Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വോട്ടെടുപ്പിന് നാലു ദിവസം ശേഷിക്കേ ക്രമീകരണത്തിൽ കല്ലുകടി; കേരളത്തിൽ എത്തിച്ച വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളിൽ വ്യാപക തകരാർ; പ്രശ്‌നം പരിഹരിക്കാൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3,000 വോട്ടിങ് യന്ത്രങ്ങൾ കൊച്ചിയിലെത്തിച്ചു; റോഡ് മാർഗം എത്തിച്ചത് 1500വിവിപാറ്റ് യന്ത്രങ്ങൾ; യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കാൻ എറണാകുളം കളക്ടറേറ്റിൽ പ്രത്യേക ക്യാമ്പ്; എറണാകുളം ചാലക്കുടി മണ്ഡലങ്ങളിൽ മാത്രം തകരാറിലായത് 307 വിവിപാറ്റ് യന്ത്രങ്ങൾ

വോട്ടെടുപ്പിന് നാലു ദിവസം ശേഷിക്കേ ക്രമീകരണത്തിൽ കല്ലുകടി; കേരളത്തിൽ എത്തിച്ച വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളിൽ വ്യാപക തകരാർ; പ്രശ്‌നം പരിഹരിക്കാൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3,000 വോട്ടിങ് യന്ത്രങ്ങൾ കൊച്ചിയിലെത്തിച്ചു; റോഡ് മാർഗം എത്തിച്ചത് 1500വിവിപാറ്റ് യന്ത്രങ്ങൾ; യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കാൻ എറണാകുളം കളക്ടറേറ്റിൽ പ്രത്യേക ക്യാമ്പ്; എറണാകുളം ചാലക്കുടി മണ്ഡലങ്ങളിൽ മാത്രം തകരാറിലായത് 307 വിവിപാറ്റ് യന്ത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; വോട്ടെടുപ്പിന് നാലു ദിവസം ശേഷിക്കേ ക്രമീകരണത്തിൽ കല്ലുകടി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ സജ്ജമാക്കി വച്ചിരുന്ന വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളിൽ വ്യാപക തകരാർ കണ്ടെത്തി. വോട്ടെടുപ്പിനു നാലുനാൾ മാത്രം ശേഷിക്കെ വോട്ടിങ് യന്ത്രങ്ങളിൽ വ്യാപക തകരാർ കണ്ടെത്തിയത് ഉദ്യോഗസ്ഥരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും പതിക്കാൻ പുറത്തെടുത്തപ്പോഴാണ് ചില യന്ത്രങ്ങൾക്കു ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തിയത്. ഇതുമൂലം പലയിടങ്ങളിലും വോട്ടിങ് യന്ത്രം ക്രമീകരിക്കുന്നതു പൂർത്തിയായിട്ടില്ല.

പല ജില്ലകളിലും യന്ത്രങ്ങൾക്കു കേടുപാടുണ്ടെന്നു ബോധ്യമായതോടെ പ്രശ്‌നം പരിഹരിക്കാൻ ഇന്നലെ രാത്രി 9.30നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3,000 വോട്ടിങ് യന്ത്രങ്ങൾ കൊച്ചിയിലെത്തിച്ചു. 1,500 വിവിപാറ്റ് യന്ത്രങ്ങൾ റോഡ് മാർഗവും എത്തിച്ചു. ഇവ ജില്ലകളിലേക്കു കൈമാറി അടിയന്തരമായി സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും പതിക്കാനാണ് നിർദ്ദേശം.

എറണാകുളം കലക്ടറേറ്റിൽ പ്രത്യേക ക്യാംപ് തുറന്നാണ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ വൻ സുരക്ഷാ വലയം തീർത്താണ് കലക്ടറേറ്റിൽ ഇവയുടെ പരിശോധന.പുതുതായി കൊണ്ടുവന്ന വിവിപാറ്റ് യന്ത്രങ്ങൾ പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പാക്കാൻ ഹൈദരാബാദ് ഇലക്ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ വിദഗ്ദ്ധർ കൊച്ചിയിലെത്തി.

ഭൂരിഭാഗം ജില്ലകളിലും ബൂത്തുകളിൽ ഉപയോഗിക്കാനുള്ള യന്ത്രങ്ങൾ സജ്ജമായി കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടങ്ങളിൽ പല യന്ത്രങ്ങളും തകരാറിലായതിനാൽ റിസർവിൽ സൂക്ഷിക്കാൻ നൽകിയിരുന്ന യന്ത്രങ്ങൾകൂടി എടുത്താണ് ബൂത്തുകളിലേക്കുള്ളവ സജ്ജമാക്കിയത്.ഇന്നലെ എത്തിച്ച യന്ത്രങ്ങൾ ഉപയോഗിച്ച് ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും പതിക്കൽ പൂർത്തിയാക്കാൻ അടിയന്തര നടപടികളാണ് കൈക്കൊള്ളുന്നത്. ഏതെങ്കിലും ബൂത്തിൽ വോട്ടിങ്ങിനിടെ യന്ത്രം തകരാറിലായാൽ പകരം നൽകാനാണ് റിസർവായി യന്ത്രം കരുതുന്നത്. ഇന്നലെ രാത്രി എത്തിച്ച യന്ത്രങ്ങൾകൂടി സജ്ജമാകുന്നതോടെ കുറ്റമറ്റ വോട്ടിങ് സാധ്യമാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ.

തകരാറിലായതു 307 വിവിപാറ്റ് യന്ത്രം

എറണാകുളം, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളിൽ മാത്രം 307 വിവിപാറ്റ് യന്ത്രങ്ങളിലാണ് തകരാർ കണ്ടെത്തിയത്. 249 കൺട്രോൾ യൂണിറ്റുകളും 144 ബാലറ്റ് യൂണിറ്റുകളും ശരിയായി പ്രവർത്തിക്കുന്നില്ലെന്നു ബോധ്യമായതിനെ തുടർന്ന് അവ മാറ്റി വച്ചു. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ആലുവ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും പതിച്ച വേളയിൽ 32 വിവിപാറ്റ് യന്ത്രങ്ങളും 29 കൺട്രോൾ യൂണിറ്റും 20 ബാലറ്റ് യൂണിറ്റും പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തി.

കളമശേരിയിൽ 21 വിവിപാറ്റും 13 കൺട്രോൾ യൂണിറ്റും 10 ബാലറ്റ് യൂണിറ്റും പ്രവർത്തിച്ചില്ല. ഇന്നലെ രാത്രി കൊണ്ടുവന്ന വോട്ടിങ് യന്ത്രങ്ങളിൽ 200 എണ്ണം എറണാകുളത്ത് ഉപയോഗിക്കും. ബാക്കിയുള്ളവ ഇതര ജില്ലകളിലേക്കു കൊണ്ടുപോകും. പോളിങ് ബൂത്തുകളിൽ ഉപയോഗിക്കാനുള്ള വിവിപാറ്റ് യന്ത്രങ്ങൾ കഴിഞ്ഞ മാസം ഉദ്യോസ്ഥരെ പരിശീലിപ്പിക്കാൻ പുറത്തെടുത്തപ്പോഴും തകരാറു കണ്ടെത്തിയിരുന്നു. പരിശീലനത്തിനു കൊണ്ടുപോയ ഉദ്യോഗസ്ഥർ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് കാരണമായി അന്നു പറഞ്ഞിരുന്നത്.
ശക്തമായ സൂര്യ രശ്മിയേറ്റാൽ വിവിപാറ്റ് യന്ത്രത്തിന്റെ സെൻസർ സംവിധാനം തകരാറിലാകുമെന്നും വിശദീകരണമുണ്ടായി. പ്രകാശരശ്മികൾ പതിക്കാത്ത സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങളിലാണ് ഇപ്പോൾ തകരാർ കണ്ടെത്തിയത്.

ചാലക്കുടിയിലെതന്നെ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ 38 വിവിപാറ്റ് യന്ത്രവും 13 കൺട്രോൾ യൂണിറ്റും പ്രവർത്തന രഹിതമായിരുന്നു. ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ 30 വിവിപാറ്റും 11 കൺട്രോൾ യൂണിറ്റും 7 ബാലറ്റ് യൂണിറ്റും തകരാറിലായിരുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കൊച്ചി നിയമസഭാ മണ്ഡലത്തിൽ 28 വിവിപാറ്റ് യന്ത്രവും 24 കൺട്രോൾ യൂണിറ്റും 10 ബാലറ്റ് യൂണിറ്റും പ്രവർത്തനരഹിതമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP