Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോൻസൻ മാവുങ്കൽ വിവാദത്തിൽ എറണാകുളം പ്രസ്‌ക്ലബിൽ കൂട്ടരാജി; കുടുംബ മേളയ്ക്കായി പത്ത് ലക്ഷം ഫണ്ട് വാങ്ങിയ വിഷയത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസ്‌ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷററും രാജിവെച്ചു; രാജി ഭാരവാഹികളുടെ മൊഴികൾ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയതിന് പിന്നാലെ

മോൻസൻ മാവുങ്കൽ വിവാദത്തിൽ എറണാകുളം പ്രസ്‌ക്ലബിൽ കൂട്ടരാജി; കുടുംബ മേളയ്ക്കായി പത്ത് ലക്ഷം ഫണ്ട് വാങ്ങിയ വിഷയത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസ്‌ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷററും രാജിവെച്ചു; രാജി ഭാരവാഹികളുടെ മൊഴികൾ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോൻസൻ മാവുങ്കൽ വിവാദത്തിൽ 24 ന്യൂസ് ചാനലിൽ നിന്നും പുറത്താക്കപ്പെട്ട സഹിൻ ആന്റണിയുടെ ബന്ധം എറണാകുളം പ്രസ്സ് ക്ലബ്ബിനും തലവേദനയാകുന്നു. മോൻസനിൽ നിന്നും ഫണ്ട് വാങ്ങിയ വിഷയത്തിൽ ക്രൈംബ്രാഞ്ച് പ്രസ് ക്ലബ് ഭാരവാഹികളുടെ അടക്കം മൊഴി എടുത്തതോടെ ഭാരവാഹികൾ സസ്ഥാനം രാജിവെച്ചു. ഫണ്ട് വിവാദത്തിലെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പ്രസ്‌ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷററും രാജിവെച്ചത്.

എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ഫിലിപ്പ്, സെക്രട്ടറി ശശികാന്ത്, ട്രഷറർ സിജോ പൈനാടത്ത് എന്നിവരാണ് രാജിവെച്ചത്. പ്രസ്‌ക്ലബ് സംഘടിപ്പിച്ച കുടുംബ മേളക്കായി മോൻസൻ മാവുങ്കലിൽ നിന്നും പത്ത് ലക്ഷം രൂപ ഫണ്ട് വാങ്ങിയതാണ് ക്ലബിനെ വിവാദത്തിൽ ചാടിച്ചത്. ഇതിൽ രണ്ട് ലക്ഷം രൂപ സഹിൻ ആന്റണി സ്വന്തം അക്കൗണ്ടിലേക്കായി വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച വിവാദം കൊഴുക്കവേയാണ് ഭാരവാഹികൾ രാജിവെച്ചിരിക്കുന്നത്.

ഇതോടെ പ്രസിഡന്റിന്റെ ചുമതല നിലവിലെ വൈസ് പ്രസിഡന്റ് ജിപ്‌സൻ സിഖേരയ്ക്കും സെക്രട്ടറിയുടെ ചുമതല ജോയിന്റ് സെക്രട്ടറി റജിക്കും ട്രഷറർ ചുമതല വൈസ് പ്രസിഡന്റ് ജീനാ പോളിനും നൽകി. വിവാദവുമായി ബന്ധപ്പെട്ടു ചേർന്ന കൊച്ചി പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവും ഉയരുകയുണ്ടായി. രാജി നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും എന്നാൽ, പ്രസ്‌ക്ലബിന്റെ ദൈനംദിന പ്രവർത്തങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇതുവരെ തുടർന്നത് എന്നുമാണ് രാജിവെച്ചവർ പ്രതികരിച്ചത്.

മോൻസൻ മാവുങ്കൽ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്‌ക്ലബ് വിവാദത്തിലാക്കിയതിലാണ് അംഗങ്ങളിൽ നേതൃത്വത്തിന് എതിരെ വിമർശനം ഉയർന്നത്. കഴിഞ്ഞ ദിവസം ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ് സെക്രട്ടറി ശശികാന്തും സഹിൻ ആന്റണിയും സോഷ്യൽ മീഡിയയിൽ തമ്മിലടിച്ചിരുന്നു. സഹിനെ കുറ്റപ്പെടുത്തിയുള്ള ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ സഹിനും വിശദീകരണവുമായി രംഗത്തു വരികയുണ്ടായി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനെ തുടർന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റും വിശദീകരണവും.

വിവാദത്തിൽ പി ശശികാന്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

സുഹൃത്തുക്കളെ,

പുരാവസ്തു തട്ടിപ്പുകാരനായ മോൻസൺ മാവുങ്കൽ 2020 ലെ പ്രസ് ക്ലബ്ബ് കുടുംബമേളയ്ക്ക് നൽകിയ സംഭാവനയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത് പ്രകാരം 20 -10 -21 ന് ഹാജരായി ഞാൻ സ്റ്റേറ്റ്മെന്റ് നൽകി. ഇത് സംബന്ധിച്ച് നിരവധി കെട്ടുകഥകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വസ്തുതകൾ വ്യക്തമാക്കാനാണ് ഈ കുറിപ്പ്.

കുടുംബ മേളയുടെ നടത്തിപ്പിനെ കുറിച്ചുള്ള ആലോചനക്കിടയിൽ ജില്ലാ കമ്മിറ്റി അംഗം സഹിൻ ആന്റണിയാണ് ഒരു പ്രവാസി മലയാളി സംഘടനയിലെ ഡോക്ട്ർ ഉണ്ടെന്നും ഭക്ഷണത്തിന്റെ ചെലവ് വഹിക്കാൻ അയാൾ തയ്യാറാകുമെന്നും അറിയിച്ചത്. ഭക്ഷണ ചെലവ് എത്രയാണെന്ന് സഹിൻ ചോദിച്ചപ്പോൾ അഞ്ചര ലക്ഷം ആണെന്ന് അറിയിച്ചു. ഇയാൾ ആരാണെന്നോ എന്താണെന്നോ അറിയുമായിരുന്നില്ല. പറഞ്ഞ് കേട്ടതനുസരിച്ച് ഉന്നത ബന്ധങ്ങളുള്ള ഒരു സമ്പന്നൻ ആണെന്ന് മാത്രമേ മനസിലാക്കിയുള്ളൂ. ഈ വ്യക്തിയെ കുറിച്ച് അന്ന് കൂടുതൽ ഒന്നും അറിയുമായിരുന്നില്ല. അന്വേഷിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. ആവശ്യവും തോന്നിയില്ല. പണം കൈമാറാൻ പ്രസ് ക്ലബ്ബിന്റെ അക്കൗണ്ട് നമ്പറും സഹിന് കൈമാറി.

എന്നാൽ 2020 ജനവരി 22 ന് സഹിൻ എന്നെ വിളിച്ച് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ Cash വീഴുന്നില്ല എന്തോ എറർ ഉണ്ടെന്ന് അറിയിച്ചു. അതുകൊണ്ട് എന്റെ പേഴ്സണൽ അക്കൗണ്ട് നമ്പർ നൽകാൻ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും കുടുംബ മേളയുടെ ദിവസം അടുത്തതിനാൽ നിർബന്ധിത സാഹചര്യവും ആയിരുന്നു. സ്പോൺസർ തനിക്ക് വളരെ വിശ്വാസം ഉള്ള ആൾ ആണെന്നും അയാളുടെ യൂടൂബ് പോലുള്ള വീഡിയോ ജോലികൾ ചെയ്യുന്നത് താനാണെന്നും അതിന്റെ പേരിൽ പണം കിട്ടാറുണ്ടെന്നും സഹിൻ പറഞ്ഞു. ഈ സാഹചര്യത്തിൽ സഹിനെ വിശ്വാസിച്ച ഞാൻ എന്റെ പേഴ്സണൽ അക്കൗണ്ട് നമ്പർ സഹിന് കൈമാറി

എന്നാൽ അഞ്ചര ലക്ഷത്തിന് പകരം എന്റെ അക്കൗണ്ടിൽ അന്ന് തന്നെ പത്ത് ലക്ഷം രൂപ വന്നതായി സഹിൻ എന്നെ വിളിച്ച് പറഞ്ഞു അതിൽ അഞ്ച് ലക്ഷം സഹിന് മോൻസൻ കൊടുക്കാൻ ഉള്ളതാണെന്നും പറഞ്ഞു. അതിനെ തുടർന്ന് ജനവരി 22,23,24 തീയതികളിലായി അഞ്ച് ലക്ഷം രൂപ ഈ അക്കൗണ്ടിൽ നിന്ന് സഹിന് കൈമാറി. ജനുവരി 24 ന് 4 ലക്ഷവും ഫെബ്രവരി 3 ന് 1 ലക്ഷവും കുടുംബ മേള നടന്ന റിസോർട്ടിലേക്ക് ആ അക്കൗണ്ടിൽ നിന്ന് ബാക്കിയുള്ള അഞ്ച് ലക്ഷം രൂപയും ട്രാൻസ്ഫർ ചെയതു. അതിന്റെ GST ബില്ലും ഡീറ്റയ്ൽസും ഉണ്ട്. ഇതാണ് സത്യാവസ്ഥ. ഇക്കാര്യങ്ങൾ തെളിവ് സഹിതം ഞാൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

മോൻസനെ ഒരു തവണ പോലും ഞാൻ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല. മോൻസൻ വിഷയം ഉണ്ടായപ്പോൾ അയാളുമായി അടുപ്പത്തിൽ ആയിരുന്ന സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ അയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എന്റെ മൊഴി എടുത്തത്. കമ്മിറ്റി അംഗമെന്ന നിലയിലാണ് സഹിനെ ഞാൻ വിശ്വാസിച്ചത്. കുടുംബ മേളയും പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട ഓരോ പരിപാടികളും വിജയിപ്പിക്കാൻ അങ്ങേയറ്റം അത്മാർത്ഥതയോടും സത്യസന്ധതയോടെയും മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളു. മേള നടത്താനുള്ള പണം കിട്ടാത്ത സാഹചര്യത്തിൽ കാര്യങ്ങൾ തിരക്കിട്ട് നടത്തുന്നതിന്റെ ഇടയിൽ സംഭവിച്ച വീഴ്ചയാണിതെന്നും ഇക്കാര്യത്തിൽ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ഞാൻ സമ്മതിക്കുന്നു.

മേലിൽ ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യൂ. ഗുരുസ്ഥാനീയരായ നിരവധി പേർ ഇരുന്ന പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനം എന്നെ വിശ്വാസിച്ച് ഏൽപ്പിച്ച ഓരോരുത്തരോടും ഞാൻ ആണയിട്ട് പറയുന്നു, ഞാനായിട്ട് ഈ സ്ഥാനത്തിന് കളങ്കം ഏൽപ്പിക്കില്ല. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ അറിഞ്ഞോ അറിയാതയോ സംഭവിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജ്യം ക്ഷമ ചോദിക്കുന്നു

പി.ശശികാന്ത്.
സെക്രട്ടറി
പ്രസ് ക്ലബ്


സഹിൻ ആന്റണിയുടെ മറുപടി കുറിപ്പ് ഇങ്ങനെ:

പ്രിയ സുഹൃത്തുക്കളെ,

എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി കുടുംബമേളയുമായി ബന്ധപ്പെട്ട് എന്നെ പഴിചാരിക്കൊണ്ട് ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു.ഇത് തികച്ചും തെറ്റിദ്ധാരണ പടർത്തുന്നതും കള്ളവുമാണ്.2020 ജനുവരി മാസത്തിലെ കുടുംബമേളയിൽ ഫിനാൻസ് കമ്മിറ്റി അംഗമായിരുന്ന എന്നോട് ഭക്ഷണത്തിനും മറ്റ് ചെലവ്ക്കുമായി ഒരു സ്പോൺസറെ കണ്ടെത്താൻ സെക്രട്ടറി ശശികാന്ത് ആവശ്യപ്പെട്ടിരുന്നു.അതുകൊണ്ട് തന്നെ പലയാളുകളുമായി സ്പോൺസർഷിപ്പ് കാര്യം ഞാൻ സംസാരിക്കുകയും ചെയ്തു.ഒടുവിൽ പ്രവാസി മലയാളി പാട്രൺ ആയ മോൻസന്റെ കാര്യവും സൂചിപ്പിച്ചിരുന്നു.തുടർന്ന് ഞാനും ശശികാന്തും 3 തവണ മോൻസനെ നേരിൽ കണ്ട് സ്പോൺസർഷിപ് കാര്യം സംസാരിക്കുകയും ചെയ്തു.ഒരു തവണ കല്യാൺ സിൽക്സിനടുത്തുള്ള ചെരുപ്പ്കടയിൽ വെച്ചും രണ്ട് തവണ മോൻസന്റെ കലൂരിലെ വീട്ടിൽ വെച്ചുമാണ് നേരിൽ കണ്ടത്.ന

്പോൺസർഷിപ്പ് ശരിയാക്കിയാൽ 20% കമ്മീഷനായി ഡയറിക്കെല്ലാം പ്രസ് ക്ലബ് അംഗങ്ങൾക്ക് കമ്മീഷൻ നൽകുന്നത് പോലെ എനിക്ക് നൽകാം എന്ന് ശശികാന്ത് ഏൽക്കുകയും ചെയ്തിരുന്നു.ഒടുവിൽ മോൻസൽ 10 ലക്ഷം രൂപ സ്പോൺസർഷിപ്പ് നൽകിയതോടെ ശശികാന്ത് തന്റെ അക്കൗണ്ടിലേക്ക് ഈ പണം വാങ്ങുകയാണ് ഉണ്ടായത്.അന്ന് പ്രസ് ക്ലബ് അക്കൗണ്ടിൽ എന്തുകൊണ്ടാണ് വാങ്ങാത്തത് എന്ന എന്റെ ചോദ്യത്തിന് പ്രസ് ക്ലബ് അക്കൗണ്ടിൽ വന്നാൽ കമ്മീഷൻ കുറയും എന്നായിരുന്നു മറുപടി.തുടർന്ന് ശശികാന്തിന്റെ അക്കൗണ്ടിൽ പണം വാങ്ങുകയും കമ്മീഷനായി മൂന്ന് ഘട്ടക്കളിൽ പണം നൽകാമെന്ന് ഏൽക്കുകയും ചെയ്തു.അതനുസരിച്ച് ജനുവരി 22 ന് വൈകുന്നേരം 4.58 ന് 50000 രൂപയും ജനുവരി 23 രാവിലെ 6.35ഓടെ 25000 രൂപയും ജനുവരി 24 ന് രാവിലെ 10.19ഓടെ 25000 രൂപയും ജനുവരി 24 ന് വൈകുന്നേരം 4.38 ന് 150000/ രൂപയും എന്റെ അക്കൗണ്ടിലേക്ക് ക്രഡിറ്റായി നൽകി.

ഇതിൽ 50000 രൂപ കൂടുതലുണ്ടല്ലോ എന്നറിയിച്ചപ്പോൾ ശശികാന്ത് ആവശ്യപ്പെടുമ്പോൾ തിരികെ നൽകിയാൽ മതി എന്നായിരുന്നു മറുപടി.പിന്നീട് പല ഘട്ടങ്ങളിലായി ഈ പണം ഞാൻ തിരികെ നൽകിട്ടുള്ളതുമാണ്.എന്നാൽ മോൻസൻ കേസ് ചർച്ചയായപ്പോൾ ശരികാന്ത് രണ്ട് തവണ എന്നെ നേരിൽ വന്ന് കണ്ടിരുന്നു.ശശികാന്തിന്റെ അക്കൗണ്ടിൽ പണം വാങ്ങിയത് പറയരുതെന്നായിരുന്നു ആവശ്യം.ആദ്യ തവണ കണ്ടത് ഫോർഷോർ റോഡിൽ വെച്ചും രണ്ടാമത് എറണാകുളം പ്രസ്‌ക്ലബിൽ ഞായറാഴ്ച ദിവസവുമായിരുന്നു കണ്ടത്.തുടർന്ന് മോൻസൻ വിഷയം ചർച്ചചെയ്യാൻ വിളിച്ച കമ്മറ്റിക്ക് മുൻപ് ഈ സത്യങ്ങൾ തുറന്ന് പറയാൻ തീരുമാനിച്ച എന്നോട് ഒന്നും പറയേണ്ടതില്ല എന്നും നിന്റെ കമ്മീഷനൊഴിച്ചുള്ള ബാക്കി തുകയെല്ലാം ചെലവായ കണക്ക് തന്റെ പക്കലുണ്ടെന്നും താനതിനെ പ്രതിരോധിച്ചുകൊള്ളാം എന്നുമാണ് ശശികാന്ത് ഉറപ്പ് നൽകിയിരുന്നത്.

കമ്മറ്റിയിൽ ശശികാന്തിന്റെ ആൾബലം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.പൊതുവെ ദുർബലമായ അവസ്ഥയിലായിരുന്ന എന്നെ അദ്ദേഹം ചൂഷണം ചെയ്യുകയായിരുന്നു എന്ന് മനസിലാക്കാൻ ഞാൻ വൈകിപ്പോയി.എന്നാൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഞാനീ കാര്യങ്ങൾ തുറന്ന് പറഞ്ഞു.ഇതോടെ സത്യം പുറത്ത് വരുമെന്ന് ഭയന്ന ശശികാന്ത് എന്നെ വിളിച്ച് മോശമായി സംസാരിക്കുകയും എനിക്കെതിരെ കള്ളപ്രചരണങ്ങൾ നടത്തുകയുമാണ് ചെയ്യുന്നത്.

പിന്നീട് പ്രസ് ക്ലബ് ഭാരവാഹികൾ അംഗങ്ങളായ ഗ്രൂപ്പിൽ നിന്നും' ഇന്ന് രാവിലെ 7.40 ഓടെ എന്നെ ഒഴിവാക്കുകയും അതിന് ശേഷം കളവായ പ്രചരണങ്ങൾ എനിക്കെതിരെ അഴിച്ച് വിടുകയുമാണ് ചെയ്തിട്ടുള്ളത്. എന് മറു ചോദ്യങ്ങൾ ഭയന്നായിരിക്കാം ഇങ്ങനെ ചെയ്തതെന്നും ഞാൻ വിശ്വസിക്കുന്നു.മാത്രമല്ല ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഇദ്ദേഹം കള്ള ബില്ല് ഉണ്ടാക്കാൻ ഓടി നടന്ന കാര്യം നമ്മൾക്കെല്ലാം അറിയാവുന്നതും ആണല്ലോ..ഇത് സംബന്ധിച്ച് ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും ഞാൻ തയാറാണ്. ഇതോടൊപ്പം ശശികാന്ത് എനിക്ക് നൽകിയ പണത്തിന്റെ Screen Shot വക്കുന്നു.നിങ്ങൾക്കാർക്കും പരിശോധിക്കാവുന്നതാണ്.

സഹിൻ ആന്റണി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP