Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറയാത്ത നഴ്‌സുമാരുടെ സമരം എളമരം കരീമിന് അനാവശ്യ സമരമായി; സ്വകാര്യ ആശുപത്രിക്കാർക്കുവേണ്ടി മുതലാളിത്ത ഭാഷയുമായി മുന്മന്ത്രി എത്തുന്നുവെന്ന് ആക്ഷേപം; കഴിഞ്ഞവർഷം യുഎൻഎയുടെ സമര സമാപനം ഉദ്ഘാടനം ചെയ്ത സിഐടിയു നേതാവ് ഇപ്പോൾ മലക്കംമറിയുന്നത് എന്തിന്?

മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറയാത്ത നഴ്‌സുമാരുടെ സമരം എളമരം കരീമിന് അനാവശ്യ സമരമായി; സ്വകാര്യ ആശുപത്രിക്കാർക്കുവേണ്ടി മുതലാളിത്ത ഭാഷയുമായി മുന്മന്ത്രി എത്തുന്നുവെന്ന് ആക്ഷേപം; കഴിഞ്ഞവർഷം യുഎൻഎയുടെ സമര സമാപനം ഉദ്ഘാടനം ചെയ്ത സിഐടിയു നേതാവ് ഇപ്പോൾ മലക്കംമറിയുന്നത് എന്തിന്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സിങ് അസോസിയേഷന്റെ സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുതന്നെ ഉള്ളതാണെന്ന് മുഖ്യമന്ത്രിയും വിവിധ വകുപ്പുമന്ത്രിമാരും സമ്മതിച്ചെങ്കിലും അത് നഴ്‌സുമാരെ ചൂഷണം ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പറഞ്ഞ് ആശുപത്രി മുതലാളിമാർക്ക് കുടപിടിക്കാൻ മുൻ മന്ത്രിയും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി.പി.എം നേതാവ് എളമരം കരീമിന്റെ ശ്രമം. തൃശൂരിൽ നടത്തിയ പ്രസംഗത്തിലാണ് എളമരം കരീം നഴ്‌സുമാരുടെ സമരത്തെ തള്ളിപ്പറഞ്ഞത്. ഇതോടെ ഇത് വലിയ ചർച്ചയാവുകയാണ് പാർട്ടിയിലും സോഷ്യൽ മീഡിയയിലും.

നാശകരമായ നയങ്ങൾക്കെതിരെ സ്ത്രീകൾ ശക്തമായി രംഗത്തുവരണമെന്ന് ആഹ്വാനം ചെയ്തുള്ള പ്രസംഗത്തിനിടെയാണ് എളമരം യുണൈറ്റഡ് നഴ്‌സിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വലിയൊരു വിഭാഗം നഴ്‌സുമാർ മാന്യമായ ശമ്പളം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിനെതിരെ നിലപാടെടുത്തത്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരുന്ന കാലത്ത് കഴിഞ്ഞവർഷം ഫെബ്രുവരി 25ന് യുണൈറ്റഡ് നഴ്‌സിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് എളമരം കരീം ആയിരുന്നു. അന്ന് വാതോരാതെ യുഎൻഎയുടെ സമരം ന്യായമെന്നും മറ്റും പറഞ്ഞ് നഴ്‌സുമാരുടെ സമരത്തിന് പൂർണ പിന്തുണ നൽകിയ എളമരം ഇപ്പോൾ മലക്കം മറിഞ്ഞത് നഴ്‌സുമാർക്കിടയിൽ വൻ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. ഇതോടെ ആശുപത്രി മുതലാളിമാരുടെ ഭാഷയാണ് എളമരത്തിന്റേതന്നെ വിമർശനവും ഉയരുന്നു.

മറ്റൊരു മേഖലയിലും ഇല്ലാത്ത വിധം തൊഴിൽ ചൂഷണവും കുറഞ്ഞ ശമ്പളവും നിലനിൽക്കുന്നതിനാലാണ് അതിന് മാറ്റം വരുത്തിയേ തീരൂ എന്ന് പറഞ്ഞുകൊണ്ട് യുഎൻഎ സമരരംഗത്തേക്ക് വന്നത്. ആവശ്യങ്ങൾ ന്യായമാണെന്ന് ബോധ്യമുള്ളതുകൊണ്ടുതന്നെ മുഖ്യമന്ത്രിയും വിവിധ വകുപ്പുമന്ത്രിമാരും ഉന്നയിച്ച ആവശ്യങ്ങളിൽ അനുഭാവ നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുമുണ്ട്. മുഖ്യമന്ത്രിയെ നേരിൽക്കണ്ടപ്പോൾ ന്യായമായ ശമ്പളം ഈ മേഖലയിൽ ഉറപ്പുവരുത്താമെന്ന് ഉറപ്പുനൽകിയിരുന്നു പിണറായി.

ആരോഗ്യമന്ത്രി കെകെ ശൈലജയും ആവശ്യങ്ങൾ അംഗീകരിക്കാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും എന്നാൽ സംസ്ഥാനം പനിയുടെ ഭീതിയിൽ കഴിയുമ്പോൾ സമരത്തിലേക്ക് പോകരുതെന്നും അഭ്യർത്ഥിക്കുകയായിരുന്നു. ഇതനുസരിച്ച് രോഗികളെ വിഷമിപ്പിക്കുന്ന നിലപാടെടുക്കാതെയാണ് അസോസിയേഷൻ സമരരംഗത്ത് നിലകൊള്ളുന്നത്. വ്യവസായ മന്ത്രി എസി മൊയ്തീൻ, കൃഷിമന്ത്രി സുനിൽകുമാർ എന്നിവരെല്ലാം നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങൾ നടപ്പാക്കിയെടുക്കാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇത്തരത്തിൽ മന്ത്രിസഭ മുഴുവനായും സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ ആശുപത്രി മുതലാളിമാർ ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായി നിലകൊള്ളുമ്പോൾ അതിനെ തള്ളിപ്പറഞ്ഞ എളമരം കരീം രംഗത്തെത്തിയത് പാർട്ടിയിലും ചർച്ചയായിക്കഴിഞ്ഞു.

സ്വകാര്യമേഖലയിൽ സിഐടിയുവിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നഴ്‌സിങ് മേഖലയിലും സിഐടിയു പിടിമുറുക്കാൻ ശ്രമിച്ചെങ്കിലും സ്വതന്ത്ര സംഘടനയായ യുഎൻഎയ്ക്കാണ് ഈ മേഖലയിൽ മുൻതൂക്കം. ഇത് കഴിഞ്ഞ വർഷം അവരുടെ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിൽ കരീം തന്നെ പ്രസംഗത്തിൽ തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കരീം ആർക്കുവേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് ചർച്ചയാകുന്നത്. പ്രത്യേകിച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച നഴ്‌സുമാർക്കൊപ്പമാണെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉറപ്പുനൽകിയതിനു ശേഷവും ഒരു മുതിർന്ന സി.പി.എം നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു.

രാത്യത്തെ നാശത്തിലേക്ക് നയിക്കുന്ന നയങ്ങൾക്ക് മാറ്റം വരുത്താൻ സ്ത്രീകൾ കൂടുതൽ ശക്തരായി രംഗത്തുവരണമെന്ന ആഹ്വാനത്തോടെ, തികച്ചും നിരുപദ്രവകരം എന്ന് തോന്നിക്കുന്ന പ്രസംഗമാണ് എളമരം കരീം നടത്തിയത്. തൃശൂർ ടാഗോർ സെന്റിനറി ഹാളിൽ ചേർന്ന വർക്കിങ് വിമൺസ് കോ-ഓർഡിനേഷൻ സംസ്ഥാന കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എളമരം കരീം. മുത്തൂറ്റ്, ആശ, പാലിയേറ്റീവ്, അംഗൻവാടി തുടങ്ങി സ്ത്രീകൾ നേതൃനിരയിലുള്ള സംഘടനകളുടെ പ്രവർത്തനം മികച്ചതാണെന്നും അദ്ദേഹം ശ്‌ളാഘിച്ചു. നഴ്‌സിങ്, കൺസ്യൂമർഫെഡ്, കാഷ്യു, കൈത്തറി, കയർ മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളെ സ്ഥിരപ്പെടുത്താതും കൂലി വർധന ഇല്ലാത്തതും തൊഴിൽ ചൂഷണത്തിന് വിധേയരാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ് വാചാലനാകുകയും ചെയ്തു.

ഇത്തരം ഇടങ്ങളിലെ സ്ത്രീകൾ നടത്തുന്ന സമരങ്ങൾക്ക് സിഐടിയു പരിപൂർണ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎൻഎ സമരത്തിനെതിരെ ഒളിയമ്പെയ്ത് കരീം രംഗത്തുവന്നത്. ഈ സമരം നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതാണെന്നും തൊഴിലാളികളെ ചൂഷണം ചെയ്ത് സ്വന്തം പോക്കറ്റ് വീർപ്പിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു എളമരത്തിന്റെ പ്രസ്താവം. ഇതോടെ സ്വകാര്യ ആശുപത്രികൾക്കുവേണ്ടിയാണ് ഇപ്പോൾ ശമ്പള വർദ്ധന ആവശ്യപ്പെട്ട് സമരരംഗത്തുള്ള നഴ്‌സുമാരെ സി.പി.എം നേതാവ് തള്ളിപ്പറയുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP