Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

അജിനെ ഒഴിവാക്കി മോൾ വീട്ടിലേക്ക് വരണമെന്ന് കരഞ്ഞ് പറഞ്ഞ് ഉമ്മ; നടപ്പില്ലെന്ന് കട്ടായം പറഞ്ഞ് അസിഫ; വീട് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമെന്നും ഭർത്താവിനൊപ്പം പോകാൻ താൽപര്യമെന്നും പറഞ്ഞതോടെ അതനുവദിച്ച് ഹോസ്ദുർഗ് കോടതി; ഒളിച്ചോടിയ ദമ്പതികൾക്ക് സംരക്ഷണവുമായി പറക്കളായിലെ ബിജെപി-ആർഎസ്എസ് പ്രവർത്തകരും

അജിനെ ഒഴിവാക്കി മോൾ വീട്ടിലേക്ക് വരണമെന്ന് കരഞ്ഞ് പറഞ്ഞ് ഉമ്മ;  നടപ്പില്ലെന്ന് കട്ടായം പറഞ്ഞ് അസിഫ; വീട് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമെന്നും ഭർത്താവിനൊപ്പം പോകാൻ താൽപര്യമെന്നും പറഞ്ഞതോടെ അതനുവദിച്ച് ഹോസ്ദുർഗ് കോടതി; ഒളിച്ചോടിയ ദമ്പതികൾക്ക് സംരക്ഷണവുമായി പറക്കളായിലെ ബിജെപി-ആർഎസ്എസ് പ്രവർത്തകരും

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹിതയായ യുവതിയെ ഭർത്താവിനൊപ്പം ഹോസ്ദുർഗ് കോടതി അയച്ചു. കാഞ്ഞങ്ങാട് തോയമ്മലിലെ അസിഫയാണ് (21) ഇന്നലെ ഭർത്താവ് അജിനൊപ്പം പോയത്. അസിഫയെ കാണാനില്ലെന്ന യുവതിയുടെ പിതാവ് മൊയ്തുവിന്റെ പരാതിയിൽ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ യുവതി ദക്ഷിണ കർണ്ണാടകയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. നീലേശ്വരം ബങ്കളം സ്വദേശിയായ അജിനോടൊപ്പമാണ് യുവതി ഉള്ളതെന്നും അറിഞ്ഞു.

രണ്ടു വർഷക്കാലം നീണ്ടു നിന്ന പ്രണയബന്ധത്തിനൊടുവിലാണ് നാലുദിവസം മുമ്പ് ഇരുവരും വീടുവിട്ട് ക്ഷേത്രങ്ങൾക്ക് പേരുകേട്ട ദക്ഷിണ കർണ്ണാടകയിലെ സുബ്രഹ്മണ്യയിലെത്തിയത്. കേസ്സ് കാര്യം ഫോണിൽ അറിയിച്ചതിനെത്തുടർന്നാണ് അസിഫ ഇന്നലെ കാലത്ത് 10 മണിക്ക് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. അസിഫയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അജിൻ മാറിനിന്നു. വീടുവിട്ടതിന് ശേഷം പറക്കളായി പ്രദേശത്തെ ക്ഷേത്രത്തിൽ അസീഫയും അജിനും വിവാഹിതരായതിനുള്ള രേഖ അജിൻ അസിഫ മുഖേനെ പൊലീസിൽ ഹാജരാക്കിയിരുന്നു.

അസിഫ പൊലീസ് സ്റ്റേഷനിലെത്തിയ വിവരമറിഞ്ഞ് ആറങ്ങാടി, കൂളിയങ്കഇാൽ പ്രദേശത്തു നിന്ന് ഇരുപത്തിയഞ്ചോളം പേർ കാലത്ത് സ്റ്റേഷൻ മുറ്റത്ത് സംഘടിക്കയും, പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വെക്കുകയും ചെയ്തുവെങ്കിലും പൊലീസ് ഇവരെ ലാത്തി വീശി വിരട്ടിയോടിക്കുകയായിരുന്നു. ചിലർക്കെല്ലാം പൊലീസിന്റെ ലാത്തിയടിയേൽക്കുകയും ചെയ്തു. ഒടുവിൽ അസിഫയുടെ മാതാവും, പിതാവുമെത്തി മകളെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇവർക്ക് അസിഫയെ കാണാൻ പൊലീസ് സൗകര്യമൊരുക്കി. അജിനെ ഒഴിവാക്കി വീട്ടിലേക്ക് വരണമെന്ന് മാതാപിതാക്കൾ കരഞ്ഞു പറഞ്ഞുവെങ്കിലും, അസിഫ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.

ഇതേത്തുടർന്ന് പൊലീസ് സ്റ്റേഷനിൽ അസിഫയുടെ മാതാവ് ബോധരഹിതയായി തളർന്നു വീണു. ഉച്ചയോടെ അസിഫയെ പൊലീസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ തുറന്ന കോടതിയിൽ ഹാജരാക്കി. വീടുവിട്ടത് സ്വന്തം ഇഷ്ടാനുസരണമാണെന്നും, അജിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നും അസിഫ കോടതിയോട് പറഞ്ഞതനുസരിച്ച് പെൺകുട്ടിയെ സ്വന്തം ഇഷ്ടത്തിന് പോകാൻ കോടതി അനുവദിച്ചു

കോടതിക്ക് പുറത്ത് കാത്തു നിൽക്കുകയായിരുന്ന അജിനും, ഒപ്പം അസിഫയും ഒരുമിച്ച് കോടതിയുടെ ഗെയിറ്റിലെത്തിയപ്പോഴേയ്ക്കും, ഒരു ഭാഗത്ത് അജിന് വേണ്ടിയും, മറുഭാഗത്ത് അസിഫയ്ക്ക് വേണ്ടിയും ആൾക്കൂട്ടം സംഘടിച്ചു നിൽക്കുകയായിരുന്നു. കോടതിക്ക് പുറത്ത് നേരത്തെ ഒരുക്കിവെച്ചിരുന്ന ബലേറോ വണ്ടിയിൽ കയറി അജിനും അസിഫയും മറ്റുള്ളവരും പോകുന്നതുവരെ കനത്ത പൊലീസ് ബന്തവസ്സ് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് അസിഫയ്ക്കും ഭർത്താവ് അജിനും ബിജെപി -ആർഎസ്എസ് ശക്തി കേന്ദ്രമായ പറക്കളായിൽ പ്രവർത്തകർ തണലൊരുക്കി.

എളേരിത്തട്ട് ഇ. കെ. നായനാർ സ്മാരക ഗവ: കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയ അസിഫയെ അജിൻ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും തോയമ്മലിൽ അജിന്റെ ബന്ധത്തിൽപ്പെട്ട സ്ത്രീയുടെ വീട്ടിൽ വച്ചാണ്.നീലേശ്വരം ബങ്കളം സ്വദേശിയായ അജിൻ വിവാഹിതനാണെങ്കിലും ബന്ധം നിലവിലില്ല. കുട്ടികളുമില്ല. 6 വർഷമായി കാഞ്ഞങ്ങാട്ട് ഏബിസി സ്ഥാപനത്തിൽ സെയിൽസ്മാനാണ്.

അസിഫയുടെ മൂത്ത സഹോദരൻ ആസിഫ് യുഎഇയിലെ അൽ ഐനിൽ ജോലി നോക്കുകയാണ്. അസിഫ ബിരുദ പഠനം പൂർത്തിയാക്കിയ സന്തോഷത്താൽ സഹോദരിയേയും, മാതാപിതാക്കളേയും ജോലി സ്ഥലമായ അൽ ഐനിലേക്ക് ക്ഷണിച്ചു കൊണ്ടുപോയത് ആസിഫാണ്. രണ്ടാഴ്ചത്തെ ഹ്രസ്വ സന്ദർശത്തിന് ശേഷം കുടുംബം കാഞ്ഞങ്ങാട്ട് തിരിച്ചെത്തിയത് രണ്ടു മാസം മുമ്പാണ്. പിറകെ തന്നെ അസിഫയ്ക്ക് മോശമല്ലാത്ത ഒരു കല്ല്യാണാലോചന വന്നുവെങ്കിലും, തനിക്ക് തൽക്കാലം കല്ല്യാണം വേണ്ടെന്ന് പെൺകുട്ടി വീട്ടുകാരോട് തീർത്തു പറയുകയായിരുന്നു. തുടർന്നാണ് ഒളിച്ചോട്ടവും കല്യാണവും നടന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP