Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടോമിൻ തച്ചങ്കരിയുടെ നിർദ്ദേശം അതേപടി അംഗീകരിച്ച് സംസ്ഥാന സർക്കാർ; തലസ്ഥാനത്തെ മുഴുവൻ സിറ്റി കെഎസ്ആർടിസി ബസുകളും ഇലക്ട്രിക്ക് ആകുന്നു; ആദ്യ സമ്പൂർണ വൈദ്യുത ബസ് നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം; ഇലക്ട്രിക് ബസുകൾ കോർപ്പറേഷന് ലാഭം കൊണ്ടുവരുമെന്ന് പരീക്ഷിച്ചു തെളിയിച്ച തച്ചങ്കരി മോഡലിന് ലഭിച്ചത് വലിയ അംഗീകാരം

ടോമിൻ തച്ചങ്കരിയുടെ നിർദ്ദേശം അതേപടി അംഗീകരിച്ച് സംസ്ഥാന സർക്കാർ; തലസ്ഥാനത്തെ മുഴുവൻ സിറ്റി കെഎസ്ആർടിസി ബസുകളും ഇലക്ട്രിക്ക് ആകുന്നു; ആദ്യ സമ്പൂർണ വൈദ്യുത ബസ് നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം; ഇലക്ട്രിക് ബസുകൾ കോർപ്പറേഷന് ലാഭം കൊണ്ടുവരുമെന്ന് പരീക്ഷിച്ചു തെളിയിച്ച തച്ചങ്കരി മോഡലിന് ലഭിച്ചത് വലിയ അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും ടോമിൻ തച്ചങ്കരിയെ നീക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് ഇന്നലെയാണ്. കോർപ്പറേഷന്റെ ചരിത്രത്തിൽ 25 വർഷത്തിന് ശേഷം സർക്കാർ സഹായം ഇല്ലാതെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ സാഹചര്യം ഒരുക്കിയാണ് തച്ചങ്കരി പടിയിറങ്ങിയത്. ഇന്ന് ബജറ്റിൽ കെഎസ്ആർടിസിയുടെ സ്ഥനമൊഴിഞ്ഞ ഉദ്യോഗസ്ഥനെ തേടി മറ്റൊരു അംഗീകാരം കൂടിയെത്തി. തലസ്ഥാനത്തെ കെഎസ്ആർടിസിയുടെ സിറ്റി ബസുകൾ മുഴുവൻ വൈദ്യുതി ബസുകൾ ആക്കണം എന്ന നിർദ്ദേശം സർക്കാർ അംഗീകരിച്ചു. ഇക്കാര്യം ബജറ്റിൽ ഐസക്ക് പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ റോഡുകളിൽ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ടാണ് ബജറ്റിൽ പ്രഖ്യാപനം വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് കോർപറേഷനിൽ സർവീസ് നടത്തുന്ന എല്ലാ കെഎസ്ആർടിസി ബസുകളും ഇലക്ട്രിക്കിലേക്ക് മാറ്റാൻലക്ഷ്യിട്ടുള്ള ഈ പ്രഖ്യാപനം വലിയ വിപ്ലവകരമാകും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് (കെഎഎൽ) ഇലക്ട്രിക് ഓട്ടോകളുടെ നിർമ്മാണം ആരംഭിച്ചു.

സർക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇനി ഇ-ഓട്ടോറിക്ഷകൾക്കുമാത്രമേ പെർമിറ്റ് നൽകുവെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങൾക്ക് കരുത്തേകും. കെഎസ്ആർടിസി കൂടുതൽ ഇലക്ട്രിക് ബസ്സുകൾ നിരത്തിലിറക്കുന്നത് ലാഭകരമാണെന്ന് കാണിച്ച് തച്ചങ്കരിയാണ് ഈ പ്രൊപ്പോസൽ സർക്കാറിന് മുമ്പിൽ സമർപ്പിച്ചത്. പദ്ധഥി നടപ്പിലായാൽ ഇത്തരത്തിൽ രാജ്യത്തെ ആദ്യ നഗരമാകും തിരുവനന്തപുരം. ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന നികുതിയിൽ ഇളവ് നൽകാനും ബജറ്റിൽ തീരുമാനിച്ചിട്ടുണ്ട്.

ഈ വർഷം പതിനായിരം ഇലക്ട്രിക് ഓട്ടോകൾക്ക് സബ്‌സിഡി നൽകും. ചാർജ് ചെയ്ത ഇലക്ട്രിക് ബാറ്ററികൾ മാറ്റാവുന്ന സ്ഥാപനങ്ങൾ നഗരങ്ങളിൽ സ്ഥാപിക്കും. പടിപടിയായി നഗരങ്ങളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമാക്കാൻ സാധിക്കു. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ചാർജ്ജി സ്റ്റേഷനുകളും സ്ഥാപിക്കും. പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനർ റോഡുകൾ നിർമ്മിക്കും. പൊതുമരാമത്ത് വകുപ്പിന് ബജറ്റിൽ 1367 കോടി.

ആദ്യമായി ഇലക്ട്രിക് ബസ് ഓടിയ നഗരമെന്ന പദവി തലസ്ഥാനത്തിനു സ്വന്തം. അന്തരീക്ഷം മലിനമാക്കുന്ന പുകവണ്ടികൾ ഏറെക്കാലം നിരത്തിലുണ്ടാകില്ല. വർധിക്കുന്ന അന്തരീക്ഷമലിനീകരണം ഇലക്ട്രിക് വാഹനങ്ങളിലേക്കു തിരിയണമെന്ന സന്ദേശമാണ് നൽകുന്നത്. ഭാവിയിലെ പൊതുവാഹനങ്ങൾക്ക് വൈദ്യുതിയായിരിക്കും ഇന്ധനം. ഇലക്ട്രിക് കാറുകൾ ലാഭകരമാണെന്ന് തച്ചങ്കരി തെളിയിച്ചതാണ്. കഎസ്ആർടിസിയുടെ 5,670 ബസുകളിൽ ഏറ്റവും ലാഭകരം ഇലക്ട്രിക് ബസുകളെന്ന് തെളിയിച്ചത് അദ്ദേഹമായിരുന്നു. 10 വർഷത്തേക്കു വാടകയ്‌ക്കെടുത്ത ഇ- ബസുകൾ ഇനി ദീർഘദൂര സർവീസിന് ഉപയോഗിക്കാനാണു സർക്കാർ തീരുമാനം.

ശബരിമലയിൽ ഓടിയ അഞ്ചു ബസുകളിൽ നിന്നു കിലോമീറ്ററിന് 110 രൂപ നിരക്കിൽ വരുമാനം ലഭിച്ചു. വൈദ്യുതി നിരക്കും വെറ്റ്‌ലീസ് ചാർജും ഒഴിവാക്കിയാൽ കിലോമീറ്ററിന് 57 രൂപയിലധികം ലാഭം കെഎസ്ആർടിസി നേടി. ഡീസൽ എസി ബസുകൾക്കു കിലോമീറ്ററിന് 31 രൂപ ഇന്ധന ഇനത്തിൽ ചെലവാകുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് ആറു രൂപ മാത്രമാണു ചെലവ്. വൈദ്യുതി നിരക്ക് കുറഞ്ഞ രാത്രി സമയത്താണു വാഹനങ്ങൾ ചാർജ് ചെയ്യുന്നത്.

കാറിന്റെ യാത്രാസുഖവും സുരക്ഷിതത്വവും നൽകുന്നതാണ് ഇലക്ട്രിക് ബസുകൾ. യാത്രാസുഖത്തിനു മുന്നിലും പിന്നിലും എയർ സസ്‌പെൻഷൻ ബക്കറ്റ് സീറ്റുകൾ, ഓരോ കമ്പിയിലും സ്റ്റോപ്പ് ബട്ടണുകൾ, പിടിച്ചുനിൽക്കാൻ ആവശ്യത്തിലേറെ ഹാങ്ങറുകൾ, വെളിച്ചം പൊഴിച്ച് നിറയെ എൽ.ഇ.ഡി. ലൈറ്റുകൾ, കാറുകളെ അനുസ്മരിപ്പിക്കുന്ന ഉൾവശം, തള്ളിനിൽപ്പില്ല. നല്ല മാറ്റുവിരിച്ച ഫ്ളോർ, തെന്നിവീഴില്ലെന്നുറപ്പ്. പിന്നിലെ സീറ്റുകളിലേക്ക് എത്താൻ മൂന്നു പടികൾ താണ്ടണം. ഇതിന് അടിയിലാണ് ബസിലെ ചലിപ്പിക്കുന്ന മോട്ടോറുകളുള്ളത്. ഇവ പ്രവർത്തിക്കുന്നത് അറിയാൻ കഴിയില്ല. അത്ര നിശ്ശബ്ദമാണ്. മുകളിലുള്ള എ.സി.യുടെ മുരൾച്ചപോലും ക്യാബിനുള്ളിലേക്ക് എത്തുന്നില്ല.

ജന്റം ബസുകൾവഴി പരിചിതമായ ലോ ഫ്ളോറാണ്. അയാസമില്ലാതെ കയറാം. വീൽച്ചെയർ ഉള്ളിലേക്കു കയറ്റാൻ പുറത്തേക്ക് റാമ്പ് നീണ്ടുവരും. ന്യൂമാറ്റിക് ഡോറുകൾ. നിയന്ത്രണം ഡ്രൈവറുടെ കൈയിലാണ്. ഡ്രൈവറുടെ സീറ്റിനു പിന്നിൽ ഇരുവശത്തുമായുള്ള രണ്ട് ബോക്‌സുകളിൽ ബാറ്ററികൾ. ഇവയാണ് ബസിന്റെ ഇന്ധന ടാങ്ക്. ഗിയർ ലിവർ ഇല്ല. ഓട്ടോമാറ്റിക്കാണ്. 35 സീറ്റുകളാണുള്ളത്. കാറുകളിൽ പരിചിതമായ ഡിസ്‌ക് ബ്രേക്കുകളാണ് ഇലക്ട്രിക് ബസിനുള്ളത്. തെന്നിമറിയാതിരിക്കാൻ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം. പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്റർ. 80 കിലോ മീറ്ററായി വേഗം ക്രമീകരിച്ചിട്ടുണ്ട്. ബ്രേക്ക് ചെയ്യുമ്പോൾ തെന്നിമറിയില്ല. കാറുപോലെ ഒറ്റ ചട്ടക്കൂടിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്.

ഒരു കിലോമീറ്ററിന് ഒരു യൂണിറ്റ് വൈദ്യുതിയാണ് ഇ-ബസിനു വേണ്ടത്. വൈദ്യുതി ബോർഡാണ് ഇന്ധനം നൽകുന്നത്. നിരക്ക് കുറവുള്ള സമയത്ത് ചാർജ് ചെയ്യാനാണ് പദ്ധതി. അഞ്ചു മണിക്കൂർകൊണ്ട് ഫുൾചാർജാകും. ഇതിൽ 350 കിലോമീറ്റർ ഓടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP