Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മാസം കഴിഞ്ഞിട്ടും എടപ്പാൾ ഓട്ടത്തിലെ ആ ബൈക്കുകൾ ഇപ്പോഴും അനാഥം! ഉപേക്ഷിച്ച ബൈക്കുകൾ തേടി ആരും ചങ്ങരംകുളം പൊലീസിൽ എത്തിയില്ല; ആർ.സി ഉടമകൾക്കെതിരെ കേസെടുക്കുമെന്ന് ഭയന്ന് പോയത് പോകട്ടെ എന്ന നിലപാടിൽ പലരും; രക്ഷിക്കാമെന്നേറ്റ നേതാക്കളും ഉൾവലിഞ്ഞതോടെ വെട്ടിലായത് രക്തത്തിളപ്പിൽ തെരുവിൽ ഇറങ്ങിയ അണികൾ

ഒരു മാസം കഴിഞ്ഞിട്ടും എടപ്പാൾ ഓട്ടത്തിലെ ആ ബൈക്കുകൾ ഇപ്പോഴും അനാഥം! ഉപേക്ഷിച്ച ബൈക്കുകൾ തേടി ആരും ചങ്ങരംകുളം പൊലീസിൽ എത്തിയില്ല; ആർ.സി ഉടമകൾക്കെതിരെ കേസെടുക്കുമെന്ന് ഭയന്ന് പോയത് പോകട്ടെ എന്ന നിലപാടിൽ പലരും; രക്ഷിക്കാമെന്നേറ്റ നേതാക്കളും ഉൾവലിഞ്ഞതോടെ വെട്ടിലായത് രക്തത്തിളപ്പിൽ തെരുവിൽ ഇറങ്ങിയ അണികൾ

എം പി റാഫി

മലപ്പുറം: സംഘ്പരിവാർ ഹർത്താലിൽ എടപ്പാൾ ടൗണിൽ ഉപേക്ഷിച്ച ബൈക്കുകൾ തേടി ഇപ്പോഴും ആളെത്തിയില്ല. പലരും ഒളിവിൽ കഴിയുകയാണ്. അക്രമം അഴിച്ചുവിട്ട ഹർത്താൽ അനുകൂലികളെ കിട്ടിയില്ലെങ്കിൽ ആർ.സി ഉടമെക്കെതിരെ കേസെടുക്കുമെന്ന നിലപാടിലാണ് ചങ്ങരംകുളം പൊലീസ്. ഇതോടെ ബൈക്ക് താൽക്കാലികമായി നൽകിയവർക്കും കാഴ്ചക്കാരായി നിന്നവർക്കുമെല്ലാം എട്ടിന്റെ പണിയായിരിക്കുകയാണ്.

സമരത്തിനിറങ്ങിയവരെ സംരക്ഷിക്കാനോ വാഹനങ്ങൾ ഇറക്കാനോ നേതാക്കളും എത്താതായതോടെ അണികൾ പെട്ടുവെന്ന സ്ഥിതിയിലായിരിക്കുകയാണ്. രക്തത്തിളപ്പിൽ നൂറുകണക്കിന് പേരാണ് ഹർത്താൽ ദിനത്തിൽ എടപ്പാൾ നഗരത്തിൽ സംഘർഷം അഴിച്ചു വിട്ടത്. ഹർത്താലിൽ ഡിവൈഎഫ്ഐ ബിജെപി പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടുന്ന സ്ഥിയും എടപ്പാളിൽ ഉണ്ടായിരുന്നു. ഒടുവിൽ പൊലീസ് ലാത്തിവീശിയതോടെ അണികളും നേതാക്കളും കൂട്ടത്തോടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് 35 ബൈക്കുകൾ അനാഥമായത്. ഇതെല്ലാം വാരിക്കൂട്ടി ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഒരു മാസമായിട്ടും ബൈക്ക് തേടി ആരും എത്താതായതോടെ പൊലീസും പൊല്ലാപ്പിലായിരിക്കുകയാണ്.

ഹർത്താൽ അനുകൂലികൾ സഞ്ചരിച്ചിരുന്ന 35 ബൈക്കുകളാണ് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ ഇവ തിരിച്ചെടുക്കാൻ ആരും എത്താതായതാണ് പൊലീസിനു തലവേദനയായിരിക്കുന്നത്.ബൈക്ക് അന്വേഷിച്ചെത്തിയാൽ കേസിൽ പ്രതിയാകുമെന്ന സംശയത്തിലാണ് ആരും ഏറ്റെടുക്കാൻ എത്താത്തത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 39 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ പിടികൂടാനായിട്ടില്ല. പലരും ഒളിവിൽത്തന്നെയാണ്.

കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ ആർസി ഉടമകളെ കണ്ടെത്തി കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.അറസ്റ്റിലായ 39 പേരിൽ 7 പേർ സിപിഎം പ്രവർത്തകരും മറ്റുള്ളവർ ബിജെപി പ്രവർത്തകരുമാണ്. ഹർത്താലുമായി ബന്ധപ്പെട്ട് ചങ്ങരംകുളം സ്റ്റേഷനിൽ 12 കേസുകളിലായി 300 ഓളം പേർക്കെതിരെ കേസെടുത്തതായി ചങ്ങരംകുളം എസ്‌ഐമറുനാടൻ മലയാളിയോടു പറഞ്ഞു.

കേസുള്ള ഇരു പാർട്ടികളിൽപെട്ടവരും സുഖമായി വിലസുമ്പോഴും ബൈക്ക് കസ്റ്റഡിയിലുള്ളവരാണ് യഥാർത്ഥത്തിൽ കുരുക്കിലായത്. ചില വാഹനങ്ങൾ സമരാനുകൂലികൾ സുഹൃത്തുക്കളിൽ നിന്നും മറ്റും വാങ്ങിയതാണ്. യഥാർഥ ഉടമകൾ കേസിൽ പ്രതികളുമല്ല. മറ്റു ചിലർ ഹർത്താൽ ദിനത്തിൽ ടൗണിലെത്തി വാഹനം നിർത്തിയിട്ട് രംഗം വീക്ഷിക്കാനായി എത്തിയവരാണ്. ഇവരുടെ ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തതിലുണ്ട്. അതേസമയം നിരപരാതിയാണോയെന്ന് പരിശോധിച്ച ശേഷമേ നടപടിയെടുക്കൂവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ വാഹനം പരിശോധിച്ച് പേപ്പറുകൾ കൃത്യമല്ലെങ്കിൽ ഫൈൻ ഈടാക്കുമെന്നും എസ്‌ഐ പറഞ്ഞു.

ഹർത്താൽ ദിനത്തിൽ എടപ്പാൾ നഗരത്തിൽ സിപിഎം-ആർഎസ്എസ് സംഘർഷത്തെ തുടർന്നുണ്ടായ വീഡിയോയാണ് സൈബർ ലോകത്ത് വൈറലായത്. സിപിഎം പ്രവർത്തകരെയും ബൈക്ക് റാലിയായി വരുന്ന ആർഎസ്എസ് പ്രവർത്തകരെയും പൊലീസ് ലാത്തിവീശി ഓടിക്കുന്ന വീഡിയോ ആയിരുന്നു ഇത്. നാട്ടുകാർ ചേർന്ന് ഹർത്താൽ അനുകൂലികളെ ഓടുക്കുന്നു എന്ന ലേബലിലായിരുന്നു ഈ വീഡിയോ പ്രചരിച്ചത്. എന്തായാലും എടപ്പാൾ ഓട്ടത്തിന്റെ ബാക്കിപത്രം ഒരു പറ്റം യുവാക്കളെ ശരിക്കും ആശങ്കയിൽ ആക്കിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP