Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതികളെ ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യാൻ പറ്റില്ലെന്ന രാജ്യാന്തര ട്രിബ്യൂണലിന്റെ വിധി ഞെട്ടിക്കുന്നത്; ഇറ്റാലിയൻ കപ്പലിലെ നാവികർ നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തിൽ അർഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടൽ ഉണ്ടായില്ലെന്നും കുറ്റപ്പെടുത്തൽ; കടൽക്കൊലക്കേസിൽ നമ്മുടെ പൗരന്മാർക്ക് സാധ്യമായ നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രതികളെ ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യാൻ പറ്റില്ലെന്ന രാജ്യാന്തര ട്രിബ്യൂണലിന്റെ വിധി ഞെട്ടിക്കുന്നത്; ഇറ്റാലിയൻ കപ്പലിലെ നാവികർ നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തിൽ അർഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടൽ ഉണ്ടായില്ലെന്നും കുറ്റപ്പെടുത്തൽ; കടൽക്കൊലക്കേസിൽ നമ്മുടെ പൗരന്മാർക്ക് സാധ്യമായ നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇറ്റാലിയൻ കപ്പലിലെ നാവികർ നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേസിൽ അർഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടൽ തുടക്കത്തിലും അന്താരാഷ്ട്ര  ട്രിബ്യൂണലിലെ നടപടികളിലും ഉണ്ടായില്ലെന്ന് പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രതികളെ ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യാൻ പറ്റില്ലെന്ന അന്താരാഷ്ട്ര  ട്രിബ്യൂണലിന്റെ വിധി ഞെട്ടിക്കുന്നതാണ്. ഈ കേസിൽ നമ്മുടെ പൗരന്മാർക്ക് സാധ്യമായ നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങളിലെ സാങ്കേതികത്വം എന്തുതന്നെയായാലും ട്രിബ്യൂണൽ വിധി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖം വർദ്ധിപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ പോകാൻ കഴിയില്ല. ഇതാണ് സ്ഥിതിയെങ്കിൽ, കുറ്റവാളികൾ ഇറ്റലിയിലെ കോടതിയിൽ നീതിപൂർവ്വകമായി വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്രതലത്തിൽ ഇന്ത്യാഗവൺമെന്റ് സമ്മർദ്ദമുയർത്തണം.

പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിനും അതുമായി ബന്ധപ്പെട്ട മറ്റു നഷ്ടങ്ങൾക്കും മതിയായ നഷ്ടപരിഹാരം ലഭിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ട്രിബ്യൂണൽ വിധിച്ചിട്ടുണ്ട് അതുകൊണ്ട് വിലപ്പെട്ട രണ്ട് ജീവൻ നഷ്ടപ്പെട്ടതിന്, ഉയർന്ന നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്രഗവൺമെന്റ് ഇടപെടണം. കൂടിയാലോചനകളിലൂടെ ഇത് സാധ്യമാകുന്നില്ലെങ്കിൽ നിശ്ചിത സമയപരിധിക്കകം (ഒരു വർഷം) ട്രിബ്യൂണലിനെ സമീപിക്കണം. കുറ്റവാളികൾ ഇന്ത്യയിലെ വിചാരണയിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഈ പ്രശ്നത്തിൽ മറ്റ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2012ൽ ആണ് കേസിനാസ്പദമായ സംഭവം. ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികർ നടത്തിയ വെടിവയ്പിൽ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെടുകയായിരുന്നു. കേസിൽ ഇറ്റാലിയൻ നാവികൻ സാൽവത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19ന് അറസ്റ്റു ചെയ്തു. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ലത്തോറിനെ ഇറ്റലിയിലേക്ക് പോകാൻ കോടതി അനുവദിച്ചു. നാലുവർഷം ഇന്ത്യയിൽ തടവിൽ കഴിഞ്ഞ സൽവത്തോറെ ജിറോൺ പിന്നീട് മോചിതനായി. സുപ്രിംകോടതി ഇടപെട്ടാണ് ജിറോണിനെ ജയിൽ മോചിതനാക്കിയത്.

നാവികരെ വിചാരണ ചെയ്യാൻ ഇന്ത്യൻ കോടതിക്ക് അധികാരമില്ലെന്ന തീരുമാനത്തിനു ട്രിബ്യൂണൽ വ്യക്തമാക്കിയ കാരണം ഏറെ ചർച്ചയാകുന്നുണ്ട്. സ്വകാര്യ കപ്പലാണെങ്കിലും അത് ഇറ്റലിയുടെ കൊടിയുള്ളതാണ്. അതിനെ കടൽക്കൊള്ളക്കാരിൽനിന്നു സംരക്ഷിക്കുകയെന്ന ദൗത്യത്തിനായി നിയോഗിക്കപ്പെട്ടതാണ് ഇറ്റാലിയൻ സൈനികരായ നാവികർ. അതുകൊണ്ടാണ് അവരെ വെറുതെ വിടുന്നത്. സ്വകാര്യ കപ്പലിലായിരിക്കുമ്പോഴും ഔദ്യോഗിക ചുമതലയിലുള്ളവർ എന്ന അവരുടെ പദവിക്കു മാറ്റം വരുന്നില്ലെന്നാണു ട്രിബ്യൂണൽ വ്യക്തമാക്കിയത്. വെടിവച്ച നാവികർ ഇന്ത്യൻ അതിർത്തിയിലല്ല, ഇറ്റാലിയൻ കപ്പലിലായിരുന്നുവെന്നതും ട്രിബ്യൂണൽ കണക്കിലെടുത്തു. കടൽക്കൊള്ള തടയാനെന്നോണമാണു വെടിവച്ചതെന്ന വാദവും ട്രിബ്യൂണൽ അംഗീകരിച്ചു. കടൽക്കൊള്ളയെന്ന ആശങ്കയിൽ വെടിവച്ച നാവികരെ തങ്ങളുടെ നിയമപ്രകാരം എന്തു ചെയ്യണമെന്ന് ഇറ്റലിയിലെ കോടതി തീരുമാനിക്കട്ടെയെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. ഇതോടെയാണ് കേരളത്തിന്റെ വേദന രാജ്യാന്തര ട്രിബ്യൂണൽ തള്ളിക്കളഞ്ഞത്. ഇത് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തും. നാവികർക്കെതിരെ ഇറ്റലി നടപടിയൊന്നും സ്വീകരിക്കില്ല.

എത്രയാണു നഷ്ടപരിഹാരമെന്നതു മാത്രമാണ് ഇനി പ്രസക്തം. ട്രിബ്യൂണൽ നടപടികൾ സ്ഥിരമായി കേരള സർക്കാരിനെ അറിയിക്കുമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ 2017 മാർച്ച് 6നു സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ട്രിബ്യൂണൽ തീരുമാനം യഥാസമയം കോടതിയെ അറിയിക്കാനും കേന്ദ്രത്തിനു ബാധ്യതയുണ്ടായിരുന്നു. ട്രിബ്യൂണൽ ഉത്തരവുണ്ടായതു മെയ്‌ 21നാണ്. ഉത്തരവിനെക്കുറിച്ചു കോടതിയെയും കേരള സർക്കാരിനെയും അറിയിക്കാൻ 40 ദിവസം വൈകിയത് എന്തുകൊണ്ടെന്നതിനു വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയിട്ടില്ല. ഇതും വിവാദത്തിന് പുതിയ തലം നൽകുന്നു. അതിനിടെ കോടതി നിർദ്ദേശം കേന്ദ്രം പാലിക്കാത്തത് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് ചോദിക്കാനാകും. ഇതിനൊപ്പം നഷ്ടപരിഹാര തുക നിശ്ചിയിക്കുന്നതിൽ നിലപാട് ചോദിക്കണമെന്ന ആവശ്യവും ചർച്ചയാക്കാം. ഇത് സുപ്രീംകോടതി അംഗീകരിച്ചാൽ ഇറ്റലിയുമായുള്ള ചർച്ചകളിൽ കേരളവും പങ്കാളിയാകും.

കടൽക്കൊല സംബന്ധിച്ചു നിലവിൽ സുപ്രീംകോടതിയിലുള്ളത് 5 കേസുകളാണ്. ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം നൽകിയ അപേക്ഷയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ട്രിബ്യൂണലിന്റെ ഉത്തരവ് അന്തിമവും അപ്പീലില്ലാത്തതുമാകുന്നത് രാജ്യാന്തര കടൽ നിയമത്തിലെ വ്യവസ്ഥകളുടെയും, ഇന്ത്യയും ഇറ്റലിയും അംഗീകരിച്ച നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെയാണ്, ഉത്തരവ് അംഗീകരിക്കാനാണു തീരുമാനമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയോടു വ്യക്തമാക്കിയിട്ടുള്ളത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസുകളെല്ലാം തീർപ്പാക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഉത്തരവിനെതിരെ അപ്പീലില്ലാത്തപ്പോഴും, നഷ്ടപരിഹാരത്തിന്റെ തോതിനെക്കുറിച്ച് തർക്കമുണ്ടെങ്കിൽ ഒരു വർഷത്തിനകം 2 കക്ഷികൾക്കും ട്രിബ്യൂണലിന്റെ സമീപിക്കാം. കക്ഷികൾ സമീപിക്കുന്നില്ലെങ്കിൽ അടുത്ത മെയ്‌ 21 ആകുമ്പോൾ, കേസ് അവസാനിപ്പിക്കുമെന്ന് ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ വിചാരണ സാധ്യമല്ലെന്നും എന്നാൽ കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്രസർക്കാർ ആർബിട്രേഷൻ ട്രിബ്യൂണൽ പ്രഖ്യാപിച്ചു. ഇറ്റലിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ജീവഹാനി, ശാരീരികമായ ഉപദ്രവം, ധാർമികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. ഇന്ത്യയും ഇറ്റലിയും പരസ്പരം ചർച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കണം. രണ്ടു രാജ്യങ്ങൾക്കും ഇക്കാര്യത്തിൽ ട്രിബ്യൂണലിന്റെ റൂളിംഗിനായി സമീപിക്കാമെന്നും പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP