Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

12ാം ക്ലാസ്സിലെ ബയോളജിയിൽ നിന്ന് പരിണാമ സിദ്ധാന്തവും ബിസിനസ് സ്റ്റഡീസിൽ നിന്ന് നോട്ടുനിരോധനവും ഒഴിവാക്കി; പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് വെട്ടിമാറ്റിയത് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ; കോവിഡിന്റെ മറവിൽ വിദ്യാഭ്യാസത്തിലെ സംഘപരിവാർവത്കരണം: സിബിഎസ് സി സിലബസിൽ 30 ശതമാനം കുറച്ചപ്പോൾ പ്രധാനഭാഗങ്ങൾ ഒഴിവാക്കിയതിന് എതിരെ വ്യാപക പ്രതിഷേധം

12ാം ക്ലാസ്സിലെ ബയോളജിയിൽ നിന്ന് പരിണാമ സിദ്ധാന്തവും ബിസിനസ് സ്റ്റഡീസിൽ നിന്ന് നോട്ടുനിരോധനവും ഒഴിവാക്കി; പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് വെട്ടിമാറ്റിയത് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ; കോവിഡിന്റെ മറവിൽ വിദ്യാഭ്യാസത്തിലെ സംഘപരിവാർവത്കരണം: സിബിഎസ് സി സിലബസിൽ 30 ശതമാനം കുറച്ചപ്പോൾ പ്രധാനഭാഗങ്ങൾ ഒഴിവാക്കിയതിന് എതിരെ വ്യാപക പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ വിദ്യാഭ്യാസമേഖലയെ സംഘപരിവാർവത്ക്കരിക്കുന്നുവെന്ന ആക്ഷേപവുമായി വിദ്യാഭ്യാസ വിചക്ഷണരും സാംസ്കാരികനായകരും രംഗത്ത്. കോവിഡ് പശ്ചാത്തലത്തിൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി സിലബസുകളിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കുന്നു എന്ന പ്രസ്താവനയോടെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രായലം സിബിഎസ്സി സിലബസിൽ നിന്നും മുപ്പത് ശതമാനം വരെ പാഠഭാഗങ്ങൾ വെട്ടിക്കുറച്ചിരുന്നു. എന്നാൽ സംഘപരിവാറിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചുള്ള രാഷ്ട്രീയം വളർത്തുന്നതിയായി ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കിയെന്നാണ് വിമർശനം.

പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതി, സമ്പദ്വ്യവസ്ഥയുടെ സ്വഭാവ വ്യതിയാനം എന്നിവ നീക്കി.വിദേശനയത്തിൽ നിന്ന് ഒഴിവാക്കിയത് അയൽരാജ്യങ്ങളുമായുള്ള ബന്ധം, നവ സാമൂഹിക മുന്നേറ്റങ്ങൾ തുടങ്ങിയവയും. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവ വാണിജ്യനയങ്ങളിൽ ഉണ്ടാക്കിയ മാറ്റം, നോട്ടുനിരോധനം എന്നീ ഭാഗങ്ങൾ 12ാം ക്ലാസ്സിലെ ബിസിനസ് സ്റ്റഡീസിൽ നിന്നും ഒഴിവാക്കി. ബയോളജിയിൽ നിന്ന് പരിണാമ സിദ്ധാന്തവും സാമ്പത്തികശാസ്ത്രത്തിൽ നിന്ന് വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും നീക്കി.

പത്താംക്ലാസ്സിലെ സോഷ്യൽ സയൻസിൽ നിന്ന് ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി, വൈവിധ്യം, ജാതി, മതം, ലിംഗം, തുടങ്ങിയ ഭാഗങ്ങളിൽ കൃത്യമായി കത്രിക വെച്ചു. ഒമ്പതാം ക്ലാസ്സിലെ സിലബസിൽ നിന്ന് ഒഴിവാക്കിയത് ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുമുള്ള ഭാഗങ്ങൾ. വളർന്നുവരുന്ന തലമുറ ശാസത്രബോധത്തിന്റ മതേതരത്വത്തിന്റെയും തുല്യതയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന തത്വങ്ങളെ മനസ്സിലാക്കുന്നതിനെ സംഘപരിവാർ ഭരണകൂടം ഭയപ്പെടുന്നുഎന്നതിന്റെ തെളിവായാണ് പ്രതിപക്ഷ കക്ഷികൾ ഇതിനെ ചൂണ്ടിക്കാട്ടുന്നത്. സിബിഎസ്ഇയുടെ നടപടിക്കെതിരെ സിപിഎമ്മും കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

പാഠഭാഗങ്ങളിലെ വിഷയങ്ങൾ വളർന്നുവരുന്ന തലമുറയുടെ ചിന്തകളെ സ്വാധീനിക്കുമെന്നത് തീർച്ചയാണ്. അതുകൊണ്ടാണ് ചരിത്രത്തിലും സിലബസുകളിലും തങ്ങളുടെ ആശയങ്ങളെ തിരുകിക്കയറ്റാൻ സംഘപരിവാർ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി യും ആർ.എസ്.എസും രാജ്യത്ത് അധികാരം നേടിയ ഘട്ടങ്ങളിലെല്ലാം ഈ ശ്രമങ്ങൾ തുടർച്ചയായി നടന്നിട്ടുമുണ്ടെന്നാണ് പ്രഭാത് പട്നായിക്കിനെയും ആരുദ്ധതിറോയിയെയും പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.

ജനതസർക്കാറിന്റെ കാലത്ത് തുടങ്ങിയ ശ്രമം

ബിജെപി യുടെ മുൻരൂപമായിരുന്ന ജനസംഘം 1977-ൽ തന്നെ അന്നത്തെ ജനതാ സർക്കാറിന്റെ തണലിൽ ഇത്തരം ശ്രമങ്ങൾ നടത്തിയിരുന്നു. പ്രമുഖ ചരിത്രകാരന്മാരായ ആർഎസ്. ശർമ, സതീഷ് ചന്ദ്ര, ബിപിൻ ചന്ദ്ര, റോമിലാ ഥാപർ തുടങ്ങിയവരുടെ ചരിത്ര പാഠപുസ്തകങ്ങൾ നിരോധിക്കുവാൻ നടത്തിയ സംഘപരിവാറിന്റെ ശ്രമങ്ങൾ രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് അന്ന് അവസാനിച്ചത്.

ജനത സർക്കാറിന്റെ കാലത്തെ വിദ്യാഭാസ പരിഷ്‌കാര ശ്രമങ്ങൾക്കെതിരെ അന്ന് ശക്തമായ നിലപാട് സ്വീകരിച്ചത് സർക്കാർ സ്ഥാപനങ്ങളായ എൻ.സി.ഇ.ആർ.ടി, യുജിസി, ഐ.സി.എസ്.എസ്.ആർ, ഐ.സി.എച്ച്.ആർ. തുടങ്ങിയവയായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് വന്ന ബിജെപി സർക്കാറുകൾ ആദ്യം നടത്തിയ ശ്രമം ഈ സ്ഥാപനങ്ങളിലെല്ലാം ആർ.എസ്.എസിന്റെ ആജ്ഞാനുവർത്തികളായ ചാൻസ്ലർമാർ, ഡയറക്റ്റർമാർ, ചെയർപേഴ്‌സൺസ്, കൗൺസിൽ അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതിന് വേണ്ടിയായിരുന്നു.

വാജ്‌പേയി സർക്കാറിന്റെ കാലത്തും വലിയ രീതിയിലുള്ള ശ്രമങ്ങൾ ഇക്കാര്യത്തിൽ ബിജെപി നടത്തിയിരുന്നു. സംഘപരിവാർ താത്പര്യങ്ങളെ പാഠ്യപദ്ധതിയിലേക്ക് തിരുകിക്കയറ്റാൻ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി അനുവാദവും പിന്തുണയും നൽകി. അന്ന് ആ നീക്കങ്ങളെ എതിർത്ത സാമൂഹ്യപ്രവർത്തകരെയും ബുദ്ധിജീവികളേയും ചരിത്രകാരന്മാരെയുമെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തി പ്രചരണം അഴിച്ചുവിട്ടതും മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ തന്നെയായിരുന്നു.

ഗുജറാത്തിൽ ഗാന്ധി കൊല്ലപ്പെട്ട ഭാഗം ഇല്ലാതായി

ഒടുവിൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഈ ശ്രമങ്ങളെല്ലാം അതിന്റെ തീവ്രതയിൽ അരങ്ങേറുകയായിരുന്നു. കേന്ദ്രഭരണകൂടവും വ്യത്യസ്ത സംസ്ഥാനങ്ങളിലെ ബിജെപി ഭരണകൂടവും ഇക്കാര്യത്തിന് വേണ്ടി ഒന്നിച്ച് മുന്നിട്ടിറങ്ങി. പത്താം ക്ലാസ്സിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ ഗാന്ധി കൊല്ലപ്പെട്ട ഭാഗം ഇല്ലാതായി. ഗുജറാത്തിലെ പാഠപുസ്തകത്തിൽ, ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കുവാൻ ശ്രമിക്കുന്ന വിദേശീയരായി ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചിത്രീകരിക്കപ്പെട്ടു.

സ്‌കൂളുകളിലും മദ്രസകളിലും ഭഗവത്ഗീത പഠിപ്പിക്കണമെന്ന് മധ്യപ്രദേശ് സർക്കാറിന്റെ സർക്കുലർ ഇറങ്ങി. ആർ.എസ്.എസിന്റെ പ്രസിദ്ധീകരണമായ ദേവ പുത്തർ സ്‌കൂളുകളിൽ നിർബന്ധമാക്കിക്കൊണ്ട് മധ്യപ്രദേശ് സർക്കാറിന്റെ ശുപാർശ വന്നു. രാജസ്ഥാനിലെ പാഠഭാഗങ്ങളിൽ മുഗൾ ഭരണാധികാരിയായ അക്‌ബറിനെ അക്രമകാരിയായി ചിത്രീകരിക്കുകയും മഹാറാണാപ്രതാപിനെ പോലുള്ള ഹിന്ദു രാജാക്കന്മാരെ പ്രകീർത്തിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭാഗങ്ങൾ കടന്നുവന്നു.

സരസ്വതി വന്ദനവും സൂര്യനമസ്‌കാരവും നിർബന്ധമാക്കിക്കൊണ്ടും രാജസ്ഥാൻ ഗവൺമെന്റ് ഉത്തരവിറക്കി. എംഎ‍ൽഎ മാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാഭാരതി സ്‌കൂളുകൾക്ക് 10 ലക്ഷം രൂപ വരെ അനുവദിക്കാനുള്ള തീരുമാനവും രാജസ്ഥാൻ സർക്കാർ നടപ്പാക്കി. ജനസംഘം സ്ഥാപകനേതാവും ആർഎസ്എസ് താത്വികാചാര്യനുമായിരുന്ന ദീൻ ദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാൻ സർക്കാർ സ്‌കൂളുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.

കീഴാള സമരങ്ങളും ഒഴിവാക്കുന്നു

എൻ.സി.ഇ.ആർ.ടിയുടെ ഒമ്പതാം ക്ലാസ്സിലെ ഇന്ത്യ ആൻഡ് കണ്ടംപററി വേൾഡ് എന്ന പുസ്തകത്തിൽ നിന്ന് ഇന്ത്യയിലെ ജാതീയതയ്‌ക്കെതിരെ കീഴാളർ നടത്തിയ മാറുമറയ്ക്കൽ സമരം, ചാന്നാർ ലഹള, എന്നിവയെക്കുറിച്ചും മുതലാളിത്തവും കോളനിവൽക്കരണവും കർഷകരുടെ ജീവിതത്തെയും കൃഷിരീതികളെയും എങ്ങനെ മാറ്റിമറിച്ചു എന്ന് വിവരിക്കുന്നതുമായ ചരിത്ര പാഠഭാഗങ്ങൾ ഒഴിവാക്കപ്പെട്ടു. വിദ്യാർത്ഥികളിൽ ദേശസ്‌നേഹവും ധീരതയും വർധിപ്പിക്കുന്നതിനായി ഉദയ്പൂരിലെ ഗൗരവ് പ്രതാപ് കേന്ദ്ര എന്ന ആർഎസ്എസ് സ്ഥാപനത്തിലേക്ക് സന്ദർശനം നടത്താൻ രാജസ്ഥാൻ സർക്കാർ കൊളേജുകൾക്ക് നിർദ്ദേശം നൽകി. സംഘപരിവാർ ചിന്തകനായ ദിനനാഥ് ബത്രയുടെ എട്ടോളം പുസ്തകങ്ങൾ ഗുജറാത്തിലെ പ്രാഥമിക വിദ്യാലയങ്ങളിൽ വിതരണം ചെയ്യപ്പെട്ടു. ടെലിവിഷൻ, മോട്ടോർ കാർ വിമാനം തുടങ്ങിയവയുടെ കണ്ടുപിടിത്തങ്ങൾ പുരാണങ്ങളുടെ അടിസ്ഥാനത്തിൽ വക്രീകരിച്ച് കൊണ്ട് പാഠപുസ്തകങ്ങളിൽ ചിത്രീകരിക്കപ്പെട്ടു.

ജെ.എൻ.യു, എച്ച്.സി.യു, പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉന്നതസ്ഥാനങ്ങളിൽ സംഘപരിവാർ അനുകൂലികൾ നിയമിക്കപ്പെട്ടു. ഇന്ത്യയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് ആർഎസ്എസ് ചായ്വുള്ള ഉദ്യോഗസ്ഥരെ സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി സിവിൽ സർവ്വീസ് പരിശീലന സ്ഥാപനങ്ങളും ആർഎസ്എസ് ആരംഭിച്ചു.

ശാസ്ത്രബോധവും ശാസ്ത്രഗവേഷണവും പ്രോൽസാഹിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ 102-ാം സമ്മേളനത്തിൽ 'പ്രാചീന ശാസ്ത്രങ്ങൾ സംസ്‌കൃതത്തിലൂടെ' എന്ന പേരിട്ട് ആനന്ദ ജെ ബോഡാസ്, അമേയ യാദവ് എന്നിവർ അവതരിപ്പിച്ച പ്രബന്ധങ്ങൾ ഇന്ത്യൻ ശാസ്ത്ര പുരോഗതിയെ പോലും പരിഹാസ്യമാക്കുന്ന, വികലങ്ങളായ ആശയങ്ങളാണ് മുന്നോട്ട് വെച്ചത്.ഗണപതിയുടെ പ്ലാസ്റ്റിക് സർജറിയും ചാണകത്തിലെ ആണവ കണങ്ങളും ഗോമൂത്ര ചികിത്സയും കണ്ണുനീർ കുടിച്ച് ഗർഭിണിയാവുന്ന മയൂരവും പരശുരാമന്റെ എഞ്ചിനീയറിംഗും മഹാഭാരത കാലത്തെ ഇന്റർനെറ്റുമെല്ലാം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കമായി മാറുകയാണിവിടെ. ഇത് അപകടകരമായ പ്രവണതയാണെന്നും ഇതിന്റെയെല്ലാം തുടർച്ചയാണ് കോവിഡ് കാലത്തെ സംഭവങ്ങൾ എന്നുമാണ് രാമചന്ദ്രഗുഹയെപ്പോലുള്ള എഴുത്തുകാരും വിദ്യാഭ്യാസ വിചക്ഷണരും ചൂണ്ടിക്കാട്ടുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP