Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രകൃതിയെ സംരക്ഷിക്കാനുള്ള മീന മേനോന്റെയും കൂട്ടരുടേയും പ്രതിഷേധങ്ങൾക്ക് പുല്ലുവില; കൂടുതൽ പ്രക്ഷോപമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് എത്തിയത് നൂറ് കണക്കിന് ജീവനക്കാരും പൊലീസും; ജൈവവൈവിധ്യങ്ങളുടെ ശാന്തിവനത്തിന്റെ നെഞ്ചിൽ ചവിട്ടി തല പൊക്കി കെഎസ്ഇബി ടവറിൽ ലൈൻ വലിച്ചു; പ്രതിഷേധം തുടരുമെന്നും നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നും സമരക്കാർ

പ്രകൃതിയെ സംരക്ഷിക്കാനുള്ള മീന മേനോന്റെയും കൂട്ടരുടേയും പ്രതിഷേധങ്ങൾക്ക് പുല്ലുവില; കൂടുതൽ പ്രക്ഷോപമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് എത്തിയത് നൂറ് കണക്കിന് ജീവനക്കാരും പൊലീസും; ജൈവവൈവിധ്യങ്ങളുടെ ശാന്തിവനത്തിന്റെ നെഞ്ചിൽ ചവിട്ടി തല പൊക്കി കെഎസ്ഇബി ടവറിൽ ലൈൻ വലിച്ചു; പ്രതിഷേധം തുടരുമെന്നും നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നും സമരക്കാർ

ആർ പീയൂഷ്

കൊച്ചി: പ്രതിഷേധങ്ങൾ കത്തിപടർന്നിട്ടും ഒടുവിൽ ഒരു ദയാ ധാക്ഷണ്യവുമില്ലാതെ കെ.എസ്.ഇ.ബി ശാന്തിവനത്തിന് മുകളിലൂടെ വൈദ്യുത ലൈൻ വലിച്ചു. നൂറോളം തൊഴിലാളികളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെയാണ് ലൈൻ കമ്പികൾ വലിക്കുന്ന അവസാനഘട്ട ജോലികൾ ഒറ്റ ദിവസംകൊണ്ടു പൂർത്തിയാക്കിയത്. കനത്ത പൊലീസ് കാവലിലായിരുന്നു ഇന്നലെ നിർമ്മാണ പ്രവർത്തനങ്ങൾ. 22.5 മീറ്റർ ഉയരത്തിൽ ന്യൂട്രൽ അടക്കം 7 ലൈനാണു വലിച്ചത്.

കൂടുതൽ മരങ്ങളോ ചില്ലകളോ മുറിക്കാതെയാണു ടവർ ലൈൻ വലിച്ചതെന്ന് അധികൃതർ പറഞ്ഞു. ജൈവ വൈവിധ്യം നിറഞ്ഞ ശാന്തിവനത്തിലൂടെ ലൈൻ വലിക്കുന്നതിനെതിരെ ഉടമ മീന മേനോന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ പുരോഗതി വിലയിരുത്താൻ മന്ത്രി എം.എം. മണിയും കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ളയും ശാന്തിവനം സന്ദർശിച്ചേക്കും.

അതേ സമയം ശാന്തിവനത്തിലൂടെ വൈദ്യുതി ടവർ ലൈൻ നിർമ്മാണം നടത്തുന്നതു തടയണമെന്ന ഹർജി ഹൈക്കോടതിയിൽ നിന്നു പിൻവലിച്ചു. ഭൂവുടമയായ മീന മേനോനാണ് ഈ ആവശ്യത്തിനു കോടതിയെ സമീപിച്ചത്. ടവർ ലൈൻ പദ്ധതിയുടെ 90% പൂർത്തിയായെന്നും എതിർപ്പ് ഉന്നയിച്ചു പദ്ധതി കമ്മിഷനിങ് വൈകിക്കാൻ ശ്രമമുണ്ടെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. ഭൂമി സ്വാഭാവിക വനമോ ജൈവ വൈവിധ്യ ബോർഡിന്റെ പരിധിയിൽ വരുന്നതോ അല്ലെന്നും വിശദീകരിച്ചു. പുതിയ ഹർജി നൽകുമെന്ന് മീന മേനോൻ പറഞ്ഞു.
ജൈവ സമ്പത്തിനെ തകർത്ത് എറണാകുളം വടക്കൻ പറവൂരിൽ കെഎസ്ഇബിയുടെ വൈദ്യുത ടവർ ഉയരുകയാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'ശാന്തിവനം' എന്ന ജൈവസമ്പത്ത് തകർത്താണ് വൈദ്യുതി ടവർ ഉയരുന്നത്.

ശാന്തിവനത്തിന് മുകളിലൂടെ മന്നത്തുനിന്ന് ചെറായിലേക്കുള്ള 110 കെ.വി വൈദ്യുതിലൈനാണ് സ്ഥാപിക്കുന്നത്. 2013ലാണ് 110 കെ.വി വൈദ്യുതി ലൈൻ ശാന്തിവനം വഴി കടന്നുപോകാനുള്ള പദ്ധതി ആരംഭിച്ചത്. അന്നുമുതൽ ഈ വനത്തെ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് മീന. രണ്ടുവർഷം മുമ്പ് ഹൈക്കോടതിയെ സമീപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും തള്ളുകയായിരുന്നു. ഹർജി തള്ളി ഉത്തരവും വന്നു. ഉത്തരവ് കൈപ്പറ്റും മുമ്പേ കെ.എസ്.ഇ.ബി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് മീന പറയുന്നു. ഇതെ തുടർന്ന് വനത്തിനകത്തെ ചില മരങ്ങൾ വെട്ടുകയും മൂന്നുതവണ പൈലിങ് നടത്തുകയും ചെയ്തിട്ടുണ്ട്. ഏറെ വലുതും പഴക്കം ചെന്നതുമായ പൈൻ മരമുൾെപ്പടെ മുറിച്ചുമാറ്റി. ദിവസങ്ങൾക്കുമുമ്പ് ജെ.സി.ബി ഉപയോഗിച്ച് നടത്തിയ നിർമ്മാണ പ്രവർത്തനത്തിലൂടെ നിരവധി ചെറുവൃക്ഷങ്ങളും അടിക്കാടുകളും ഇല്ലാതായി. 48 വൃക്ഷങ്ങൾ വെട്ടേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്. എന്നാൽ അതിൽ കൂടുതൽ വനങ്ങളും അടിക്കാടും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ശാന്തിവനം സമരസമിതി.

മീനയുടെ പിതാവും പ്രകൃതിസ്നേഹിയുമായ അന്തരിച്ച രവീന്ദ്രനാഥ്, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഡോ. സതീഷ്‌കുമാർ, ജോൺസി ജേക്കബ് തുടങ്ങിയവരാണ് ഈ ജൈവവൈവിധ്യ മേഖലക്ക് ശാന്തിവനം എന്ന പേരിട്ട് സംരക്ഷിച്ചത്. മൂന്ന് വലിയ സർപ്പക്കാവുകളും മൂന്ന് കുളങ്ങളും ഒരു കുടുംബക്ഷേത്രവും ശാന്തിവനത്തിലുണ്ട്. വനത്തിന്റെ ഒരു കോണിൽ മീനയും മകൾ ഉത്തരയും താമസിക്കുന്ന വീടുമുണ്ട്.

മന്നം മുതൽ ചെറായി വരെയുള്ള നാൽപ്പതിനായിരത്തിൽ പരം കുടുംബങ്ങൾ നേരിടുന്ന വൈദ്യുതി പ്രശ്നം പരിഹരിക്കുകയാണ് മുഖ്യലക്ഷ്യം. 20 വർഷമായി കാത്തിരിക്കുന്ന പദ്ധതി, പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ച് മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് എറണാകുളം ജില്ലാ കളക്ടർ വ്യക്തമാക്കുന്നു. ഹൈക്കോടതി അംഗീകരിച്ച അലൈന്മെന്റ് പ്രകാരമായിരിക്കും പദ്ധതി നടപ്പാക്കുക. സോഷ്യൽ ഫോറസ്ട്രിയും കെഎസ്ഇബിയും നടത്തിയ സർവേ പ്രകാരം മൂന്ന് മരങ്ങൾ പൂർണമായും അഞ്ച് മരങ്ങൾ ഭാഗികമായും മുറിക്കേണ്ടി വരും. 19.4 മീറ്റർ നിലവിലുള്ള ടവർ 22.4 മീറ്ററായും 21.4 മീറ്റർ ഉള്ള ടവർ 24.6 മീറ്ററായും ഉയർത്തും.

കാവും കുളങ്ങളും ചേരുന്ന ഒരു സ്വാഭാവിക ആവാസവ്യവസ്ഥയാണ് ശാന്തിവനം. ഇതൊരു സ്വകാര്യ വനമാണ്. അതായത് സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ഈ ജൈവസമ്പത്ത്. എന്നാൽ വഴികുളങ്ങര ഗ്രാമത്തിന്റെ മാത്രമല്ല ചുറ്റുമുള്ള പ്രദേശങ്ങളുടെയും ജീവവായുവാണ് ശാന്തിവനം. കരിമ്പനയും കാട്ടിലഞ്ഞിയും ആറ്റുപേഴുമടക്കം നിരവധി കാട്ടുമരങ്ങൾ, കൂടാതെ പേര, ചാമ്പ, ചെറി, ആത്ത, നെല്ലിപ്പുളി, മംഗോസ്ടിൻ, വിവിധയിനം പ്ലാവുകൾ, മാവുകൾ അങ്ങനെ നാട്ടുമരങ്ങൾ, നൂറുകണക്കിന് ഔഷധ സസ്യങ്ങൾ ഉൾപ്പെടെ അപൂർവ്വമായ സസ്യ ജീവജാലങ്ങൾ രണ്ടേക്കറിൽ വ്യാപിച്ച് കിടക്കുന്ന ശാന്തി വനത്തിലുണ്ടെന്ന് നിരവധി പരിസ്ഥിതി പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നാകമോഹൻ, പിറ്റ, സൈബീരിയൻ കൊക്കുകൾ, വെരുക്, തച്ചൻകോഴി, അണ്ണാൻ, മരപ്പട്ടി, പലയിനം ശലഭങ്ങൾ, തുമ്പികൾ, ഇന്ത്യൻ ബുൾ ഫ്രോഗ് അടക്കമുള്ള വിവിധയിനം തവളയിനങ്ങൾ, ജലജീവികൾ, മത്സ്യങ്ങൾ, പാമ്പുകൾ, പതിവായെത്തുന്ന നിരവധിയിനം ദേശാടനപ്പക്ഷികൾ, നൂറുകണക്കിന് ഷട്പദങ്ങൾ ഇവയൊക്കെ ഈ ആവാസവ്യവസ്ഥയിലുണ്ട്. നാടെങ്ങുമുള്ള സംരക്ഷിതവനങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെട്ടപ്പോൾ രവീന്ദ്രനാഥ്, ജോൺസി ജേക്കബ്, ഡോ സതീഷ്‌കുമാർ തുടങ്ങിയ പരിസ്ഥിതിപ്രവർത്തകർ മുൻകൈയെടുത്താണ് ഈ ജൈവ വൈവിദ്ധ്യ മേഖലയെ ശാന്തിവനം എന്നു പേരിട്ട് സംരക്ഷിച്ചത്. വിവിധ പരിസ്ഥിതി പഠനപ്രവർത്തനങ്ങൾ ശാന്തിവനത്തിൽ നടത്താറുണ്ട്. സമീപമുള്ള സ്‌കൂളുകളിൽനിന്നും ഇവിടേക്ക് പഠനത്തിനായി വിദ്യാർത്ഥികളെ കൊണ്ടുവരുന്നതും പതിവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP