Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രക്കാരും ഹാപ്പി കെഎസ്ആർടിസിയും ഹാപ്പി..ഇനി നഗരത്തിലൂടെ ഒഴുകിനടക്കാം; തച്ചങ്കരിയുടെ തലസ്ഥാനത്തെ ഇലക്ട്രിക് ബസ് പരീക്ഷണത്തിന് ഉജ്ജ്വല സ്വീകരണം; ശബ്ദമോ വിറയലോ കുലുക്കമോ ഇല്ലാത്ത യാത്ര ഓളപ്പരപ്പിൽ ഒഴുകി നടക്കുന്ന നൗകയിലെന്നപോലെയെന്ന് യാത്രക്കാർ; ആദ്യയാത്രയിൽ പങ്കുചേർന്ന് മറുനാടൻ മലയാളി പ്രതിനിധിയും

യാത്രക്കാരും ഹാപ്പി കെഎസ്ആർടിസിയും ഹാപ്പി..ഇനി നഗരത്തിലൂടെ ഒഴുകിനടക്കാം; തച്ചങ്കരിയുടെ തലസ്ഥാനത്തെ ഇലക്ട്രിക് ബസ് പരീക്ഷണത്തിന് ഉജ്ജ്വല സ്വീകരണം; ശബ്ദമോ വിറയലോ കുലുക്കമോ ഇല്ലാത്ത യാത്ര ഓളപ്പരപ്പിൽ ഒഴുകി നടക്കുന്ന നൗകയിലെന്നപോലെയെന്ന് യാത്രക്കാർ; ആദ്യയാത്രയിൽ പങ്കുചേർന്ന് മറുനാടൻ മലയാളി പ്രതിനിധിയും

അരുൺ ജയകുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക ്ബസിന്റെ പരീക്ഷണയോട്ടത്തിന് യാത്രക്കാരുടെ മികച്ച സ്വീകരണം. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽനിന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് കേരളത്തിലെ ആദ്യ ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം ആരംഭിച്ചത്.

സിഎംഡി ടോമിൻ തച്ചങ്കരിയുടെ കെഎസ്ആർടിസി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസ്ിന് തുടക്കമിട്ടത്. തലസ്ഥാന നഗരിയിൽ മൂന്നു റൂട്ടുകളിൽ അഞ്ചുദിവസമാണ് ബസ് സർവീസ് നടത്തുക. മികച്ച യാത്രാസുഖമുള്ള ബസിലെ ആദ്യയാത്രയിൽ മറുനാടൻ മലയാളിയുമുണ്ടായിരുന്നു.തമ്പാനൂരിൽനിന്ന് പട്ടം, മെഡിക്കൽ കോളേജ് വഴി കഴക്കൂട്ടം വരെയാണ് ഇലക് ട്രിക് ബസിന്റെ ആദ്യ സർവീസ്. തുടർന്ന് കിഴക്കേകോട്ട -കോവളം, ടെക്‌നോ പാർക്ക്, പാപ്പനംകോട് എന്നീ റൂട്ടുകളിലും സർവീസ് ഉണ്ടാകും.

സാധാരണ ലോ ഫ്ളോറുകളുടെ മാത്രം ചാർജാണ് തുടക്കത്തിൽ ഈടാക്കുന്നത്. ശബ്ദമോ വിറയലോ കുലുക്കമോ ഇല്ലാത്ത യാത്ര. ഓളപ്പരപ്പിൽ ഒഴുകി നടക്കുന്ന ഒരു നൗകയിലെന്നപോലെ നഗരത്തിലൂടെ വമ്പൻ ബസ് ഒഴുകിനീങ്ങി. നഗരക്കാഴ്ചകൾ കണ്ട് പാട്ടുംകേട്ട് എസിയുടെ തണുപ്പിലലിഞ്ഞ് ഒരു സുഖയാത്ര. യാകത്രക്കാരെല്ലാം അത്ഭുതത്തോടെ കണ്ട ബസിനെക്കുറിച്ച് എല്ലാവർക്കും പറയാൻ നല്ലതുമാത്രം.

കഴക്കൂട്ടം മുതൽ കോവളം വരെയുള്ള യാത്രയിലാണ് പങ്കുചേർന്നത്. നല്ല സുഖകരമായ സീറ്റുകൾ, ഇത്രയും ദൂരത്തിന് ചെലവാകുന്നത് 36 രൂപമാത്രം. അന്തരീക്ഷ മലിനീകരണങ്ങളുണ്ടാക്കുന്ന ഇന്ധനങ്ങൾ നിയന്ത്രിക്കാൻ സർക്കാർ ഇലക്ട്രിക് മൊബിലിറ്റി നയത്തിന് രൂപം നൽകുകയാണ്. പരീക്ഷണ ഓട്ടം വിജയിച്ചാൽ കൂടുതൽ ഇലക്ട്രിക് ബസുകൾ വാടകയ്ക്ക് നിരത്തിലിറക്കാനാണ് സർക്കാർ തീരുമാനം. ഒരിക്കൽ ചാർജ് ചെയ്താൽ 350 കിലോമീറ്റർ ഓടും. ഡീസൽ ബസിന് ഒരു കിലോമീറ്റർ ഓടാൻ 30 രൂപ ചെലവുവരുമ്പോൾ ഇലക്ട്രിക് ബസിന് വേണ്ടിവരുന്നത് ആറുരൂപ മാത്രം. ഇത് കാലക്രമത്തിൽ കോർപ്പറേഷന് വലിയ ലാഭമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പരീക്ഷണയോട്ടം വിജയിക്കുമോ എന്നു നോക്കിയ ശേഷം മാത്രമേ കൂടുതൽ ഇലക് ട്രിക് ബസ് വാങ്ങുന്ന കാര്യം ആലോചിക്കുകയുള്ളുള്ളുവെന്നും കേരളത്തിലെ ജനങ്ങൾക്കും കെ എസ് ആർ ടി സിക്കും ദോഷം വരുന്നതൊന്നും എൽ ഡി എഫ് സർക്കാർ ചെയ്യില്ലെന്നും ഉദ്ഘാടനചടങ്ങിൽ മന്ത്രി വ്യക്തമാക്കി.

ഇലക് ട്രിക്‌ബസിന്റെ പരീക്ഷണയോട്ടം അഞ്ചുദിവസം തിരുവനന്തപുരത്തും പിന്നീട് അഞ്ചുദിവസം വീതം എറണാകുളം, കോഴിക്കോട് നഗരങ്ങളിലും നടത്തും. സിറ്റി എ സി ലോ ഫ്‌ളോർ ബസുകളുടെ നിരക്കാകും ഈടാക്കുക.

ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി നിർമ്മിച്ച ബസ് പരീക്ഷണയോട്ടത്തിന് കേരളത്തിലെത്തിച്ചിരിക്കുന്നത് ഗോൾസ്റ്റോൺ കമ്പനിയാണ്. ഒരു തവണ ചാർജ് ചെയ്താൽ 350 കിലോമീറ്റർ ഓടാം. അഞ്ചുമണിക്കൂറാണ് ചാർജിങ് സമയം. സുരക്ഷ കണക്കിലെടുത്ത് 300 കിലോമീറ്റർ ദൂരമാണ് ബസിനായി റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ ഓടുന്നതിന് ഒരു യൂണിറ്റ് ഇലക് ട്രിക് വേണം.

കെ എസ് ഇ ബിയുടെ വ്യവസായ ആവശ്യങ്ങൾക്കായുള്ള താരിഫ് പ്രകാരം ഒരു യൂണിറ്റിന് ആറു രൂപയാണ് ഈടാക്കുന്നത്. 35 സീറ്റുള്ള ബസിനു ചാർജ് ചെയ്യാനുള്ള താത്കാലിക സംവിധാനം അതത് ഡിപ്പോകളിൽ ഒരുക്കും. വൈദ്യുതി കെ എസ് ആർ ടി സിയാണ് നൽകുക. ഒരു മണിക്കൂറിൽ 120 കിലോമീറ്റർ വേഗം വരെ കൈവരിക്കാൻ ബസിന് കഴിയുമെങ്കിലും കേരളത്തിലെ ഗതാഗത നിയമം അനുസരിച്ചുള്ള 80 കിലോമീറ്റർ വേഗതയായി നിയന്ത്രിച്ചിട്ടുണ്ട്.

ബസിന് 2.5 കോടി രൂപയാണ് ചെലവ്. എൻജിൻ ഇല്ലാത്ത ബസിൽ പിന്നിലെ രണ്ടു ചക്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക്ക് മോട്ടോറുകളാണ് വേഗത നിയന്ത്രിക്കുന്നത്. പരീക്ഷണയോട്ടം വിജയിച്ചാൽ ഘട്ടം ഘട്ടമായി 300 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് കെ എസ് ആർ ടി സി എം ഡി ടോമിൻ തച്ചങ്കരി പറഞ്ഞു. നിലവിൽ ഹിമാചൽപ്രദേശ്. തെലുങ്കാന, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വൈദ്യുതബസ് ഓടുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP