Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാറിനും മണിയുടെ പ്രസ്താവനാ വിവാദങ്ങൾക്കുമിടെ 'ചലതൊക്കെ ശരിയാക്കി' പിണറായി സർക്കാർ; വിദ്യാഭ്യാസ വായ്പയെടുത്തവരെ സഹായിക്കാൻ വായ്പാ തിരിച്ചടവ് സഹായ പദ്ധതി പ്രഖ്യാപിച്ചു; 900 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്

മൂന്നാറിനും മണിയുടെ പ്രസ്താവനാ വിവാദങ്ങൾക്കുമിടെ 'ചലതൊക്കെ ശരിയാക്കി' പിണറായി സർക്കാർ; വിദ്യാഭ്യാസ വായ്പയെടുത്തവരെ സഹായിക്കാൻ വായ്പാ തിരിച്ചടവ് സഹായ പദ്ധതി പ്രഖ്യാപിച്ചു; 900 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയെടുത്തവർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി. കടാശ്വാസ പദ്ധതിയല്ല നടപ്പിലാക്കിയത്. വായ്പാ തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവർഷ കാലയളവിൽ സർക്കാർ സഹായത്തോടെയുള്ള തിരിച്ചടവ് സഹായപദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. പഴയ നിയമസഭാ മന്ദിരത്തിൽ ചേർന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഈ പദ്ധതി 01.04.2016 മുതൽ മുൻകാല പ്രാബല്യത്തിൽ നിലവിൽ വരും. തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവർഷത്തേക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നൽകും. 01.04.2016ൽ ആറുലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് വാർഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും. ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ള വായ്പകൾക്ക് ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്കായി ഏകദേശം 900 കോടി രൂപ സാമ്പത്തിക ബാധ്യത വരുമെന്ന് എസ്എൽബിസി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

ഒൻപതുലക്ഷം രൂപ വരെ വായ്പകൾ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകൾക്കാണ് തിരിച്ചടവ് സഹായം ലഭിക്കുക. 01.04.2016ന് മുമ്പ് വായ്പാ തിരിച്ചടവ് തുടങ്ങിയവർക്കാണ് സൗജന്യം ലഭ്യമാക്കുക.

ഒന്നാം വർഷം വായ്പയുടെ 90% വും രണ്ടാം വർഷം 75% വും മൂന്നാം വർഷം 50% വും നാലാം വർഷം 25% വും സർക്കാർ വിഹിതമായി നൽകി തിരിച്ചടയ്ക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 31.03.2016 നോ അതിനു മുമ്പോ നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവർക്കും സഹായം ലഭിക്കും. വായ്പാ തുകയുടെ 40% മുൻകൂറായി അടയ്ക്കുകയും വായ്പയിലുള്ള പലിശ ബാങ്ക് ഇളവുചെയ്തുകൊടുക്കുകയും ചെയ്താൽ 60% സർക്കാർ നൽകി ലോൺ ക്ലോസ് ചെയ്യാൻ സഹായിക്കും.

നാലുലക്ഷത്തിനു മേൽ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകളിൽ ഒരു പ്രത്യേക പാക്കേജായി ലോൺ ക്ലോസ് ചെയ്യാൻ ബാങ്കുകൾ തയ്യാറാകുന്നപക്ഷം മുതലിന്റെ 50% (പരമാവധി 24,000 രൂപ) സർക്കാർ സഹായമായി നൽകും. ബാക്കി വരുന്ന തുകയുടെ തിരിച്ചടവ് കാലാവധി ബാങ്ക് പുനഃക്രമീകരിച്ചു നൽകുകയോ, വായ്പയെടുത്തയാൾ മുഴുവനായി അടയ്ക്കുകയോ വേണം.

വായ്പയുടെ കാലയളവിൽ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാർത്ഥികളുടെ വായ്പയുടെ മുഴുവൻ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവൻ വായ്പാ തുകയും സർക്കാർ നൽകും. 

മുഖ്യമന്ത്രിയുടെ പ്രസംഗം പൂർണരൂപത്തിൽ:

നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ വായ്പാ കുടിശ്ശികയും ബാങ്കുകളുടെ നടപടികളും ഗൗരവമായ സാമൂഹ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ വായ്പയ്ക്കായി വീടും വസ്തുക്കളും ഈടുവച്ച് കടക്കെണിയിൽപ്പെട്ട, സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന ഒരു തിരിച്ചടവ്സ ഹായപദ്ധതിയാണ് നമുക്ക് ആവശ്യം. അപ്രകാരമുള്ള പദ്ധതി സംബന്ധിച്ച പ്രസ്താവനയാണ് ഞാൻ ഈ സഭയിൽ അവതരിപ്പിക്കുന്നത്.

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി  സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ഒരു വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി (Education Loan Repayment Support Scheme) നടപ്പാക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇതൊരു കടാശ്വാസ പദ്ധതിയല്ല. വായ്പാ തിരിച്ചടവ് അവധിക്കുശേഷം (Repayment Holiday) ഉള്ള നാലു വർഷ കാലയളവിൽ സർക്കാർ സഹായത്തോടുകൂടിയുള്ള ഒരു തിരിച്ചടവ് സഹായപദ്ധതിയാണ്.

പദ്ധതിയുടെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

1. സാമ്പത്തിക സഹായം
(i) നിഷ്‌ക്രിയ ആസ്തി ആകാത്ത 9 ലക്ഷം രൂപ വരെ വായ്പകൾ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകൾ. (01.04.2016ന് മുമ്പ് വായ്പാ തിരിച്ചടവ് തുടങ്ങിയവർക്ക്) ഈ തിരിച്ചടവ് സഹായം ലഭിക്കും. ഒന്നാം വർഷം വായ്പയുടെ 90% ഉം രണ്ടാം വർഷം 75% ഉം മൂന്നാം വർഷം 50% ഉം നാലാം വർഷം 25% ഉം സർക്കാർ വിഹിതമായി നൽകി തിരിച്ചടയ്ക്കാൻ സഹായിക്കും.

(ii)(a) 31.03.2016നോ അതിനു മുമ്പോ നിഷ്‌ക്രിയ ആസ്തിയായി (NPA) മാറിയിട്ടുള്ളതും നാലുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവർക്ക് വായ്പാ തുകയുടെ 40% മുൻകൂറായി അടയ്ക്കുകയും വായ്പയിലുള്ള പലിശ ബാങ്ക് ഇളവുചെയ്തുകൊടുക്കുകയും ചെയ്താൽ 60% സർക്കാർ നൽകി ലോൺ ക്ലോസ് ചെയ്യാൻ സർക്കാർ സഹായിക്കും.

(ii)(b) 31.03.2016നോ അതിനു മുമ്പോ നിഷ്‌ക്രിയ ആസ്തിയായി (NPA) മാറിയിട്ടുള്ളതും നാലുലക്ഷത്തിനു മേൽ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകളിൽ ഒരു പ്രത്യേക പാക്കേജായി ലോൺ ക്ലോസ് ചെയ്യാൻ ബാങ്കുകൾ തയ്യാറാകുന്നപക്ഷം മുതലിന്റെ 50% (പരമാവധി 24,000 രൂപ) സർക്കാർ സഹായമായി നൽകും. ബാക്കി വരുന്ന തുകയുടെ തിരിച്ചടവ് കാലാവധി ബാങ്ക് പുനഃക്രമീകരിച്ചു നൽകുകയോ, വായ്പയെടുത്തയാൾ മുഴുവനായി അടയ്ക്കുകയോ വേണം.
(ബി) വായ്പയുടെ കാലയളവിൽ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാർത്ഥികളുടെ വായ്പയുടെ മുഴുവൻ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവൻ വായ്പാ തുകയും സർക്കാർ നൽകും.

2. റിലീഫ് കാലയളവ്
തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവർഷത്തേക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നൽകും.

3. പ്രാബല്യ തീയതി
ഈ പദ്ധതി 01.04.2016 മുതൽ മുൻകാല പ്രാബല്യത്തിൽ നിലവിൽ വരും.

4. വരുമാന പരിധി
01.04.2016ൽ ആറുലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് വാർഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും.

5. വായ്പാ പരിധി
ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ള വായ്പകൾക്ക് ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ലഭിക്കും. റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശങ്ങൾ നിഷ്‌ക്രിയ ആസ്തിയായ സെക്വേർഡ് വായ്പാ അക്കൗണ്ടുകൾ (നാലുലക്ഷത്തിനു മുകളിലുള്ള വായ്പകൾ സെക്വേഡ് വായ്പകളായി കണക്കാക്കുന്നു) പുനഃക്രമീകരിക്കാൻ അനുവദിക്കുന്നില്ല. അതിനാൽ, നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലു മുതൽ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകൾ പലിശ ഇളവ് നൽകിക്കൊണ്ട് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ വായ്പ ക്ലോസ് ചെയ്യാൻ സാധിക്കില്ലെന്ന് എസ്.എൽ.ബി.സി അറിയിച്ചിട്ടുണ്ട്. ആയതിനാൽ, ഈ തിരിച്ചടവ് പദ്ധതി നടപ്പിലാക്കിയശേഷം, ബാങ്കുകളുമായി കൂടിയാലോചിച്ച് പ്രത്യേക പാക്കേജ് നാലുലക്ഷത്തിനു മുകളിലുള്ള വായ്പകൾക്കായി തയ്യാറാക്കാൻ നടപടി സ്വീകരിക്കും.

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്കായി ഏകദേശം 900 കോടി രൂപ സാമ്പത്തിക ബാധ്യത വരുമെന്ന് എസ്.എൽ.ബി.സി (സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി) അറിയിച്ചിട്ടുണ്ട്. ഇതിനായി 500 മുതൽ 600 കോടി രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP