Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202127Saturday

കെഎസ്ഇബിയുടെ വൈദ്യുത ഉൽപാദനം 31.8 ദശലക്ഷം യൂണിറ്റായി വർധിച്ചു; മഴ തുടരുന്നതിനാൽ ഇനിയും ഉൽപാദനം കൂട്ടും; ചൂട് കുറഞ്ഞതിനാൽ വൈദ്യുതിക്ക് ആവശ്യവും കുറയുന്നു; കൽക്കരിക്ഷാമ കാലത്ത് രാജ്യത്തിന് ആശ്വാസമായി കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ

കെഎസ്ഇബിയുടെ വൈദ്യുത ഉൽപാദനം 31.8 ദശലക്ഷം യൂണിറ്റായി വർധിച്ചു; മഴ തുടരുന്നതിനാൽ ഇനിയും ഉൽപാദനം കൂട്ടും; ചൂട് കുറഞ്ഞതിനാൽ വൈദ്യുതിക്ക് ആവശ്യവും കുറയുന്നു; കൽക്കരിക്ഷാമ കാലത്ത് രാജ്യത്തിന് ആശ്വാസമായി കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ എല്ലാ ജലവൈദ്യുത നിലയങ്ങളിലും മുഴുവൻ സമയ വൈദ്യുതി ഉൽപാദനം തുടരും. കെഎസ്ഇബിയുടെ വൈദ്യുത ഉൽപാദനം 31.8 ദശലക്ഷം യൂണിറ്റായി വർധിച്ചു. 71 ദശലക്ഷം യൂണിറ്റാണു കേരളത്തിനു പ്രതിദിനം വേണ്ടത്. ഇതിൽ പകുതിയോട് അടുത്തും കേരളത്തിൽ ഉൽപാദിപ്പിക്കാൻ കഴിയുന്നുവെന്നതാണ് നിലവിലെ അവസ്ഥ. ഇടുക്കിയിൽ വെള്ളം അതിവേഗം നിറയുകയാണ്. ഈ സാഹചര്യത്തിൽ പരമാവധി വൈദ്യുത ഉൽപാദനം തുടരും.

കനത്ത മഴയിൽ ഉൽപാദനം കൂട്ടിയതിനാൽ കൽക്കരി ക്ഷാമത്തെ തുടർന്നു കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതു സംസ്ഥാനത്തെ ബാധിച്ചിട്ടില്ല. വൈദ്യുതി ഉപയോഗവും കുറഞ്ഞിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി 31 വരെ തുടരുമെന്നു പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ഉൾപ്പെടെയുള്ള ജലവൈദ്യുത നിലയങ്ങൾ മുഴുവൻ സമയവും പ്രവർത്തിപ്പിച്ചു രാജ്യത്തെ വൈദ്യുതി വിതരണ മേഖലയെ സഹായിക്കണമെന്നു സംസ്ഥാന സർക്കാരിനോടു കേന്ദ്രം അഭ്യർത്ഥിച്ചിരുന്നു. ഇതിനുള്ള സാഹചര്യം പ്രളയം ഒരുക്കിയെന്നതാണ് വസ്തുത.

വരും ദിവസങ്ങൾ ചൂട് കുറയുമെന്നതിനാൽ വൈദ്യുതി ആവശ്യകത കുറയുമെന്നും സ്ഥിതി മെച്ചപ്പെടുമെന്നും കോൾ ഇന്ത്യ ലിമിറ്റഡ് ചെയർമാൻ പ്രമോദ് അഗർവാൾ പറഞ്ഞു. കൽക്കരി ശേഖരം ആവശ്യത്തിനുണ്ടെന്നും കഴിഞ്ഞ 8 ദിവസമായി കൽക്കരി ലഭ്യത ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മഴയും ആശ്വാസമായി കേ്ന്ദ്രം കാണുന്നു. കൽക്കരി ക്ഷാമം ഉടൻ തീരുമമെന്നാണ് പ്രതീക്ഷ. നിലയങ്ങളിൽ ശരാശരി 4 ദിവസത്തേക്കുള്ള സ്റ്റോക്കാണുള്ളത്. ഈ സ്ഥിതി അത്ര നല്ലതല്ലെങ്കിലും വരും ദിവസങ്ങളിൽ മെച്ചപ്പെടും.

സംസ്ഥാനങ്ങളോടു കൽക്കരി സൂക്ഷിക്കണമെന്നു പല തവണ അഭ്യർത്ഥിച്ചതാണ്, പല സംസ്ഥാനങ്ങളും കുടിശിക പോലും അടച്ചിട്ടില്ല. 7,000 കോടി മുതൽ 23,000 കോടി വരെ കുടിശികയായ സമയമുണ്ട്. എന്നിട്ടും വിതരണം നിർത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ, മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി താപവൈദ്യുതി നിലയം സാങ്കേതിക തകരാറുമൂലം പ്രവർത്തനം നിർത്തിവച്ചു. 500 മെഗാവാട്ട് ശേഷിയുള്ള നിലയമാണിത്.

കൽക്കരി ക്ഷാമത്താലുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്തെ ഇരുമ്പ്, ഉരുക്ക്, അലുമിനിയം, സിമന്റ്, എണ്ണ- പ്രകൃതിവാതകം, ഭക്ഷ്യസംസ്‌കരണ മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്. മിക്ക ഉരുക്ക് നിർമ്മാണശാലക്കും സ്വന്തം വൈദ്യുതി യൂണിറ്റുണ്ടെങ്കിലും പ്രതിസന്ധി തുടർന്നാൽ സ്ഥിതി സങ്കീർണമാകും. ചെറുകിട ഉരുക്കുശാലകൽ വൈദ്യുതി നിലയങ്ങളിൽനിന്നുള്ള ഊർജമാണ് ആശ്രയിക്കുന്നത്. വൈദ്യുതി ക്ഷാമം ഈ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും.

ആഭ്യന്തര കൽക്കരിയുടെയും ഇറക്കുമതി കൽക്കരിയുടെയും വില കൂടിയത് ഇരുമ്പ്, അലുമിനിയം കമ്പനികളെ പ്രതിസന്ധിയിലാക്കി. ജൂലൈ- ഒക്ടോബറിൽ ആഭ്യന്തര കൽക്കരി വില 15 ശതമാനവും ഇറക്കുമതി വില 61 ശതമാനവും കൂടി. പ്രവർത്തനച്ചെലവേറിയതോടെ ഇരുമ്പ് ഉൽപ്പന്ന വില കുതിച്ചുകയറാൻ സാധ്യത. വൈദ്യുതി പ്രതിസന്ധി പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പ്രകൃതിവാതകത്തിന്റെയുംആവശ്യകത കൂട്ടി. എൽഎൻജി വില അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുകയറിയതിനാൽ പ്രകൃതിവാതക കമ്പനികൾക്ക് ഇപ്പോഴത്തെ സാഹചര്യം ദോഷം ചെയ്യും.

മണിക്കൂറുകൾ നീളുന്ന പവർകട്ട് ശീതീകരിച്ച ഭക്ഷ്യവസ്തു വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായി.ഡീസൽ ജനറേറ്ററുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് സ്ഥാപനങ്ങൾ. മാംസം, പാൽ, മൽസ്യ മേഖലകളിലാണ് പ്രധാനപ്രശ്‌നം. ഇഷ്ടികച്ചൂളകളും സിമന്റ്ശാലകളും പ്രതിസന്ധിയിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP