Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമൂഹം മൊത്തം എതിരു നിന്നാലും പാഠം പഠിക്കാത്ത അഹങ്കാരവുമായി സ്വകാര്യ ആശുപത്രി മുതലാളിമാർ; താടി വടിക്കുന്നില്ലെന്ന കാരണം പറഞ്ഞു നേഴ്‌സിങ് സംഘടനാ നേതാവിനെ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചു വൈരാഗ്യം തീർത്തതു തൃശൂരിലെ എലൈറ്റ് ആശുപത്രി; ജീവിതം വഴിമുട്ടിയാൽ ആത്മഹത്യ ചെയ്യുമെന്ന് ആഷിഖ്

സമൂഹം മൊത്തം എതിരു നിന്നാലും പാഠം പഠിക്കാത്ത അഹങ്കാരവുമായി സ്വകാര്യ ആശുപത്രി മുതലാളിമാർ; താടി വടിക്കുന്നില്ലെന്ന കാരണം പറഞ്ഞു നേഴ്‌സിങ് സംഘടനാ നേതാവിനെ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചു വൈരാഗ്യം തീർത്തതു തൃശൂരിലെ എലൈറ്റ് ആശുപത്രി; ജീവിതം വഴിമുട്ടിയാൽ ആത്മഹത്യ ചെയ്യുമെന്ന് ആഷിഖ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടും, സമൂഹം മുഴുവൻ എതിരുനിന്നിട്ടും അതിൽ നിന്നൊന്നും തങ്ങൾക്കു സംഭവിക്കാനില്ലെന്ന ധാർഷ്ട്യത്തോടെ സ്വകാര്യ ആശുപത്രി മുതലാളിമാർ. താടി വടിച്ചില്ലെന്ന കാരണം പറഞ്ഞു നേഴ്‌സുമാരുടെ സംഘടനാ നേതാവിനെ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചു വൈരാഗ്യം തീർത്തിരിക്കുകയാണു തൃശൂരെ എലൈറ്റ് ആശുപത്രി. ജീവിതം വഴിമുട്ടിയാൽ ആത്മഹത്യ ചെയ്യുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഒ സി ആഷിഖ് എന്ന നേഴ്‌സിങ് വിദ്യാർത്ഥി.

''ഇന്നത്തെ ഇര ഞാൻ, നാളെ നിങ്ങൾ ആയേക്കാം. ഒരു സംഘടനയിൽ പ്രവർത്തിച്ചതിന്, താടി വടിക്കുന്നില്ല എന്ന കാരണത്താൽ നിങ്ങൾ തല്ലിക്കെടുത്തുന്നത് എന്റെയും, കുടുംബത്തിന്റെയും സ്വപ്നങ്ങളും, പ്രതീക്ഷകളുമാണ്. തിയറി എല്ലാം പാസ് ആയ എന്നെ നിങ്ങൾ പ്രാക്ടിക്കൽ പരീക്ഷയിൽ മനഃപൂർവം തോല്പിച്ചിരിക്കുന്നു.. ജീവിതത്തിലും ഞാൻ തോറ്റു പോകുന്നു. ഒരു വിദ്യാർത്ഥിയോടും, ഒരു കോളേജും, അദ്ധ്യാപകരും ഇത്തരത്തിൽ കാണിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങൾ കളിക്കുന്നത് എന്റെ ജീവിതം കൊണ്ടാണ്. മറക്കരുത്......'' എന്നു ഫേസ്‌ബുക്കിൽ കുറിച്ച് ആശുപത്രി അധികൃതരോടുള്ള പ്രതിഷേധം അറിയിക്കുകയാണ് ആഷിഖ്.

എഴുത്തു പരീക്ഷയെല്ലാം ജയിച്ച ആഷിഖിനെ മനഃപൂർവം പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചതാണെന്നു സുഹൃത്തുക്കളും വ്യക്തമാക്കുന്നു. നേഴ്‌സിങ് വിദ്യാർത്ഥി സംഘടനയായ യുഎൻഎസ്എ തൃശൂർ ജില്ലാ പ്രസിഡണ്ടായി എന്ന കാരണത്താലാണ് എലൈറ്റ് നേഴ്‌സിങ് കോളേജ് അധികാരികൾ നാലാം വർഷ വിദ്യാർത്ഥിയായ ആഷിഖിനെ തോൽപ്പിച്ചത്. തിയറി എല്ലാം പാസായിട്ടും പ്രാക്ടിക്കൽ പരീക്ഷ തോറ്റതിനാൽ മാത്രം ബിരുദം നിഷേധിക്കപ്പെട്ട അവസ്ഥയിലാണ് ഈ വിദ്യാർത്ഥി.

OBG (GYNEC ) പ്രാക്ടിക്കൽ പരീക്ഷയിലാണ് ആഷിഖിന് അധികൃതരുടെ വിവേചനം നേരിടേണ്ടി വന്നത്. ഒരു മെയിൽ നഴ്‌സും ജോലിയിൽ പ്രവേശിക്കാത്ത വിഭാഗമാണിത്. ആഷിഖിന്റ കണ്ണുനീരിനും ജീവിതത്തിനും വില കൽപ്പിക്കണമെന്നും വലിയ മാനസിക വിഷമത്തിലൂടെ കടന്നുപോകുന്ന ആഷിഖിനു നീതി ലഭ്യമാക്കണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെടുന്നു. ഈ സ്വാശ്രയ തെമ്മാടിത്തരം ഒരു ജീവിതം കൂടെ നശിപ്പിക്കാൻ കാരണമാവരുതെന്നും സുഹൃത്തുക്കൾ പറയുന്നു.

ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും കോടതിയെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു സൈബർ ലോകം ആഷിഖിന്റെ വിഷയം ഏറ്റെടുത്തിട്ടുണ്ട്. അധികൃതരുടെ ശ്രദ്ധയിൽ ഈ പ്രശ്‌നം എത്തിക്കേണ്ടതുണ്ട്. ഈ തെമ്മാടിത്തരം ഇനിയും വച്ചു പൊറുപ്പിക്കാൻ ആകില്ല. അടിമകളായി മാറാതിരിക്കണമെങ്കിൽ അനീതിക്കെതിരെ ശബ്ദമുയർത്തിയേ മതിയാകൂ എന്നും സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കൾ ആവശ്യപ്പെടുന്നു. നേഴ്‌സിങ് സംഘടനകൾ ഇക്കാര്യത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

നഴ്‌സിങ് മേഖലയിൽ മാത്രം അല്ല ആയുർവേദ മേഖലയിലും ഇത്തരത്തിൽ മനഃപൂർവമുള്ള പരാജയപ്പെടുത്തലുകളുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളിൽ നടക്കുന്ന തെമ്മാടിത്തരങ്ങൾ ഏറ്റവും കൂടുതൽ നടമാടുന്നത് മെഡിക്കൽ മേഖലയിലാണ്. പ്രത്യേകിച്ച് നഴ്‌സിങ് കോളേജുകളിൽ. ഒരു വിദ്യാർത്ഥിയുടെ ഒരു വർഷമാണ് ഈ കോളേജ് അധിക്യതർ നശിപ്പിച്ചത്. വിട്ടു കൊടുക്കാൻ കഴിയില്ല. ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സംഘടനകൾ ആഷിഖിന് ഉറപ്പുനൽകുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP