Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത.....ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ': മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ മലർത്തിയടിക്കാൻ കാരണം ആർഭാട കല്യാണം എന്ന് പരാതിപ്പെട്ട സ്വന്തം പാർട്ടിക്കാരെ കുത്തി എൽദോ എബ്രഹാം

'മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത.....ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ': മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ മലർത്തിയടിക്കാൻ കാരണം ആർഭാട കല്യാണം എന്ന് പരാതിപ്പെട്ട സ്വന്തം പാർട്ടിക്കാരെ കുത്തി എൽദോ എബ്രഹാം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മിടുക്കനും ചുറുചുറുക്കുള്ളവനുമായ എൽദോ എബ്രഹാം എന്തുകൊണ്ട് മൂവാറ്റുപുഴയിൽ തോറ്റു എന്നതാണ് ഇപ്പോൾ സിപിഐയിലെ ചിന്താക്കുഴപ്പം. 2016ൽ മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കനെ മലർത്തിയടിച്ച എൽദോയ്ക്ക് ഇത്തവണ കനത്ത തോൽവി. എന്തേ സംഭവിച്ചത്? ആഡംബര വിവാഹം ഒഴിവാക്കാൻ സിപിഐ നേതൃത്വം എൽദോ എബ്രഹാമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഈ നിർദ്ദേശം അംഗീകരിച്ചില്ല. ആഡംബര വിവാഹം വോട്ടർമാർക്കിടയിൽ വലിയ ചർച്ചയായി. ഇത് സിപിഐക്ക് എതിരായ വികാരം ജനങ്ങളിലുണ്ടാക്കി. തോൽവിക്ക് എൽദോയുടെ ആഡംബര വിവാഹം കാരണമായി എന്നാണ് ജില്ലാ സെക്രട്ടറി പി.രാജു കൗൺസിലിൽ പറഞ്ഞത്. സംസ്ഥാന കൗൺസിലിൽ ഇത് ഉന്നയിച്ചപ്പോൾ കാനം രാജേന്ദ്രൻ രാജുവിന് കണക്കിന് കൊടുത്തുവെന്നാണ് സംസാരം. അന്ന് വിവാഹത്തിന്റെ കാർമ്മികരിൽ ഒരാളായി നിന്നപ്പോഴും പഴയിടത്തിന്റെ സദ്യ കഴിച്ചപ്പോഴും ഈ തോന്നൽ ഉണ്ടായില്ലേ എന്നായിരുന്നു കാനം രാജേന്ദ്രന്റെ ചോദ്യം. രാജു ചമ്മിയതോടെ കഥ അവസാനിച്ചില്ല. എൽദോ എബ്രഹാമിന്റെ ഏറ്റവും പുതിയ പോസ്റ്റ് നോക്കുക. മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത.....ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ....എന്നാണ് തലവാചകം. നിർദ്ദോഷമെന്ന് തോന്നാമെങ്കിലും തന്നെ ആർഭാടക്കാരനാക്കിയ ജില്ലാ സെക്രട്ടറിക്ക് ഉള്ള അടിതന്നെയല്ലേ?

പി.രാജുവിന്റെ കണ്ടെത്തൽ

ജോസഫ് വാഴയ്ക്കനെ 9375 വോട്ടുകൾക്കാണ് എൽദോ എബ്രഹാം 2016ൽ മൂവാറ്റുപുഴ മണ്ഡലത്തിൽ പരാജയപ്പെടുത്തിയത്. എന്നാൽ ആ വിജയം അദ്ദേഹത്തിന് ആവർത്തിക്കാൻ സാധിച്ചില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽദോ എബ്രഹാം തോറ്റു. കോൺഗ്രസ് സ്ഥാനാർത്ഥി മാത്യു കുഴൽനാടനോട് 6161 വോട്ടുകൾക്കാണ് എൽദോ എബ്രഹാം തോറ്റത്. എംഎൽഎയായിരിക്കുമ്പോൾ എൽദോ എബ്രഹാമിന്റെ വിവാഹത്തിന് കിട്ടിയ മാധ്യമ ശ്രദ്ധയും വിഹാഹ നടത്തിപ്പിലെ ആഡംബരവും എതിരായി എന്നാണ് ജില്ലാ സെക്രട്ടറി പി.രാജുവിന്റെ കണ്ടെത്തൽ.

എന്നാൽ കാനത്തിന്റെ മറുപടി രാജുവിനെ ഞെട്ടിച്ചു. അന്ന് വിവാഹത്തിന്റെ കാർമ്മികരിൽ ഒരാളായി നിന്നപ്പോഴും പഴയിടത്തിന്റെ സദ്യ കഴിച്ചപ്പോഴും ഈ തോന്നൽ ഉണ്ടായില്ലേ എന്നായി കാനം. സാധാരണ സിപിഐ തുടർന്നുവരുന്ന വിവാഹങ്ങളിലെ ലാളിത്യം എൽദോ എബ്രഹാമിന്റെ വിവാഹത്തിലുണ്ടായില്ല എന്ന വിമർശനവും കൗൺസിലിൽ ഉയർന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റിൽ സിപിഐ മൽസരിച്ചിരുന്നു. എന്നാൽ കേരള കോൺഗ്രസിന്റെ വരവോടെ സിപിഐക്ക് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നു. രണ്ടു സീറ്റുകൾ കുറച്ച് 17 സീറ്റിലാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ മൽസരിച്ചത്. ഓർത്തോഡോക്‌സ് യാക്കോബായ തർക്കത്തിൽ ഒരു വിഭാഗത്തിന്റെ ആളായി എൽദോ വിശേഷിപ്പിക്കപ്പെട്ടത് അടക്കം രാഷ്ട്രീയ കാരണങ്ങളും തോൽവിക്ക് കാരണമായി ചർച്ചയിൽ ഉയർന്നു.

എന്തായാലും എൽദോ എബ്രഹാമും വെറുതെ ഇരിക്കുന്നില്ല. 'നിഷ്‌ക്കളങ്കമായ' ഒരുപോസ്റ്റിട്ടു.

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത.....ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ....ഞങ്ങളുടെ മകൾക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ ലളിതമായ മാമ്മോദിസ ചടങ്ങ്.എലൈൻ എൽസ എൽദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോൾ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്.

എലൈൻ എന്നാൽ 'സൂര്യനെപ്പോലെ പ്രകാശിക്കുന്നവൾ 'ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു ഇവൾ വേഗതയിൽ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നന്മയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവർക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിന്മകൾക്കെതിരെ പടവാൾ ഉയർത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പതാകവാഹകയാകും.

എന്റെയും ഭാര്യ ഡോക്ടർ ആഗിയുടെയും ബന്ധുക്കൾ മാത്രം ചടങ്ങിന്റെ ഭാഗമായി.ജലത്താൽ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈൻ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോൾ... മാലാഖ.... പ്രതീക്ഷയുടെ പൊൻകിരണമാണ്.ചടങ്ങിൽ സംബന്ധിച്ച കുടുംബാംഗങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് നന്ദി.....

ചിലരൊക്കെ എൽദോയുടെ പോസ്റ്റ് കാനത്തിനുള്ള മറുപടിയായി തെറ്റിദ്ധരിക്കുന്നുണ്ട്. പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ ശ്രദ്ധിച്ചാൽ അത് തിരിയും. എന്തായാലും ആർഭാട കല്യാണം എന്ന് പിറുപിറുത്തവർക്കുള്ള മറുപടി തന്നെയാണിത്. 2020 ജനുവരി 12 നായിരുന്നു എൽദോ എബ്രഹാമിന്റെ വിവാഹം. വധു ഡോക്ടാണെന്നും വിവാഹ സൽക്കാരത്തിന് എത്തുന്നവർക്കെല്ലാം ആഡംബരം ഒഴിവാക്കി ദോശയും ചമ്മന്തിയും ചായയും ആകും നൽകുക എന്നും എൽദോ അന്ന് പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP