെയിം ഓൺയു എർദോഗാൻ എന്നു പറഞ്ഞു കൊണ്ടുള്ള കമന്റുകളാണ് പ്രവഹിക്കുന്നത്. ഇസ്താംബുളിന്റെ മതേതര മുഖമായി ചരിത്രമന്ദിരം മുസ്ലിം പള്ളിയാക്കി മാറ്റിയതിലൂടെ തുർക്കിയുടെ മതേതര മുഖം തന്നെ നഷ്ടമായെന്ന വിമർശനമാണ് ഉയരുന്നത്. നൂറു കണക്കിന് മലയാളികളാണ് ഈ പേജിൽ പൊങ്കാലയിട്ടത്. അതിനിടെ ഹാഗിയ സോഫിയ മോസ്‌കാക്കി മാറ്റുന്നതിനെതിരേ തുർക്കിക്കാരായ കൂടുതൽ മുസ്ലിം പണ്ഡിതരും രംഗത്തുവന്നിരുന്നു.

തുർക്കി സർക്കാരിന്റെ നടപടി ഗുരുതരവും അപരിഹാര്യവുമായ തെറ്റാണെന്നും അത്ഇതര മതസ്ഥരെ നിന്ദിക്കുന്നതിനു തുല്യമാണെന്നും ഇസ്ലാം വിരോധം വളർത്തുമെന്നും അവർ ചൂണ്ടിക്കാട്ടി. തീവ്രവാദികളായ ഇസ്ലാമിസ്റ്റുകൾക്ക് ഇതു പ്രോത്സാഹനം നല്കുമെന്നും അഭിപ്രായപ്പെടുന്നു. നഫീസ്അലി, മെഹ്മെത് അലി ഓസ്, യൂസുഫ് ദുർഗർ എന്നീ മുസ്ലിം പണ്ഡിതന്മാരാണ് ഈ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് ഷാവ്ക്കി ഇബ്രാഹിം അബ്ദേൽ കരീം അല്ലം ഹാഗിയ സോഫിയ മോസ്‌കാക്കി മാറ്റുന്നത് ''അനുവദനീയമല്ല'' എന്ന് കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നു. ഈജിപ്തിന്റെ ചരിത്രത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കാനുള്ള നീക്കത്തിനെതിരെ ഗ്രീസും അമേരിക്കയും റഷ്യയും വരെ രംഗത്തുവന്നിരുന്നു. തുർക്കിയെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകകയാണ് എർദോഗാൻ ചെയ്യുന്നതെന്ന് ഗ്രീക്ക് പ്രതികരിച്ചത്. തുർക്കിയുടെ നടപടി പ്രകോപനപരമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ ഓർത്തഡോക്‌സ് ചർച്ചും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയായി പ്രഖ്യാപിക്കാനുള്ള പ്രസിഡന്റ് എർദോഗന്റെ തീരുമാനത്തെ അപലപിച്ച് യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിരുന്നു.

ചരിത്രമുറങ്ങുന്ന നിർമ്മിതി

ആറാം നൂറ്റാണ്ടിലാണ് ഹാഗിയ സോഫിയ നിർമ്മിച്ചത്. ഗ്രീസിലെ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ നിർമ്മിതിയാണ്. ചരിത്ര പ്രസിദ്ധ നഗരമായ ഇസ്താംബൂളിൽ യുനസ്‌കോ പട്ടികയിൽ ഇടം പിടിച്ച മന്ദിരമാണ് ഹാഗിയ സോഫിയ. ലോകവിനോദ സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രം കൂടിയാണിത്. ക്രൈസ്തവ ബൈസന്റൈൻ സാമ്രാജ്യം കത്തീഡ്രലായി പണി കഴിപ്പിച്ചതാണ് ഹാഗിയ സോഫിയ. 1453ൽ കോൺസ്റ്റാറ്റിനോപ്പിൾ മുസ്ലിങ്ങൾക്ക് കീഴിലായതോടെയാണ് കത്തീഡ്രൽ പിന്നീട് മുസ്ലിം പള്ളിയായി മാറ്റിയത്. ഓട്ടോമൻ (ഉസ്മാനിയ) ഭരണകാലത്തായിരുന്നു ഇത്. ഹാഗിയ സോഫിയ 1900 കളുടെ ആദ്യത്തിൽ വരെ മുസ്ലിം പള്ളിയായിരുന്നു. 1934ൽ മുസ്തഫ കമാൽ അത്താ തുർക്കിന്റെ ഭരണകാലത്താണ് ഇത് മ്യൂസിയമാക്കി മാറ്റിയത്.

എ.ഡി.532 നും 537നുമിടയ്ക്ക് ബൈസന്റൈൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന ദേവാലയം നിർമ്മിച്ചത്. ഇതേ സ്ഥാനത്തു നിർമ്മിക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരിയായിരുന്ന കോൺസ്റ്റാന്റിയസ് രണ്ടാമനാണ് ആദ്യ കെട്ടിടത്തിന്റെ ശില്പി. എ.ഡി.360 ലാണ് നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി.440ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു. തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തിൽ 405 ഒക്ടോബർ 10നാണ് രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിക്കപ്പെട്ടു.

1532 ഫെബ്രുവരി 23നാണ് ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസിൽ നിന്നും ഈജിപ്റ്റിൽ നിന്നും സിറിയയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. 537 ഡിസംബർ 27ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. ബൈസന്റൈൻ ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP