Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാപ്പാന്മാർ ചട്ടം പഠിപ്പിച്ചപ്പോൾ വന്നത് ഇടത് കാലിൽ ഒടിവ്; വിദഗ്ദ ചികിത്സ ലഭ്യമാക്കാത്തപ്പോൾ ഒടിഞ്ഞ സ്ഥലത്ത് മാംസം വളർന്നു, കാൽ കുത്തി നടക്കാൻ കഴിയാത്ത അവസ്ഥയായി; ആനപ്രേമികൾ ഇടപെട്ടപ്പോൾ സുഖചികിത്സയ്ക്ക് കോട്ടൂരേക്ക് മാറ്റാൻ ഉത്തരവിട്ടത് ഹൈക്കോടതിയും; കോട്ടൂരേയ്ക്ക് മാറ്റിയിട്ടും വിദഗ്ദ ചികിത്സ അകലത്തിൽ തന്നെ; പരിചരണത്തിന്റെ അഭാവം കാരണം ശാസ്താംകോട്ട നീലകണ്ഠന്റെ അവസ്ഥ ഗുരുതരമാകുന്നു

പാപ്പാന്മാർ ചട്ടം പഠിപ്പിച്ചപ്പോൾ വന്നത് ഇടത് കാലിൽ ഒടിവ്; വിദഗ്ദ ചികിത്സ ലഭ്യമാക്കാത്തപ്പോൾ ഒടിഞ്ഞ സ്ഥലത്ത് മാംസം വളർന്നു, കാൽ കുത്തി നടക്കാൻ കഴിയാത്ത അവസ്ഥയായി; ആനപ്രേമികൾ ഇടപെട്ടപ്പോൾ സുഖചികിത്സയ്ക്ക് കോട്ടൂരേക്ക് മാറ്റാൻ ഉത്തരവിട്ടത് ഹൈക്കോടതിയും; കോട്ടൂരേയ്ക്ക് മാറ്റിയിട്ടും വിദഗ്ദ ചികിത്സ അകലത്തിൽ തന്നെ; പരിചരണത്തിന്റെ അഭാവം കാരണം ശാസ്താംകോട്ട നീലകണ്ഠന്റെ അവസ്ഥ ഗുരുതരമാകുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: ഹൈക്കോടതി നിർദ്ദേശ പ്രകാരം കോട്ടൂരിലെ ആനപരിപാലന കേന്ദ്രത്തിൽ എത്തിച്ച ശാസ്താംകോട്ട നീലകണ്ഠന്റെ സ്ഥിതി ഗുരുതരമെന്ന് സൂചന. വിദഗ്ദ ചികിത്സയുടെ അഭാവമാണ് ആനയുടെ സ്ഥിതി ഗുരുതരമാകാൻ ഇടയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. ആന തളർന്നു കിടന്നതിനെ തുടർന്ന് കേരളത്തിലെ വിദഗ്ദ ഡോക്ടറായ അരുൺ സഖറിയയെ വരുത്തി ആനയുടെ സ്ഥിതി പരിശോധിച്ചിരുന്നു. ആനയ്ക്ക് അതിജീവനം പ്രയാസമാണെന്നാണ് ലഭിക്കുന്ന വിവരം. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആനയെ ചികിത്സയ്ക്കായാണ് വനം വകുപ്പിന് കൈമാറിയത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരം കോട്ടൂരെയ്ക്ക് മാറ്റിയിട്ടും ആനയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കാത്തതാണ് ആനയുടെ നില വഷളാക്കിയത് എന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. എല്ലാ പതിനഞ്ച് ദിവസം കൂടുമ്പോഴും റിപ്പോർട്ട് നൽകാനും ഇരുപത്തി നാല് മണിക്കൂറും ഒരു വെറ്റിറനറി ഡോക്ടറുടെ സേവനം ലഭ്യമാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പക്ഷെ ഇരുപത്തിനാല് മണിക്കൂർ മൃഗ ഡോക്ടറുടെ സേവനം ആനയ്ക്ക് ലഭ്യമാക്കിയില്ല. ഇത് ഹൈക്കോടതി വിധിയുടെ ലംഘനം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. ഹൈക്കോടതി നിർദ്ദേശിച്ച പരിചരണത്തിന്റെ ലഭ്യതക്കുറവ് തന്നെയാണ് ആനയെ മരണാസന്നനാക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.

ശാസ്താംകോട്ട നീലകണ്ഠൻ ശാസ്താംകോട്ട ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ ആനയായിരുന്നു. ക്ഷേത്രത്തിലെ പാപ്പാന്മാരുടെ പീഡനം കാരണം ഇടത് കാൽമുട്ട് ഒടിഞ്ഞതിനെ തുടർന്നുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ആനയ്ക്ക് ജീവനുവേണ്ടി പോരാടുന്ന അവസ്ഥ വന്നത്. പാപ്പാന്മാരുടെ പീഡനം കാരണം കാൽമുട്ട് ഒടിഞ്ഞപ്പോൾ ആനയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കിയില്ല. ഒടിഞ്ഞ സ്ഥലത്ത് മാംസം വളരുകയും ചെയ്തു. ഇതോടെ ആനയ്ക്ക് കാൽ കുത്തി നടക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇടത് കാൽ മുട്ട് ഒടിഞ്ഞിട്ടും ചികിത്സ ലഭിക്കാതെ മുടന്തി മുടന്തി നടക്കുന്ന നീലകണ്ഠന്റെ ദുരിത വാർത്ത പുറത്തു വന്നതോടെ ആന പ്രേമികൾ ചേർന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. തുടർന്ന് വിദഗ്ധ സംഘം എത്തി ആനയ്ക്ക് ചികിത്സ നൽകിയിരുന്നു.

ഉത്തർപ്രദേശ് മധുരയിലെ ആനപരിപാലന ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കണമെന്നാണ് ഹർജി നൽകിയവർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ അവശനിലയിലായ ആനയെ 2500 കിലോ മീറ്റർ അകലെ എത്തിക്കുന്നത് ശരിയാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി തുടർ ചികിത്സയ്ക്കായി കോട്ടൂരിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.

വിദഗ്ദ ഡോക്ടർമാരുടെ ചികിത്സ ഉറപ്പ് വരുത്താത്തതാണ് ആനയുടെ നില അപകടത്തിലേക്ക് നീങ്ങിയത് എന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. വിദഗ്ദ ചികിത്സയ്ക്ക് വേണ്ടിയാണ് ആനയെ കോട്ടൂരിലെക്ക് മാറ്റിയത്. ഇവിടെ ആനയ്ക്ക് പരിപാലനവും ഭക്ഷണവും ലഭ്യമായെങ്കിലും വിദഗ്ദ ചികിത്സ ലഭ്യമായില്ല. ഇത് ആനയുടെ സ്ഥിതി ഗുരുതരമാക്കുകയും ചെയ്തു. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ ഈശ്വരനാണ് ആനയെ നോക്കുന്നത്. എപ്പോഴും ഡോക്ടറുടെ പരിപാലനം ആനയ്ക്ക് ലഭ്യമാക്കാൻ ഈശ്വരനും കഴിഞ്ഞിരുന്നില്ല. ഇത് ആനയുടെ സ്ഥിതി വഷളാക്കി. കോട്ടൂരിൽ ഡോക്ടർ ഇല്ല. ശെന്തുരുണിയാണ് ഡോക്ടർ ഉള്ളത്. ഈ ഡോക്ടർക്ക് ഇപ്പോഴും കോട്ടൂരിൽ വരാൻ കഴിയില്ല. ഇതാണ് ആനയുടെ സ്ഥിതി വഷളാക്കിയത്. ഡോക്ടർ ഈശ്വരൻ മറുനാടനോട് പറഞ്ഞ പ്രകാരം ഈശ്വരൻ ഇല്ലാതിരുന്ന സമയത്താണ് ഡോക്ടർ അരുൺ സഖറിയ വന്നു ആനയെ പരിശോധിച്ചത് എന്നാണ്. പക്ഷെ ആനയുടെ സ്ഥിതി ഗുരുതരമായതിനാൽ സഖറിയയെ വരുത്തി ആനയെ പരിശോധിപ്പിക്കുകയായിരുന്നു. കിടപ്പിലായ ആനയെ താത്ക്കാലത്തേക്ക് എഴുന്നേൽപ്പിച്ച് നിർത്തിയെങ്കിലും ആനയുടെ സ്ഥിതി ഗുരുതരമെന്ന സൂചന തന്നെയാണ് അരുൺ സഖറിയയും നൽകുന്നത്. ഇപ്പോൾ കോട്ടൂരിൽ ഡോക്ടർ ഈശ്വരൻ ഉണ്ടെങ്കിലും ആനയുടെ അവസ്ഥ പരിതാപകരമായി തന്നെ തുടരുകയാണ്.

ഹൈക്കോടതി നിർദ്ദേശ പ്രകാരം കഴിഞ്ഞ ജൂലായ് ആണ് ആനയെ സുഖ ചികിത്സയ്ക്കായി കോട്ടൂരിലെക്ക് മാറ്റുന്നത്. അപ്പോൾ ജീവനുവേണ്ടി മല്ലിടുന്ന അവസ്ഥയിലായിരുന്നു ആന. ഇടത് മുട്ടുകാൽ മുട്ട് ഒടിഞ്ഞപ്പോൾ ചികിത്സ നൽകാത്തത് കാരണം അവിടെ മാംസം വളർന്നു. ഇതോടെ ആനയ്ക്ക് കാൽ കുത്തി നടക്കാൻ കഴിയാതെയായി. പാപ്പാന്മാരും ആനയ്ക്ക് പരിചരണം നൽകിയില്ല. ആന ചാടിച്ചാടി മൂന്നു കാലിൽ നടക്കാൻ തുടങ്ങി. ഇത് വാർത്തയായി. ഉത്തർപ്രദേശിലുള്ള ഡോക്ടർമാർ ആ ഘട്ടത്തിൽ ആനയെ പരിചരിക്കാൻ എത്തിയിരുന്നു. എന്നാൽ ആനയെ ശാസ്താംകോട്ട ദേവസ്വം കൈമാറിയില്ല. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടൽ വന്നതോടെയാണ് ആനയെ കോട്ടൂരേക്ക് മാറ്റാൻ തീരുമാനമായത്. വളരെ ബുദ്ധിമുട്ടിയാണ് വനംവകുപ്പ് ആനയെ കോട്ടൂരിലെക്ക് മാറ്റിയത്. ആനയെ മാറ്റാനുള്ള വണ്ടി വയനാട്ടിൽ മാത്രമേയുള്ളൂ. അതിനാൽ വയനാട്ടിൽ നിന്ന് വണ്ടി എത്തിച്ച ശേഷമാണ് ശാസ്താംകോട്ടയിൽ നിന്ന് ആനയെ കോട്ടൂരിലെക്ക് മാറ്റിയത്. അവിടെയും ആനയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമായില്ലെന്നാണ് ലഭിക്കുന്ന വിവരം.

2003-ലാണ് നീലകണ്ഠനെ ശാസ്താംകോട്ട ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. അന്ന് അഞ്ചു വയസുള്ള നീലകണ്ഠൻ പാപ്പാന്മാരുടെ പീഡനം കാരണം രോഗശയ്യയിലായി. പാപ്പാന്മാരുടെ ചട്ടം പഠിപ്പിക്കലിന്റെ ഭാഗമായി ഉണ്ടായി ഇടത് കാലിൽ വന്ന ഒടിവാണ് ആനയെ രോഗിയാക്കി മാറ്റിയത്. ചികിത്സ നൽകാത്തതിനാൽ ഇവിടെ ദശ വളർന്നു. ആനയ്ക്ക് നടക്കാനും കഴിയാതെയായി. എപ്പോഴും ചങ്ങലയിൽ കിടന്ന് മറ്റു രണ്ടു കാലുകളിലും വ്രണം നിറഞ്ഞു പഴുത്തു. കാണാൻ വരുന്ന ആളുകളെ തുമ്പി കൈ നീട്ടി വേദനയുള്ള കാലുകൾ തൊട്ടു കാണിച്ചു കൊണ്ടിരുന്നു. .ഈ വീഡിയോ പുറത്തു വന്നതോടെ നീലകണ്ഠന്റെ യാതന ലോകമറിഞ്ഞു തുടർന്ന് ആനപ്രേമികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ആനയെ വനം വകുപ്പിന്റെ കീഴിലുള്ള കോട്ടൂർ ആന സങ്കേതത്തിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. ഇവിടെയുള്ള പരിചരണങ്ങളും ആനയെ എഴുന്നേൽപ്പിച്ച് നടത്തിയില്ല എന്നാണ് ആനയുടെ നിലവിലെ അവസ്ഥ സൂചന നൽകുന്നത്.

ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ ഈശ്വരൻ നൽകുന്ന വിശദീകരണം:

ശാസ്താംകോട്ട നീലകണ്ഠന്റെ അവസ്ഥ കുഴപ്പമില്ലാതെ പോകുന്നു. ആനയ്ക്ക് കാലിനു പ്രശ്‌നമുണ്ട്. ഇടത്തെ കൈക്കാണ് ആനയ്ക്ക് പ്രശ്‌നം. കൈ നിലത്തൂന്നാൻ ആനയ്ക്ക് കഴിയുന്നില്ല. മുട്ട് മടങ്ങില്ല. അതിനാൽ കാൽ വീശി വെച്ച് മാത്രമേ നടക്കാൻ കഴിയൂ. ഇന്നലെ ആനയ്ക്ക് പനിയുണ്ടായിരുന്നു. ഞാൻ ഇവിടെ ഇല്ലാത്തതിനാൽ അരുൺ സഖറിയ വന്നു ആനയെ പരിചരിച്ചിരുന്നു. അരുൺ സഖറിയയെ വിളിച്ച് വരുത്തിയതല്ല. ഡോക്ടർ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അതിനാലാണ് വന്നു പരിശോധിച്ചത്. ഞാൻ ഹൈദ്രബാദിലായിരുന്നു. അതിനാലാണ് അരുൺ സഖറിയ എത്തിയത്. ആനയുടെ നില മോശം എന്നൊന്നും പറയാൻ കഴിയില്ല. പരിചരണം ലഭ്യമാക്കിയില്ലെന്ന് ആർക്കും പറയാൻ കഴിയില്ല. ആർക്ക് വേണമെങ്കിലും ആനയെ പരിശോധിക്കാവുന്നതാണ്. നാലുമാസമായി ആന ഇവിടെയുണ്ട്. ഒരു കമ്മറ്റി തന്നെയുണ്ട്. ഈ കമ്മറ്റിയുടെ മേൽനോട്ടത്തിലാണ് ആന പരിചരണം മുന്നോട്ടു നീക്കുന്നത്. ഭക്ഷണം ആന കഴിക്കുന്നുണ്ട്. മുറിവുകൾ ഉണങ്ങാൻ സമയം പിടിക്കും-ഡോക്ടർ ഈശ്വരൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP