Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടച്ചുറപ്പുള്ള വീട് അതായിരുന്നു കൃപേഷിന്റെ സ്വപ്നം; അതാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്ന് പറഞ്ഞ് പൊട്ടികരഞ്ഞ് അച്ഛൻ; കിച്ചൂസിലേക്ക് വലതു കാൽ വച്ച് കയറുമ്പോഴും അമ്മയും സഹോദരിയും വിതുമ്പിയത് സംഭവിച്ച നഷ്ടത്തെ കുറിച്ചോർത്ത്; കൃപേഷിന്റേയും ശരത് ലാലിന്റേയും ചിത്രവുമായെത്തി രാജ്‌മോഹൻ ഉണ്ണിത്താൻ; കരഞ്ഞുതളർന്ന കുടുംബാംഗങ്ങളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് ഹൈബിയും; കല്യാട്ടെ പാലു കാച്ചലിൽ നിറഞ്ഞത് കൃപേഷിന്റേയും ശരത് ലാലിന്റേയും ഓർമ്മകൾ

അടച്ചുറപ്പുള്ള വീട് അതായിരുന്നു കൃപേഷിന്റെ സ്വപ്നം; അതാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്ന് പറഞ്ഞ് പൊട്ടികരഞ്ഞ് അച്ഛൻ; കിച്ചൂസിലേക്ക് വലതു കാൽ വച്ച് കയറുമ്പോഴും അമ്മയും സഹോദരിയും വിതുമ്പിയത് സംഭവിച്ച നഷ്ടത്തെ കുറിച്ചോർത്ത്; കൃപേഷിന്റേയും ശരത് ലാലിന്റേയും ചിത്രവുമായെത്തി രാജ്‌മോഹൻ ഉണ്ണിത്താൻ; കരഞ്ഞുതളർന്ന കുടുംബാംഗങ്ങളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് ഹൈബിയും; കല്യാട്ടെ പാലു കാച്ചലിൽ നിറഞ്ഞത് കൃപേഷിന്റേയും ശരത് ലാലിന്റേയും ഓർമ്മകൾ

മറുനാടൻ മലയാളി ബ്യൂറോ

പെരിയ: കാസർഗോഡ് പെരിയയിൽ ഇരട്ടകൊലപാതകത്തിന്റെ ഇരയായ കൃപേഷ് ലാലിന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നു. കൃപേഷ് കൊല്ലപ്പെട്ട് 50 ദിവസത്തിനുള്ളിലാണ് ഹൈബി ഈഡന്റെ തണൽ ഭവനപദ്ധതിയിലുൾപ്പെടുത്തി കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയത്. കൃപേഷിന്റേയും ശരത് ലാലിന്റേയും രേഖാ ചിത്രം പിടിച്ചാണ് കാസർഗോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ചടങ്ങിനെത്തിയത്.

ഹൈബി ഈഡൻ എം എൽ എ യുടെ തണൽ പദ്ധതിയിലുൾപ്പെടുത്തിയാണ് വീടുനിർമ്മിച്ചത്. കിച്ചൂസ് എന്ന പേരാണ് കൃപേഷിന്റെ സുഹൃത്തുക്കൾ ഈ വീടിന് നൽകിയിരിക്കുന്നത്. കൃപേഷിന്റെ ഓർമ്മകൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു ഗൃഹപ്രവേശച്ചടങ്ങുകൾ. അച്ഛനും, അമ്മയും, സഹോദരിമാരുമടങ്ങുന്ന കുടുംബം കിച്ചൂസിലേയ്ക്ക് വലതുകാൽ വച്ചു കയറി. ചടങ്ങിൽ പങ്കുകൊള്ളാൻ ഹൈബി കുടുംബസമേതം എത്തി.

കോൺഗ്രസ് നേതാക്കളും, പ്രവർത്തകരുമടങ്ങിയ വൻജനാവലി എല്ലാത്തിനും സാക്ഷിയായി. മകന്റെ സ്വപ്നം സഫലമാകുമ്പോഴും അച്ഛന്റ കണ്ണീർ തോരുന്നില്ല. അമ്മയും സഹോദരിയും പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. അടച്ചുറപ്പുള്ള വീട് അതായിരുന്നു കൃപേഷിന്റെ സ്വപ്നം. അതാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്ന കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞപ്പോൾ ഏല്ലാവരും വിതുമ്പി. കരഞ്ഞുതളർന്ന കുടുംബാംഗങ്ങളെ ഹൈബി ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

ഞാനുണ്ടാകുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ഉറപ്പും നൽകി. വീടിന്റെ സ്വീകരണ മുറിയിൽ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രങ്ങളും, പൂമുഖത്തായി ഇരുവരുടേയും കട്ടൗട്ടുകളും സുഹൃത്തുക്കൾ സ്ഥാപിച്ചിരുന്നു. അങ്ങനെ കൃപേഷും ശരത് ലാലും നിറയുന്നതായിരുന്നു ചടങ്ങ്. മൂന്നു കിടപ്പുമുറി, അടുക്കള, സെൻട്രൽ ഹാൾ, ഡൈനിങ് ഹാൾ ഉൾപ്പെടെ 1100 സ്‌ക്വയർഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഓലക്കുടിലിനു മുന്നിലായി കൃപേഷിന്റെ അച്ഛന്റെ പേരിൽ പട്ടയംകിട്ടിയ ഭൂമിയിലാണ് വീടുയർന്നത്. പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ഈ വീടിനോടുചേർന്ന് കുഴൽക്കിണർ നിർമ്മിച്ചുനൽകി. ഹൈബി ഈഡന്റെ തണൽ ഭവനപദ്ധതിയിലുൾപ്പെട്ട 30-ാമത്തെ വീടാണിത്. മാർച്ച് മൂന്നിനാണ് കുറ്റിയടിച്ച് നിർമ്മാണം തുടങ്ങിയത്.

കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടപ്പോൾ പുറംലോകം കണ്ട കാഴ്ചകളിലൊന്നായിരുന്നു കൃപേഷിന്റെ ഓലമേഞ്ഞ ഒറ്റമുറിവീട്. ഈ വീട്ടിലേക്കാണ് എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽഗാന്ധിയുൾപ്പെടെ വന്നത്. കൃപേഷ് കൊല്ലപ്പെട്ടതിന്റെ അടുത്തദിവസംതന്നെ കല്യോട്ടെത്തിയ ഹൈബി ഈഡൻ എംഎൽഎ.യാണ് കൃപേഷിന് വീടെടുത്തുകൊടുക്കുമെന്നു പ്രഖ്യാപിച്ചത്. മാർച്ച് മൂന്നിന് കുറ്റിയടിക്കുകയുംചെയ്തു. കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, അമ്മ ബാലാമണി, സഹോദരിമാരായ കൃപ, കൃഷ്ണപ്രിയ എന്നിവർക്കാണ് തണലിലൂടെ ഹൈബി ആശ്വാസമെത്തിച്ചത്.

കൃപേഷും കൂട്ടുകാരൻ ശരത്‌ലാലും കൊല്ലപ്പെട്ടതിനു പിന്നാലെയാണ്, ഓലമേഞ്ഞ ഒറ്റമുറിക്കുടിലിൽ കഴിയുന്ന കുടുംബത്തിന്റെ സങ്കടം പുറംലോകത്ത് എത്തിയത്. ഉടൻ ദൗത്യമേറ്റെടുത്ത് ഹൈബി എത്തി. 20 ലക്ഷത്തിലേറെ രൂപ ചെലവിൽ വീടു നിർമ്മാണം പൂർത്തിയാക്കിയത്. 44 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിലായിരുന്നു വീടിന്റെ നിർമ്മാണം. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ ഹൈബി ഈഡൻ ഇന്നു പ്രചാരണത്തിരക്കിനിടയിൽ നിന്നു ഭാര്യ അന്ന, മകൾ ക്ലാര എന്നിവർക്കൊപ്പം പാലുകാച്ചൽ ചടങ്ങിന് എത്തിയത്.

ഓല മേഞ്ഞ ഒറ്റമുറി വീട്ടിൽ നിന്നാണ് പത്തൊൻപതുകാരനയ കൃപേഷ് ഒരു ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ചത്. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിലാണ് അവന്റെ കുടുംബം തകർത്ത ഈ ദുരന്തം മരണത്തിന്റെ വ്യാപാരികൾ സമ്മാനിച്ചത്. ഈ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇനി ഓരോ കോൺഗ്രസുകാരന്റെയും ബാധ്യതയാണെന്ന് ഹൈബി ഈഡൻ വ്യക്തമാക്കിയിരുന്നു. മൂന്ന് കുട്ടികളുടേയും പഠന ഭാരം ഏറ്റെടുത്ത മാതാപിതാക്കൾ പ്രതീക്ഷയായി കണ്ടത് കൃപേഷിനെയായിരുന്നു.

ഓലമേഞ്ഞ് വീടെന്ന് പോലും പറയാനാവാത്ത ഒരു കുടിലാണ് കൃപേഷിനുള്ളത്. ഒരു ഓടിട്ട വീട് എന്ന സ്വപ്നം കൃപേഷിന് ജോലി ലഭിച്ചാൽ സാക്ഷാത്ക്കാരമാകുമെന്ന് നിനച്ചിരിക്കേയാണ് കൃപേഷ് കൊലചെയ്യപ്പെട്ടത്. ഒരു കുടുംബത്തിന്റെ എല്ലാ സ്വപ്നങ്ങളും തകർത്തിരിക്കയാണ് രാഷ്ട്രീയ ശത്രുക്കൾ. ഈ കുടുംബത്തിന് സ്വന്തമായി ഉണ്ടായിരുന്നത് ഒരു തുണ്ട് ഭൂമി മാത്രമായിരുന്നു.

ഈ ഭൂമിൽ നാല് കമ്പിൽ ചാരിവെച്ച ഓലപ്പുരയിലായിരുന്നു ഇവർ താമസിച്ചിരിക്കുന്നത്. മകൻ കുടുംബത്തിന്റെ അത്താണിയാകുമെന്ന് കരുതിയിരുന്ന പിതാവും മകനിൽ പ്രതീക്ഷവെച്ച അമ്മയും ഇനി എന്തു ചെയ്യണം എന്നറിയാതെ തളർന്നിരിക്കുമ്പോഴാണ് ആശ്വാസവുമായി ഹൈബി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP