Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

എഞ്ചിനീയറിം​ഗ് ബിരുദധാരിയായ യുവതി; ശ്രീഷ്മയുടെ ജോലി ടിപ്പർ ഡ്രൈവർ

എഞ്ചിനീയറിം​ഗ് ബിരുദധാരിയായ യുവതി; ശ്രീഷ്മയുടെ ജോലി ടിപ്പർ ഡ്രൈവർ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: വണ്ടിപ്പണി ആണുങ്ങളുടെ മേഖലയാണ് എന്നതാണ് നാട്ടുനടപ്പ്. ചെറു കാറുകളും ഇരുചക്ര വാഹനങ്ങളും ഒരു പരിധിവരെ ഓട്ടോയും വളയിട്ട കൈകൾക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും ഡ്രൈവിം​ഗ് ഒരു ജോലിയായി പൊതുവെ സ്ത്രീകൾ തെരഞ്ഞെടുക്കാറില്ല. സാധാരണ നിലയിൽ ടിപ്പറിന്റെ ഡ്രൈവറാകാൻ ആണുങ്ങൾ തന്നെ ഒന്ന് മടിക്കുന്ന കാലത്താണ് ശ്രീഷ്മ എന്ന യുവതി കഴിഞ്ഞ ആറുമാസമായി ടിപ്പർ ഡ്രൈവറായി ജോലി ചെയ്യുന്നത്.

മറ്റൊരു പണിയും കിട്ടാത്തതുകൊണ്ടോ മറ്റ് വഴിയില്ലാഞ്ഞിട്ടോ അല്ല കണ്ണൂർ മയ്യിൽ നിരന്തോട്ടെ എസ്.എൻ. നിവാസിലെ ബിസിനസുകാരനായ ചിറ്റൂടൻ പുരുഷോത്തമന്റെയും കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്‌കൂൾ അദ്ധ്യാപിക ചെമ്പൻ ശ്രീജയുടെയും മകൾ ടിപ്പറിന്റെ വളയം പിടിക്കാൻ തീരുമാനിച്ചത്. ഡ്രൈവിം​ഗിനോടുള്ള ഇഷ്ടമാണ് ഈ എൻജിനീയറിങ് ബിരുദധാരിയായ ചെറുപ്പക്കാരിയെ ടിപ്പർ ഡ്രൈവറാക്കിയത്.

ശ്രീഷ്മ അതിസാഹസികമായി എതു റോഡിലും ലോറിയുമായെത്തും. ജില്ലിയും മണലും സിമന്റുമായി ജീൻസും ബനിയനുമണിഞ്ഞെത്തുന്ന ലോറിഡ്രൈവറായ പെൺകുട്ടി നാട്ടിൻപുറത്തുകാർക്ക് അദ്ഭുതമാണ്. ഒരുദിവസംതന്നെ ഏഴുലോഡുവരെ ജില്ലിയിറക്കിയിട്ടുണ്ട്. വീട്ടിലുള്ള ലോറിയിൽ കഴിഞ്ഞ ആറുമാസത്തിലധികമായി മകളാണ് ഡ്രൈവറായി പോകുന്നതെന്ന് അച്ഛൻ പുരുഷോത്തമൻ പറഞ്ഞു. ഒട്ടുമിക്ക ബൈക്കുകളും കാറുകളും ഓടിച്ച ശ്രീഷ്മ ബസും ഓടിക്കാൻ തയ്യാറാണ്.

എല്ലാ വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസൻസ് നേടിയ ശ്രീഷ്മ മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനവും നടത്തുന്നുണ്ട്. കയരളം കിളിയളത്ത് ജില്ലിയുമായി പോയ ലോറി മണ്ണിൽ താഴ്ന്നുപോയപ്പോഴും ആത്മവിശ്വാസം ചോരാതെ നാട്ടുകാരുടെ സഹായം തേടി കരകയറ്റിയതും അനുഭവമായിരുന്നു.

മാതമംഗലത്തെ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ ശ്രീഷ്മ സർക്കാർജോലിക്കുള്ള പരീക്ഷാ പരിശീലനവും നടത്തുന്നുണ്ട്. എവിടെയെത്തിയാലും മാന്യമായാണ് ഡ്രൈവർമാരും മറ്റുള്ളവരും പെരുമാറുന്നതെന്നാണ് ശ്രീഷ്മയുടെ അനുഭവം. സഹോദരൻ ഷിജിൽ നിരന്തോട് ടൗണിൽ ബിസിനസ് നടത്തുകയാണ്.

കുട്ടിക്കാലം മുതൽ വീട്ടുമുറ്റത്തെ വാഹനങ്ങൾകണ്ട് വളർന്ന ശ്രീഷ്മയുടെ മനസ്സിലെ ആഗ്രഹം, എല്ലാ വാഹനങ്ങളും ഓടിക്കാൻ പഠിക്കണമെന്ന് മാത്രമായിരുന്നു. അഞ്ചാംക്ലാസ് മുതൽ വാഹനമോടിക്കുന്നതിൽ പരിശീലനം നേടിയ ശ്രീഷ്മ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ഉടൻ തിരഞ്ഞെടുത്തത് ടിപ്പർ ലോറിയിൽ ഡ്രൈവർജോലിയാണ്. മറ്റൊരു ജോലി കിട്ടുംവരെ ഈ തൊഴിൽ തുടരാനാണ് ശ്രീഷ്മയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP