Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇളമണ്ണൂരിൽ തിരുവഞ്ചൂർ കൊണ്ടു വന്നത് ഭക്ഷ്യസംസ്‌കരണ പാർക്ക്; അടൂർ പ്രകാശിന്റെ കൈയിൽ കിട്ടിയപ്പോൾ വ്യവസായ പാർക്കാക്കി; സംസ്ഥാന ധനമന്ത്രിയുടെ സഹോദരൻ ടാർ മിക്സിങ് പ്ലാന്റ് കൊണ്ടു വരുന്നത് അനുമതിയില്ലാതെ; മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി ഹാജരാക്കണമെന്ന് ആർഡിഒ

ഇളമണ്ണൂരിൽ തിരുവഞ്ചൂർ കൊണ്ടു വന്നത് ഭക്ഷ്യസംസ്‌കരണ പാർക്ക്; അടൂർ പ്രകാശിന്റെ കൈയിൽ കിട്ടിയപ്പോൾ വ്യവസായ പാർക്കാക്കി; സംസ്ഥാന ധനമന്ത്രിയുടെ സഹോദരൻ ടാർ മിക്സിങ് പ്ലാന്റ് കൊണ്ടു വരുന്നത് അനുമതിയില്ലാതെ; മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി ഹാജരാക്കണമെന്ന് ആർഡിഒ

ശ്രീലാൽ വാസുദേവൻ

അടൂർ: ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂരിലുള്ള കിൻഫ്ര പാർക്കിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരനും സർക്കാർ കരാറുകാരനുമായ കലഞ്ഞൂർ മധു കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ടാർ മിക്സിങ് യൂണിറ്റിന് മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശിക്കുന്ന മുഴുവൻ അനുമതികളും ഹാജരാക്കണമെന്ന് ആർഡിഓയുടെ നിർദ്ദേശം. കലഞ്ഞൂർ മധു നൽകിയ പരാതിയെ തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ആർഡിഓ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിലാണ് നിർദ്ദേശം. യോഗത്തിൽ പങ്കെടുത്ത സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രതിനിധികൾ പ്ലാന്റിന് വേണ്ടി നില കൊണ്ടപ്പോൾ സിപിഐ, ബിജെപി പ്രതിനിധികൾ എതിരായ തീരുമാനം എടുത്തു.

താൻ എല്ലാ വിധ അനുമതിയും നേടിയാണ് പ്ലാന്റ് സ്ഥാപിക്കാൻ തയ്യാറെടുക്കുന്നതെന്ന് കലഞ്ഞൂർ മധു പറഞ്ഞു. 50 മീറ്റർ ചുറ്റളവിൽ ജനവാസ കേന്ദ്രമല്ല. 200 മീറ്റർ അകലെയാണ് ആൾത്താമസം ഉള്ളത്. ഇതു കാരണം ആരെയും പ്ലാന്റ് പ്രതികൂലമായി ബാധിക്കില്ല. മാത്രവുമല്ല, മലിനീകരണ തോത് കുറഞ്ഞ ആധുനിക രീതിയിലുള്ള പ്ലാന്റാണിത്. റോഡിന്റെ വശത്ത് താമസിക്കുന്നവർക്ക് മോട്ടോർ വാഹനങ്ങളിൽ നിന്ന് ശ്വസിക്കേണ്ടി വരുന്നത്രയും മലിനവായു പ്ലാന്റിൽ നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കലഞ്ഞൂർ മധുവിന്റെ വാദം.

പാർക്കിൽ പ്ലാസ്റ്റിക്കിന്റെ ഫാക്ടറി വന്നപ്പോൾ തന്നെ ഏനാദിമംഗലം പഞ്ചായത്ത് എതിർത്തിരുന്നുവെന്ന് പറഞ്ഞ പ്രസിഡന്റ് രാജഗോപാലൻ നായർ പ്ലാന്റ് സംബന്ധിച്ച് വ്യക്തമായ അഭിപ്രായം പറഞ്ഞില്ല. ബിജെപിയുടെ പ്രതിനിധി രതീഷ് ബാലകൃഷ്ണനും സിപിഐയുടെ പ്രതിനിധി അജയ് ബി പിള്ളയും മാത്രമാണ് പ്ലാന്റിനെ എതിർത്ത് സംസാരിച്ചത്. സിപിഎമ്മിന്റെ പ്രതിനിധിയായി പങ്കെടുത്ത പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം ആർ.ബി രാജീവ്കുമാർ പ്ലാന്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. വ്യവസായ പാർക്കിലായാലും പാറപ്പുറത്തായാലും ടാർ മിക്‌സിങ് പ്ലാന്റ് പോലെ മലിനീകരണം ഉണ്ടാക്കുന്ന വസ്തു സ്ഥാപിക്കുമ്പോൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചേ മതിയാകൂ.

എന്തൊക്കെയാണ് പ്ലാന്റ് ഉടമ ചെയ്യേണ്ടത് എന്ന് സൂചിപ്പിക്കുന്ന പട്ടിക അക്കമിട്ട് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ ആർഡിഓ വിളിച്ചു ചേർത്ത യോഗത്തിൽ പ്ലാന്റ് ഉടമ കലഞ്ഞൂർ മധുവിന് കൈമാറി. ഇതിൽ പബ്ലിക് ഹിയറിങ് അടക്കമുള്ള കാര്യങ്ങളുണ്ട്. രാജസ്ഥാനിൽ നിന്ന് കൊണ്ടു വന്ന മെഷിനറികൾ പ്ലാന്റ് നിർമ്മിക്കുന്ന സ്ഥലത്ത് ഇറക്കി വയ്ക്കാൻ കോടതിയിൽ നിന്ന് കലഞ്ഞൂർ മധു പൊലീസ് സംരക്ഷണം നേടിയിരുന്നു. എന്നാൽ, ജനങ്ങളെ ബോധവൽക്കരിക്കാതെ പ്ലാന്റ് സ്ഥാപിക്കൽ നടക്കില്ലെന്നാണ് യോഗത്തിന്റെ പൊതു അഭിപ്രായമായി മുന്നോട്ടു വന്നത്.

ബലപ്രയോഗത്തിലൂടെ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം ക്രമസമാധാന തകർച്ചയ്ക്ക് വഴി വയ്ക്കും. പ്രാദേശിക സിപിഎം നേതൃത്വം പ്ലാന്റിന് എതിരാണെങ്കിലും ഏരിയാ-ജില്ലാ കമ്മറ്റികൾ അനുകൂലമാണ്. ബിജെപിയുടെയും സിപിഐയുടെയും പിന്തുണ സമരത്തിനുണ്ട്. ഇവിടെ ഇത്രയും വലിയ സമരം നടന്നിട്ടും ഒന്നും അറിയാത്തതു പോലെയാണ് കോൺഗ്രസുകാർ നില കൊള്ളുന്നത്. പ്ലാന്റിനെ അനുകൂലിച്ചോ ഒരു പ്രസ്താവന പോലും നടത്താൻ നേതാക്കൾ തയാറായിട്ടില്ല. എന്തെങ്കിലും ചെറിയ വിഷയം വന്നാൽപ്പോലും ചാനൽ ചർച്ചയ്ക്കും സോഷ്യൽ മീഡിയ പ്രചാരണത്തിനും മുന്നിട്ടു നിൽക്കുന്ന കെപിസിസി സെക്രട്ടറി പഴകുളം മധു, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം എന്നിവരൊന്നും തങ്ങളുടെ നാട്ടിൽ നടക്കുന്ന ഈ അതിക്രമം കണ്ടില്ലെന്ന് നടിക്കുന്നത് സംശയാസ്പദമാണ്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ അടൂർ എംഎൽഎയായിരിക്കുമ്പോഴാണ് പ്രകൃതി രമണീയമായ ഇളമണ്ണൂരിൽ ഭക്ഷ്യവ്യവസായ പാർക്ക് കൊണ്ടു വന്നത്. ഭക്ഷ്യ ഉൽപാദനവും സംസ്‌കരണവും ലക്ഷ്യമിട്ടാണ് കിൻഫ്രയുടെ കീഴിൽ പാർക്ക് സ്ഥാപിതമായത്. ഇവിടേക്ക് ചെറുകിട വ്യവസായങ്ങൾ വന്നു ചേരുകയും ചെയ്തു. എന്നാൽ, ഭക്ഷ്യപാർക്ക് ആയത് കാരണം കൂടുതൽ വ്യവസായങ്ങൾ ഇവിടേക്ക് ആകർഷിക്കപ്പെട്ടില്ല. മണ്ഡലം പുനഃസംഘടനയിൽ ഏനാദിമംഗലം പഞ്ചായത്ത് കോന്നിയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. അടൂർ പ്രകാശ് ഇവിടെ നിന്ന് എംഎൽഎയും മന്ത്രിയുമായി. അടൂർ പ്രകാശ് കയർ വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ് കിൻഫ്ര പാർക്കിലേക്ക് മറ്റ് വ്യവസായങ്ങളും കൊണ്ടു വന്നത്. കയർ വ്യവസായം പരിപോഷിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഭക്ഷ്യപാർക്കിൽ ഇഷ്ടം പോലെ വെറുതേ കിടക്കുന്ന സ്ഥലം മറ്റു വ്യവസായങ്ങൾക്കായി പകുത്തു നൽകാമെന്ന് മന്ത്രിയും തീരുമാനിച്ചു.

അങ്ങനെ ഭക്ഷ്യപാർക്ക് വ്യവസായ പാർക്ക് ആയി. എങ്കിലും പാർക്കിന്റെ പ്രവേശന കവാടത്തിലെ ബോർഡിൽ ഇതിപ്പോഴും ഭക്ഷ്യപാർക്ക് ആയി തന്നെ തുടരുന്നു. അടൂർ പ്രകാശ് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഭക്ഷ്യപാർക്ക് വ്യവസായ പാർക്ക് ആക്കി മാറ്റിയത്. അന്ന് അടൂർ പ്രകാശ് ചെയ്ത വ്യവസായ വൽക്കരണം ഈ പാർക്കിനെ മാത്രമല്ല, സമീപ പ്രദേശങ്ങളെയും കുഴപ്പത്തിലാക്കി. പാർക്കിലുള്ള പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റ് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതി നിലനിൽക്കുന്നു. അതിന് പുറമേയാണ് ഇപ്പോൾ സംസ്ഥാന ധനമന്ത്രിയുടെ സഹോദരൻ കലഞ്ഞൂർ മധു ഇവിടെ ടാർ മിക്‌സിങ് പ്ലാന്റ് കൊണ്ടു വരാൻ നിൽക്കുന്നത്. പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണത്തിന് പുറമേ ടാർ മിക്‌സിങ് പ്ലാന്റു കൂടിയാകുന്നതോടെ നാട് കുട്ടിച്ചോറാകും.

തങ്ങളുടെ പ്ലാന്റ് മലിനീകരണമുണ്ടാക്കുന്നില്ല എന്നാണ് കലഞ്ഞൂർ മധു പറയുന്നത്. പ്ലാസ്റ്റിക് വ്യവസായം മലിനീകരണമുണ്ടാക്കുന്നില്ല എന്ന് അവരും പറയുന്നു. രണ്ടു കൂട്ടരും പറയുന്നത് ശരി. പക്ഷേ, രണ്ട് പ്ലാന്റുകളും ചേരുമ്പോൾ അത് മലിനീകരണ തോത് വർധിപ്പിക്കുകയില്ലേ? ഇവരുടെ ചുവട് പിടിച്ച് പാർക്കിൽ വെറുതേ കിടക്കുന്ന സ്ഥലങ്ങളിലേക്ക് ഇത്തരം വ്യവസായങ്ങൾ കൂടുതലായി വരും. രണ്ട് എണ്ണത്തിന് അനുമതി കിട്ടിയ നിലയ്ക്ക് ഇനിയും ഇത്തരക്കാർ മുന്നോട്ടു വരും. അവർക്കും കിട്ടും അനുമതി. മലിനീകരണ തോത് ഉയരില്ലേ? ഇതു കൊണ്ട് തന്നെയാണ് നാട്ടുകാർ പ്ലാന്റിനെ എതിർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP